- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ തളർച്ച നേട്ടമായതു ബ്രിട്ടന്; ലോക സാമ്പത്തിക ഭൂപടത്തിൽ ബ്രിട്ടനെ പിന്നിലേക്ക് തള്ളി അഞ്ചാം സ്ഥാനം കൈക്കലാക്കിയ ഇന്ത്യക്കു വീണ്ടും പടിയിറക്കം; യൂറോപ്പ് വിട്ട ബ്രിട്ടൻ വീണ്ടും ഇന്ത്യക്കു മുകളിൽ അഞ്ചാം സ്ഥാനത്; ഇന്ത്യക്കു കോവിഡ് നൽകിയ പ്രഹരം പ്രതീക്ഷിച്ചതിനേക്കാൾ ഭീകരം
ലണ്ടൻ: കോവിഡിൽ വ്യക്തികൾ മാത്രമല്ല രാജ്യങ്ങളും പാപ്പരായേക്കും എന്നതിന് വ്യക്തമായ ഉദാഹരണമായി മാറുകയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നില. ലോകത്തെ ഞെട്ടിച്ചു രണ്ടു മാസത്തിലേറെ രാജ്യം മുഴുവൻ കൊറോണയോടുള്ള പോരാട്ടത്തിന്റെ ഭാഗമായി അടച്ചിടാൻ ഇന്ത്യ തീരുമാനിച്ചപ്പോൾ അതിന്റെ പ്രഹരം മുഴുവൻ ഏൽക്കേണ്ടി വന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ആണെന്നതിന്റെ സൂചന നൽകി ലോക സാമ്പത്തിക റാങ്കിങ്ങിൽ ഇന്ത്യക്കു പടിയിറക്കം. അഞ്ചാം സ്ഥാനത്തു നിന്നിരുന്ന ഇന്ത്യയിൽ നിന്നും ആ സ്ഥാനം പിടിച്ചു വാങ്ങിയിരിക്കുന്നത് ബ്രിട്ടൻ ആണെന്നത് മധുരതരമായ ഒരു പകരം വീട്ടൽ കൂടിയാണ്. തങ്ങൾക്കു നഷ്ടമായ സ്ഥാനം ഇന്ത്യയിൽ നിന്നും തന്നെ തിരിച്ചു പിടിക്കുന്ന സൂചനയാണ് ഇപ്പോൾ ബ്രിട്ടീഷ് സമ്പദ് രംഗം ലോകത്തിനു നൽകുന്ന സന്തോഷ വർത്തമാനം.
ഇന്ത്യക്കു പാരയായതു മാസങ്ങൾ നീണ്ട ലോക് ഡൗൺ
എന്നാൽ ഇന്ത്യയുടെ ഇടർച്ച താൽക്കാലികം ആയേക്കാമെന്നും ശക്തമായ തരത്തിൽ തിരിച്ചു വരാൻ ഇന്ത്യക്കു കഴിഞ്ഞേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് മൂലം ഉണ്ടാകുന്ന നഷ്ടത്തെക്കാൾ ഭീകരമായി മാറുന്നതാണ് ദേശവ്യാപകമായ ലോക് ഡൗൺ തീരുമാനം എന്ന് ഇപ്പോൾ മിക്ക ലോക രാജ്യങ്ങളും അംഗീകരിക്കുന്നതും ഇന്ത്യയുടെ ദീർഘ കാലം നീണ്ട കോവിഡ് നിയന്ത്രണ നടപടികൾ മൂലമാണ്.
ബ്രിട്ടൻ ഇപ്പോൾ ദേശവ്യാപകമായ ലോക് ഡൗൺ സാഹചര്യമാണ് നേരിടുന്നതെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതു സമ്പദ് രംഗത്തെ രക്ഷിക്കുവാൻ വേണ്ടി കൂടിയാണെന്നും കരുതുന്നവരും കുറവല്ല. ഇപ്പോൾ പ്രാദേശികമായി വൈറസ് വ്യാപന നില അനുസരിച്ചു ടയർ ഒന്ന് മുതൽ നാലു വരെയുള്ള സോണുകളായി തിരിച്ചാണ് ബ്രിട്ടനിൽ ലോക് ഡൗൺ നടപ്പിലാക്കുന്നത് . ഇന്ത്യയിലും ഇനി ദേശ വ്യാപക ലോക് ഡൗൺ സാഹചര്യം ഉണ്ടാകില്ല എന്ന് തന്നെയാണ് അടുത്തകാലങ്ങളിൽ ഉണ്ടായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകൾ നൽകുന്ന സൂചനയും.
