തിരുവനന്തപുരം: പാർട്ടിയുടെ നയങ്ങളേയും സർക്കാരിന്റെ കെടുകാര്യസ്ഥതയേയും ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ. നേതാക്കളുടെ ചൈനീസ് ആഭിമുഖ്യം മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിവിധ വിഷയങ്ങളിൽ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പിണറായി സർക്കാർ പരാജയമെന്നാണ് വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ നോക്കാൻ ആളില്ലെന്ന സ്ഥിതിയാണ്.

ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപടേണ്ട എന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു. പാർട്ടി ഇടപെടേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ലെന്ന് പൊതുചർച്ചയിൽ വർക്കലയിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു. പിന്നാലെ സംസാരിച്ച പലരും സമാന വിമർശനം ഉന്നയിച്ചു.

പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത സംസാരിച്ച പാറശ്ശാല ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് നേതൃത്വത്തിന്റെ ചൈനീസ് പ്രേമത്തെ വിമർശിച്ചത്. ഇന്നത്ത സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്ന് പ്രതിനിധികൾ ചോദിച്ചു. കാലാവസ്ഥ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും തീവ്രവാദ സംഘടനയായ താലിബാനെ അംഗീകരിച്ച രാജ്യമാണ് ചൈനയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ചൈന സഹായിക്കുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സാധാരണക്കാർ വന്ന് കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്. ആരുടെയും ക്വട്ടേഷൻ പിടിച്ച മന്ത്രിമാരുടെ ഓഫീസിൽ വരുന്നത്. എന്നാൽ ആരുടെയോ ക്വട്ടേഷനുമായി വരുന്ന തരത്തിലാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം. സാധാരണ പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാരെന്നാണ് ഒരു പ്രതിനിധി തുറന്നടിച്ചത്. വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥരിലുണ്ടാവാനാവശ്യമായ ഇടപെടൽ നടത്തണമെന്ന ആവശ്യവുമുയർന്നു.

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾക്കെതിരെയും വിമർശനമുയർന്നു. എംവി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ അതു പോലുമില്ലെന്നും പ്രതിനിധികൾ പറഞ്ഞു. പാർട്ടി-സർക്കാർ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തിൽ ഭരണത്തിൽ പാർട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിമർശനം ഉയർന്നത്.

വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകാൻ വേണ്ട ഇടപെടൽ നടത്തണം. ആരുടെയും ക്വട്ടേഷൻ പിടിച്ചല്ല, ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫീസിൽ പോകുന്നത്.

പൊലീസിനെതിരെയും സമ്മേളനത്തിൽ വിമർശനമുന്നയിച്ചിരുന്നു. പാർട്ടിക്കാർ പൊലീസിൽ ഇടപെടരുതെന്ന് നിർദ്ദേശം നൽകി. പക്ഷേ, ആർ.എസ്.എസുകാർക്ക് യഥേഷ്ടം സഹായം ലഭിക്കുന്നുവെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. പൊലീസിനെതിരെ വ്യാപകമായി ആക്ഷേപം ഉണ്ടായിട്ട് പാർട്ടിയും സർക്കാരും എന്ത് ചെയ്തുവെന്നും ചർച്ചയിൽ ചോദ്യമുയർന്നിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേയും പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും രണ്ടാം പിണറായി സർക്കാർ പോരെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധപ്പെടാൻ പോകുന്നും സാധിക്കുന്നില്ലെന്നും പരാതി ഉയർന്നു.

മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് പരിഗണന കിട്ടുന്നില്ലെന്നും സർക്കാർ ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും ആവശ്യം ഉയർന്നു. കെ റെയിൽ പദ്ധതി മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണ് എന്ന തരത്തിൽ എതിരാളികൾ പ്രചരണം നടത്തുന്നുണ്ടെന്നും അതിനെ നേരിടണമെന്നും കാട്ടാക്കട ഏരിയ കമ്മിറ്റിയിൽ നിന്നും സംസാരിച്ച പ്രതിനിധികൾ പറഞ്ഞു. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും നിയമസഭയിൽ അടക്കം വനിതകളെ പാർട്ടി തഴയുകയാണെന്ന് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ വിമർശനം ഉയർത്തി.

അതേസമയം കഴിഞ്ഞ ദിവസം പ്രതിനിധികളോട് സംസാരിച്ച മുഖ്യമന്ത്രി കഴിഞ്ഞ കാലങ്ങളിൽ തിരുവനന്തപുരം പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും പരാമർശിച്ചിരുന്നു. എങ്ങനെയും പണമുണ്ടാക്കണമെന്ന ധാരണയാണ് ചില സഖാക്കൾക്കെന്നും എസ്.സി - എസ്.ടി ഫണ്ട് പാവങ്ങളുടേതാണ്. എന്നാൽ അതു തട്ടിയെടുക്കാൻ ചിലർ ശ്രമിച്ചത് ഈ ധാരണയുടെ ഭാഗമായിട്ടാണെന്നും പുതിയ സഖാക്കളിൽ ചിലരിലും ഈ പ്രവണത കാണുന്നുണ്ടെന്നും ഇതൊന്നും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.