- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗ ബന്ധം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ്; നിരവധി പേർ ഇരയായതായി റിപ്പോർട്ട്: അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്
മലപ്പുറം: സ്വവർഗബന്ധം വിഡിയോയിൽ പകർത്തി പണം തട്ടിയ സംഭവത്തിൽ കൂടുതൽ പേർ ഇരകളായതായി പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ തെളിവുകൾ പ്രതികളുടെ മൊബൈലിൽ നിന്നും പൊലീസിന് ലഭിച്ചതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
സ്വവർഗ ബന്ധത്തിനു ആളുകളെ വിളിച്ചുവരുത്തുകയും സംഭവം വിഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന ഏഴംഗ സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ മുത്തൂർ കളത്തിപറമ്പിൽ ഹുസൈൻ (26), ബിപി അങ്ങാടി പുതിയത്ത് അഹമ്മദ് സാദിഖ് (20) എന്നിവരെയും പ്രായപൂർത്തിയാകാത്ത 5 പേരെയുമാണു പിടികൂടിയത്.
പൊന്നാനിയിലെയും തിരൂർ പൂക്കയിലെയും 2 പേരിൽ നിന്നായി ഇത്തരത്തിൽ ഒരു ലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു. ഇവരിലൊരാളുടെ ഫോണും കൈക്കലാക്കി. ഇവർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്.
സ്വവർഗബന്ധത്തിന് ആളുകളെ കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ചാണ് പ്രതികൾ ഇരകളെ കുടുക്കിയത്. ഇതുവഴി ആളുകളുമായി ബന്ധപ്പെട്ടു പണവും സ്ഥലവും പറഞ്ഞുറപ്പിച്ച ശേഷം വിളിച്ചു വരുത്തും. തുടർന്ന് സ്വവർഗബന്ധം വിഡിയോയിൽ പകർത്തും. ഇത് പൊലീസിനെയും ബന്ധുക്കളെയും കാണിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയാണു പണം തട്ടുന്നത്.
ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ കൂടുതൽ പേർ ഇരകളാണെന്നു മനസ്സിലായി. ഇതോടെ അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണു കരുതുന്നതെന്നു പൊലീസ് പറഞ്ഞു.