തൊടുപുഴ: കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിന്നാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവ്വത്ര ദുരൂഹത. പെൺകുട്ടി പീഡനത്തിനിരയായതായും മരണം ആത്മഹത്യയല്ലെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയും ഉണ്ടായി. രാജസ്ഥാൻ ദമ്പതികളുടെ മകളായ പതിന്നാലുകാരിയെ കഴിഞ്ഞ നവംബർ 7നാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുമളിയിൽ ഹോട്ടൽ നടത്തുന്ന പിതാവ് സ്വദേശത്തേക്കു പോയ സമയത്താണു പെൺകുട്ടിയുടെ മരണം സംഭവിക്കുന്നത്. അമ്മയും മകളും മാത്രാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്നു മകൾ മുറിയിൽ കയറി കതകടച്ചുവെന്നും ഒരു ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ നടത്തിയ പരിശോധനയിലാണു മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നുമാണ് അമ്മ പൊലീസിനോടു പറഞ്ഞത്.

എന്നാൽ മകൾ മരിച്ച വിവരം ഇവർ പുറത്താരോടും പറയാതെ രാജസ്ഥാനിലുള്ള ഭർത്താവിനെ വിളിച്ചറിയിച്ചു. അദ്ദേഹം വിമാനമാർഗം അടുത്ത ദിവസം കുമളിയിലെത്തുന്നതു വരെ ഭാര്യ ആരോടും വിവരം പറഞ്ഞിരുന്നില്ല. ഭർത്താവ് എത്തിയ ശേഷമാണു പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നപ്പോൾ കുട്ടി പീഡനത്തിനിരയായിരുന്നു എന്നു വ്യക്തമായി. ഇതോടെ പോക്‌സോ വകുപ്പും ചുമത്തി കേസന്വേഷണം ആരംഭിച്ചത്.

എന്നാൽ കേസ് അന്വേഷണത്തിൽ പൊലീസ് വേണ്ടത്ര ആവേശം കാണിച്ചില്ല. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ മാതാപിതാക്കൾ രാജസ്ഥാനത്തിലേക്കു തിരികെ പോയതോടെ പൊലീസിന്റെ അന്വേഷണവും മന്ദഗതിയിലായി. ഇതിനിടെ ആദ്യം കേസന്വേഷിച്ച സിഐയും സ്ഥലം മാറി. അടുത്തയിടെ പൊലീസ് ഇന്റലിജൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയത്.

പെൺകുട്ടിയുടെ ഫോൺ കണ്ടെത്തിയെങ്കിലും ഇതു പരിശോധിച്ചില്ല, കുട്ടിയുടെ കെയർ ടേക്കറായി കൂടെയുണ്ടായിരുന്ന മലയാളി യുവാവിനെ ചോദ്യം ചെയ്തില്ല, മാതാപിതാക്കൾ അടക്കമുള്ള സാക്ഷികളെ വിശദമായി ചോദ്യം ചെയ്തിട്ടില്ല തുടങ്ങിയ ഗുരുതര പിഴവുകൾ ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.ആർ.ബിജുവിനാണ് അന്വേഷണ ചുമതല.