- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
90 ശതമാനം ഫലസിദ്ധി തെളിയിച്ച ഫൈസറിനെ വെല്ലുന്ന കോവിഡ് വാക്സിൻ ഇതാ; അമേരിക്കൻ കമ്പനിയായ മോഡേർണയുടെ വാക്സിൻ 94.5% ഫലപ്രദം; ഫൈസറിന്റേതുപോലെ സൂക്ഷിക്കാൻ അതിശക്തമായ ശീതീകരണ സംവിധാനം ആവശ്യമില്ല; ഡിസംബറിൽ ഇരു വാക്സിനുകൾക്കും യുഎസ് അടിയന്തരാനുമതി നൽകിയേക്കും
ന്യൂയോർക്ക്: ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ എടുത്ത കോവിഡ് മഹാമാരിയെ ഒടുവിൽ മെരുക്കാമെന്ന ആത്മവിശ്വാസം ശാസ്ത്രലോകത്ത് ശക്തമാവുന്നു. ദിവസങ്ങൾക്ക് മുമ്പ് 90 ശതമാനം ഫലപ്രദമായ വാക്സിനാണ് ഫൈസർ എന്ന വിഖ്യാത മരുന്നു കമ്പനി വികസിപ്പിച്ചതെങ്കിൽ, യുഎസ് ബയോടെക്ക്- ഡ്രഗ് കമ്പനിയായ യുടെ കോവിഡ് വാക്സീൻ 94.5% ഫലപ്രദമാണെന്ന് റിപ്പോർട്ട്. ബിഗ് ബ്രേക്കിങ്ങായാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്. ലോകത്ത് അന്തിമഘട്ടത്തിലുള്ള്ള 11 വാക്‌സിനുകളിൽ ഇത്രയും റിസൾട്ട് കിട്ടുന്നത് ഇത് ആദ്യമാണ്. ഈ വാകിസിന് മറ്റ് പാർശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കാനുള്ള നീക്കമാണ് ലോകത്ത് നടക്കുന്നത്.
ആഭ്യന്തര ക്ലിനിക്കൽ പരീക്ഷണങ്ങളിലെ ഫലത്തിൽനിന്നുള്ള വിവരം മോഡേർണ തന്നെയാണ് പുറത്തുവിട്ടത്. ഡിസംബറിൽ ഇരു വാക്സീനുകൾക്കും യുഎസ് അടിയന്തരാനുമതി നൽകിയേക്കുമെന്നാണു റിപ്പോർട്ടുകൾ.അങ്ങനെ വരുമ്പോൾ ഈ വർഷം അവസാനത്തോടുകൂടി 60 മില്യണിലധികം ഡോസ് വാക്സീനുകൾ ലഭ്യമാക്കേണ്ടിവരും. രാജ്യത്തെ 330 മില്യൻ ജനങ്ങൾക്കായി ഒരു ബില്യണോളം ഡോസ് വാക്സീനുകൾ യുഎസ് വാങ്ങിയേക്കുമെന്നും വിലയിരുത്തലുണ്ട്.മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ രണ്ടു വാക്സീനുകളും വികസിപ്പിച്ചിരിക്കുന്നത്. കോവിഡിനെ അവസാനിപ്പിക്കാൻ കഴിയുന്ന വാക്സീൻ നമുക്ക് ലഭ്യമാകാൻ പോകുകയാണെന്ന് മോഡേർണ പ്രസിഡന്റ് സ്റ്റീഫൻ ഹോഗ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു.
