ലണ്ടൻ: ചൊവാഴ്ച ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായിരുന്ന പത്തനംതിട്ട സ്വദേശി സിമി ഫിലിപ്പും കുഞ്ഞും പരിപൂർണ ആരോഗ്യത്തിലെന്നു ജർമനിയിൽ നിന്നും ഭർത്താവ് ചെറിയാൻ വെളിപ്പെടുത്തി. ടേക് ഓഫ് നടത്തിയ വിമാനത്തിൽ ഒന്നര മണിക്കൂറിനു ശേഷം ഏഴു മാസം ഗർഭിണി ആയിരുന്ന സിമിക്ക് പ്രസവ വേദന തോന്നിയതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഫ്രാങ്ക് ഫർട്ട് വിമാനത്താവളത്തിൽ ഇറക്കുക ആയിരുന്നു.

എന്നാൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ സിമി ഒരാൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ പൈലറ്റ് ആണ് തീരുമാനം എടുക്കുന്നതെങ്കിലും സിമിയുടെ കാര്യത്തിൽ യുകെ മലയാളികളായ ഏതാനും ഡോക്ടർമാരും നഴ്സുമാരും സഹയാത്രക്കാർ ആയി കൂടെ ഉണ്ടായിരുന്നത് വലിയ ഭാഗ്യമായി മാറി.

മുൻപൊരിക്കൽ ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടമായ ദുരനുഭവം കൂടെ ഉള്ളതിനാൽ മികച്ച ചികിത്സയും പരിചരണവും തേടിയാണ് വളരെ നേരത്തെ തന്നെ സിമിയും ഭർത്താവും കേരളത്തിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സിമിക്ക് പ്രസവ വേദന തോന്നിയതിനെ തുടർന്ന് വിമാന ജീവനകാകർ യാത്രക്കാരിൽ മെഡിക്കൽ വൈദഗ്ധ്യം ഉള്ളവർ ഉണ്ടെങ്കിൽ കാബിനിലേക്ക് എത്തണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന് യാത്രക്കാരിയായ ബിർമിങ്ഹാം ഹോസ്പിറ്റലിലെ ഡോ. റിച്ചു ഫിലിപ്പുകുട്ടി (ബാസിങ്‌സ്റ്റോക്) ധൈര്യസമേതം സഹായത്തിന് എത്തിയപ്പോഴാണ് സിമിക്ക് കേരളത്തിലേക്ക് അവശേഷിച്ച ആറു മണിക്കൂർ പറക്കാനാകില്ലെന്നു ബോധ്യമായത്. തുടർന്ന് കൂടുതൽ പരിചയമുള്ള എമർജൻസി വിഭാഗം ഡോക്ടർ ഇർഷാദും (വൃക്‌സാം) ചേർന്നാണ് വിമാനം അടിയന്തിരമായി തൊട്ടടുത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്യണമെന്ന് പൈലറ്റിനോട് അഭ്യർത്ഥിക്കുന്നത്.

വീണ്ടും ആറു മണിക്കൂർ യാത്ര തുടരാനാകുമോ എന്ന് പൈലറ്റ് അന്വേഷിച്ചപ്പോഴും അത്തരം ഒരു സാധ്യതയും സിമിയുടെ കാര്യത്തിൽ ഇല്ലെന്നു ബോധ്യപ്പെടുത്താൻ ഇരു ഡോക്ടർമാർക്കുമായി. വെറും ഏഴു മാസം ഗർഭിണിയായ ഒരു യുവതിക്ക് പ്രസവ സമയത്ത് ആവശ്യമായ ഒരു ഉപകരണം പോലും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് രണ്ടു ജീവനുകളെ തുലാസിൽ നിർത്തി ഡോക്ടർമാരായ ഇർഷാദും റിച്ചുവും നിർണായകമായ തീരുമാനത്തിൽ എത്തിയത്.

