വാഷിങ്ടണ്‍: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വ്യാഴാഴ്ചയാണ് അനുശോചനം അറിയിച്ചുള്ള യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന പുറത്തുവിട്ടത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താന്‍ അനുശോചനം അറിയിക്കുകയാണെന്ന് ബൈഡന്‍ വ്യക്തമാക്കി. ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം ഞങ്ങളുടെ പ്രാര്‍ഥനകളുണ്ടാവുമെന്നും ബൈഡന്‍ പറഞ്ഞു.

ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ സൈനികരേയും ആദ്യ രക്ഷാദൗത്യത്തിനിറങ്ങിയവരുടേയും ധീരമായ ഇടപെടലുകളെ അഭിവാദ്യം ചെയ്യുകയാണ്. ദുരന്തം അനുഭവിക്കുന്ന ഇന്ത്യന്‍ ജനത എപ്പോഴും ചിന്തകളിലുണ്ടാവുമെന്നും ബൈഡന്‍ പറഞ്ഞു.

നേരത്തെ റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വയനാടിന്റെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയരുന്നു. കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തില്‍ പറഞ്ഞു.

"കേരളത്തിലെ ഉരുള്‍ പൊട്ടല്‍ ദാരുണമാണ്. ദുരന്തത്തില്‍ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എല്ലാ വിധ പിന്തുണയും. പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ."-എന്നായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ സന്ദേശം. സംഭവത്തില്‍ ചൈനയും അഗാധ ദുഃഖം അറിയിച്ചു. 'ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ വലിയ ഉരുള്‍ പൊട്ടലുണ്ടായതായി അറിഞ്ഞു. ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ."-എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞത്.

കേരളത്തിലെ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് പിന്തുണയെന്നാണ് തുര്‍ക്കി വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന അനുശോചന സന്ദേശത്തില്‍, ദുരന്തത്തില്‍ വ്യാപക നഷ്ടമുണ്ടായെന്ന് മനസിലാക്കുന്നെന്നും നിരവധി പേര്‍ക്ക് ജീവനും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടതായി അറിഞ്ഞെന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ദുരന്തമാണ് നടന്നതെന്ന് അറിഞ്ഞതായും മുയിസു പറഞ്ഞു. ഐക്യരാഷ്ട്ര സഭയും വിഷയത്തില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. എന്നാല്‍, 189 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 85 പുരുഷന്മാരും 76 സ്ത്രീകളുമാണ്. 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടി. 225 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഉന്നതതല യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള -കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജി.ഒ.സി) മേജര്‍ ജനറല്‍ വി.ടി. മാത്യു യോഗത്തെ അറിയിച്ചു. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചതെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു.