തൃശൂർ: റോഡരികിലെ കേബിൾ ബൈക്കിലും കഴുത്തിലും കുരുങ്ങി യുവാവിന് ദാരുണാന്ത്യം. കോട്ടയം അമലഗിരി മണ്ണുശേരിയിൽ ജോണിയുടെ മകൻ എം.ആർ. അഭിജിത്താണ് (21) മരിച്ചത്. അഭിജിത്ത് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിൽ താഴ്ന്നുകിടന്ന കേബിളിൽ കുരുങ്ങുകയായിരുന്നു. ബൈക്കിൽ ചുറ്റിയ കേബിൾ യുവാവിന്റെ കഴുത്തിലും കുരുങ്ങിയതോടെ മരണം സംഭവിച്ചു.

ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജേഷിന്റെ മകൻ വൈഷ്ണവിനു (22) നിസ്സാര പരുക്കേറ്റു. ഇരുവരും സുള്ള്യയിൽ വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു സംശയിക്കുന്നു. ഇന്നലെ പുലർച്ചെ ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂർ വട്ടമാവിനു സമീപത്തായിരുന്നു അപകടം.

നിയന്ത്രണം വിട്ടു റോഡിൽ നിന്നു തെന്നിമാറിയ ബൈക്ക് സമീപത്തെ പോസ്റ്റിൽ താഴ്ന്നുകിടന്ന ഫൈബർ കേബിളിൽ കുരുങ്ങി മറിയുകയായിരുന്നു. അഭിജിത്തിനെ നാട്ടുകാർ ചേർന്നു സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലാലിയാണ് അഭിജിത്തിന്റെ മാതാവ്. സഹോദരി: ആഷ്ലി. സംസ്‌കാരം പിന്നീട്.