- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ ഹത്യ നടത്തിയ സർ സിപിയുടെ കാലത്തിൽ നിന്നും ഇന്നും കേരളം അധികം അകലെയല്ലെന്നു തെളിയിക്കുന്നത് മറുനാടൻ വേട്ട; സർക്കാരിനെ അനുകൂലിച്ചാൽ തുറന്നു വിടാമെന്ന് നൽകിയ ആനുകൂല്യം മാമ്മൻ മാപ്പിള വലിച്ചെറിഞ്ഞതിനു പകരമായി മനോരമ പൂട്ടിയിട്ടത് 9 വർഷങ്ങൾ; സത്യത്തെ വേട്ടയാടാൻ അന്നും ഇന്നും ഭരണകൂടത്തിന് ആവേശം കുറഞ്ഞിട്ടില്ല
എന്തിനായിരുന്നു 9 വർഷം മനോരമയെ പൂട്ടിയിട്ടത് ...? പത്രപ്രവർത്തന ക്ളാസുകളിൽ ആവേശത്തോടെ വിദ്യാർത്ഥികൾ വായിച്ചു പോകുന്ന മലയാള മാധ്യമ പ്രവർത്തന ചരിത്രം, അവരുടെ സിരകളിൽ ഭാവിയിൽ ഒരു വേട്ടയാടൽ നേരിടാൻ കാരണം ആയാൽ അതിനെ തരണം ചെയ്യാനുള്ള ഊർജ്ജം നിറയ്ക്കലാണ് ചെയുന്നത് . എട്ടു പതിറ്റാണ്ട് മുൻപ് മലയാള മനോരമയെ തിരുവിതാംകൂർ സർക്കാർ പൂട്ടിയിട്ടത് നീണ്ട 9 വർഷമാണ്. കാരണം വളരെ ലളിതവും. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയത്തെ പിന്താങ്ങാൻ മനോരമ തയ്യാറായില്ല. പകരം സർക്കാർ പ്രതികാര നടപടിയുമായി രംഗത്തെത്തി.
ബ്രിട്ടീഷുകാരുടെ കാലം കഴിഞ്ഞു സ്വതന്ത്ര ഇന്ത്യയിലാണ് പിന്നീട മനോരമക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനായത് എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് . സർ സിപി എന്ന അധികാര മോഹിയുടെ സർവ സ്വപ്നം ആയിരുന്ന സ്വതന്ത്ര തിരുവിതാംകൂറിനെ മനോരമ മാത്രമല്ല വൈക്കം മുഹമ്മദ് ബഷീർ അടക്കമുള്ളവരും അന്ന് എതിർത്തിരുന്നു. ആ വകയിൽ ബഷീറിനും കിട്ടി രണ്ടര വർഷത്തെ ജയിൽ വാസം. സർക്കാർ ചെയുന്ന കാര്യങ്ങൾ ശരിയോ തെറ്റോ ആകട്ടെ , വിമർശിച്ചാൽ പകരം കയ്യിൽ കിട്ടുക ജയിൽ വാസം ആയിരിക്കും എന്ന സകല മാധ്യമങ്ങളെയും ഓർമ്മിപ്പിക്കാൻ തന്നെയാണ് അന്നത്തെ ഏറ്റവും പ്രചാരം ഉണ്ടായിരുന്ന മനോരമയെ താഴിട്ടു പൂട്ടാൻ വരുംവരായ്മകൾ നോക്കാതെ സർക്കാരിനെ പ്രേരിപ്പിച്ച ഘടകവും .
