കീവ്: യുദ്ധം രൂക്ഷമായ യുക്രൈനിൽ സർവ നാശം വിതച്ച് റഷ്യ മുന്നേറുന്നതിനിടെ സൈനിക നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തി മോസ്‌കോയിൽ ജനങ്ങൾ തെരുവിൽ. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് തെരുവിൽ ഇറങ്ങിയത്. മോസ്‌കോ നഗരത്തിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ പുടിനെതിരെയും യുദ്ധത്തിനെതിരായും മുദ്രാവാക്യങ്ങൾ മുഴക്കി. പ്രക്ഷോഭകാരികളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട റഷ്യൻ സർക്കാർ നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി.

സെന്റ് പീറ്റേഴ്സ്ബർഗ് ഉൾപ്പടെയുള്ള നിരവധി റഷ്യൻ നഗരങ്ങളിലെ തെരുവുകളിൽ പ്രക്ഷോഭങ്ങൾ നടന്നു. അതിലൂടെ കടന്നുപോയ വാഹനങ്ങളിലെ ഡ്രൈവർമാർ ഹോൺമുഴക്കി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം അർപ്പിച്ചു. 54 നഗരങ്ങളിൽ നിന്നായി യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 1745 റഷ്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിൽ 975 പേരെയും മോസ്‌കോയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.



പ്രക്ഷോഭകാരികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. പുടിൻ ഹിറ്റ്ലറാണെന്നുള്ള പ്ലക്കാർഡുകളുമായാണ് ചിലർ പ്രതിഷേധിച്ചത്. റഷ്യക്ക് പുറമെ ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും യുക്രൈൻ സൈനിക നടപടിക്കെതിരായ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. യുക്രൈൻ സൈനിക നടപടി നിർത്തിവെക്കാൻ ഇടപെടണമെന്ന് സ്വന്തം രാജ്യത്തെ ഭരണാധികാരികളോട് ആവശ്യപ്പെട്ടാണ് പലയിടത്തും പരിപാടികൾ നടക്കുന്നത്.

യുക്രെയ്ൻ തലസ്ഥാനമായ കീവ് ലക്ഷ്യമിട്ട റഷ്യ പ്രധാന നഗരങ്ങളിലെല്ലാം കനത്ത മിസൈൽ ആക്രമണവും ഷെല്ലിങ്ങും നടത്തിയതോടെ യുക്രെയ്നിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വെള്ളിയാഴ്‌ച്ച പുലർച്ച രണ്ട് സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്.ആദ്യദിനം മാത്രം റഷ്യൻ ആക്രമണത്തിൽ 137 പേർ യുക്രെയ്നിൽ കൊല്ലപ്പെട്ടിരുന്നു.

യുക്രൈനിലെ പ്രധാന സൈനികത്താവളങ്ങൾ കേന്ദ്രീകരിച്ച് റഷ്യൻ സേന വ്യോമാക്രമണം നടത്തി. ബ്രോവറിയിലെ സൈനികത്താവളത്തിന് നേരേ നടന്ന മിസൈൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. റഷ്യൻ സൈനികവ്യൂഹം പടിഞ്ഞാറൻ യുക്രൈനിലേക്ക് നീങ്ങുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണം തുടരവേ റഷ്യൻ സൈനികർ യുക്രൈനിന്റെ വടക്ക്, തെക്ക്, കിഴക്കൻ മേഖലകളിൽ മുന്നേറ്റം നടത്തി. ഇതോടെ നിരവധി യുക്രൈൻ പൗരന്മാർ വീടുകളിൽനിന്ന് ഇറങ്ങിയോടി ബങ്കറുകളിൽ അഭയം പ്രാപിച്ചു.

അതേ സമയം റഷ്യയുടെ യുക്രൈൻ അധിനിവേശം സാമൂഹ്യമാധ്യമങ്ങളിലും ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. റഷ്യയുടെ യുക്രൈൻ അധിനവേശത്തിനിടെ യുക്രൈന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും പങ്കുവെച്ച ഒരു മീം ആണ് ഇപ്പോൾ ചർച്ചയാവുന്നത്. യുക്രൈനെ ആക്രമിച്ച റഷ്യൻ ഭരണാധികാരി വ്ളാഡിമിർ പുടിനെ ജർമൻ നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ അഭിനന്ദിക്കുന്ന രീതിയിലാണ് ട്വീറ്റ്.

