- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വാട്ടർ ഗേറ്റും റിച്ചാർഡ് നിക്സണും; അടിമത്വം നിയമ വിധേയമാക്കിയ ബുക്ക്നാൻ; ലക്കും ലാഗാനുമില്ലാതെ വീറ്റോ പ്രയോഗിച്ച ജാക്സൺ; സുഖിക്കാനായി ഭരിച്ച ഹാർഡിങ്; എല്ലാം കുളമാക്കിയ ആൻഡ്രൂ ജോൺസൺ; ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അധികാരം വിട്ടൊഴിയാൻ മടിക്കുന്ന ട്രംപ്; അമേരിക്കയെ നാണം കെടുത്തിയ പ്രസിഡന്റുമാരുടെ കഥ
പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തോറ്റെന്നുറപ്പായിട്ടും അത് സമ്മതിക്കാതെ അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് ഡോണാൾഡ് ട്രംപ്. ഇത്തരം പരിഹാസങ്ങളിലൂടെയും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത അവകാശവാദങ്ങളിലൂടെയും സ്വയം അപഹാസ്യനാകുന്നതോടൊപ്പം ലോകത്തിന്റെ മുന്നിൽ അമേരിക്ക എന്ന രാജ്യത്തേയും പരിഹാസ്യയാക്കുകയാണ് ട്രംപ്.
എന്നാൽ അമേരിക്കയെ സംബന്ധിച്ച് ഇത് ഒരു പുതിയ കാര്യമല്ല. ഇതിനുമുൻപും പല പ്രസിഡണ്ടുമാരും ലോകത്തിനു മുൻപ് അമേരിക്കയെ നാണം കെടുത്തിയിട്ടുണ്ട്. അവരുടെ കഥകൾ വായിക്കാം.
റിച്ചാർഡ് എം നിക്സൺ (1969-74)
രണ്ടാം തവണ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, അധികാരം ഉപയോഗിച്ച് എതിരാളികളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചോർത്തി വിവാദമായ വാട്ടർഗേറ്റ് സംഭവമല്ല, എന്നാൽ അത് മറയ്ക്കാൻ പറഞ്ഞ അസത്യങ്ങളും അർദ്ധസത്യങ്ങളുമാണ് റിച്ചാർഡ് നിക്സ്ൺ എന്ന ലോക നേതാവിനെ നാണം കെടുത്തിയതും അതുവഴി അമേരിക്കയുടെ യശസ്സിന് കളങ്കം ചാർത്തിയതും. അതുതന്നെയായിരുന്നു, അമേരിക്കയുടെ ചരിത്രത്തിൽ തന്നെ രാജിവച്ച് സ്ഥാനം ഒഴിയേണ്ടിവന്ന ഒരേയൊരു പ്രസിഡണ്ടായി നിക്സണെ മാറ്റിയതും.
വാട്ടർഗേറ്റ് സംഭവത്തിനു മുൻപ് തന്നെ നിക്സൻ ഏറെ വെറുക്കപ്പെട്ട ഒരു രാഷ്ട്രീയ നേതാവായിരുന്നു. അരക്ഷിതബോധവും, ഏകാധിപത്യ മനോഭാവവും ഇടയ്ക്കൊക്കെ ചിത്തഭ്രമത്തോളം വികസിക്കുന്ന മാനസിക അസ്വാസ്ഥ്യങ്ങളുമെല്ലാം അദ്ദേഹത്തിന് ഏറെ ശത്രുക്കളെ സമ്മാനിച്ചിരുന്നു. 1960-ൽ മാർട്ടിൻ ലൂഥർ കിങ്, ബോബി കെന്നഡി എന്നിവരുറ്റേ കൊലപാതകത്തിനു ശേഷം നിലനിന്നിരുന്ന ഭയവും വിയറ്റ്നാം യുദ്ധത്തിൽ നിന്നുണ്ടായിരുന്ന നിരാശയുമൊക്കെ വിദ്ഗദ്മായി ഉപയോഗിച്ചായിരുന്നു അദ്ദേഹം ജയിച്ചു കയറിയതു തന്നെ. ലോകം എന്നും ഭയയ്ക്കുന്ന അമേരിക്കയുടെ ഇരുണ്ട മുഖത്തെയാണ് നിക്സൺ പ്രതിനിധാനം ചെയ്യുന്നതെന്ന് ഒരിക്കൽ പ്രശസ്ത പത്രപ്രവർത്തകനായ ഹണ്ടർ എസ് തോംസൺ എഴുതിയിരുന്നു.
