ക്കിന് വച്ചതുകൊക്കിനു കൊണ്ട അവസ്ഥയായി ട്രംപിന്. ബ്ലാക്ക് ലൈവ്സ് മാറ്റർ സമരക്കാരെ ഒതുക്കാൻ ട്രംപ് തന്നെ കൊണ്ടുവന്ന സ്മാരക സംരക്ഷണ നിയമം ഇപ്പോൾ ട്രംപിന് തിരിച്ചടിയായിരിക്കുകയാണ്.

ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ, കാപിറ്റോൾ മന്ദിരത്തിൽ കയറി നിരങ്ങിയ ട്രംപ് അനുയായികൾക്ക് പത്തുവർഷം വരെ ശിക്ഷ ലഭിക്കും എന്നാണ് നിയമജ്ഞർ പറയുന്നത്. മാത്രമല്ല, ഗൂഢാലോചന കുറ്റത്തിന് ട്രംപിനേയും അകത്താക്കാം. ഫെഡറൽ പ്രോസിക്യുട്ടർമാരാണ് ഇക്കാര്യം അറിയിച്ചത്.

മുഖം മിനുക്കാൻ ഏതറ്റം വരേയും പോകാനൊരുങ്ങി അമേരിക്ക

ജനാധിപത്യ ധ്വംസനവും മനുഷ്യാവകാശ ലംഘനവും എവിടെയുണ്ടോ അവിടങ്ങളിലേക്ക് സൈന്യത്തെ അയച്ചുവരെ അവകാശ സംരക്ഷകർ നടിക്കാറുള്ള അമേരിക്ക ഇപ്പോൾ സ്വന്തം നാട്ടിലെ പ്രവർത്തിമൂലം ഇപ്പോൾ ലോകത്തിനു മുന്നിൽ തന്നെ തലകുനിച്ചു നിൽക്കേണ്ട ഗതികേടിലായിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നുവരെ വിശേഷിപ്പിക്കാവുന്ന പാർലമെന്റ് മന്ദിരത്തിൽ വരെ അക്രമികൾ അഴിഞ്ഞാടിയത് അമേരിക്കയുടെ ജനാധിപത്യ സമ്പ്രദായത്തിനു വരെ വെല്ലുവിളി ആയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ജനാധിപത്യം ഉയർത്തിപ്പിടിക്കുവാൻ ഏതറ്റം വരേയും പോകും എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തേണ്ട ഒരു ബാദ്ധ്യത അമേരിക്കയ്ക്ക് ഉണ്ടായിരിക്കുകയാണ്. ഇത് മനസ്സിലാക്കി തന്നെയാണ് കക്ഷി ഭേദമില്ലാതെ മിക്ക രാഷ്ട്രീയ നേതാക്കളും ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഭരണഘടനയിലെ 25 ആം ഭേദഗതി അനുസരിച്ച് പ്രസിഡണ്ട് സ്ഥാനത്തുനിന്നും ട്രംപിനെ നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ വൈസ് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. പല റിപ്പബ്ലിക്കൻ നേതാക്കളും ഇതിനെ പിന്തുണച്ച് എത്തിയിട്ടുമുണ്ട്.

അതിനുപുറകേയാണ് കഴിഞ്ഞ ദിവസം നടന്ന കലാപത്തിനെതിരെ കർശന നടപടികൾ കൈക്കൊള്ളുവാൻ ശ്രമിക്കുന്നത്. ഇതുവരെ പാർലമെന്റ് മന്ദിരത്തിനകത്ത് അക്രമം നടത്തിയ സംഭവത്തിൽ 81 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും 36 പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ ഫ്ളോയിഡയിൽ കറുത്തവർഗ്ഗക്കാരനെ മൃഗീയമായി കൊലചെയ്ത സംഭവത്തിനു നേരെ പ്രതിഷേധമായി ഉയർന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭണത്തെ നേരിടാൻ ട്രംപ് നടപ്പിലാക്കിയസ്മാരക സംരക്ഷണ നിയമം ഇപ്പോൾ വീണ്ടും ഉപയോഗിക്കുവാനാണ് പ്രോസിക്യുട്ടർമാർ ആലോചിക്കുന്നത്.

ഈ നിയമമനുസരിച്ച് അക്രമങ്ങളിൽ ഉൾപ്പെട്ടവർക്ക്10 വർഷം വരെ തടവ് ലഭിക്കും. മാത്രമല്ല, ഇത്തരം അക്രമ സംഭവങ്ങളിൽ ഗൂഢാലോചന നടത്തിയവർക്കും അതിൽ പങ്കെടുത്തവർക്കും ഈ നിയമപ്രകാരം ശിക്ഷ ലഭിക്കും. ഈ നിയമം പ്രയോഗിക്കുകയാണെങ്കിൽ ഗൂഢാലോചനയിൽ പങ്കെടുത്തതിന് ട്രംപും ജയിലിൽ പോകേണ്ടതായി വരും. കടുത്ത നടപടികളിലൂടെ, എല്ലാത്തിലും ഉപരിയായി ജനാധിപത്യം സംരക്ഷിക്കാൻ രാജ്യം ബാദ്ധ്യസ്ഥരാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ കടുത്ത നടപടികൾ ബൈഡൻ ഭരണകൂടം കൈക്കൊള്ളും എന്നുതന്നെയാണ് കരുതുന്നത്.

