ലോക പൊലീസിൽ നിന്നും ബനാന റിപ്പബ്ലിക്കിലേക്കുള്ള ദൂരം കേവലം ഒരു വ്യക്തിയുടെ സ്വാർത്ഥതമാത്രമാണെന്ന് തെളിയിക്കുകയാണ് അമേരിക്ക. കണിശമായി നടന്നിരുന്ന അമേരിക്കൻ ഭരണകൂടം ഇന്നൊരു നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. ഭരണമവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോൾ, അമേരിക്കയുടെ മേൽ മറ്റൊരു കളങ്കം കൂടി ചാർത്തപ്പെടാതിരിക്കാൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ തത്സ്ഥാനത്തുനിന്നും മാറ്റാൻ ഇടയില്ല. എന്നാൽ ഭരണഘടനയുടെ 25 ആം ഭേദഗതി അപ്രഖ്യാപിതമായി, പരോക്ഷമായി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ട്രംപിനെ സ്വന്തം കാബിനറ്റ് അംഗങ്ങൾ പോലും ഒഴിവാക്കുകയാണെന്നാണ് ഒരുപ്രത്രപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുന്നത്.

ട്രംപ് ഭരണം ഒഴിയുന്ന ജനുവരി 20 വരെ മിക്ക മുതിർന്ന കാബിനറ്റ് അംഗങ്ങളും തത്സ്ഥാനത്ത് തുടരും എന്നാൽ ട്രംപ് പ്രസിഡണ്ടല്ല എന്ന രീതിയിലായിരിക്കും ഇവർ പ്രവർത്തിക്കുക. ഭരണകൂടത്തോട് അടുത്ത ചില വൃത്തങ്ങൾ വെളിപ്പെടുത്തിയതാണ് ഈ വിവരം എന്നാണ് ആക്സിയോൺ റിപ്പോർട്ടർ ജോനാഥൻ സ്വാൻ പറയുന്നത്. ഇവരിൽ മിക്കവരും ട്രംപിന് മുഖം കൊടുക്കാതെ മാറി നടക്കുകയാണെന്നും റിപ്പോർട്ട് ചെയ്യുന്നു.

കാബിനറ്റ് അംഗങ്ങൾ ട്രംപിനെ തഴഞ്ഞാലും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയിൽ ട്രംപിനെ അവഗണിച്ചാലും ട്രംപിന് പല അധികാരങ്ങളും ഇപ്പോഴുമുണ്ട്. ആണവായുധങ്ങൾ ഉപയോഗിക്കുവാനുള്ള ഗോൾഡൻ കോഡ്സ് ഇപ്പോഴും ട്രംപിന്റെ അധീനതയിലാണ്. ന്യുക്ലിയർ കോഡിൽ ട്രംപിനുള്ള അധികാരം എടുത്തുമാറ്റണമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ നാൻസി പെലോസി സൈന്യത്തോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും, ട്രംപ് പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നിടത്തോളം കാലം അതിന് കഴിയുമെന്ന് തോന്നുന്നില്ല.

കാബിനറ്റ് അംഗങ്ങൾ നിലവിൽ ട്രംപുമായി ബന്ധപ്പെടാതെ ഭരണം നടത്തിക്കൊണ്ടുപോവുകയാണ്. പക്ഷെ, ആണവായുധങ്ങൾക്ക് മേൽ പ്രസിഡണ്ടിനുള്ള അധികാരം അമേരിക്കയെ മാത്രമല്ല, ലോകത്തെ തന്നെ ആശങ്കയിലാഴ്‌ത്തുകയാണ്. അഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ എന്തെങ്കിലും ഉത്തരവുകൾ ട്രംപ് പുറത്തിറക്കുകയാണെങ്കിൽ, കാബിനറ്റ് അംഗങ്ങൾക്ക് അത് നിരസിക്കാനാകും. എന്നാൽ ആണവായുധങ്ങളുടെ കാര്യത്തിൽ പരമാധികാരം പ്രസിഡണ്ടിനാണ്.

ജനുവരി ട്രംപിന്റെ ആഹ്വാനമനുസരിച്ച് അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിൽ കാട്ടിക്കൂട്ടിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് സെക്രട്ടറി എലെയ്ൻ ചാവോ രാജിവച്ചിരുന്നു. എന്നാൽ കാലാവധി തീരുന്നതിനു മുൻപായി ട്രംപ് രാജ്യത്തിന് അപകടകരമായ തീരുമാനങ്ങൾ എടുക്കുന്നത് തടയുവാനായി മറ്റ് കാബിനറ്റ് അംഗങ്ങൾ കാബിനറ്റിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഇതുകൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓ ബ്രിയാൻ, വൈറ്റ്ഹൗസ് കൗൺസൽ പാറ്റ് സിപോളോൺ എന്നിവരോടും ദേശീയ സുരക്ഷയെ കരുതി കാലാവധി തീരുംവരെ തത്സ്ഥാനങ്ങളിൽ തുടരാൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി 11 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 25 ആം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ നീക്കം ചെയ്യുന്നത് രാജ്യത്തിന്റെ യശസ്സിന് കളങ്കം ചാർത്തുമെന്ന് അവർ ഭയക്കുന്നു.