മോഡേർണയുടെ വാക്സീന്റെ മറ്റൊരു മേന്മയെന്നത് ഫൈസറിന്റേതുപോലെ സൂക്ഷിക്കാൻ അതിശക്തമായ ശീതീകരണ സംവിധാനം ആവശ്യമില്ലെന്നതാണ്. സ്റ്റാൻഡേർഡ് റെഫ്രിജറേറ്റർ താപനിലയായ 28 ഡിഗ്രി സെൽഷ്യസിൽ 30 ദിവസം വരെ സൂക്ഷിക്കാം. മൈനസ് 20 ഡിഗ്രി താപനിലയിൽ ആറു മാസം വരെയും സൂക്ഷിക്കാം. അതേസമയം, ഫൈസറിന്റെ വാക്സീൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ മാത്രമേ സൂക്ഷിക്കാനാകൂ. നിലവിൽ ഈ താപനില അന്റാർട്ടിക്കയിലെ ശൈത്യകാലത്താണ് ഉണ്ടാവുക. സ്റ്റാൻഡേർഡ് റെഫ്രിജറേറ്റർ താപനിലയിൽ പരമാവധി അഞ്ച് ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. അതുകൊണ്ടുതന്നെ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുക മേഡേർണയുടെ വാക്സിൻ തന്നെയാവും എന്ന് ഉറപ്പാണ്.
ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസർ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നത്. മുമ്പ് കോവിഡ് ബാധിക്കാത്തവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രോഗബാധ തടയുന്നതിൽ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. മീസിൽസ് അടക്കമുള്ളവയ്ക്കെതിരെ കുട്ടികൾക്ക് നൽകുന്ന വാക്സിനുകൾ പോലെതന്നെ ഫലപ്രദമാണ് കോവിഡ് വാക്സിൻ. സുരക്ഷാ പ്രശ്നങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു.
രണ്ട് ഡോസ് വാക്സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാനാണ് ഫൈസർ ഒരുങ്ങുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞ് ഏഴ് ദിവസത്തിനകം വാക്സിൻ സ്വീകരിച്ചയാൾക്ക് കോവിഡ് 19 ബാധയിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമായിട്ടുള്ളത്.
43,000ത്തിലധികം വോളന്റിയർമാരിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളോ മരുന്നെന്ന പേരിൽ മറ്റു വസ്തുവോ നൽകി നടത്തിയ പരീക്ഷണത്തിൽ 94 പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. വാക്സിൻ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മരുന്നെന്ന പേരിൽ മറ്റു വസ്തുക്കൾ അതായത് ഡമ്മി മരുന്നുകൾ നൽകിയവരിൽ 90 ശതമാനത്തിനും കോവിഡ് ബാധിച്ചുവെന്ന് കമ്പനി പറയുന്നു.
ഫൈസറും ബയേൺടെക്കു ചേർന്ന് വികസിപ്പിച്ച വാക്സിന്റെ ജൂലായ് 27 ന് തുടങ്ങിയ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ 43,538 പേരാണ് പങ്കാളികളായത്. വിവിധ വിഭാഗങ്ങളിൽപ്പെട്ടവരാണ് അമേരിക്കയിലും രാജ്യാന്തര തലത്തിലും നടത്തിയ പരീക്ഷണങ്ങളുമായി സഹകരിച്ചത്. കോവിഡ് മഹാമാരിക്ക് അറുതിവരുന്നാനുള്ള മുന്നേറ്റമാണ് തങ്ങൾ നടത്തിയിട്ടുള്ളതെന്നാണ് ഫൈസറിന്റെ അവകാശവാദം.
ആയിരക്കണക്കിന് പേരിൽ തുടരുന്ന പരീക്ഷണങ്ങളുടെ ഫലം വരുന്ന ആഴ്ചകളിൽ പുറത്തുവിടുമെന്നും കമ്പനി പറയുന്നു. വൈറസ് ബാധയിൽനിന്ന് വാക്സിൻ ദീർഘകാല സംരക്ഷണം നൽകുമോ, ഒരിക്കൽ വൈറസ് ബാധിച്ചവർക്ക് വീണ്ടും കോവിഡ് ബാധിക്കാതെ സംരക്ഷിക്കുമോ എന്നകാര്യങ്ങളിലും ഫൈസറിന്റെ പരീക്ഷണങ്ങൾ തുടരുകയാണ്. ഇതിന് പിന്നാലെയാണ് മോഡേർണയുടെ വിജയവാർത്തയും എത്തുന്നത്. ഇതോടെ ഫലസിദ്ധി അത്ര ഉറപ്പില്ലാത്ത ചൈനീസ് റഷ്യൻ വാക്സിനുകൾ പിറകോട്ട് അടിക്കുമെന്ന് വ്യക്തമാണ്.
മറുനാടന് ഡെസ്ക്