'ഇത് വെറുമൊരു മീം മാത്രമല്ല, ഇത് ഞങ്ങളും നിങ്ങളും ഉൾപ്പെടുന്ന യാഥാർത്ഥ്യമാണ്' എന്ന കുറിപ്പും യുക്രൈൻ ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. എന്നാൽ സമ്മിശ്ര പ്രതികരണമാണ് യുക്രൈന്റെ ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

'റഷ്യ രാജ്യത്തെ ആക്രമിക്കുമ്പോൾ ട്വിറ്ററിൽ പോസ്റ്റിട്ട് കളിക്കുകയാണോ?' 'ഹിറ്റലറിന്റെ ആരാധകരാണ് പുടിനെ ഇത്തരത്തിൽ കളിയാക്കുന്നത്' 'റഷ്യയുടെ ഈ നീക്കത്തിനെതിരെ ലോകം ഒന്നാകെ യുക്രൈനൊപ്പം അണി നിരക്കണം' തുടങ്ങിയ കമന്റുകളും റീട്വീറ്റുകളുമാണ് യുക്രൈന്റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൈബറിടങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുക എന്നതാണ് ഇതിലൂടെ യുക്രൈൻ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ മീമിന് പുറമെ ...... തുടങ്ങിയ ഹാഷ് ടാഗുകളും സോഷ്യൽമീഡിയയിൽ ട്രന്റിംഗാവുന്നുണ്ട്.

എന്നാൽ യുക്രൈനിൽ നവ നാസികളും തീവ്രവലതു പക്ഷവാദികളും ശക്തി പ്രാപിക്കുന്നതായി റഷ്യൻ പ്രസിഡന്റ് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോസ്‌കോയിലെ റഷ്യൻ സെക്യൂരിറ്റി കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.

യുക്രൈൻ സർക്കാർ അവിടത്തെ വിവിധ യുക്രൈനിയൻ വംശജരുടെ വൈവിധ്യം അംഗീകരിക്കുന്നില്ലെന്നും യുക്രൈനിലെ റഷ്യൻ ഓർത്തോഡോക്‌സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണെന്നും പുടിൻ പ്രസംഗത്തിൽ പറഞ്ഞു.

'യുക്രൈൻ സർക്കാർ അവിടത്തെ വിവിധ യുക്രൈനിയൻ വംശജരുടെ വൈവിധ്യത അംഗീകരിക്കുന്നില്ല. യുക്രൈനിലെ റഷ്യൻ ഓർത്തോഡോക്‌സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണ്. യുക്രൈനിൽ നവ നാസികളും തീവ്രവലതുപക്ഷ വാദികളും ശക്തി പ്രാപിക്കുന്നു, അവരുടെ പ്രവർത്തനങ്ങൾ യുക്രൈനിലെ സാധാരണക്കാരെ ബാധിക്കുന്നു.

നവനാസികളും തീവ്രവലതുപക്ഷവും ശക്തി പ്രാപിക്കുന്ന യുക്രൈനിൽ സ്വന്തം മണ്ണിൽ ജീവിക്കാനും സ്വന്തം ഭാഷ സംസാരിക്കാനും, സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാനുമുള്ള പ്രാഥമിക അവകാശത്തിനുവേണ്ടിയാണ് ജനങ്ങൾ പോരാടുന്നത്,'' പുടിൻ പറഞ്ഞു.

യുക്രൈൻ റഷ്യക്ക് ഒരു അയൽരാജ്യമല്ലെന്നും റഷ്യയുടെ നമ്മുടെ സ്വന്തം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും പുടിൻ പ്രസംഗത്തിൽ പറഞ്ഞു.

