ടെഹ്‌റാൻ: പശ്ചിമേഷ്യ യുദ്ധ ഭീതിയിൽ. ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്റെ പദ്ധതി. അടൂത്തിടെ രാജ്യത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൊടുംപകയോടെ തിരിച്ചടിക്കൊരുങ്ങുകയാണ് ഇറാൻ എന്നാണ് റിപ്പോർട്ട്. ഭരണം വിട്ടൊഴിയാൻ മടികാണിക്കുന്ന ട്രംപ് യുദ്ധത്തിലൂടെ തന്റെ പിൻവാങ്ങലിന് കൊഴുപ്പേകാൻ പരിശ്രമിക്കുമ്പോൾ യുദ്ധത്തിനുള്ള സർവ്വസന്നാഹങ്ങളും കോപ്പുകൂട്ടി ഇസ്രയേലും തയ്യാറായി കഴിഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപിന് മോഹമുണ്ട്. അതുകൂടി മുന്നിൽ കണ്ടാണ് വിരനായി പടിയിറങ്ങാനുള്ള നീക്കം.

ഇറാനിൽ അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങൾ ഇതിലേക്കാണു വിരൽ ചൂണ്ടുന്നതെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. അൽ ഖായിദയുടെ രണ്ടാമനായ മുഹമ്മദ് അൽ മസ്രി വധിക്കപ്പെട്ടു ദിവസങ്ങൾക്കുള്ളിലാണ് ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന മൊഹ്‌സീൻ ഫക്രിസദേ വെള്ളിയാഴ്ച ടെഹ്‌റാനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരത്തിലുള്ള അവസാന നാളുകൾ ഏറെ ആശങ്കയോടെയാണു ലോകം ഉറ്റുനോക്കുന്നത്. ജനുവരിയിൽ ഓഫിസ് വിട്ടിറങ്ങും മുമ്പ് ഇറാനെതിരെ ആക്രമണം നടത്താൻ ട്രംപ് ഉത്തരവിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിക്കഴിഞ്ഞു.

കൊറോണയുടെ ഭീതി ഇനിയും ഒഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പുതിയ ആശങ്ക യുദ്ധത്തിന്റെ രൂപത്തിൽ എത്തുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ലോകത്തെ മുഴുവൻ ബാധിക്കും. എണ്ണ വിലയേയും ഇത് സ്വാധീനിക്കുമെന്നതു കൊണ്ടാണിത്. ഇറാൻ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായ മൊഹ്‌സീന്റെ വധത്തോടെയാണ് സ്ഥിതി ഗതികൾ വഷളാകുന്നത്. അതിവിദഗ്ധരായ കമാൻഡോകളാൽ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തിൽ ചലിച്ചിരുന്ന മൊഹ്‌സീനെയാണ് ഇറാന്റെ മണ്ണിൽ തന്നെ വെടിവച്ചു വീഴ്‌ത്തിയിരിക്കുന്നത്. വർഷങ്ങളായി ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു ഇസ്ലാമിക് റെവലൂഷണറി ഗാർഡിലെ ഉദ്യോഗസ്ഥനും ടെഹ്‌റാനിലെ ഇമാം ഹുസൈൻ സർവകലാശാലയിലെ ഫിസിക്‌സ് പ്രഫസറുമായിരുന്ന മൊഹ്‌സീൻ.

അമാദ് എന്ന ഇറാനിയൻ ആണവപദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നത് മൊഹ്സീനായിരുന്നു.സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമാണ് ആണവപദ്ധതികളെന്ന് വാദിക്കുന്നതിനാലാണ് പ്രതീക്ഷ എന്നർത്ഥം വരുന്ന അമാദ് എന്ന പേര് പദ്ധതിക്കായി ഇറാൻ നൽകിയത്. എന്നാൽ ഇറാന്റെ വാദങ്ങൾ വെറും പൊള്ളയായിരുന്നുവെന്നും ആണവ് പദ്ധതികളുടെ മറവിൽ അണുബോംബ് നിർമ്മാണ പദ്ധതികളാണ് അണിയറയിൽ അരങ്ങേറുന്നതെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആരോപണം.മൊഹ്‌സീന്റെ മരണം ഇറാന്റെ ആണവപദ്ധതികൾക്കു വൻ തിരിച്ചടിയാകുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. അത്രയേറെ വിപുലമായ വിവരശേഖരമാണ് അദ്ദേഹത്തിന് ആണവപദ്ധതികളെക്കുറിച്ച് ഉണ്ടായിരുന്നത്. ഇറാൻ ഭരണകൂടത്തിന് അതിവിനാശകരമായ ആണവബോംബ് ഉറപ്പാക്കുന്നതിനു പ്രതിജ്ഞാബദ്ധമായിരുന്നു മൊഹ്‌സീൻ. ബാലിസ്റ്റിക് മിസൈൽ വിദഗ്ദ്ധർ കൂടിയായ അദ്ദേഹം ഇറാന്റെ മിസൈൽ പദ്ധതികളിലും പങ്കാളിയായിരുന്നു.ഇറാന്റെ ആണവപദ്ധതികൾ നയിക്കുന്നത് മൊഹ്‌സീനാണെന്ന നിഗമനത്തിലാണ് വർഷങ്ങളായി അദ്ദേഹത്തിന്റെ നീക്കങ്ങൾ മൊസാദ് നിരീക്ഷിച്ചു വന്നത്. 2006 മുതലാണ് അമേരിക്കൻ ചാരസംഘടനയായ സിഐഎയും മൊസാദും മൊഹ്‌സീനെ പിന്തുടർന്നു തുടങ്ങിയത്. 2011ലാണ് ആണവപദ്ധതികളിൽ അദ്ദേഹത്തിനുള്ള നിർണായക പങ്ക് ചാരസംഘടനകൾ തിരിച്ചറിഞ്ഞത്.ഇതോടെ ഇറാനെന്ന പൊതുശത്രുവിനോട് അമേരിക്കയും ഇസ്രയേലും കൈകോർക്കുകയായിരുന്നു.

വൈറ്റ് ഹൗസിലെ അവസാന നാളുകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ അതിരൂക്ഷമായ നടപടികൾ സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അൽക്വയിദയുടെ നമ്പർ 2 ആയിരുന്ന മുഹമ്മദ് അൽ മസ്രി ഇറാനിൽ വധിക്കപ്പെട്ടുവെന്ന വാർത്ത സ്ഥിരീകരിക്കുന്നത്. ടെഹ്‌റാനിൽ സുരക്ഷിതനായി കഴിഞ്ഞിരുന്ന മസ്രിയെ മൊസാദിന്റെ പ്രത്യേക കമാൻഡോകൾ നുഴഞ്ഞുകയറി കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്. അമേരിക്കയ്ക്കു വേണ്ടിയാണ് ഇസ്രയേൽ ചാരസംഘന മസ്രി വധം നടപ്പാക്കിയതെന്നാണു പറയപ്പെടുന്നത്. എന്നാൽ ഇറാൻ സർക്കാർ ഈ അവകാശവാദം തള്ളിയിരുന്നു. അമേരിക്കയ്ക്ക് എതിരായ പല ആക്രമണങ്ങളുടെയും ചുമതല ഏൽപ്പിച്ചിരുന്നത് ബിൻ ലാദന്റെ വലംകൈ ആയിരുന്ന മസ്രിയെയാണ്.അന്നുമുതലാണ്
സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായി മസ്രി മാറുന്നത്.

കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നിലപാടുമായി ഇറാൻ രംഗത്തെത്തി. രാജ്യത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെട്ടിരുന്ന മൊഹ്‌സീന്റെ മരണം ഇറാന്റെ ആണവപദ്ധതികളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇറാൻ ഭരണകൂടത്തിന്റെ പക്ഷം.മൊഹ്‌സീന്റെ കൊലയ്ക്കു പിന്നാൽ ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ചുണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നൽകിയിട്ടുണ്ട്. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കൊലപാതകത്തെ അപലപിക്കാൻ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് പറഞ്ഞു. ആണവ ശാസ്ത്രജ്ഞന്മാരെ വകവരുത്തി ഇറാന്റെ ആണവപദ്ധതികൾ തകർക്കുകയെന്ന തന്ത്രമാണ് ഇസ്രയേലും അമേരിക്കയും പയറ്റുന്നതെന്നാണ് ഇറാന്റെ ആരോപിക്കുന്നത്. 2010 മുതൽ 2012 വരെയുള്ള കാലയളവിൽ നാല് ആണവശാസ്ത്രജ്ഞരാണു കൊല്ലപ്പെട്ടത്. മജീദ് ഷരിയാരിയെന്ന ആണവ ഗവേഷകൻ കൊല്ലപ്പെട്ടതിന്റെ പത്താം ചരമവാർഷികത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കെയാണു മൊഹ്‌സീനും കൊല്ലപ്പെട്ടിരിക്കുന്നത്. മജീദിന്റെ കൊലയ്ക്കു പിന്നിലും ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.സ്വയംപ്രതിരോധത്തിൽ ഇറാൻ ഉറച്ച് നിൽക്കുമ്പോൾ സ്ഥിതിഗതികൾ വിരൽ ചൂണ്ടുന്നത് യുദ്ധത്തിന്റെ സാധ്യതകളിലേക്ക് തന്നെയാണ്. ഒരു വിളിക്ക് കാതോർത്ത് എന്ന പോലെ അമേരിക്കയും നിൽക്കുമ്പോൾ വരുംദിവസങ്ങൾ കൂടുതൽ കലുഷിതമാകും.ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന കാര്യം ഉറപ്പാണ്. തിരിച്ചടി ഏതു തരത്തിൽ ആയിരിക്കുമെന്നതിനെ അനുസരിച്ചാവും മുന്നു രാജ്യങ്ങളുടയും വിധി നിർണയിക്കപ്പെടുക. അതിശക്തായ തിരിച്ചടിക്ക് ഇറാൻ മടിക്കില്ലെന്ന സൂചനയാണ് ഭരണകൂടം നൽകുന്നത്.

എന്നാൽ 2015ൽ രാജ്യന്തര കരാറിന്റെ ഭാഗമായി ഇറാൻ എല്ലാ ആണവപദ്ധതികളും നിർത്തിവച്ചെങ്കിലും മൊഹ്‌സീൻ രഹസ്യമായി പദ്ധതികൾ മുന്നോട്ടു കൊണ്ടുപോയിരുന്നുവെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. മൊഹ്‌സീനുമായി ചർച്ച നടത്തണമെന്ന രാജ്യാന്തര ആണവോർജ ഏജൻസിയുടെ ആവശ്യം വർഷങ്ങളായി ഇറാൻ നിരസിക്കുകയായിരുന്നു. അദ്ദേഹം ഒരു വിദ്യാഭ്യാസവിദഗ്ധൻ മാത്രമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ പ്രഫസർ പദവി ഒരു മറ മാത്രമാണെന്നായിരുന്നു 2007ലെ യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. 2008ൽ മൊഹ്‌സീനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൊഹ്‌സീനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ടെഹ്‌റാനിൽനിന്ന് ആണവപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ കണ്ടെടുത്തുവെന്ന് വെളിപ്പെടുത്തിയ നെതന്യാഹു 'മൊഹ്‌സീൻ' എന്ന പേര് ഓർത്തുവയ്ക്കണമെന്നും ചൂണ്ടിക്കാട്ടി.

