പത്തനംതിട്ട: ഭരണഘടനയെ അവഹേളിച്ചു നടത്തിയ പ്രസംഗത്തെ സംബന്ധിച്ചു ഹൈക്കോടതി തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ മന്ത്രി സജി ചെറിയാന് അവകാശമില്ലെന്ന് എഐസിസി വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിക്കെതിരേ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു കോടതി നിര്‍ദേശിക്കുകയായിരുന്നു. പ്രസംഗത്തില്‍ തന്നെ പ്രഥമദൃഷ്ട്യാ ചില സംശയങ്ങള്‍ കോടതി പ്രകടിപ്പിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ മന്ത്രി രാജിവച്ചൊഴിയുകയാണ് വേണ്ടത്. തന്റെ ഭാഗം കൂടി കോടതി കേട്ടില്ലെന്ന സജി ചെറിയാന്റെ വാദത്തിന് പ്രസക്തിയില്ല. മന്ത്രിയുടെ അഭിപ്രായം തേടിയിട്ടല്ല കോടതി വിധി പറയുന്നത്. കേരളത്തില്‍ ഇതിനു മുന്‍പും കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിമാര്‍ രാജിവച്ചിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ട് ചമച്ചുണ്ടാക്കിയതാണെന്നാണ് കോടതി കണ്ടെത്തല്‍.

ഭരണഘടനയെ സംരക്ഷിച്ചുകൊള്ളാമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. കോടതി പരാമര്‍ശം കൂടി വന്ന സാഹചര്യത്തില്‍ ധാര്‍മികമായി മന്ത്രിക്ക് ഇനി തുടരാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ തെളിയില്ല. പി.പി. ദിവ്യയുടെ അറസ്റ്റ് ഒരു നാടകമായിരുന്നുവെന്ന് വ്യക്തമാണ്. ജില്ലാ കലക്ടറുടെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ശരിയായ അന്വേഷണം നടക്കണമെന്നാണ് നവീന്റെ കുടുംബവും ആഗ്രഹിക്കുന്നത്. അതുണ്ടാകുന്നില്ലെന്നു കണ്ടാല്‍ സിബിഐ അന്വേഷണം അവരും സ്വാഗതം ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പാലക്കാട്ട് യുഡിഎഫ് ജയിക്കുമെന്നതില്‍ തര്‍ക്കമില്ല. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയത് വേണ്ട കൂടിയാലോചനയോടെയാണ്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ ഇക്കാര്യം തന്നോടു പറഞ്ഞിരുന്നു. പിന്നീട് സന്ദീപ് വാര്യരും വിളിച്ചു. പാലക്കാട് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ സിപിഎം പച്ചയായ വര്‍ഗീയത കളിച്ചെന്നും രമേശ് കുറ്റപ്പെടുത്തി. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമം നടന്നു. അവസാനഘട്ടത്തില്‍ രണ്ട് പത്രങ്ങളെ തെരഞ്ഞെടുത്തു നല്‍കിയ പരസ്യവും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.