- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി രാജ്യം ഭരിക്കുന്ന ബിജെപി; ആസ്തി 4847 കോടി; രണ്ടാം സ്ഥാനത്ത് എങ്ങും ഭരണത്തില്ലില്ലാത്ത ബി.എസ്‌പി; മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന് 588.16 കോടിയുടെ ആസ്തി; കേരളം ഭരിക്കുന്ന സിപിഎമ്മിന് 199.56 കോടിയുടെ സമ്പത്ത്
ന്യൂഡൽഹി: രാജ്യത്തെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സ്വത്തു വിവരങ്ങളുടെ റിപ്പോർട്ട് പുറത്ത്. 2019- 20 സാമ്പത്തിക വർഷത്തെ വിവരങ്ങളാണ് ദി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ടത്. റിപ്പോർട്ടുപ്രകാരം ബിജെപിയാണ് രാജ്യത്തെ ഏറ്റവും സമ്പന്ന പാർട്ടി. ഇക്കാലയളവിൽ 4847.78 കോടി രൂപയുടെ ആസ്തി ബിജെപിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
രണ്ടാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്‌പിയാണ് 698.33 കോടി. കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്, 588.16 കോടി രൂപ ആസ്തി. സിപിഎം (569.51 കോടി), സിപിഐ (29.78 കോടി) എന്നീ പാർട്ടികൾ യഥാക്രമം നാലും ആറും സ്ഥാനത്താണ്. തൃണമൂൽ കോൺഗ്രസ് (247.78 കോടി), എൻസിപി (8.20 കോടി) എന്നിവരാണ് യഥാക്രമം അഞ്ചും ഏഴും സ്ഥാനത്ത്. സംഭാവനയായിട്ടാണ് പാർട്ടികൾക്ക് പണം ലഭിച്ചത്.
രാജ്യത്തെ ദേശീയ, പ്രാദേശിക പാർട്ടികളുടെ 2019-20 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആർ ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. ഇക്കാലയളവിൽ രാജ്യത്തെ ഏഴ് ദേശീയ പാർട്ടികൾക്കും 44 പ്രാദേശിക പാർട്ടികൾക്കും യഥാക്രമം 6988.57 കോടി രൂപയും 2,129.38 കോടി രൂപയും ആകെ ആസ്തിയുണ്ടെന്നാണ് എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നത്.
പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നർ സമാജ്വാദി പാർട്ടിയാണ്. 563.47 കോടിയുടെ സ്വത്താണ് എസ്‌പിക്കുള്ളത്. രണ്ടാം സ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) 301.47 കോടി. 267.61 കോടിയുടെ സ്വത്തുള്ള അണ്ണാ ഡിഎംകെയാണ് മൂന്നാം സ്ഥാനത്ത്. പ്രാദേശിക പാർട്ടികളുടെ ആസ്തിയിൽ 76.99 ശതമാനവും സ്ഥിരനിക്ഷേപമാണ്.
എസ്‌പി (434.219 കോടി), ടിആർഎസ് (256.01 കോടി), അണ്ണാഡിഎംകെ (246.90 കോടി), ഡിഎംകെ (162.425 കോടി), ശിവസേന (148.46 കോടി), ബിജെഡി (118.425 കോടി) എന്നിങ്ങനെയാണ് സ്ഥിരനിക്ഷേപത്തിൽ ആദ്യസ്ഥാനങ്ങളിലുള്ള പ്രാദേശിക കക്ഷികളുടെ കണക്ക്.
ബിജെപി (3,253 കോടി), ബിഎസ്‌പി (618.86 കോടി), കോൺഗ്രസ് (240.90 കോടി), സിപിഎം (199.56), തൃണമൂൽ കോൺഗ്രസ് (1.25 കോടി) സിപിഐ (15.63 കോടി), എൻസിപി (1.86 കോടി) എന്നിങ്ങനെയാണ് ദേശീയ പാർട്ടികളുടെ സ്ഥിരനിക്ഷേപ കണക്ക്.
2019-20 സാമ്പത്തിക വർഷത്തിൽ ഏഴ് ദേശീയ പാർട്ടികളുടെയും 44 പ്രാദേശിക പാർട്ടികളുടെയും ആകെ ബാധ്യത 134.93 കോടി രൂപയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിനാണ് ഏറ്റവും കൂടുതൽ ബാധ്യത(49.55കോടി).
ന്യൂസ് ഡെസ്ക്