മറുനാടൻ വേട്ടയ്ക്ക് എന്താവേശം
ഇന്നിപ്പോൾ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അധികാര കേന്ദ്രങ്ങളിൽ സർ സിപിയെ പോലുള്ളവരുടെ പ്രേതാത്മാക്കൾ ഒരു ഗതിയും കിട്ടാതെ അലഞ്ഞു നടക്കുകയാണ് എന്നോർമ്മിപ്പിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന സംഘടിത മറുനാടൻ വേട്ട. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിരോധിത സംഘടനയെയോ തീവ്രവാദികളെയോ കീഴടക്കാൻ ഉള്ള സന്നാഹം പോലെയാണ് മറുനാടൻ വേട്ട അരങ്ങേറിയത്. സുപ്രീം കോടതിയിൽ എത്തി നിൽക്കുന്ന കേസിൽ അന്തിമ വിധി വരെ കാത്തിരിക്കുക എന്ന സാമാന്യബോധം നഷ്ടമായ ഒരു സർക്കാരിന്റെ പേപിടിച്ച പ്രവർത്തി ആയാണ് മറുനാടൻ വേട്ടയെ വായനക്കാർ കണ്ടിരിക്കുക. പത്രസ്ഥാപനത്തിലെ ജോലി ചെയ്യാനുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിലൂടെ താഴിട്ടു പൂട്ടുന്നതിനു സമാനമായ ജോലി തന്നെയാണ് പൊലീസ് കമ്മീഷണറുടെ വാക്കു കേട്ടെത്തിയ പൊലീസ് സേന ചെയ്തു പോയതും. ഇതിനായി പൊലീസിനെ പ്രേരിപ്പിക്കുന്നതോ സർക്കാർ വിമർശനം എന്ന ആയുധവും.
കമ്മ്യുണിസ്റ്റുകൾ വിമർശം കേട്ട് വളർന്നവർ, അധികാര ലഹരിയല്ല അവരുടെ ആയുധം
എന്നാൽ കമ്യൂണിസ്റ്റ് സർക്കാർ ആദ്യമായി അധികാരത്തിൽ വന്ന കേരളത്തിൽ ഇന്നത്തേതിന്റെ നൂറായിരം മടങ്ങു ശക്തിയുള്ള വിമർശനമാണ് ആദ്യ മുഖ്യമന്ത്രി ആയിരുന്ന ഇ എം എസ് അടക്കമുള്ളവർ നേരിടേണ്ടി വന്നത്. നിയമ മന്ത്രി ആയിരുന്ന വി ആർ കൃഷ്ണയ്യർ അടക്കം ഉള്ള മന്ത്രിമാർ മനോരമയും മാതൃഭൂമിയും ദീപികയും അടക്കമുള്ള പത്രങ്ങൾക്കെതിരെ രംഗത്തെത്തി. ഒരു പക്ഷത്തു കോഴിക്കോട് നിന്നും ദേശാഭിമാനിയും കൊല്ലത്തു നിന്ന് ജനയുഗവും സർക്കാരിനെ പിന്താങ്ങായപ്പോൾ എതിർപക്ഷത്തു ഉള്ള മാധ്യമങ്ങൾ ഒറ്റക്കെട്ടായി സർക്കാർ വിമർശകരായി. എന്നാൽ മൊത്തത്തിൽ വിമര്ശത്തെ അവഗണിക്കുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചത്, ഒരു മാധ്യമ സ്ഥാപനത്തിലേക്കും പൊലീസിനെ കയറൂരി വിട്ടില്ല.
ജനാധിപത്യത്തിന്റെയും മാനവികതയുടെയും ആൾരൂപമായി പിൽക്കാലത്തു പത്രങ്ങൾ തന്നെ ഉയർത്തിക്കാട്ടിയ വി ആർ കൃഷ്ണയ്യർ അടക്കം മാധ്യമ വിമർശം ഏൽക്കാൻ തക്കതായ കാര്യങ്ങൾ തന്നെയാണ് അധികാര സ്ഥാനത്തുള്ളപ്പോൾ ചെയ്തു കൂട്ടിയതും. ഇതിനൊക്കെ തെളിവായി മുന്നിൽ നിൽക്കുന്നത് അക്കാലത്തെ വളച്ചൊടിക്കാത്ത വാർത്തകൾ തന്നെയാണ്. സൃഷ്ടാവായ ബ്രഹ്മാവിന് പോലും കൃഷ്ണയ്യരുടെ കാര്യത്തിൽ തെറ്റുപറ്റി എന്ന മട്ടിൽ ഉള്ള രൂക്ഷ വിമർശമാണ് പത്രാധിപർ കെ ബാലകൃഷ്ണൻ കേരള കൗമുദിയിൽ സത്യമേവ ജയതേ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ വിമർശന ശരമെയ്തത്.
മാധ്യമ വേട്ട അന്നും സർക്കാരുകളുടെ വിനോദം
വിദ്രോഹ പത്രപ്രവർത്തനം എന്ന പേരിൽ അഞ്ചു മാധ്യമങ്ങൾക്ക് എതിരെ കേസെടുത്തതായി 1959 ജൂലൈ 19 പുറത്തു വന്ന മാതൃഭൂമി റിപ്പോർട്ട് ചെയ്തതിൽ മനോരമ, ദീപിക, കേരള ജനത, കൗമുദി എന്നിവയുടെ പേരുകളാണ് അച്ചടിച്ച് വന്നത്. അന്നത്തെ പത്രങ്ങൾക്കൊപ്പം രാഷ്ട്രീയ നേതാക്കളായ പനമ്പള്ളി ഗോവിന്ദമേനോൻ, മന്നത്തു പത്മനാഭൻ, ബേബി ജോൺ എന്നീ രാഷ്ട്രീയ നേതാക്കളും ഭരണകൂട ഭീകരതയുടെ ചൂടറിഞ്ഞു. വിമോചന സമരകാലത്തെ സർക്കാരും മാധ്യമങ്ങളും ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിനു ശേഷം ഒരിക്കലും കേരളത്തിൽ ഇത്തരത്തിൽ മാധ്യമ വേട്ട ഉണ്ടായിട്ടില്ല എന്നാണ് ഇന്നും സിപിയുടെയും ആദ്യ കമ്യൂണിസ്റ്റ് കാലത്തെയും അൽപ ബുദ്ധികളായ നേതാക്കളുടെ പ്രേതാത്മാക്കൾ ആവാഹിക്കപ്പെട്ടവർ മനസിലാക്കേണ്ട വസ്തുത. അന്ന് സർക്കാരിനെ വിമർശിക്കാൻ വാശിയോടെ മുന്നിൽ നിന്ന മാധ്യമങ്ങളും പിന്നീട് ഉശിരും ഉയിരും നഷ്ടപ്പെട്ടവരായി മാറിയത് കേരളത്തിലെ രാഷ്ട്രീയ, ഭരണ സംവിധാനം പോലും ദുരുപയോഗം ചെയ്യപ്പെടാൻ പ്രധാന കാരണമായി.
പിന്നീട് വിമോചന സമരം അവസാനിക്കുകയും സപ്ത കക്ഷി ഭരണം ഉണ്ടാവുകയും ചെയ്തതോടെ മാധ്യമങ്ങൾ നാവു മടക്കി അണ്ണാക്കോളം താഴ്ത്തുക ആയിരുന്നു എന്നാണ് ചരിത്ര പഠനം ഓർമ്മപ്പെടുത്തുന്നത്. ഒരു പക്ഷെ മാധ്യമങ്ങളെ വിലക്കെടുക്കുക എന്നതും വിമോചന സമരത്തിന് സി ഐ എ യിൽ നിന്നും മാധ്യമങ്ങൾ അച്ചാരം പറ്റി എന്നുമൊക്കെയുള്ള കൂട്ടായ വിമർശം സ്വന്തം നേരെ പാഞ്ഞുവന്നപ്പോൾ തിരിച്ചടിക്കാൻ പ്രാപ്തിയില്ലാതെ പോയ കരുത്തുള്ള പത്രാധിപന്മാരുടെ അഭാവവും മാധ്യമ മൗനത്തിനു പ്രധാന കാരണമായിട്ടുണ്ടാകാം. പിന്നീട് കൂടുതൽ പേര് വായിക്കുക എന്ന മത്സര ബുദ്ധി മാധ്യമങ്ങൾക്കുള്ളിൽ
വന്നതോടെയാണ് സർക്കാർ വിമർശനം മാറ്റി വച്ച് പുകഴ്ത്തുപാട്ടുകാരുടെ റോളിലേക്ക് മലയാള മാധ്യമങ്ങൾ മാറപ്പെട്ടതു.
നാവരിയപെട്ട മലയാള മാധ്യമ ലോകം
ഇതിനിടയിൽ അടിയന്തരാവസ്ഥ വന്നതോടെ മലയാള മാധ്യമങ്ങൾ പൂർണമായും നാവരിയപ്പെട്ട അവസ്ഥയിലുമായി . സർക്കാർ വിമർശനം എന്നത് സ്വപ്നത്തിൽ ചിന്തിക്കാനാകാത്ത കാര്യമായി . പിറ്റേന്നത്തെ പത്രം തലേന്ന് രാത്രി സെൻസറിങ് ഓഫിസറെ കാണിച്ചു അനുമതി വാങ്ങുക എന്നത് ഞരമ്പുകളിൽ ചോരയുള്ള ഒരു മാധ്യമ പ്രവർത്തകനും അംഗീകരിക്കാൻ കഴിയുന്ന കാര്യം ആയിരുന്നില്ല , എന്നാൽ അനേകായിരം പേരുടെ ജീവനോപാധി ആണെന്ന ന്യായത്തിൽ അതിനും വളഞ്ഞവരാണ് മലയാള മാധ്യമങ്ങൾ . ദേശാഭിമാനി പോലും അക്കാര്യത്തിൽ മാറി നിന്നില്ല , കുറേക്കാലം മുഖപ്രസംഗ കോളമൊക്കെ പ്രതിഷേധ രൂപത്തിൽ ഒഴിവാക്കി ഇട്ടവർ പിന്നീട് കാലവർഷ പെയ്തിനെ കുറിച്ച് വരെ മുഖപ്രസംഗം എഴുതി നിർവൃതി നേടി.
ഇത്തരത്തിൽ വളയാനും കുനിയാനും സ്പെഷ്യൽ പരിശീലനം ലഭിച്ച മാധ്യമ സൃഷ്ടികൾ ഉണ്ടായതോടെ സർക്കാർ വിമര്ശം എന്ന മാധ്യമ പ്രവർത്തനത്തിന്റെ നട്ടെല്ലൂരി കളഞ്ഞു ജോലി ചെയ്യുക എന്നതായി പത്രപ്രവർത്തനം . ഇന്നത്തെ ഡിജിറ്റൽ മാധ്യമ ലോകത്തു വിമർശനാത്മകം
അല്ലാത്ത മാധ്യമപ്രവർത്തനം വഴി ഒരു തലമുറയുടെ സിരകളിലേക്ക് പളപ്പുള്ള , പണത്തിന്റെ ചൂടും ചൂരും നിറഞ്ഞ അധികാരത്തിന്റെ അഴിഞ്ഞാട്ട കഥകളുടെ കൊടും വിഷത്തിന്റെ ലഹരി പടർത്താൻ അല്ലാതെ മാധ്യമലോകത്തിനു എന്താണ് സാധിക്കുക എന്ന വലിയൊരു ചോദ്യം കൂടിയാണ് ഓരോ മാധ്യമ പ്രവർത്തകനെയും വായനക്കാരെയും തേടി എത്തുന്നതും .
മിസ്റ്റർ എന്നും ശ്രീ എന്നും സഖാവ് എന്നുമൊക്കെ വാർത്തകളിൽ പേരിനൊപ്പം എഴുതി വന്ന മാധ്യമങ്ങൾ പ്രൊഫഷണലാകാൻ തീരുമാനിച്ചപ്പോൾ ഇത്തരം വിശേഷങ്ങൾ മാറ്റി വച്ചെങ്കിലും വിമർശ ബുദ്ധിയോടെ വേണം റിപ്പോർട്ടിങ് എന്ന കാര്യത്തിലും വെള്ളം ചേർക്കാൻ തയ്യാറായത്
മത്സര ബുദ്ധിയോടെ ഒന്നാമതെത്തുക എന്ന ചിന്തയിലാണ് . ഇതിലേക്ക് പരസ്യമായും ആനുകൂല്യമായും വേണ്ടത്ര വളം ചേർത്ത് നല്കാൻ സർക്കാരുകൾ തയ്യാറായപ്പോൾ മാധ്യമ വിമർശം എന്നത് മലയാളിക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത വാക്കായി മാറിയ ആധുനിക കേരളമാണ് ഇപോൾ മുന്നിലുള്ളത് . ഈ സാഹചര്യത്തിൽ പണ്ടത്തെ മാധ്യമ വേട്ടയുടെ ആധുനിക രൂപം പ്രയോഗിക്കാൻ ഭരണ തലപ്പത്തുള്ളവർക്കു ആവേശം ഉണ്ടായാൽ അതിൽ ഒരു അതിശയോക്തിയും തോന്നേണ്ട കാര്യവുമില്ല .