ഫ്രാൻസിന് വീണ്ടും സ്ഥാനനഷ്ടം, ബ്രെക്സിറ്റ് തിരിച്ചടി
ലോകരാജ്യങ്ങളുടെ സാമ്പത്തിക പ്രകടന പട്ടിക സെന്റർ ഫോർ എക്കണോമിക് ബിസിനസ് റിസേർച് - സി ഇ ബി ആർ - ആണ് പുറത്തു വിട്ടിരിക്കുന്നത്. യുകെ അഞ്ചിലേക്കു ഉയർന്നപ്പോൾ ഫ്രാൻസ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് മറ്റൊരു ശ്രദ്ധേയ മാറ്റം. ബ്രെക്സിറ്റ് നഷ്ടമാണ് ഫ്രാൻസിന് തിരിച്ചടി ആയതെന്നു വിലയിരുത്തപ്പെടുന്നു. കോവിഡ് മഹാമാരിയായി ബ്രിട്ടന് മുകളിൽ നിറഞ്ഞു നിന്ന ഈ വർഷത്തെ ആദ്യ പകുതിയിൽ ജിഡിപി യിൽ 21.2 ശതമാനം വീഴച ഉണ്ടായിട്ടും റാങ്കിങ്ങിൽ മുകളിൽ എത്താനായി എന്നത് ബ്രിട്ടന് നേട്ടമായി മാറുകയാണ്.
ബ്രിട്ടൻ കോവിഡിനെ തുടർന്ന് മാന്ദ്യത്തെ നേരിട്ടേക്കും എന്ന ശക്തമായ ഭീക്ഷണി നിലനിൽക്കെയാണ് റാങ്കിങ് പട്ടിക പുറത്തു വന്നിരിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്ന തകർച്ചയാണ് ഇന്ത്യയുടെ സ്ഥാനനഷ്ടത്തിനു പ്രധാന കാരണമായി മാറുന്നത്. അതേസമയം ചൈന പ്രതീക്ഷിച്ചതും അഞ്ചു വർ്ഷം നേരത്തെ, അതായതു 2028 ൽ തന്നെ അമേരിക്കയുടെ മുന്നിൽ എത്തും എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടന് ശക്തി നൽകുന്നത് സാങ്കേതിക വിദ്യ
ബ്രിട്ടന്റെ സമീപ ഭാവിയിൽ വാർഷിക വളർച്ച ശരാശരി നാലു ശതമാനം ആയിരിക്കും എന്നതും ശുഭ സൂചനയാണ് നൽകുന്നത്. സി ഇ ബി ആർ റിപ്പോർട്ടിന് ലോക രാജ്യങ്ങൾക്കിടയിൽ കൂടുതൽ ആധികാരികത ഉള്ളതും പ്രധാനമാണ്. എന്നാൽ 2026 നു ശേഷം ബ്രിട്ടന്റെ വളർച്ചയിൽ കാര്യമായ ഇടിവുണ്ടാകും എന്ന ആപദ് സൂചനയും പഠനം പങ്കുവയ്ക്കുന്നു. നാലുവർഷം കഴിഞ്ഞും ബ്രിട്ടൻ ഇന്ത്യക്കു മുകളിൽ തന്നെ സ്ഥാനം ഉറപ്പിക്കുമെന്ന പ്രവചനവും ഈ റിപ്പോർട്ട് പങ്കിടുന്നുണ്ട്.
ഡിജിറ്റൽ വിപ്ലമായിരിക്കും ഇനിയുള്ള വർഷങ്ങളിൽ ബ്രിട്ടന് നേട്ടമായി മാറുക എന്നതാണ് സി ഇ ബി ആർ ഡെപ്യൂട്ടി ചെയർമാന് ഡഗ്ലസ് വില്യംസ് നൽകുന്ന സൂചന. കോവിഡ് ദുരിതത്തിൽ ലോകം സാങ്കേതിക വിദ്യയെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നതാണ് ബ്രിട്ടന് അനുകൂല സാഹചര്യം ഒരുക്കുന്നത്. ലോകത്തെ സാങ്കേതിക വിദ്യ വികസനത്തിൽ ഇപ്പോഴും യുകെ തന്നെ മുന്നിൽ നിൽക്കുന്നതാണ് ഇത്തരം പ്രവചനം നടത്താൻ സി ഇ ബി ആറിന് ധൈര്യം നൽകുന്നത്. ബ്രെക്സിറ്റിനു ശേഷം ലോകത്തെ മിടുമിടുക്കർ ജോലി ചെയ്യാൻ യുകെയിൽ തന്നെ എത്തുമെന്ന ട്രെൻഡ് കൂടി നിലനിൽക്കുന്നതും നിലവിലെ സാഹചര്യത്തിൽ ശക്തമായ അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു. ബ്രിട്ടനിൽ തൊഴിലില്ലായ്മ ഇപ്പോൾ 4.8 ശതമാനം ആണെങ്കിൽ യൂറോപ്പിലെ കണക്കിൽ ഇത് 8.4 ശതമാനമാണ്. ഈ അന്തരം യുകെയിലേക്കു തൊഴിൽ തേടിയെത്താൻ പ്രൊഫഷണലുകൾക്ക് പ്രചോദനമാകും എന്ന പ്രതീക്ഷയാണ് വളരുന്നത്. ബ്രെക്സിറ്റിൽ ഏറ്റവും നന്നായി പെർഫോം ചെയുന്ന യൂറോപ്യൻ രാജ്യവും ബ്രിട്ടൻ തന്നെ ആയിരിക്കും എന്നാണ് നിഗമനം.
അതിനിടെ കോവിഡ് കാലത്തു ചെലവാക്കാനാകാതെ പോയ 200 ബില്യൺ പൗണ്ട് യുകെയുടെ വിപണിയിൽ അധികം വൈകാതെ എത്തും എന്നാണ് വിലയിരുത്തൽ. ഈ പണം ഒന്നിച്ചെത്തുന്നതും അപകടം ആണെന്നു സൂചനയുണ്ട്. ജനം കണ്ണിൽ കണ്ടതൊക്കെ വാങ്ങികൂട്ടിയാൽ വിപണയിൽ സാധന ലഭ്യത കുറയുകയും ഇത് വിലക്കയറ്റത്തിനും അതുവഴി നാണയ മൂല്യ ശോഷണത്തിനും കാരണമായി മാറിയേക്കും എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യക്കു ചലിക്കാൻ അനേകം തടസങ്ങൾ, ശുഭ പ്രതീക്ഷ വാക്സിനിൽ
ഇന്ത്യയിൽ കോവിഡ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പ്രഹരം സമ്പദ് രംഗത്തിനു നൽകിയതാണ് കനത്ത തിരിച്ചടി ആയി മാറിയത്. രാജ്യ വളർച്ച നിരക്ക് കഴിഞ്ഞ വർഷം 42 ശതമാനത്തിൽ എത്തിയത് കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ്. ഇത് തുടർന്നാൽ നിക്ഷേപ രംഗത്ത് രാജ്യം വലിയ വില നൽകേണ്ടി വരും. ജനങ്ങൾക്കും സമ്പദ് ഘടനയ്ക്കും ഒരേ വിധം പ്രഹരം ഏൽപ്പിച്ച രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ.
ഇതുവരെ ഒരു കോടിയിലേറെപ്പേർക്ക് കോവിഡ് ബാധിക്കുകയും അതിൽ ഒന്നര ലക്ഷം പേർക്ക് മരണം സംഭവിക്കുകയും ചെയ്തതാണ് സമ്പദ് ഘടനയിലും തിരിച്ചടി ഉണ്ടാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ, കെമിക്കൽ, വസ്ത്ര കയറ്റുമതിയിൽ ഉള്ള മുൻനിര സ്ഥാനം എന്നിവയൊക്കെ ഇന്ത്യക്കു കോവിഡ് കാലത്തു സമ്മാനിച്ച തിരിച്ചടികൾ ഭയാനകമാണ്. സേവന വിതരണ രംഗവും ഇന്ത്യയിൽ പാടെ നിശ്ചലമായതും പ്രതിസന്ധി ഗുരുതരമാക്കുകയാണ്. രാജ്യത്തെ നാലിൽ ഒന്ന് സാമ്പത്തിക ക്രയ വിക്രയം തുടച്ചു മാറ്റപ്പെട്ടിരിക്കുകയാണ് എന്ന സൂചനയാണ് ജിഡിപിയിൽ ഉണ്ടായ ഇടിവ് വെളിപ്പെടുത്തുന്നത്. നിയന്ത്രണം വലിയ തോതിൽ എടുത്തു മാറ്റിയിട്ടും സമ്പദ് രംഗം മുന്നോട്ടു ചലിക്കാൻ ഇന്ത്യയിൽ പ്രയാസപ്പെടുകയാണ് എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
എന്നാൽ വാക്സിൻ നൽകി തുടങ്ങുന്നതോടെ കാര്യമായ മാറ്റം ഉണ്ടാകുമെന്നും ഇത് 2021 , 2022 വര്ഷങ്ങളിൽ വ്യക്തമായ മാറ്റം സമ്മാനിക്കുമെന്ന ശുഭ പ്രതീക്ഷയും റിപ്പോർട്ട് നൽകുന്നു. അതേസമയം ഇന്ത്യക്കു ബ്രിട്ടനെ വീണ്ടും 2025 ൽ മറികടക്കാൻ കഴിയുമെന്നും 2027 ൽ ജർമനിയെയും 2030 ൽ ജപ്പാനെയും പിന്തള്ളി ഇന്ത്യ ലോക നിരയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നതും ഇന്ത്യയെ സംബന്ധിച്ച റിപ്പോർട്ട് നൽകുന്ന പ്രധാന പ്രതീക്ഷയാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.