''ഇന്ന് കാണുന്ന യുക്രൈൻ എന്ന ഭൂപ്രദേശം ഒരു സോവിയറ്റ് സൃഷ്ടിയാണ്. അവിടത്തെ വലിയൊരു പ്രദേശം റഷ്യ ആയിരുന്നു. യുക്രൈൻ റഷ്യക്ക് വെറുമൊരു അയൽരാജ്യം മാത്രമല്ല. അവിടെ താമസിക്കുന്നവർ റഷ്യക്കാരാണ്.

പുരാതനകാലം മുതൽ, ചരിത്രപരമായി റഷ്യൻ ഭൂമിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആളുകൾ തങ്ങളെ റഷ്യക്കാരും ഓർത്തഡോക്‌സ് ക്രിസ്ത്യാനികളും എന്ന് വിളിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിനുമുമ്പ്, ഈ പ്രദേശത്തിന്റെ ഒരു ഭാഗം റഷ്യൻ ഭരണകൂടത്തിൽ വീണ്ടും ചേർന്നപ്പോഴും അതിനുശേഷവും ഇത് സംഭവിച്ചു.

അതിനാൽ, ആധുനിക യുക്രൈൻ പൂർണമായും റഷ്യ സൃഷ്ടിച്ചതാണ്. 1917ലെ വിപ്ലവത്തിന് തൊട്ടുപിന്നാലെയാണ് ഈ പ്രക്രിയ ആരംഭിച്ചത്. ലെനിനും കൂട്ടാളികളും റഷ്യയോട് അങ്ങേയറ്റം കഠിനമായ വിധത്തിലാണ് ഇത് ചെയ്തത്- ചരിത്രപരമായി റഷ്യൻ ഭൂമിയെ വേർപെടുത്തി, അവിടെ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളോട് അവർ എന്താണ് ചിന്തിക്കുന്നതെന്ന് ആരും ചോദിച്ചില്ല,'' പുടിൻ പറഞ്ഞു.

യുക്രൈൻ അമേരിക്കയുടെ കൈയിലെ കളിപ്പാവ മാത്രമായി മാറിയെന്നും, ഉക്രൈന് നാറ്റോയിൽ അംഗത്വം നൽകുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാണെന്നും പുടിൻ പറഞ്ഞിരുന്നു.

യുക്രൈനിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അവിടെ സ്വതന്ത്ര ജുഡീഷ്യറി ഇല്ലെന്നും ആണവായുധങ്ങളുടെ കാര്യത്തിൽ മുന്നേറുന്ന യുക്രൈൻ, റഷ്യ അടക്കമുള്ള രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണെന്നും വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി.

അതേസമയം, റഷ്യ യുക്രൈന്റെ തന്ത്രപ്രധാന മേഖലകളിലേക്കുള്ള കടന്നുകയറ്റം തുടരുകയാണ്. ചെർണോബിൽ അടക്കമുള്ള പ്രദേശങ്ങൾ റഷ്യയുടെ അധീനതയിലായി. യുക്രൈനെ ഭീതിയിലാഴ്‌ത്തുക എന്ന തന്ത്രമാണ് റഷ്യ ചെർണോബിലിൽ പയറ്റിയിരിക്കുന്നത്. ചെർണോബിൽ ആണവനിലയത്തിൽ ആക്രമണം നടത്തിയാൽ അതിന്റെ വരും വരായ്കകൾ എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളതിനാൽ റഷ്യ അതിന് മുതിരില്ലെന്നാണ് വിലയിരുത്തൽ.

യുക്രൈൻ അധിനിവേശത്തെ ന്യായീകരിച്ച് പുടിൻ രംഗത്തെത്തിയിരുന്നു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാനാണ് താൻ ആക്രമണം നടത്തിയതെന്നായിരുന്നു പുടിൻ വ്യക്തമാക്കിയത്. റഷ്യയുടെ സുരക്ഷയെ കരുതി യുക്രൈനെതിരെ പ്രത്യേക ഓപ്പറേഷന് ഉത്തരവിടുകയല്ലാതെ തനിക്ക് മുന്നിൽ വേറെ വഴികളില്ലായിരുന്നുവെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.