അധികാരമുണ്ടെങ്കിൽ ഏതു മാധ്യമത്തെയും കൊലപ്പെടുത്താം, പക്ഷെ കാലം കരുത്തോടെ കാത്തിരിക്കും
പക്ഷെ ന്യായമായും മാധ്യമ വേട്ടക്ക് ഇരയാകുന്ന ഒരു സ്ഥാപനമോ അതിലെ ജീവനക്കാരോ എന്തിനാണ് ഈ അധികാര ഗർവെന്ന ചോദ്യമുയർത്തിയാൽ വേട്ട നടത്തുന്ന ഉദ്യോഗസ്ഥർക്ക് പറയാനുള്ളത് മുകളിൽ നിന്നുള്ള നിർദ്ദേശം മാത്രമാണെന്നാണ് . വലിയൊരു സാമ്പത്തിക സ്രോതസിന്റെ പിൻബലം ഇല്ലാത്ത സാധാരണക്കാരുടെ മാധ്യമമായി , പരസ്യ വരുമാനം ഇല്ലാതെ നിലനിൽക്കുന്ന മറുനാടൻ പോലെ ഒരു മാധ്യമത്തെ നിരുപാധികം ''കൊലപ്പെടുത്താൻ '' ഇതൊക്കെ ധാരാളം മതിയെന്ന് ചിന്തിച്ചവർ ഒട്ടും ചരിത്ര ബോധം ഇല്ലാത്തവരും കാലത്തിന്റെ നീതിയോടു ഒട്ടും വിശ്വാസം ഇല്ലാത്തവരും ആണെന്ന് മാത്രമേ പറയാനാകൂ. ഒരു മറുനാടനെ പൂട്ടിച്ചാൽ വിമർശക സ്വരത്തിന്റെ കാഠിന്യം കുറയുമായിരിക്കുമെങ്കിലും വിമർശം ഇല്ലാത്ത ഒരു സ്വപ്നലോകത്തിൽ സുഖമായി നാട് വാഴാം എന്ന് കരുതുന്ന തുഗ്ലക്കിന്റെ പിന്മുറക്കാർ ചെയ്ത ഒരു വിഡ്ഢിത്തം എന്നെങ്കിലും കുറഞ്ഞ പക്ഷം രേഖപ്പെടുത്തിയ ചരിത്രം മറുനാടൻ വേട്ടയെ വരും തലമുറയ്ക്കായി പരിചയപ്പെടുത്തൂ.
ഇതിൽ നിന്നും നിങ്ങൾ എന്ത് നേടി എന്നത് ഒരു പക്ഷെ അധികാരത്തിന്റെ ഗർവിൽ ഇരിക്കുന്നവരോട് ലോകത്തു എവിടെയും അനീതിയുടെ പക്ഷത്തു നിന്നും ചോദ്യങ്ങൾ ഉണ്ടാകുമ്പോഴും ആ ചോദ്യം തങ്ങളുടെ കര്ണപുടങ്ങളിൽ എത്തുന്നില്ല, അഥവാ ചരിത്ര വായനയ്ക്ക് അവർക്ക് സമയവും താല്പര്യവും ഇല്ല എന്നതാണ് ഇത്തരം വേട്ടക്കാർ എല്ലാക്കാലത്തും നേരിടുന്ന ദുർവിധിയും.