ഇരുവരുടെയും തീരുമാനം ശരിവച്ചു മിനിട്ടുകൾക്കകം സിമി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. സത്യത്തിൽ ലഭ്യമായ മെഡിക്കൽ സംഘത്തിന് ഒരുക്കങ്ങൾ നടത്താൻ ഉള്ള സാവകാശം പോലും ലഭിക്കുന്നതിന് മുന്നേ പ്രസവം നടക്കുക ആയിരുന്നു. പ്ലാസന്റ മുറിച്ചെടുക്കാൻ ഉള്ള കത്രിക പോലും വിമാനത്തിൽ ലഭ്യമായിരുന്നില്ലെന്നു കുഞ്ഞിനെ പുറത്തെടുക്കാൻ ഡോക്ടർ ഇൻഷാദിനൊപ്പം ഉണ്ടായിരുന്ന പോർട്സ്മൗത്തിലെ സീനിയർ നഴ്സ് ലീല ബേബിയും ഓർമ്മിക്കുന്നു.

അതിനിടെ സിമിയെയും കുഞ്ഞിനേയും ഭർത്താവിനൊപ്പം ആശുപത്രിയിലാക്കിയ ശേഷം കേരളത്തിലേക്ക് പറന്ന വിമാനം ഏതാനും മണിക്കൂർ വൈകി ലാൻഡ് ചെയ്തപ്പോഴേക്കും സന്തോഷം നിറഞ്ഞ വാർത്തയാണ് വിമാനത്താവള അധികൃതർ സിമിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൈമാറിയത്. ഇരുവരും ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സുഖമായിരിക്കുന്നു.

കുഞ്ഞിനാകട്ടെ പൂർണ വളർച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി വരുന്ന മിനിമം പരിചരണം മാത്രമേ വേണ്ടി വന്നിരുന്നുള്ളൂ. ഇതോടെ സാധാരണമായ ഒരവധിക്കാലം അസാധാരണമായ ജീവിതാനുഭവമാക്കി മാറ്റിയ യാത്രയിലെ പരിചിത മുഖങ്ങൾ ചേർത്ത് എയർ ഇന്ത്യ മലയാളി മെഡിക്കൽ ടീമിന്റെ വകയായി വാട്സാപ്പ് ഗ്രൂപ്പും രൂപമെടുത്തു.

തുടർന്ന് ഓരോ നിമിഷവും സിമിയുടെയും കുഞ്ഞിന്റെയും വിവരങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായ ചെറിയാനോട് ഓരോരുത്തരും തിരക്കുന്നുണ്ടായിരുന്നു. ഇതിനിടെ തങ്ങളെ തേടി മറ്റൊരു ഭാഗ്യവും അറിയാത്ത നാട്ടിൽ അറിയാത്ത ഭാഷയ്ക്ക് മുന്നിൽ പകച്ചു നിൽക്കവേ എത്തിയതായി ചെറിയാൻ അറിയിച്ചു. സിമിയുടെ ഉറ്റ കൂട്ടുകാരി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലാണ് ഇവർ എത്തിച്ചേർന്നിരുന്നത്. വാർത്തയറിഞ്ഞു എത്തിയ കൂട്ടുകാരിയാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ സിമിയെ സ്വീകരിക്കാൻ ഓടിയെത്തിയത്.

ഇപ്പോൾ സിമിയും ഭർത്താവ് ചെറിയാനും ഈ കൂട്ടുകാരിയുടെയും കുടുംബത്തിന്റെയും സംരക്ഷണയിലാണ്. കുഞ്ഞിന് ഒരു മാസത്തെ ആശുപത്രി പരിചരണം ആവശ്യമായതിനാൽ അതുവരെ സിമിയും ചെറിയാനും ജർമനിയിൽ കൂട്ടുകാരിക്കൊപ്പം കഴിയേണ്ടി വരും. എല്ലാ ദിവസവും എന്ന പോലെ കുഞ്ഞിനെ സന്ദർശിക്കാൻ ഇവർക്ക് അവസരവും ഒരുക്കിയിട്ടുണ്ട്.

ഇതിനിടെ മെഡിക്കൽ എത്തിക്സിനെ കുഴിച്ചു മൂടി തികച്ചും തെറ്റായ ഒരു വാർത്തയും കേരളത്തിൽ പരന്നിരിക്കുകയാണ്. സിമിയുടെയും കുഞ്ഞിന്റെയും പരിചരണത്തിൽ കാര്യമായ ഒന്നും ചെയ്യാനില്ലാതിരുന്ന കേംബ്രിഡ്ജിലെ ഹോസ്പിറ്റലിൽ നഴ്സ് ആയ മലയാളി വനിത കേരളത്തിൽ എത്തി എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായ പ്രസവത്തിന്റെ വൈദ്യ സഹായം പൂർണമായും തന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് അവകാശപ്പെട്ടത് സഹായം നൽകിയ ആരോഗ്യ പ്രവർത്തകരെയും സിമിയെയും ഭർത്താവ് ചെറിയനെയും ഒന്നുപോലെ വിഷമത്തിലാക്കിയിരിക്കുകയാണ്.