കറുത്ത വർഗ്ഗക്കാരുടെനിരവധി സമരങ്ങൾവെള്ളാക്കാരിൽ ഭീതിയുണർത്തിയിരുന്ന സമയത്ത് അവരെ, പൊതുവായി മനുഷ്യാവകാശത്തിനായി ശബ്ദമുയർത്തിയിരുന്ന ഡെമോക്രാറ്റുകളിൽ നിന്നും വേർപെടുത്താനും നിക്സണ് കഴിഞ്ഞു. ഇങ്ങനെ ഒരു തവണ പ്രസിഡണ്ടായതിനു ശേഷം, തുടർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വാട്ടർഗേറ്റ് സംഭവം. ഈ തെരഞ്ഞെടുപ്പിലും അദ്ദെഹം ജയിച്ചുവെങ്കിലും, വാട്ടർഗേറ്റ് സംഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞതോടെ ഒരു വർഷത്തിനുള്ളിൽ രാജിവച്ചൊഴിയേണ്ഠതായി വന്നു.
ജെയിംസ് ബുക്ക്നാൻ (1857 മുതൽ 61 വരെ)
നിരവധി വർഷത്തെ പൊതുപ്രവർത്തനത്തിന് ഒടുവിൽ 1856 ലെ തെരഞ്ഞെടുപ്പിലാണ് ബുക്ക്നാന് സ്ഥാനാർത്ഥിത്വം ലഭിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ഒരു കാലഘട്ടം കൂടിയായിരുന്നു അത്. 1854 -ൽ കൻസാസ്, നെബ്രാസ്‌കാ പ്രവിശ്യകളിൽ കൂടി അടിമത്തം നിയമവിധേയമാക്കിക്കൊണ്ട് ഡെമോക്രാറ്റുകൾ കോൺഗ്രസ്സിൽ ഒരു ബിൽ അവതരിപ്പിച്ചിരുന്നു. ഇത് അടിമത്തം കോൺഗ്രസ്സിൽ ഒരു വിഷയമാക്കില്ല എന്ന, അടിമത്തത്തിന് എതിരെ നിൽക്കുന്ന വടക്കൻ സംസ്ഥാനങ്ങളെ പ്രകോപിപ്പിച്ചു. ഇതിന്റെ ഫലമായി അന്ന് ഉണ്ടായിരുന്ന വിഗ്സ് എന്ന രാഷ്ട്രീയ പാർട്ടി വരെ ഇല്ലാതെയായി. അതിനു പകരം ഉദിച്ചുവന്നതായിരുന്നു അടിമത്തത്തിന് എതിരായുള്ള റിപ്പബ്ലിക്കൻ പാർട്ടി.
അടിമത്തം നിലവിൽ ഇല്ലാതിരുന്ന പെൻസിൽവാനിയ സംസ്ഥാനത്തുനിന്നുള്ള ആളായിരുന്നു ബുക്ക്നാൻ. ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ചെയ്തതെല്ലാം വിപരീതഫലങ്ങൾ ഉണ്ടാക്കി. അമേരിക്കയിലെ ഒരു സംസ്ഥാനത്തുനിന്നും അടിമത്തം ഒഴിവാക്കാൻ കോൺഗ്രസ്സിന് അധികാരമില്ലെന്ന് വിധിയെഴുതിയ സുപ്രീം കോടതി തീരുമാനത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു.
ഇതോടെ ഡെമോക്രാറ്റിക് പാർട്ടിയിലും വിള്ളലുണ്ടായി. യൂണിയൻ വിട്ടുപോകണമെന്ന വാദവുമായി തെക്കൻ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റുകൾ രംഗത്തെത്തി. യൂണിയൻ വിട്ടുപോകാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞതല്ലാതെ അതിനെ എതിർക്കാൻ ഫലപ്രദമായി ഒന്നും ചെയ്യുവാൻ അദ്ദേഹത്തിനായില്ല. തന്റെ ചുമതലകളിൽ നിന്നും വിട്ടൊഴിഞ്ഞ് ശേഷം കാലം തന്റെ ഗ്രാമത്തിലെ തോട്ടത്തിൽ തനിക്ക് പ്രിയപ്പെട്ട ചില പത്രപ്രവർത്തകർക്ക് തന്റെ കദനകഥകൾ പറഞ്ഞുകൊടുത്ത് കാലം കഴിക്കുകയായിരുന്നു അദ്ദേഹം.
ആൻഡ്രൂ ജാക്സൺ (1829 മുതൽ 37 വരെ)
നിറയെ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു ആൻഡ്രൂ ജാക്സന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പോലും. താൻ അധികാരത്തിലേറുന്ന ദിവസം അദ്ദേഹം വൈറ്റ്ഹൗസിൽ ഒരു വിരുന്നേർപ്പെടുത്തി. രാജ്യത്തെ മുഴുവൻ ജനങ്ങളേയും അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അസുലഭമായി കിട്ടുന്ന അവസരം മുതലാക്കാനായി ഇടിച്ചുകയറിയ ജനക്കൂട്ടം അവിടത്തെ കർട്ടനുകൾ വരെ ഊരിക്കൊണ്ടുപോയതായിട്ടാണ് ചരിത്രം പറയുന്നത്. മുൻഗാമിയായിരുന്ന ജോൺ ക്വിൻസി ആഡംസിന്റെ ഭയത്തെ ശരിവയ്ക്കുന്നതായിരുന്നു ഈ സംഭവം.
ജാക്ക്സൺ പ്രസിഡണ്ടായാൽ അമേരിക്ക തകരും എന്നായിരുന്നു ആഡംസിന്റെ ഭയം. അതുകൊണ്ടുതന്നെ, തന്റെ പിൻഗാമി അധികാരമേൽക്കുന്ന സമയത്ത് അദ്ദേഹം വൈറ്റ്ഹൗസിലെ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ആദ്യമായും അവസാനമായുമാണ് ഒരു പ്രസിഡണ്ടിന്റെ അധികാരമേൽക്കൽ ചടങ്ങിൽ മുൻ പ്രസിഡണ്ട് പങ്കെടുക്കാതിരിക്കുന്നത്.
ബ്രിട്ടീഷുകാർക്കെതിരായ ന്യു ഓർലിയോൺസ് യുദ്ധത്തിൽ 1803ൽ ജയിച്ച പ്രശസ്തിയാണ് അദ്ദേഹത്തെ അധികാരമേറാൻ സഹായിച്ചത്. അധികാരമേറ്റതിനുശെഷം ലക്കും ലഗാനുമില്ലാതെ പ്രസിഡണ്ടിന്റെ വീറ്റോ അധികാരം ഏറ്റവും അധികം ഉപയോഗിച്ച പ്രസിഡണ്ട് കൂടിയാണ് ജാക്ക്സൺ. പുതിയ റോഡുകളും കനാലുകളും ഉണ്ടാക്കാൻ സാമ്പത്തിക സഹായം അനുവദിക്കുന്ന കോൺഗ്രസ്സ് തീരുമാനത്തെ വരെ അദ്ദേഹം വീറ്റോ ഉപയോഗിച്ച് റദ്ദ് ചെയ്തു. ബാങ്ക് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നവീകരണത്തേയും എതിർത്തു. നിങ്ങൾ ഒരു കൂട്ടം കള്ളന്മാരും തെമ്മാടികളുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കത്ത് എഴുതിയത്.
