- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാക്ക്നിയില്‍ തലക്ക് വെടിയേറ്റ മലയാളി പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുത്തില്‍ ആശങ്ക
ലണ്ടന്‍: ഇക്കഴിഞ്ഞ മെയ് 29 ന് ഹാക്ക്നിയില്‍ വെച്ച് വെടിയേറ്റ ഒന്‍പത് കാരി ലിസ്സെല്‍ മറിയയ്ക്ക് ഇനി ഒരുപക്ഷെ സാധാരണ രീതിയില്‍ ചലിക്കുവാനും സംസാരിക്കുവാനും കഴിഞ്ഞേക്കില്ലെന്ന് മാതാപിതാക്കള്‍ ആശങ്കപ്പെടുന്നു. മലയാളിയായ മരിയ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു ടര്‍ക്കിഷ് കഫേയില്‍ രണ്ട് ടര്‍ക്കിഷ് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘടനത്തിലായിരുന്നു മരിയയ്ക്ക് വെടിയേറ്റത്.
യു കെയിലെ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന, എറണാകുളം ഗോതുരുത്ത് സ്വദേശികളായ വിനയയും അജീഷും മകള്‍ക്കൊപ്പം കഫേയില്‍ പോയത് മകള്‍ക്ക് ഐസ്ക്രീം വേണമെന്ന് പറഞ്ഞപ്പോഴായിരുന്നു. ഞെട്ടലോടുകൂടിയല്ലാതെ അന്നത്തെ സംഭവം ഓര്‍ക്കുവാന്‍ സാധിക്കില്ലെന്ന് അവര്‍ പറയുന്നു. മകളുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നും അവര്‍ മെട്രോപോളിറ്റന്‍ പോലീസ് വഴി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
ഐസ്ക്രീം വാങ്ങാന്‍ പോയ മകളെ ഇനി പഴയ നിലയില്‍ തിരിച്ചുകിട്ടുമോ എന്നാണ് ആശങ്കയെന്ന് മാതാപിതാക്കള്‍ പറയുന്നു. കുസൃതിക്കുടുക്കയായിരുന്ന മരിയ ഇനി എന്നെങ്കിലും പഴയതുപോലെ ആകുമോ എന്നും അവര്‍ ഭയപ്പെടുന്നു. തങ്ങളുടെ കുസൃതിക്കുടുക്കയെ പഴയതുപോലെയാക്കി തരണമെന്ന് മാത്രമാണ് തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മോട്ടോര്‍ബൈക്കിലെത്തിയ ഒരാള്‍ കഫേയുടെ പുറത്ത് ഇരിക്കുകയായിരുന്ന മറ്റു മൂന്നുപേരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന അവരെ ഇപ്പോള്‍ വിട്ടയച്ചിട്ടുണ്ട്. അതില്‍, അക്രമിയുടെ ലക്ഷ്യം എന്ന് കരുതപ്പെടുന്ന വ്യക്തി ഹാക്ക്നി ബോംബേഴ്സ് ഗ്യാംഗ് അംഗമാണെന്ന് സംശയിക്കപ്പെടുന്നു. ഇവരുടെ ശത്രുക്കളായ ടോട്ടെന്‍ഹാം ടര്‍ക്ക്സ് എന്ന ഗാംഗ് ആണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ലണ്ടനിലെ മയക്കുമരുന്ന് വിപണിയെ നിയന്ത്രിക്കുന്നത് ഈ രണ്ട് സംഘങ്ങളുമാണ്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.