കൊച്ചി: നവജാത ശിശുവിനെ ഫ്‌ലാറ്റില്‍നിന്നും റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ 23- കാരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 80 ദിവസത്തിലേറെയായി ജയിലിലാണെന്നതും അന്വേഷണത്തിന്റെ ഭാഗമായി ഇനിയും തടവില്‍ കഴിയേണ്ടതില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.

പനമ്പിള്ളി നഗറിലെ വിദ്യാനഗര്‍ റോഡിലാണ് സംഭവം. മേയ് മൂന്നിന് രാവിലെ പ്രസവം നടന്നയുടന്‍ കുഞ്ഞിനെ ബാല്‍ക്കണിയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. താന്‍ ലൈംഗിക പീഡനത്തിന്റെ ഇരയാണെന്നും കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കിയത്. തന്നെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതികള്‍ ജാമ്യം നിഷേധിച്ചതെന്നും വാദിച്ചു. ഹര്‍ജിക്കാരിക്കായി സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനുവും അഡ്വ. ജിയോ പോളുമാണ് ഹാജരായത്.