തിരുവനന്തപുരം: മൂന്നു പ്രബലര്‍ ഒരേ പോലെ വിഹരിച്ച പ്രദേശത്തിന്റെ ആധ്യപത്യം ഇനി ചക്കക്കൊമ്പന് മാത്രം. അരിക്കൊമ്പന്‍ നാടുകടത്തപ്പെടുകയും ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ മുറിവാലന്‍ ചരിയുകയും ചെയ്തതോടെയാണ് പ്രദേശത്ത് ചക്കക്കൊമ്പന്‍ തനിച്ചായത്. 45 വയസ്സുള്ള മുറിവാലന്‍ കൊമ്പനായിരുന്നു ഇതുവരെ ചിന്നക്കനാല്‍ മേഖലയിലെ ഏറ്റവും പ്രായം കൂടിയ കാട്ടാന. മുറിവാലന്‍ കൊമ്പനും ചരിഞ്ഞതോടെ പൂര്‍ണ ആധിപത്യം ലഭിച്ച ചക്കക്കൊമ്പന്‍ കൂടുതല്‍ അപകടകാരിയാകാന്‍ ഇടയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ചക്കകൊമ്പനോടുള്ള ഏറ്റമുട്ടലില്‍ പരിക്കേറ്റ് ചരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ ജഡം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മറവ് ചെയ്തു.കരളിനേറ്റ ക്ഷതമാണു മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.ചക്കക്കൊമ്പന്റെ നീണ്ട കൊമ്പുകള്‍ ആഴ്ന്നിറങ്ങിയാണു മുറിവാലന്റെ ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ പരുക്കേറ്റത്.ഇതുകൂടാതെ വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടായിട്ടുണ്ട്.

ഈ വര്‍ഷം ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ 3 ജീവനുകളാണ് നഷ്ടമായത്.2 കാട്ടാനകളും ഒരു മനുഷ്യനും. മുറിവാലന്‍ കൊമ്പനു പുറമേ കഴിഞ്ഞ ജൂണില്‍ ഒരു കുട്ടിക്കൊമ്പനെയും ചക്കക്കൊമ്പന്‍ എന്ന കാട്ടാന വകവരുത്തിയിരുന്നു.കഴിഞ്ഞ ജനുവരി 22നു ബിഎല്‍ റാം സ്വദേശിയായ വെള്ളക്കല്ലില്‍ സൗന്ദര്‍രാജന്‍ എന്ന 68 കാരനെ ആക്രമിച്ചു പരുക്കേല്‍പിച്ചിരുന്നു. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജനുവരി 26നു സൗന്ദര്‍രാജന്‍ മരിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് മുറിവാലന്റെ മരണത്തിന് കാരണമായി ചക്കകൊമ്പനുമായുള്ള ഏറ്റമുട്ടല്‍ ഉണ്ടായത്.ഇത് കൂടാതെ
മുറിവാലന്‍ കൊമ്പന്റെ ശരീരത്തില്‍ നിന്നു 20 പെല്ലറ്റുകള്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.ഇതില്‍ 19 പെല്ലറ്റുകളും ട്വല്‍വ് ബോര്‍ തോക്കുകളില്‍ ഉപയോഗിക്കുന്നവയാണെണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വന്യജീവികളെ തുരത്താനായി വനംവകുപ്പ് ഉപയോഗിക്കുന്ന തോക്കുകള്‍ ആണ് ട്വല്‍വ് ബോര്‍ ആക്ഷന്‍ തോക്കുകള്‍.

എന്നാല്‍ ദേവികുളം റേഞ്ചില്‍ 4 ട്വല്‍വ് ബോര്‍ തോക്കുകളുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചിട്ടില്ല.മുറിവാലന്റെ ശരീരത്തില്‍ ഉള്ള പെല്ലറ്റുകള്‍ എയര്‍ഗണ്‍ പോലുള്ള തോക്കുകള്‍ ഉപയോഗിച്ച് വെടിവച്ചതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയവങ്ങളില്‍ ക്ഷതമേല്‍പിക്കുന്ന തരത്തിലുള്ളവയല്ലെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു.

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ചിന്നക്കനാല്‍ അറുപതേക്കറിനു സമീപമുളള ചോലയിലാണു മുറിവാലന്‍ കൊമ്പന്റെ ജഡം മറവു ചെയ്തത്.മുറിവാലന്‍ കൊമ്പന്റെ ജഡം സംസ്‌കരിക്കുന്നതിനു മുന്‍പ് തദ്ദേശീയരായ മുതുവാന്‍ വിഭാഗത്തില്‍ പെട്ടവര്‍ ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.