കുമരകം സ്വദേശിയായ യുവതി നാട്ടിലെത്തി താൻ വലിയൊരു കാര്യം ചെയ്‌തെന്ന മട്ടിൽ പറഞ്ഞ കാര്യങ്ങൾ പാർട്ടി പ്രവർത്തകനായ പിതാവിലൂടെ പാർട്ടി പത്രത്തിൽ വാർത്തയാക്കി മാറ്റുക ആയിരുന്നു. ഈ വാർത്ത ബ്രിട്ടനിൽ എത്തിയപ്പോഴാണ് ആടിനെ പട്ടിയാക്കുന്ന വിധത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞതായി ബോധ്യപ്പെട്ടത്.

ഇതോടെ ഈ യുവതി തങ്ങൾക്ക് ഒരു സഹായവും നൽകാൻ കൂടെ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാരായ ഇൻഷാദ്, റിച്ചു ഫിലിപ്പ്, കുഞ്ഞിനെ പുറത്തെടുക്കാൻ മുന്നിൽ നിന്ന സീനിയർ നഴ്സ് ലീല ബേബി എന്നിവർ വ്യക്തമാക്കി. കേംബ്രിഡ്ജിലെ നഴ്സായ യുവതിയുടെ നീക്കം തികച്ചും സംശയാസ്പദമായ കാര്യം ആയതിനാൽ നഴ്‌സുമാരുടെ പ്രൊഫഷണൽ കോഡ് ഓഫ് കൺടാക്ടിന്റെ ലംഘനമായും വിലയിരുത്തപ്പെടുന്നു. ഇക്കാര്യം ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലും പരാതിയായി എത്താനിടയുണ്ട്.

ഇതിനെല്ലാം മറുപടി നൽകാനും വ്യാജ വാർത്ത സൃഷ്ടിക്കപെട്ട സാഹചര്യം വിശദീകരിക്കാനും എല്ലാം കുമാരകംകാരിയായ നഴ്സ് മടങ്ങിയെത്തുമ്പോൾ പ്രയാസപ്പെടേണ്ടി വരും. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജോലി സ്ഥലത്ത് ഉയർന്ന പദവികളും നേട്ടങ്ങളും ലഭിക്കും എന്നതിന് നിരവധി ഉദാഹരണങ്ങൾ മലയാളി സമൂഹത്തിൽ തന്നെ ഉള്ളതിനാലാണ് വ്യാജ വാർത്ത സൃഷ്ടിക്കപ്പെട്ടത് ദുരുപദേശപരം ആണെന്ന് സംശയിക്കപ്പെടുന്നത്.

തികച്ചും നിർദോഷം ആയ വാർത്ത ആയിരുന്നെങ്കിൽ സിമിയെ സഹായിക്കാൻ ഓടിയെത്തിയ മുഴുവൻ പേരുടെയും വിവരങ്ങൾ അതിൽ ഉൾപ്പെടുമായിരുന്നല്ലോ എന്നാണ് നേതൃത്വം നൽകിയവർ ചോദിക്കുന്നത്. സഹായിക്കാൻ സന്മനസ് ഉണ്ടായില്ലെങ്കിലും ആ സാഹചര്യം പ്രയോജനപ്പെടുത്തി ദുരുപയോഗം ചെയ്യാൻ ഒരു നഴ്സ് നടത്തിയ ശ്രമം തികച്ചും അപലപനീയം ആണെന്നാണ് തങ്ങളുടെ ജോലിക്കു പോലും പ്രയാസം വരുത്തുമായിരുന്ന ഒരു റിസ്‌ക് ഏറ്റെടുത്തവർക്ക് ഇപ്പോൾ പറയാൻ ബാക്കിയാകുന്ന ഏകകാര്യം.