അമേരിക്ക ഏതെങ്കിലും തരത്തിൽ ഇറാനെതിരെ ആക്രമണം നടത്തിയാൽ വലിയ തോതിൽ തിരിച്ചടി നേരിടേണ്ടി വരിക ഇസ്രയേലിനാണ്. അതുകൊണ്ടു തന്നെയാണ് ഇസ്രയേൽ സൈന്യം യുദ്ധസമാനമായ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇറാനൊപ്പം തന്നെ ലെബനൻ, സിറിയ എന്നിവിടങ്ങളിൽനിന്നുള്ള ആക്രമണങ്ങളും ഇസ്രയേൽ നേരിടേണ്ടിവരും. അധികാരത്തിൽ കഷ്ടിച്ച് രണ്ടു മാസം മാത്രം ശേഷിക്കേ ഇറാന്റെ സുപ്രധാന ആണവകേന്ദ്രം ആക്രമിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നതതല യോഗം ചേർന്ന് ട്രംപ് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ പ്രതിരോധ വിദഗ്ധരുടെ വിസ്സമതത്തെത്തുടർന്ന് പിന്മാറുകയായിരുന്നു.ഇറാനെതിരായ സൈനിക നടപടിയുടെ പ്രത്യാഘാതം വിപുലമായിരിക്കുമെന്നും ഒഴിവാക്കുന്നതാണു നല്ലതെന്നുമായിരുന്നു വിദഗ്ധരുടെ ഉപദേശം. എങ്കിലും നിലവിലെ സാഹചര്യം വച്ച് ട്രംപ് അടങ്ങിയിരിക്കില്ലെന്നാണ് ഏറ്റവും പുതിയ സൂചകൾ. രഹസ്യനീക്കങ്ങളിലൂടെയും കർശന ഉപരോധങ്ങളിലൂടെയും ഇറാനെ വശംകെടുത്താനാണ് ട്രംപിന്റെയും ഇസ്രയേൽ ഭരണകൂടത്തിന്റെയും ശ്രമം.ഗൾഫ് രാജ്യങ്ങളുമായി ട്രംപിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയിരിക്കുന്ന സൗഹൃദം ഇറാനെതിരായ പ്രതിരോധത്തിൽ ഏറെ സഹായമായി മാറുമെന്നും ഇസ്രയേൽ ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്.എന്നാൽ യുദ്ധസാധ്യതയും ഭീഷണിയും കണക്കിലെടുത്ത് മധ്യപൂർവേഷ്യയിലേക്കു കൂടുതൽ അമേരിക്കൻ ബോംബറുകൾ ട്രംപ് വിന്യസിച്ചു കഴിഞ്ഞു.

അതേസമയം ട്രംപിന്റെ കാലാവധിക്കുള്ളിൽ അനിഷ്ടമായി ഒന്നും സംഭവിച്ചില്ലെങ്കിൽ പ്രത്യാശയ്ക്ക് വഴിയുണ്ട്. 2015ൽ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇറാനുമായി കരാർ ഒപ്പുവയ്ക്കുമ്പോൾ വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ അധികാരത്തിലെത്തുന്നതാണ് പ്രത്യാശയ്ക്ക് വഴിവെക്കുന്നത്.ട്രംപ് പിന്മാറിയ കരാറിലേക്കു മടങ്ങിയെത്താൻ തന്റെ പക്കൽ പദ്ധതികളുണ്ടെന്നു ബൈഡൻ പറയുകയും ചെയ്തിരുന്നു.ജോ ബൈഡൻ അധികാരത്തിലെത്തിയാൽ ഇറാനോടു മൃദുസമീപനം സ്വീകരിക്കാനാണു സാധ്യതയെന്നാണു വിലയിരുത്തൽ.എന്നാൽ ഇസ്രയേലിന് ഇതിനോടു കടുത്ത എതിർപ്പാണുള്ളത്. ഈ സാഹചര്യത്തിൽ ട്രംപിന്റെ അവസാന നാളുകളിലെ ഇസ്രയേലുമായി ചേർന്നുള്ള നടപടികൾ സമാധാന ചർച്ചകളുടെ വാതിൽ പൂർണമായി കൊട്ടിയടയ്ക്കുമോ എന്നതു കാത്തിരുന്നു കാണേണ്ടിവരും.