വാറൻ ജി ഹാർഡിങ് (1921 മുതൽ 23 വരെ)
അഴിമതികൾ നിറഞ്ഞ ഒരു ഭരണത്തിന്റെ പേരിലാണ് വാറൻ ജി ഹാർഡിങ് എന്നും ഓർമ്മിക്കപ്പെടുന്നത്. എന്നാൽ, അതിൽ മിക്ക അഴിമതികളിലും അദ്ദേഹം നേരിട്ട് ഭാഗഭാക്കായിരുന്നില്ല എന്നതാണ് രസകരമായ വസ്തുത. എല്ലാവരുമായും വളരെ പെട്ടെന്ന് അടുക്കുന്ന സ്വഭാവക്കാരനായ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്നവരായിരുന്നു അഴിമതി നടത്തിയത്. അമേരിക്കയെ ലീഗ് ഓഫ് നേഷൻസിലേക്ക് കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട വുഡ്രോ വിൽസണെ പോലെ ഉയർന്ന ചിന്തയൊന്നും ഹാർഡിംഗിന് ഉണ്ടായിരുന്നില്ല. വലിയ സ്വപ്നങ്ങളല്ല, മറിച്ച് സുഖകരമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഹാർഡിംഗിന്റെ ഏറ്റവും ഉറ്റ അനുയായി പോലും അദ്ദേഹം ഒരു ബുദ്ധിമാനാണെന്നോ ലോകകാര്യങ്ങളിൽ അറിവുള്ള മനുഷ്യനാണെന്നോ പറഞ്ഞിട്ടില്ല. പോക്കർ കളിച്ചും, സ്ത്രീകളോട് സല്ലപിച്ചും വൈറ്റ്ഹൗസിൽ കാലം കഴിച്ചുകൂട്ടിയ ഹാർഡിങ്, സത്യത്തിൽ ഭരണകാര്യങ്ങളിൽ തീരെ ശ്രദ്ധിച്ചിരുന്നില്ല. തന്റെ ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടം സഹായികളായിരുന്നു ഭരണം നിർവഹിച്ചിരുന്നത്. ഇവരിൽ പലരും കണക്കില്ലാത്ത സ്വത്ത് സമ്പാദിക്കുകയും ചെയ്തു.
ഇക്കാലത്ത് നടന്ന അഴിമതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് പൊതുസ്ഥലങ്ങളിൽ എണ്ണഖനനത്തിനു ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മരണശേഷം മാത്രമായിരുന്നു ഇത് പുറത്തുവന്നത്.
ആൻഡ്രൂ ജോൺസൺ (1865 മുതൽ 69 വരെ)
അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഇംപീച്ചിംഗിന് വിധേയരായ രണ്ട് പ്രസിഡന്റുമാരിൽ ഒരാളാണ് ആൻഡ്രൂ ജോൺസൺ. മറ്റെയാൾ ബിൽ ക്ലിന്റണും. തുടക്കം മുതൽ തന്നെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു ജോൺസന്റെ അധികാര കാലം. അദ്ദേഹം ഒരിക്കലും ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡണ്ടായിട്ടില്ല. 1865 ൽ എബ്രഹാം ലിങ്ക്ൺ വധിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ പ്രസിഡണ്ടാക്കുകയായിരുന്നു.
അക്കൊല്ലം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായി ലിങ്കണുമായി മത്സരിച്ചത് ജോൺസനായിരുന്നു. അദ്ദേഹം ഒരു തെക്കൻ സംസ്ഥാനക്കാരനാണ് എന്നതായിരുന്നു അതിനുള്ള യോഗ്യതയ അഭ്യന്തര യുദ്ധ ശേഷം, പാർട്ടിക്ക് ഒരു പാൻ അമേരിക്കൻ പ്രതിഛായ നൽകാൻ ഒരു തെക്കൻ സംസ്ഥാനക്കാരൻ ആവശ്യമായിരുന്നതിനാലാണ് അദ്ദേഹത്തേയും പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹം പ്രസിഡണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
അടിമത്തത്തിന് എതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ആളാണെങ്കിലും, കറുത്തവർഗ്ഗക്കാർക്ക് ഭൂമി നൽകുന്ന വിഷയത്തിലും, അവർക്ക് പൗരത്വം നൽകുന്ന വിഷയത്തിലും ജോൺസന് കടുത്ത എതിർപ്പുണ്ടായിരുന്നു.എന്നാൽ, ഇത് റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വീകാര്യമായിരുന്നില്ല. അവരുടെ നയങ്ങൾക്ക് എതിരായി നിന്ന ജോൺസനെ റിപ്പബ്ലിക്കൻ പാർട്ടി തന്നെ ഇംപീച്ച് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