മേരിക്കയുടെ നീൽ ആംസ്ട്രോങ്ങും ബുസ് ആൾഡ്രിനും ചന്ദ്രനിലെത്തി ചന്ദ്രോപരിതലത്തിൽ അമേരിക്കയുടെ ദേശീയ പതാക ഉയർത്തിയതിന് 51 വർഷങ്ങൾക്കിപ്പുറം, ചൈനയുടെ ചേഞ്ച്-5 എന്ന ബഹിരാകാശ പേടകം ചന്ദ്രനിലെത്തി ചൈനയുടെ ദേശീയ പതാക ഉയർത്തി. തുണികൊണ്ട് നിർമ്മിച്ച, 11.33 ഗ്രാം തൂക്കം വരുന്ന പതാക കാറ്റുവീശാത്ത ചന്ദ്രോപരിതലത്തിൽ തലയുയർത്തി നിൽക്കുന്ന കാഴ്‌ച്ച ഇന്നലെ ബെയ്ജിങ് പുറത്തു വിട്ടു. ഇതോടെ ചന്ദ്രനിൽ പതാകയുയർത്തുന്ന അഞ്ചാമത്തെ രാഷ്ട്രമായി മാറിയിരിക്കുകയാണ് ചൈന.

1969 നും 1972 നും ഇടയിൽ, പലപ്പോഴായി ചന്ദ്രോപരിതലത്തിലെത്തിയ യാത്രികർ ചന്ദ്രനിൽ വിവിധ സ്ഥലങ്ങളിലായി 6അമേരിക്കൻ ദേശീയ പതാകകൾ ഉയർത്തിയിട്ടുണ്ട്. അതിനു ശേഷം പ്രോട്ടോൺ -കെ എന്ന ബഹിരാകാശവാഹനം ചന്ദ്രനിലിറങ്ങി സോവിയറ്റ് യൂണിയന്റെ പതാക ഉയർത്തി. അടുത്ത ഊഴം ജപ്പാന്റേതായിരുന്നു. സെലിൻ എന്ന പേടകമായിരുന്നു ഈ ദൗത്യം നിർവ്വഹിച്ചത്. പിന്നീറ്റ് ഇന്ത്യയുടെ ചന്ദ്രായൻ 1 ഇന്ത്യൻ ദേശീയ പതാക ചന്ദ്രന്റെ മണ്ണിലുയർത്തി. ഇവയ്ക്കൊപ്പം യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പതാകയും ചന്ദ്രനിലുണ്ട്.

ചൈനീസ് ഐതിഹ്യങ്ങളിലെ ചന്ദ്ര ദേവതയുടെ പേരിട്ടുവിളിക്കുന്ന ചേഞ്ച്-5 എന്ന ഉപഗ്രഹം ചന്ദ്രോപരിതലത്തിൽ പതാക ഉയർത്തിയ ശേഷം ഗ്രീനിഡ്ജ് സമയം വ്യാഴാഴ്‌ച്ച വൈകിട്ട് 3 മണിക്ക് ചന്ദ്രോപരിതലം വിട്ടുയർന്നതായി ചൈനീസ് വൃത്തങ്ങൾ അറിയിച്ചു. തിരിച്ചു വരുമ്പോൾ, ചന്ദ്രനിലെ കറുത്ത പാറകളുടെയും മണ്ണിന്റെയും സാമ്പിളുകളും ഇതുകൊണ്ടുവരും. 1976-ൽ സോവിയറ്റ് യൂണിയന്റെ ലൂണ-24 എന്ന പേടകമാണ് അവസാനമായി ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തിച്ചത്. ഭൂമിക്ക് പുറത്തുള്ള ഒരിടത്തുനിന്നും പറന്നുയരുന്ന ആദ്യ ചൈനീസ് പേടകം കൂടിയാണിത്.

1970 ലാണ് ചൈന തങ്ങളുടെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കുന്നത്. പിന്നീട് ഒരു മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ 2003 വരെ കാക്കേണ്ടി വന്നു. അടുത്തതായി സ്വന്തം ബഹിരാകാശ യാത്രികരെ ചന്ദ്രനിലെത്തിക്കാൻ ഉദ്ദേശിക്കുന്ന ചൈന, 2022 ഓടെ ബഹിരാകാശത്ത്, മനുഷ്യ സാന്നിദ്ധ്യമുള്ള ഒരു സ്പേസ് സ്റ്റേഷനും പദ്ധതിയിടുന്നുണ്ട്. അതേസമയം, മനുഷ്യരെ ചന്ദ്രനിലെത്തിച്ച് സന്ദർശനശേഷം തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്ന ഒരു പദ്ധതി 2024 ഓടെ പൂർത്തിയാക്കാൻ നാസയും ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ, അത്യാധുനിക റോക്കറ്റിന്റെ പണികൾ, കോവിഡ് പ്രതിസന്ധി മൂലം താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഭൂമിയിൽ വാണിജ്യയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതിന്റെ തുടർച്ചയെന്നോണം ഇരു രാജ്യങ്ങളും ബഹിരാകാശവും കീഴടക്കാനുള്ള തത്രപ്പാടിലാണ്. ചൊവ്വാ ഗ്രഹത്തെയാണ് ഇപ്പോൾ ഇരു രാഷ്ട്രങ്ങളും ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ ജൂലായിൽ ഭൂമിയിൽ നിന്നും യാത്രതിരിച്ച ചൈനയുടെ ടിയാൻവെൻ-1 റോവർ 2021 ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ചൊവ്വാ ഗ്രഹത്തിലേക്കുള്ള യാത്ര വിജയകരമായി പൂർത്തീകരിച്ച അമേരിക്ക ഇപ്പോൾ ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. 1960 കളിൽ അനന്തതയിലെ ഭൂമികകൾ കീഴടക്കുവാൻ അമേരിക്ക സോവിയറ്റ് യൂണിയനുമായാണ് മത്സരിച്ചിരുന്നതെങ്കിൽ ഇന്നത് ചൈനയുമായാണ്. വ്യഴാഴ്‌ച്ച ഉച്ചക്ക് ചന്ദ്രനിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച ചേഞ്ച് 5 യുടെ അസേൻഡർ, അവിടെനിന്നും ഉയര്ന്നു പൊങ്ങി ഗ്രീനിഡ്ജ് സമയം 3.10 ഓടെഭ്രമണപഥത്തിൽ എത്തിച്ചേർന്നു.