ഭരണഘടനയിലെ 25 ആം ഭേദഗതി അനുസരിച്ച് ഭൂരിപക്ഷ തീരുമാനപ്രകാരം കാബിനറ്റിന് വൈസ് പ്രസിഡണ്ടിന് പ്രസിഡണ്ടിന്റെ ചുമതകലകൾ കൈമാറാൻ കാബിനറ്റിന് കഴിയും. രോഗബാധ തുടങ്ങിയ പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കുവാനുള്ളതാണ് ഇത്.രാഷ്ട്രീയമായി ട്രംപ് തികച്ചും ഒറ്റപ്പെടുകയാണെന്നു തന്നെയാണ് സൂചന. വളരെക്കാലം ട്രംപിന്റെ അടുത്ത അനുയായി ആയിരുന്ന പല റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിനെതിരെ രംഗത്ത് വരാൻ തുടങ്ങിയിട്ടുണ്ട്. ബുധനാഴ്‌ച്ചയിലെ അക്രമങ്ങളിൽ തനിക്കുള്ള പങ്ക് ട്രംപ് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടത് ഒരുകാലത്ത് ട്രംപിന്റെ അടുത്ത അനുയായി ആയിരുന്ന സെനറ്റർ ലിൻഡ്സേ ഗ്രഹാം ആണ്.

അതേസമയം നേരത്തേതന്നെ ട്രംപുമായി പിണങ്ങിയിരുന്ന മറ്റൊരു സെനറ്റർ ട്രംപ് രാജിവക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ താൻ പാർട്ടിയിൽ തുടരണമോ എന്നകാര്യം ആലോചിക്കെണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു. അലാസ്‌കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുക്കോവ്സ്‌കിയാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നത്. ഇന്നത്തെ സാഹചര്യത്തിൽ ട്രംപിനെ പ്രതിരോധിക്കാൻ തനിക്കാവില്ലെന്ന് മുൻ വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ആരി ഫ്ലീഷറും പറഞ്ഞു.

എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ താഴെ തട്ടിലുള്ള അണികളിൽ, പ്രത്യേകിച്ചും തീവ്ര വലതുപക്ഷക്കാരിൽ ഇപ്പോഴും ട്രംപിന് കാര്യമായ സ്വാധീനമുണ്ട്. അവർ അക്രമങ്ങളെ അപലപിക്കാൻ തയ്യാറാകുമ്പോഴും അതിലേക്ക് ട്രംപിന്റെ പേര് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ല. അതേസമയം, കാബിനറ്റ് ട്രംപിനെ പ്രസിഡണ്ട് പദവിയിൽ നിന്നും നീക്കം ചെയ്യുന്നില്ലെങ്കിൽ തിങ്കളാഴ്‌ച്ച ഇംപീച്ച്മെന്റ് പ്രമേയം സഭയിൽ അവതരിപ്പിക്കുമെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി പ്രസ്താവിച്ചിട്ടുണ്ട്.

മാത്രമല്ല, താൻ, ചീഫ് ഓഫ് സ്റ്റാഫുമായി ഫോണിൽ സംസാരിച്ചു എന്നും ആണവ കോഡുകൾ ട്രംപ് ദുരുപയോഗം ചെയ്യുന്നതിനെതിരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. ബുദ്ധിഭ്രമം സംഭവിച്ച ഒരു പ്രസിഡണ്ടിൽ നിന്നും ആണവകോഡുകൾ മാറ്റി സൂക്ഷിക്കുവാനുള്ള വഴി എന്തെന്ന് ആർമി ജനറൽ മാർക്ക് മില്ലേയോട് താൻ ചോദിച്ചെന്നും അവർ പറഞ്ഞു. എന്നാൽ, ഇതിന്ജനറൽ എന്തു മറുപടി പറഞ്ഞെന്ന് അവർ വ്യക്തമാക്കിയില്ല. ജനാധിപത്യ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കാൻ ശ്രമിച്ച ബുദ്ധിഭ്രമം സംഭവിച്ച ഒരു പ്രസിഡണ്ടിൽ നിന്നും അമേരിക്കൻ ജനതയ്ക്ക് കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നേക്കുമെന്ന് ഭയക്കുന്നതായും അവർ വെളിപ്പെടുത്തി.

അമേരിക്കക്കെതിരെ ആരെങ്കിലും ആണവായുധങ്ങൾ പ്രയോഗിച്ചാൽ ഉടൻ തിരിച്ചടിക്കുന്നതിനായി അമേരിക്കയുടെ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള സർവ്വാധികാരം പ്രസിഡണ്ടിൽ നിക്ഷിപ്തമാണ്. അതിനാൽ തന്നെ പ്രായോഗികമായി ഈ അധികാരം ട്രംപിൽ നിന്നും എടുത്തുമാറ്റുവാൻ പ്രയാസവുമാണ്. ബുദ്ധിഭ്രംശം സംഭവിച്ച പ്രസിഡണ്ട് വിവേകരഹിതമായി ആണവ മിസൈലുകൾ പ്രയോഗിക്കുവാൻ തുടങ്ങിയാൽ അത് ലോകത്തിന് തന്നെ വലിയൊരു വിപത്തായി മാറും.