ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിൽ പ്രതിരോധ ഇടപാട് നടത്താനുള്ള നീക്കത്തിന് തടയിട്ട് അമേരിക്ക. ഇന്ത്യൻ പ്രതിരോധത്തിന്റെ ആണിക്കല്ലായി മാറുന്ന എസ്400 ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് അമേരിക്ക. റഷ്യയിൽനിന്ന് എസ്400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയാൽ ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ ജോ ബൈഡൻ ഭരണകൂടം ഇക്കാര്യം ഇന്ത്യയെ അറിയിച്ചു. റഷ്യയുമായുള്ള ഇടപാടുമായി മുന്നോട്ട് പോയാൽ അത് ഇന്ത്യയ്ക്ക് വിനയാകുമെന്നാണ് മുന്നറിയിപ്പ്.

ഇക്കാര്യത്തിലുള്ള ബൈഡന്റെ എതിർപ്പ് ഇന്ത്യയെ അറിയിക്കാൻ യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റ് ചെയർമാൻ ബോബ് മെനൻഡസ്, യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന് നിർദ്ദേശം നൽകി. മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ലോയിഡ് ഓസ്റ്റിൻ വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അമേരിക്കയുടെ എതിർപ്പ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായാണ് ഓസ്റ്റിൻ വെള്ളിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയതും ഇക്കാര്യം വ്യക്തമാക്കിയതും.

അതേസമയം റഷ്യയുമായുള്ള ആയുധ കച്ചവടം അനുവദിക്കയില്ലെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് വിവരം പറയാനെത്തിയ അമേരിക്കൻ പ്രതിനിധിയോട് ബൈഡനെ അന്വേഷിച്ചു എന്ന് പറയാനാണ് മോദി പറഞ്ഞയച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് തന്റെ ആശംസകൾ അറിയിക്കാനാണ് മോദി ഓസ്റ്റിനോട് പറഞ്ഞത്. ആഗോളതലത്തിലെ നന്മയ്ക്കായി നയതന്ത്ര ബന്ധം തുടരുന്നതിന് ഇന്ത്യയും യുഎസും പ്രതിജ്ഞാബന്ധമാണെന്നും മോദി പറഞ്ഞു. അതേസമയം അമേരിക്കയുടെ മുന്നറിയിപ്പ് വിലയ്ക്കെടുത്ത് റഷ്യയുമായുള്ള ആയുധക്കച്ചവടത്തിൽ നിന്നും ഇന്ത്യ പിന്മാറുമോ എന്ന് വ്യക്തമല്ല.

അമേരിക്ക ഇന്ത്യയുടെ തന്ത്രപ്രധാനമായ സുഹൃത്ത് ആണെങ്കിലും റഷ്യയുമായുള്ള ആയുധ ഇടപാടുമായി ഇന്ത്യ ഇനി മുന്നോട്ട് പോകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം പോലെ തന്നെ റഷ്യയുമായുള്ള ബന്ധവും ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇനി ഇന്ത്യയുടെ നിലപാട് എന്താണ് എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ആയുധ ഇടപാടുമായി മുന്നോട്ട് പോയാൽ ഉപരോധവുമായി അമേരിക്കയും മുന്നോട്ട് പോയേക്കും.

ജോ ബൈഡൻ അധികാരമേറ്റെടുത്തതിനുശേഷം യുഎസിൽനിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ് ഓസ്റ്റിൻ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ എന്നിവരുമായും ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തും. വ്യോമ, നാവിക സേനകൾക്കായി യുഎസിൽനിന്ന് ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന സന്നദ്ധഡ്രോണുകൾ, 150ലധികം കോംബാറ്റ് ജെറ്റുകൾ എന്നിവയെക്കുറിച്ചു ഓസ്റ്റിനുമായി ചർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ചൈനയുമായുള്ള സംഘർഷം മൂർധന്യാവസ്ഥായിലായിരുന്നപ്പോഴാണ് യുഎസിൽനിന്ന് പ്രതിരോധ സാമഗ്രികൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.

എന്നാൽ റഷ്യയുമായുള്ള കരാറു നീക്കത്തെ യുഎസ് എതിർക്കും. സമാന പ്രതിരോധ സാമഗ്രികൾ വാങ്ങിയതിന് തുർക്കിക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 'എസ് 400 വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ ഇന്ത്യ തീരുമാനിക്കുകയാണെങ്കിൽ, കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷൻസ് ആക്ട്) നിയമത്തിന്റെ 231 വകുപ്പുപ്രകാരം ഉപരോധം ഏർപ്പെടുത്തേണ്ട നീക്കമാകും അത്.' ബോബ് മെനൻഡെസ് ലോയിഡ് ഓസ്റ്റിനു നൽകിയ കത്തിൽ പറയുന്നു.

തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യയുടെ വികസനത്തിനും സംഭരണത്തിനുമായി യുഎസുമായി ചേർന്നുപ്രവർത്തിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഇതിന് തടസമാകുമെന്നും ഇന്ത്യയിലെ പ്രതിനിധികളുമായുള്ള ചർച്ചയിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓസ്റ്റിനുള്ള കത്തിൽ പറയുന്നു.

ലോയിഡ് സന്ദർശനവേളയിൽ ഒരുതരത്തിലുള്ള ഇടപാടുകളും സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്നും പ്രാദേശിക, രാജ്യാന്തര സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കും ചർച്ചയെന്നും ഇന്ത്യയിലെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മായ 'ക്വാഡ്' കഴിഞ്ഞ ആഴ്ച ആദ്യ ഉച്ചകോടി ചേർന്നിരുന്നു. ഇന്തോ പസിഫിക് മേഖലയിൽ ചൈനയ്‌ക്കെതിരെ ഒരുമിച്ചു പ്രവർത്തിക്കാൻ ഉച്ചകോടിയിൽ തീരുമാനമായിരുന്നു.