കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇനി തിരഞ്ഞെടുപ്പുകളും ഉണ്ടാകില്ല. താലിബാൻ തിരഞ്ഞെടുപ്പിന് ഒന്നും ഒരു പ്രാധാന്യവും കൽപിക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പിരിച്ചുവിട്ടതോടെ വ്്യക്തമായി. അമേരിക്ക അടക്കം പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന കാലത്ത് രൂപീകരിച്ച തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിച്ച പാനലാണ് ഇല്ലാതാക്കിയത്. താലിബാൻ വക്താവ് ബിലാൽ കരീമിയാണ് ഇക്കാര്യം അറിയിച്ചത്.

സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനും, സ്വതന്ത്ര തിരഞ്ഞെടുപ്പ് പരാതി പരിഹാര കമ്മീഷനുമാണ് പിരിച്ചുവിട്ടത്. ഇത്തരം കമ്മീഷനുകളുടെ ആവശ്യമില്ലെന്ന് താലിബാൻ വക്താവ് പറഞ്ഞു. ആവശ്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ഇസ്ലാമിക് എമിറേറ്റ് അവ പുനഃ സ്ഥാപിക്കുമെന്നും ബിലാൽ കരീമി പറഞ്ഞു.

2006 ൽ രൂപീകരിച്ച സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടക്കം എല്ലാ തിരഞ്ഞെടുപ്പുകൾക്കും മേൽനോട്ടം വഹിച്ചിരുന്നു. 'അവർ വളരെ പെട്ടെന്നാണ് ഈ തീരുമാനം എടുത്തത്. കമ്മീഷനെ പിരിച്ചുവിടുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈയൊരു ഘടന നിലനിൽക്കുന്നില്ലെങ്കിൽ അഫ്ഗാനിലെ പ്രശ്നങ്ങൾ ഒരുകാലത്തും അവസാനിക്കാൻ പോകുന്നില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. കാരണം തെരഞ്ഞെടുപ്പുകളുണ്ടാകില്ലല്ലോ,'' പാനൽ തലവനായിരുന്ന ഔറംഗസേബ് പതികരിച്ചു.

താലിബാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. എല്ലാ ജനാധിപത്യ പ്രക്രിയകൾക്കും എതിരാണവർ. അവർ ഭരണം കയ്യാളിയത് ബുള്ളറ്റുകളിലൂടെയാണ്....ബാലറ്റിലൂടെയല്ല,'' അഫ്ഗാനിലെ നാല് പ്രൊവിൻസുകളിൽ ഗവർണറായിരുന്ന ഹാലിം ഫിദൈ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ മിനിസ്ട്രി ഓഫ് പീസ്, മിനിസ്ട്രി ഓഫ് പാർലമെന്ററി അഫയേഴ്സ് എന്നിവയും താലിബാൻ സർക്കാർ ഈയാഴ്ച പിരിച്ചുവിട്ടിട്ടുണ്ടെന്ന് വക്താവ് കരിമി വ്യക്തമാക്കി. വനിതകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന മിനിസ്ട്രി ഓഫ് വിമൻ അഫയേഴ്സും നേരത്തെ പിരിച്ചുവിട്ടിരുന്നു.

താലിബാൻ ഭരണം പിടിച്ചെടുക്കും മുമ്പ് നിരവധി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ സായുധ സംഘങ്ങൾ വകവരുത്തിയിരുന്നു. വനിതകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന മിനിസ്ട്രി ഓഫ് വിമൻ അഫയേഴ്സ് പിരിച്ചുവിട്ട് നന്മയുടെ പ്രോത്സാഹനത്തിനും തിന്മയുടെ ദൂരീകരണത്തിനുമായി മന്ത്രാലയം രൂപീകരിച്ചിരുന്നു. 1990 കളിൽ തലിബാന്റെ ആദ്യഭരണ കാലത്ത് കർശനമായ മത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് വഴിയൊരുക്കിയത് ഈ മന്ത്രാലയമാണ്.