- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുടിന്റെ യുദ്ധക്കൊതിക്ക് എന്തിന് ഇന്ത്യ കൂട്ടുനിൽക്കണം? റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടിയാൽ അത് അപകടമെന്ന മുന്നറിയിപ്പുമായി അമേരിക്ക; ബാരലിന് 35 ഡോളർ എന്ന മോഹന വാഗ്ദാനവുമായി റഷ്യ; റഷ്യൻ-യുഎസ് സമ്മർദ്ദതന്ത്രത്തെ നയചാതുരിയോടെ നേരിട്ട് ഇന്ത്യയും
ന്യൂഡൽഹി: ഇന്ത്യ ധർമസങ്കടത്തിലാണ്. അമേരിക്കയുടെ സമ്മർദ്ദം ഒരുഭാഗത്ത്. റഷ്യയുടെ കുറഞ്ഞ വിലയ്ക്കുള്ള എണ്ണവാഗ്ദാനം മറുഭാഗത്ത്. റഷ്യൻ വിദേശ കാര്യമന്ത്രി സെർജി ലാവ്‌റോവ് യുദ്ധത്തിനിടെ ഇന്ത്യയിൽ വരുന്നു. അതേസമയം, അമേരിക്കൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഡൽഹിയിൽ എത്തി ചർച്ചകൾ നടത്തുന്നു. ഇങ്ങനെ പലതരം സമ്മർദ്ദങ്ങൾ. യുക്രെയിൻ അധിനിവേശത്തോടെ, മറ്റുരാജ്യങ്ങൾ മുഖം തിരിച്ചതോടെ, ബാരലിന് 35 ഡോളർ വിലയ്ക്ക് എണ്ണ തരാമെന്നാണ് റഷ്യയുടെ വാഗ്ദാനം. അതായത് യുദ്ധത്തിന് മുമ്പുള്ള വിലയിൽ. കൂടുതൽ ചരക്കെടുക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
15 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യ വാങ്ങണമെന്നാണ് റഷ്യയുടെ താൽപര്യം. സർക്കാർ തലത്തിൽ ചർച്ചകൾ തുടരുകയാണ്. അന്താരാഷ്ട്ര സമ്മർദ്ദവും, ഉപരോധ ഭീഷണിയും മറികടന്നാണ് റഷ്യയുടെ പക്കൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ ഇരട്ടിയാക്കുന്നത്. അതേസമയം, കുതിച്ചുയരുന്ന എണ്ണവില പിടിച്ചുനിർത്താൻ, അമേരിക്കയിലെ ജോ ബൈഡൻ ഭരണകൂടം, ഒരുദശലക്ഷം ബാരൽ എണ്ണ പ്രതിദിനം കരുതൽ ശേഖരത്തിൽ നിന്ന് പുറത്തുവിടുന്ന കാര്യം ആലോചിക്കുകയാണ്.
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യ സന്ദർശിക്കാനിരിക്കെ, അമേരിക്ക ഇന്ത്യയുടെ മേൽ എണ്ണ വാങ്ങാതിരിക്കാൻ, കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണഇറക്കുമതി ഇന്ത്യ കൂട്ടരുതെന്നും, അങ്ങനെ ചെയ്താൽ അത് അപകടത്തിലേക്ക് നയിക്കുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. എന്ത് അപകടമാണ് ഉണ്ടാവുക എന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഉപരോധം ഏർപ്പെടുത്താൻ ആണോ അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണവില കുറച്ച് വാങ്ങുന്നതിൽ അമേരിക്കയ്ക്ക് എതിർപ്പില്ല. എന്നാൽ, ഇറക്കുമതിയുടെ തോത് കുത്തനെ കൂട്ടരുത് എന്നാണ് യുഎസിന്റെ കടുംപിടുത്തം. സർവനാശം വിതയ്ക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാൻ സംയുക്ത നീക്കം വേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു.
ഉപരോധങ്ങളെ മാനിച്ചുകൊണ്ടുള്ള എണ്ണ ഇറക്കുമതിയാണ് യുഎസ് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇറക്കുമതി കുത്തനെ കൂട്ടിയാൽ, അത് വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് യുഎസ് നൽകുന്നത്.
ഇന്ത്യയുടെ ക്വാഡ് പങ്കാളികളായ യുഎസും, ഓസ്‌ട്രേലിയയും റഷ്യയുമായി ഉള്ള ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളെ നിലവിൽ അംഗീകരിക്കുന്നില്ല. ' ചരിത്രത്തിന്റെ ശരിയായ വശത്ത് നിൽക്കേണ്ട സമയമാണിത്. അമേരിക്കയ്ക്കും ഒരുഡസൻ മറ്റുരാജ്യങ്ങൾക്കും ഒപ്പം. യുക്രെയിൻ ജനതയുടെ സ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും, പരമാധികാരത്തിനും വേണ്ടി നിലകൊള്ളേണ്ട സമയം. അതല്ലാതെ പുടിന്റെ യുദ്ധത്തെ ഫണ്ടുചെയ്യുകയും സഹായിക്കുകയും അല്ല, യുഎസ് വാണിജ്യ സെക്രട്ടറി ഗീന റെയ്‌മോണ്ടോയെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഓസ്‌ട്രേലിയൻ വാണിജ്യ മന്ത്രി ഡാന തോഹാനും സമാന കാര്യമാണ് പറഞ്ഞത്.
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണഇറക്കുമതി-ഉപഭോക്തൃ രാഷ്ട്രമാണ് ഇന്ത്യ. യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് താത്കാലികമായി നിർത്തിയിരുന്നു. ഈ അവസരത്തിൽ വിലക്കുറവ് മുതലാക്കി ഇന്ത്യ ഇറക്കുമതി വർദ്ധിപ്പിച്ചു. ഫെബ്രുവരി 24 ന ശേഷം റഷ്യയുടെ പക്കൽ നിന്ന് 13 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യ വാങ്ങി. എന്നാൽ, 2021 ൽ ആകെ 16 ദശലക്ഷം ബാരൽ എണ്ണ മാത്രമാണ് വാങ്ങിയത്.
അതേസമയം, റഷ്യക്കെതിരായ ഉപരോധത്തിന്റെ സൂത്രധാരനായ അമേരിക്കൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നാളെ രാജ്യത്ത് എത്തും
മറുനാടന് മലയാളി ബ്യൂറോ