നെടുമ്പാശ്ശേരി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു. രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങിയത്. കുടുംബത്തിന് മികച്ചൊരു ജീവിതം ഒരുക്കാൻ കടലു കടന്ന് അധ്വാനിക്കാൻ പോയവരാണ് തിരികെ എത്തിയത്.

തീപ്പിടിത്ത വാർത്തയറിഞ്ഞ നിമിഷംമുതൽ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാർത്ഥനയിലായിരുന്നു മംഗെഫിലെ ആ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകർത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങൾ കേരളം കേട്ടു, കണ്ണീരണിഞ്ഞു. കുവൈറ്റിലെ മംഗെഫിൽ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയിൽ ഇറങ്ങിയത്.

മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. നെടുമ്പാശ്ശേരിയിൽ സംസ്ഥാന സർക്കാർ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അർപ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ഏറ്റുവാങ്ങും. അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങൾ ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങും.

വിമാനത്താവളത്തിൽ അധിക നേരം പൊതുദർശനം ഉണ്ടായിരിക്കില്ല. സംസ്ഥാന സർക്കാർ അന്തിമോപചാരം അർപ്പിക്കും. കുടുംബാംഗങ്ങൾക്കും കാണാൻ സൗകര്യമൊരുക്കും. തുടർന്ന് പ്രത്യേക ആംബുലൻസിൽ പൊലീസ് അകമ്പടിയിൽ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. തമിഴ്‌നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസുകൾ എത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താൻ എത്തിയിട്ടുണ്ട്.

മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തിൽ നിന്നും പുറപ്പെട്ടത്. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് എത്തിയിട്ടുണ്ട്.