കട്ടപ്പന: 5.25 ലക്ഷം രൂപ തട്ടിയെടുത്തതായി സിപിഐ പ്രാദേശിക നേതാവിനെതിരെ പരാതി. പട്ടയത്തിലെ പിഴവ് മാറ്റിനൽകാമെന്ന് വിശ്വസിപ്പിച്ച് അണക്കര ഏഴാംമൈൽ വഞ്ചിപത്രമലയിൽ വർഗീസ് ജോൺ ഭാര്യ ശോശാമ്മ എന്നിവരുടെ പക്കൽ നിന്നുമാണ് പണം തട്ടിയെടുത്തത്. ഇവർ ഡിജിപി, ഐജി, ഡിവൈഎസ്‌പി എന്നിവർക്ക് പരാതി നൽകി. പട്ടയ വസ്തുവിൽ നിയമപ്രശ്‌നങ്ങൾ ഉള്ളതിനാൽ അതു റദ്ദാക്കി പുതിയ പട്ടയം ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് 2019ൽ ആണ് അണക്കരയിലെ നേതാവ് പണം കൈപ്പറ്റിയത്.

റവന്യു വകുപ്പ് മുൻ ജീവനക്കാരനായ സിപിഐ നേതാവ് ഇടനില നിന്നാണ് 4 തവണയായി പണം വാങ്ങിയത്. തുടർനടപടികൾ ഉണ്ടാകാതെ വന്നതോടെ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണ വിധേയനെതിരെ പാർട്ടി നടപടി സ്വീകരിക്കുകയും 3 മാസത്തിനകം പണം തിരികെ നൽകാൻ നിർദേശിക്കുകയും ചെയ്തു. ഇതു പാലിക്കപ്പെടാതെ വന്നതോടെ പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പൊലീസിൽ പരാതി നൽകിയതെന്നും അവർ പറഞ്ഞു.