വർത്തമാനകാല ജനാധിപത്യത്തിന്റെ പ്രതിരൂപമായി കാപിറ്റോൾ മന്ദിരം

പൊട്ടിത്തകർന്ന ജനൽ ചില്ലുകൾ, ചിതറിക്കിടക്കുന്ന ഓഫീസ് ഉപകരണങ്ങൾ, വികൃതമാക്കപ്പെട്ട ചുമരുകൾ, കോറിവരച്ച് വികൃതമാക്കിയ ശില്പങ്ങൾ, അമേരിക്കൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിന്റെ നേർക്കാഴ്‌ച്ചയാണിത്. അക്രമികളെ വേട്ടയാടുവാൻ എഫ് ബി ഐയും ഡി സി പൊലീസും ശ്രമങ്ങൾ ആരംഭിക്കുമ്പോൾ വെടിയുണ്ടെ തുളച്ച ചുമരുകളിൽ ചെളികൊണ്ട് പതിപ്പിച്ച വിരലടയാളങ്ങൾ ഒരു രാജ്യത്തിന്റെ ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് നോക്കുകുത്തികളായി നിൽക്കുകയാണ്.

കെട്ടിടം നിൽക്കുന്ന ഭൂമിക്ക് ചുറ്റും ആർക്കും പിടിച്ചുകയറാനാകാത്ത ലോഹവേലികൾ തീർക്കുന്ന തിരക്കിലാണ് ഒരു കൂട്ടം തൊഴിലാളികൾ. ജോ ബൈഡൻ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിന് സുരക്ഷയൊരുക്കാനുള്ള നടപടിയാണിത്. മുൻപെങ്ങുമില്ലാത്തവിധം അക്രമ സംഭവങ്ങൾ അരങ്ങേറിയതോടെയാണ് ഇത്തരത്തിലുള്ള കനത്ത സുരക്ഷയൊരുക്കുന്നത്. കെട്ടിടത്തിനകത്തേക്ക് ഇടിച്ചുകയറാൻ അക്രമകാരികൾ ശ്രമിച്ചതിന്റെ ഫലമായി കാപിറ്റോൾ മന്ദിരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. അതെല്ലാം തീർത്ത് കെട്ടിടത്തിന്റെ പൂർവ്വസ്ഥിതി കൈവരിക്കാനുള്ള പ്രവർത്തനങ്ങളും ത്വരിത ഗതിയിൽ നടക്കുന്നു.

സഭാ സ്പീക്കർ നാൻസി പെലോസിയുടെ ഓഫീസിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മേശവലിപ്പുകൾ കുത്തിത്തുറക്കുകയും അതിനുള്ളിലെ പല രേഖകളും നിലത്ത് വിതറുകയും ചെയ്തിരിക്കുന്നു. പല അക്രമകാരികളും ഇതിനകത്ത് കയറി കോമാളിവേഷം കെട്ടി സെൽഫികളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ടായിരുന്നു. അതിനു പുറമേ, ജനുവരി 20 ന് ജോ ബൈഡന്റെ അധികാരമേല്ക്കുന്ന ചടങ്ങ് നടക്കേണ്ട വേദിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പ്രതിഷേധക്കരിൽ ഉൾപ്പെട്ട മുൻ അമേരിക്കൻ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ആഷ്ലി ബാബിറ്റിനെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. മറ്റു മൂന്നുപേരും വിവിധ കാരണങ്ങളാൽ മരണപ്പെട്ടിട്ടുണ്ട്. ഇതിന്റെ രക്തക്കറകൾ മായ്ക്കുന്നതിനോടൊപ്പം തറയിൽ ചിതറിക്കിടക്കുന്ന ചില്ലുകൾ വാരിക്കളഞ്ഞും മറ്റും ശുചീകരണ ജോലിക്കാരും തിരക്കിലാണ്. ട്രംപിന്റെ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ തരംഗം സൃഷ്ടിച്ച മുദ്രാവാക്യമായ മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എഴുതിയ ചുവന്ന തൊപ്പികളും അവിടവിടെയായി ചിതറിക്കിടക്കുന്നുണ്ട്.

