ഇസ്ലാമബാദ്: അമേരിക്കയ്ക്ക് ഇപ്പോൾ പ്രിയം ഇന്ത്യയോട് എന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിസ്ഥാനിൽ 20 വർഷം കൊണ്ട് അവരുണ്ടാക്കിയ കുഴപ്പം പരിഹരിക്കുന്നതിന് മാത്രമാണ് പാക്കിസ്ഥാനെ അവർക്ക് ആവശ്യം.' എനിക്ക് തോന്നുന്നത് ഇന്ത്യ തങ്ങളുടെ തന്ത്രപധാന പങ്കാളി ആണെന്ന് അമേരിക്ക നിശ്്ചയിച്ചിരിക്കുന്നു എന്നാണ്. അതായിരിക്കാം പാക്കിസ്ഥാനോടുള്ള ചിറ്റമ്മ നയത്തിന്റെ കാരണം. അഫ്ഗാൻ കുഴപ്പങ്ങൾ തീർക്കാനുള്ള ഒരുഉപാധി ആയി മാത്രമാണ് യുഎസ് പാക്കിസ്ഥാനെ പരിഗണിക്കുന്നത്', ഇമ്രാൻ ഖാൻ പരിഭവത്തോടെ പറഞ്ഞു. ഡോൺ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

പാക്കിസ്ഥാനും ചൈനയും ആയുള്ള അടുപ്പമാവാം അമേരിക്കയുടെ സമീപനത്തിൽ മാറ്റം വരാനുള്ള മറ്റൊരു കാരണം, ഇമ്രാൻ പറഞ്ഞു. ജോ ബൈഡൻ പ്രസിഡന്റായി ജനുവരിയിൽ ചുമതലേറ്റ ശേഷം ഇമ്രാനോട് സംസാരിക്കാത്തതിൽ പാക്കിസ്ഥാന് കടുത്ത അതൃപ്തിയുണ്ട്. അഫ്ഗാനിസ്ഥാൻ പോലെയുള്ള നിർണായക വിഷയങ്ങളിൽ പാക്കിസ്ഥാനെ പ്രധാനപ്പെട്ട രാജ്യമായി കാണുമ്പോൾ തന്നെ ബൈഡൻ ഇമ്രാനെ വിളിക്കാനോ കാണാനോ കൂട്ടാക്കാത്തതിൽ പാക് ദേശീയസുരക്ഷാ ഉപദേഷ്ടാവ് മോയിദ് യൂസഫ് അടുത്തിടെ നിരാശ പ്രകടിപ്പിച്ചിരുന്നു.

എന്നാൽ, യൂഎസ് പ്രസിഡന്റിന്റെ ഒരു കോളിനായി കാത്തിരിക്കുകയാണെന്ന കാര്യം ഇമ്രാൻ പരസ്യമായി സമ്മതിക്കുന്നില്ല.' പ്രസിഡന്റ് ബൈഡൻ എന്നെ വിളിക്കുന്നില്ല എന്ന് പലരും പറയുന്നത് കേട്ടു. അത് അദ്ദേഹത്തിന്റെ കാര്യം. ഞാൻ അദ്ദേഹത്തിന്റെ കോളിനായി കാത്തിരിക്കുന്നൊന്നുമില്ല, വിദേശ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാനിൽ അഷ്‌റഫ് ഗാനി പ്രസിഡന്റായി ഇരിക്കുന്നിടത്തോളം അഫ്ഗാനിസ്ഥാൻ സർക്കാരുമായി താലിബാൻ ആശയവിനിമയം നടത്തില്ലെന്ന് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു '34 മാസങ്ങൾക്കു മുൻപ് ഇവിടെ എത്തിയപ്പോൾ അഫ്ഗാനിസ്ഥാൻ സർക്കാരുമായി ചർച്ചകൾ നടത്താൻ താലിബാനെ ഞാൻ നിർബന്ധിച്ചിരുന്നു'.

'അഷറഫ് ഗാനി പ്രസിഡന്റായി ഇരിക്കുന്നിടത്തോളം താലിബാൻ അഫ്ഗാൻ സർക്കാരുമായി ചർച്ചയ്ക്കു തയാറാകില്ല എന്നതാണു നിലവിലെ സാഹചര്യം' ഇമ്രാൻ പറഞ്ഞു. പാക്കിസ്ഥാൻ പിന്തുണയോടെയാണു താലിബാൻ അക്രമങ്ങൾ നടത്തുന്നതെന്നാണു കാലങ്ങളായി അഫ്ഗാനിസ്ഥാൻ സർക്കാർ ഉയർത്തുന്ന വാദം.

അധികാരം പങ്കിടാമെന്ന് അഫ്ഗാൻ സർക്കാർ

അതിനിടെ, അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് അധികാരം പങ്കിടാമെന്ന വാഗ്ദാനം മുന്നോട്ട് വച്ച് അഫ്ഗാൻ സർക്കാർ. ഖത്തറിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയിലാണ് സർക്കാർ ഇത് വാഗ്ദാനം ചെയ്തത്. രാജ്യത്ത് അക്രമം അവസാനിപ്പിക്കണമെന്നാണ് സർക്കാർ മധ്യസ്ഥർ ആവശ്യപ്പെട്ടത്.

അമേരിക്കൻ സൈനികർ പിൻവാങ്ങിയതിനെ തുടർന്ന് അഫ്ഗാൻ സർക്കാരുമായി രാഷ്ട്രീയ പരിഹാരത്തിന് താലിബാൻ താൽപര്യം കാണിച്ചിരുന്നില്ല. 10 പ്രവിശ്യകളാണ് താലിബാൻ മുന്നേറ്റത്തിൽ കീഴടക്കിയത്. മൂന്നുമാസത്തിനകം കാബൂൾ അവർ കൈയടക്കുമെന്ന് യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നി താലിബാൻ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഒരാഴ്ചയ്ക്കിടെയാണ് ഈ മുന്നേറ്റം.

കാബുൾ കാണ്ഡഹാർ ഹൈവേയോടു ചേർന്നു കിടക്കുന്ന പ്രദേശമാണ് ഗസ്‌നി. നഗരത്തിന്റെ പ്രധാന ഭാഗങ്ങളും ഗവർണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയിൽ എന്നിവ ഭീകരർ കീഴടക്കിയതായി പ്രവിശ്യാ കൗൺസിൽ തലവൻ നാസിർ അഹ്മദ് ഫഖിരി പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായതു അഫ്ഗാൻ സേനയെ കൂടുതൽ പ്രതിരോധത്തിലാക്കും. ബുധനാഴ്ച കാണ്ഡഹാറിലെ ജയിൽ തകർത്ത ഭീകരർ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു.