പത്തനംതിട്ട: ഓട്ടോറിക്ഷ കാറിലുരസിയെന്ന് ആരോപിച്ച് സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തിൽ ഡ്രൈവറെ ക്രൂരമായി മർദിച്ചുവെന്ന് പരാതി. കോളാമല ചരിവുകാലായിൽ സിറാജിനാണ് മർദനമേറ്റത്.

സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനന്റെ നേതൃത്വത്തിലാണ് മർദനം നടന്നതെന്ന് സിറാജ് പൊലീസിന് മൊഴി നൽകി. സിപിഎം നേതാവായതിനാൽ പൊലീസ് കേസെടുക്കാൻ വൈകുന്നുവെന്ന ആക്ഷേപവുമായി പരാതിക്കാരൻ രംഗത്തെത്തി.

ശനിയാഴ്ച രാവിലെ പെരുനാട് സെന്റമേരി എന്ന സ്ഥലത്ത് മരണവീട്ടിൽ ഓട്ടം പോയതായിരുന്നു സിറാജ്. പിഎസ് മോഹനന്റെ വാഹനത്തിന് മുന്നിലാണ് സിറാജ് ഓട്ടോറിക്ഷ പാർക്ക് ചെയ്തത്. മടങ്ങി വന്ന് എടുക്കുന്നതിനിടെ ഓട്ടോ പ്രസിഡന്റിന്റെ വാഹനത്തിൽ ഉരഞ്ഞുവെന്ന് ആരോപിച്ചാണ് സിറാജിനെ മർദിച്ചത്.

വാഹനം ഉരസിയില്ലെന്ന് പറഞ്ഞ സിറാജിനെ മോഹനൻ അസഭ്യം പറയുകയും ആദ്യം മർദിക്കുകയും ചെയ്തു. ഇതു കണ്ടു കൊണ്ട് നിന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎസ് ഗോപിയുടെ ഡ്രൈവറായ അശോകനും സിറാജിനെ അതിക്രൂരമായി മർദിച്ചുവെന്ന് പറയുന്നു. നേരത്തേ തന്നെ ശാരീരിക സുഖം ഇല്ലാത്തയാളാണ് സിറാജ്. മർദനമേറ്റ് അവശനിലയിലായ സിറാജ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.

നിരവധി പേർ നോക്കി നിൽക്കേയാണ് മർദനം നടന്നത്. തന്റെ വാഹനത്തിന് കുഴപ്പമില്ലെന്ന് ബോധ്യമായിട്ടും മോഹനൻ മർദിക്കുകയായിരുന്നുവെന്ന് സിറാജ് പറയുന്നു. പെരുനാട് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി വൈകുകയാണ്. മോഹനന്റെ രാഷ്ട്രീയ സ്വാധീനം കാരണം കേസെടുക്കാൻ സാധ്യതയില്ലെന്നാണ് സിറാജും ബന്ധുക്കളും പറയുന്നത്.