അമേരിക്കയുടെ, ''ജനാധിപത്യത്തിന്റെ കാവലാൾ'' എന്ന പദവി ചോദ്യം ചെയ്യപ്പെടുന്നു

എയർഫോഴ്സ് വൺ പറന്നിറങ്ങുമ്പോൾ ആ നഗരം മുഴുവൻ നിശ്ചലമാകും. എല്ലാ ശ്രദ്ധയും അങ്ങോട്ടായിരിക്കും. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയാണ് ആ വിമാനത്തിൽ എത്തുന്നത്. ഏത് രാജ്യത്തു ചെന്നാലും സ്വന്തം സുരക്ഷാ സൈനികരും, വാഹനവും എന്തിനേറെ അതിൽ നിറയ്ക്കാനുള്ള ഇന്ധനം പോലും അമേരിക്കയിൽ നിന്നുള്ളതായിരിക്കും. സന്ദർശിക്കുന്ന രാജ്യത്തിനകത്ത് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററുകൾ പോലും അമേരിക്കയിൽ നിന്നെത്തും. ലോക രാജ്യങ്ങൾക്കിടയിൽ ആരാലും ചോദ്യം ചെയ്യപ്പെടാത്ത പ്രമാണിത്തമായിരുന്നു അമേരിക്കയ്ക്ക്.

എയർഫോഴ്സ് വൺ എന്ന വിമാനത്തിന്റെയോ അതിലെ ജീവനക്കാരുടെയോ ഫോട്ടോ എടുക്കാൻ ആർക്കും അധികാരമില്ല. മറ്റു രാജ്യങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളല്ല, മറിച്ച് സ്വന്തം സുരക്ഷാ സംവിധാനങ്ങളുടെ മേന്മ ലോക രാഷ്ട്രങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു അമേരിക്ക ഇതിലൂടെ ഉദ്ദേശിച്ചിരുന്നത്. മാത്രമല്ല, തങ്ങളോട് ഏറ്റുമുട്ടാൻ ആരും വരേണ്ടെന്ന ഒരു മുന്നറിയിപ്പും അതിൽ ഒളിപ്പിച്ചു വച്ചിരുന്നു.

അമേരിക്കയുടെ ഈ അഹന്തയ്ക്ക് ആദ്യ തിരിച്ചടി ഏറ്റത് 2001 സെപ്റ്റംബർ 11 നായിരുന്നു. തീവ്രവാദികൾ വിമാനമോടിച്ച് കയറ്റിയത് അമേരിക്കയുടെ ആത്മാഭിമാനത്തിന്റെ നെഞ്ചത്തേക്കായിരുന്നു. അവിടെ മരിച്ചുവീണത് നിഷ്‌കളങ്കരായ അമേരിക്കൻ പൗരന്മാർ മാത്രമല്ല, മറിച്ച് അമേരിക്കയുടെ ആത്മവിശ്വാസം കൂടിയായിരുന്നു. എന്നിട്ടും അമേരിക്ക ആ വീഴ്‌ച്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു.

എന്നാൽ, അന്നത്തേതുപോലെ ഭൗതികമായ ഒരു ആക്രമണം മാത്രമല്ല ഇപ്പോൾ അമേരിക്ക നേരിട്ടിരിക്കുന്നത്. കാപ്പിറ്റോൾ മന്ദിരത്തിൽ വന്ന കേടുപാടുകൾ ഒരുപക്ഷെ എളുപ്പത്തിൽ തീർക്കാൻ അമേരിക്കയുടെ സാങ്കേതിക വിദ്യകൾക്കാകുമായിരിക്കും. എന്നാൽ, അമേരിക്ക എന്ന ജനാധിപത്യ രാജ്യത്തിന്റെ മുഖത്ത് പതിച്ച കറുത്ത പാട് കഴുകിക്കളയാൻ ഏറെ പാടുപെടേണ്ടിവരും.

ജനാധിപത്യത്തെ മാനിക്കാത്ത ഷീ ജിൻപിംഗിനേ പോലുള്ള നേതാക്കളെ എന്നും എതിർത്തിട്ടുള്ള അമേരിക്കയ്ക്ക് ഇനി അതിനുള്ള ധാർമ്മിക അവകാശമുണ്ടോ എന്ന ചോദ്യം ഇനി ഉയരും. ലോകത്തെവിടെയും ജനാധിപത്യാവകാശങ്ങൾക്കായി ആയുധമെടുത്തുവരെ പോരാടിയിട്ടുള്ള അമേരിക്കയ്ക്ക് ഇനി അതിനുള്ള അർഹതയുണ്ടോ എന്ന ചോദ്യമുയരും. മാത്രമല്ല, സ്വന്തം രാജ്യത്തിന്റെ പാർലമെന്റ് സംരക്ഷിക്കാൻ പോലുമാകാത്ത ഒരു രാജ്യം എങ്ങനെ ലോക രാജ്യങ്ങളിലെ ജനാധിപത്യത്തെ സംരക്ഷിക്കും എന്ന ചോദ്യവും ഉയരും/