- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരിക്ക് നേരെ ആക്രമണം; ട്രെയിനിന് സിഗ്‌നൽ നൽകുകയായിരുന്ന ജീവനക്കാരിയെ വെട്ടി മാല കവർന്നു: പാളത്തിലേക്ക് എടുത്ത് ചാടിയ ജീവനക്കാരിയുടെ തലയ്ക്കും പരിക്ക്
തിരുവനന്തപുരം: അർധരാത്രി മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരിക്ക് നേരെ ആക്രമണം. ട്രെയിനിനു സിഗ്‌നൽ നൽകുകയായിരുന്ന ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കള്ളൻ മാല കവർന്നു. പോയിന്റ്‌സ്മാൻ ആയി ജോലി ചെയ്യുന്ന വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള കലാഗ്രാമം രാജ് നിവാസിൽ കെ.ജലജകുമാരി (45)ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കള്ളന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി ട്രാക്കിലേക്ക് എടുത്തു ചാടിയതിനെത്തുടർന്ന് ഇവരുടെ തലയ്ക്കും സാരമായ പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 11.30ന് ഗുരുവായൂർ എക്സ്‌പ്രസ് കടന്നു പോകുമ്പോഴായിരുന്നു സംഭവം. സിഗ്‌നൽ നൽകാൻ സ്റ്റേഷനു മറുവശത്തു നിൽക്കുമ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്.
സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അക്രമി വെട്ടുകത്തിയുമായി ചാടി വീഴുകയായിരുന്നു. ഭയന്നു ട്രാക്കിലേക്കു ചാടിയ ജലജ കുമാരിക്കു പിന്നാലെ മോഷ്ടാവും ചാടി. മാല വലിച്ചു പൊട്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ വെട്ടേറ്റു ജീവനക്കാരിയുടെ കൈ മുറിഞ്ഞു. വീഴ്ചയിൽ കൈക്കു പൊട്ടലുണ്ടായി. തലയിലും സാരമായ മുറിവേറ്റു. തൊട്ടടുത്ത പാളത്തിൽ കൂടിയാണു ട്രെയിൻ കടന്നു പോയത് എന്നതിനാലാണു ജീവാപായം ഒഴിവായത്.
ട്രെയിൻ കടന്നു പോയതിനു ശേഷമാണു മറു ഭാഗത്തുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ നിലവിളി കേട്ടത്. ഓടിയെത്തിയപ്പോഴേക്കും അക്രമി സമീപത്തെ വീടിന്റെ മതിലു ചാടി രക്ഷപ്പെട്ടു. രണ്ടു പവന്റെ മാലയാണ് ഇയാൾ വലിച്ചു പൊട്ടിച്ചത്.