- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരുടെ അവകാശങ്ങൾക്കായി ചർച്ച നടത്താൻ തുനിയാത്ത താങ്കൾക്ക് കർഷക സമരത്തിൽ അഭിപ്രായം പറയാൻ എന്തു ധാർമികതയാണുള്ളത്? ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ഭവന നിർമ്മാണ ബോർഡ് ചെയർമാനുമായ പ്രസാദിനെതിരേ സിഐടിയു യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുടെ തുറന്ന കത്ത്
തിരുവല്ല: സിപിഐയുടെ ആദർശ മുഖമാണ് പി. പ്രസാദ്. നിരവധി പരിസ്ഥിതി സമരങ്ങൾക്ക് നേതൃത്വം നൽകിയ, യഥാർഥ കമ്യൂണിസ്റ്റെന്ന് ജനങ്ങൾ വിധിയെഴുതിയ ആൾ. ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ പ്രസാദ് ഭവന നിർമ്മാണ ബോർഡ് ചെയർമാൻ കൂടിയാണ്. എന്നാലിതാ പ്രസാദിന്റേത് കപട ആദർശമാണെന്നും പൊയ്മുഖമാണെന്നും തുറന്നടിച്ചിരിക്കുകയാണ് ഭവന നിർമ്മാണ ബോർഡിലെ സിഐടിയു യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയും റിട്ട. അക്കൗണ്ട്സ് ഓഫീസറുമായ തിരുവല്ല സ്വദേശി പി്എസ് മനോജ്.
ഭവന നിർമ്മാണ ബോർഡ് കുളം തോണ്ടിയ ചെയർമാനെന്നാണ് സർവീസിലിരിക്കുമ്പോൾ മനോജ് ആരോപിച്ചിരുന്നത്. ഇടതു യൂണിയനുകൾ ബോർഡിനെതിരേ സമരം ചെയ്തു. സിപിഐ നേതാക്കൾ തന്നെ ബോർഡിനെതിരായ സമരം നയിക്കാൻ എത്തുകയും ചെയ്തു. ബോർഡിലെ കെടുകാര്യസ്ഥതയ്ക്കെതിരേ സമരം നയിച്ച തന്നെയും മറ്റു തൊഴിലാളികളെയും എത്രമാത്രം ദ്രോഹിച്ചുവെന്ന് മനോജ് എഴുതിയ തുറന്ന കത്തിലൂടെ പ്രസാദിനോട് ചോദിക്കുന്നു. കത്തിന്റെ പൂർണരൂപം ചുവടെ.
സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ,
ശ്രീ പി. പ്രസാദിന്,
ബോർഡിലെ സിഐടിയു യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും, റിട്ടയേർഡ് അക്കൗണ്ട്സ് ഓഫീസറുമായ പിഎസ്് മനോജ് എഴുതുന്ന തുറന്ന കത്ത്,
പല വട്ടം ആലോചിച്ചതിന് ശേഷം ആണ് താങ്കൾക്ക് ഇങ്ങനെ ഒരു കത്തെഴുതന്നത്. താങ്കളുടേതായി ഒരു പത്ര വാർത്ത കണ്ടു. ഡൽഹിയിൽ മാസങ്ങളായി സമരം ഇരിക്കുന്ന കർഷക പ്രക്ഷോഭകരെ കേന്ദ്ര സർക്കാർ തിരിഞ്ഞു നോക്കുന്നില്ല എന്നും ഇത് ഫാസിസം ആണെന്നുമാണ് താങ്കൾ പറഞ്ഞതിന്റെ സാരം.
താങ്കൾ ചെയർമാൻ ആയ ബോർഡിൽ ചരിത്രത്തിൽ ആദ്യമായി ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയപ്പോൾ അതിനെതിരെ ജീവനക്കാർ ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്തു എത്തിയിട്ടും നിവേദനങ്ങൾ പലതു നൽകിയിട്ടും ഒരു ചർച്ചക്ക് പോലും തയാറാകാത്ത താങ്കൾക്ക് എന്ത് ധാർമികത ആണ് ഉള്ളത്.?
ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, അന്യായമായ സ്ഥലം മാറ്റങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിൻ മുൻപിൽ ജീവനക്കാർ ധർണ നടത്തി. താങ്കളുടെ നേതാവ് കൂടിയായ കെ പി രാജേന്ദ്രനാണ് ധർണ ഉദ്ഘാടനം ചെയ്തത്. ഇതിൽ താങ്കൾ പ്രകോപിതനായി. എന്നാൽ ഈ ധർണ ഒഴിവാക്കാൻ അതിനു മുൻപ് ജീവനക്കാരോട് ഒന്ന് സംസാരിക്കാൻ പോലും താങ്കൾ തയാറായില്ല.
ആ താങ്കളാണ് ഡൽഹിയിലെ കർഷക സമരം ഓർത്തു മുതല കണ്ണീർ ഒഴുക്കുന്നത്. ആ ധർണക്ക് ശേഷം താങ്കൾ സടകുടഞ്ഞു എഴുന്നേറ്റു. പിന്നെ ഒരു തരം വെട്ടി നിരത്തായിരുന്നു. താങ്കളുടെ കമ്മ്യൂണിസ്റ്റ് മുഖം മൂടി അവിടെ അഴിഞ്ഞു വീഴുക ആയിരുന്നു. എന്നോട് ഉള്ള ദേഷ്യം തീർക്കാൻ താങ്കൾ സ്ഥലം മാറ്റിയ ആളുകളുടെ, അവരുടെ കുടുംബാംഗങ്ങളുടെ ശാപം താങ്കൾക്ക് ഒരിക്കലും കഴുകി കളയാൻ കഴിയില്ല.
സാധാരണ റിട്ടയേർമെന്റിന് മൂന്നു വർഷം ബാക്കി ഉള്ളപ്പോൾ, മറ്റു പരാതികൾ ഒന്നുമില്ലെങ്കിൽ, തത്സ്ഥാനത്തു തുടരാം, കൂടാതെ സംഘടന പ്രസിഡന്റ് /സെക്രട്ടറിമാരെ സംഘടന പറയുന്നെടതാണ് തുടരാൻ അനുവദിക്കുക. എന്നാൽ റിട്ടയർ ചെയ്യാൻ ഏതാണ്ട് 75 ദിവസത്തോളം ബാക്കിയുള്ള എനിക്ക് പഞ്ചാരയിൽ പൊതിഞ്ഞ ഒരു ഉത്തരവ് ഉണ്ടാക്കി, സെക്രട്ടറിയുടെ അധികാരത്തിൽ കൈ കടത്തി, എന്നെ സ്ഥലം മാറ്റി.
ഞാൻ പ്രതിനിധാനം ചെയ്യുന്ന, പ്രസ്ഥാനത്തിന്റെ ചില നേതാക്കൾ, താങ്കളെ സമീപിച്ചപ്പോൾ, താങ്കൾ പറഞ്ഞത് അയാൾ ജോയിൻ ചെയ്താൽ ഉടൻ തന്നെ തിരികെ നൽകാം എന്നാണ്. താങ്കൾ ശരിക്കും, ഒരു കമ്മ്യൂണിസ്റ്റ് കാരൻതന്നെ ആണോ? എന്നെ ദ്രോഹിക്കുന്നതിന് ന്യായീകരണം കണ്ടെത്താൻ, താങ്കൾ ആരെയൊക്കെ ദ്രോഹിച്ചു? കാലം ഇതിനൊന്നും മറുപടി പറയാതിരിക്കില്ല സർ. ഇതുമായി ബന്ധപ്പെട്ടു ഒരു പാട് കാര്യങ്ങൾ പറയാനുണ്ട്.
നാലര വർഷം കൊണ്ട്, താങ്കൾ ഹൗസിങ് ബോർഡിൽ നടപ്പാക്കിയത് എന്തൊക്കെയാണെന്ന് ഓർമയുണ്ടോ?
ഐഎസ്ഓ എന്ന് പറഞ്ഞു എത്ര ലക്ഷം തുലച്ചു? ഒരു സ്ഥാപനത്തിൽ ഒരു പരിഷ്‌കാരം നടപ്പിൽ ആക്കുമ്പോൾ,ജീവനക്കാരുടെ സംഘടനകളുമായ്, ഒരു ചർച്ച നടത്തുക എന്നത് സാമാന്യ മര്യാദ ആണ്. അത് താങ്കൾ ചെയ്തോ? ബോർഡിന്റ ചങ്കായ, പനമ്പള്ളി നാഗറിലെ സ്വന്തം കെട്ടിടം, പ്രേതാലയമാക്കി.
4 വർഷത്തെ അനുകൂല്യങ്ങൾ മരവിപ്പിച്ചു, ശമ്പള കമ്മിഷൻ ഉത്തരവ് ബോർഡിൽ നടപ്പാക്കി. 2015 മുതൽ പെൻഷൻ ആയവരുടെ ടെർമിനൽ സറണ്ടർ ഉൾപ്പടെ ഉള്ള ആനുകൂല്യങ്ങൾ ഇപ്പോഷും നൽകാനില്ലേ?
താങ്കളുടെ വികലമായ നിലപാടുകളുടെ ഒരു പാട് ഉദാഹരണങ്ങൾ ബോർഡിൽ കാണാം. ബോര്ഡിന്റെ ഏക്കറുകണക്കിന് സ്ഥലം നഷ്ടപ്പെട്ടത് ബോർഡ് അറിഞ്ഞില്ല എന്ന് പറഞ്ഞാൽ, ചെയർമാൻ സ്ഥാനത്തിരിക്കാൻ താങ്കൾ അർഹനാണോ എന്ന് സ്വയം പരിശോധിക്കാൻ തയ്യാറാകണം.
ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു സർക്കാരിനെതിരായ നിലപാട് ആണ് താങ്കൾ സ്വീകരിച്ചത്. അത് പോലെ അട്ടപ്പാടിയിൽ സർക്കാരിന്റെ പൊലീസ് നയത്തിനെതിരെ താങ്കൾ നിലപാടെടുത്തു.
ഇനിയും ഒരു പാടെഴുതാനുണ്ട്. കോവിഡ് കാരണം വിശ്രമത്തിലായതുകൊണ്ട് നല്ല ക്ഷീണം ഉണ്ട്. അതിനിടയിൽ താങ്കൾ ചേർത്തലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആണെന്ന് അറിയിന്നു. വിജയാശംസകൾ നേരുകയാണ്. ആദ്യം ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണം, അല്ലാതെ ആരെങ്കിലും വിമർശിച്ചാൽ അവരെ കുറ്റപ്പെടുത്താതിരിക്കുക, പ്രതികാര നടപടിയിലേക്ക് പോകാതിരിക്കുക. ഇത് വായിക്കുമ്പോൾ, താങ്കളുടെ സ്തുതി പാഠകർ എന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ തെറി വിളിക്കുമായിരിക്കും. എന്നാൽ ഞാൻ എന്റെ മനസാക്ഷിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
തൽക്കാലം നിറുത്തട്ടെ,
എല്ലാ വിജയാശംസകളും നേരുന്നു
മനോജ്