കോഴിക്കോട്: ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡ് എന്ന ചര്‍ച്ചയുമായി ഷാഫി പറമ്പിലെത്തുമ്പോള്‍ വെട്ടിലാകുന്നത് സര്‍ക്കാരും പോലീസും പിന്നെ സിപിഎമ്മും. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള തിരുവനന്തപുരത്തുകാരനാണ് അഭിലാഷ് ഡേവിഡ്. ശ്രീകാര്യം സിഐയായിരുന്ന അഭിലാഷ് പിന്നീട് റെയില്‍വേയിലേക്ക് മാറി. ഇതിന് പിന്നാലെ ചില കേസുകള്‍ വന്നു. ഇതാണ് പോലീസില്‍ നിന്നും പുറത്താക്കലിലേക്ക് കാര്യങ്ങളെത്തിയത്. തൊണ്ണൂറുകളില്‍ തിരുവനന്തപുരത്തെ എസ് എഫ് ഐ മുഖമായിരുന്നു അഭിലാഷ് ഡേവിഡ്. വഞ്ചിയൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പോലീസിന്റെ ഭാഗമായപ്പോഴും ഈ ബന്ധങ്ങള്‍ തുടര്‍ന്നു. ചില നിര്‍ണ്ണായക കേസുകള്‍ തെളിയിച്ചതോടെ അഭിലാഷിന്റെ കരിയര്‍ ഉയരുകയും ചെയ്തു. തൊടുപുഴയിലെ അരുണ്‍ ആനന്ദിന്റെ ക്രൂരത തെളിയിച്ചതും അഭിലാഷ് ഡേവിഡിന്റെ ചോദ്യം ചെയ്യലായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്യവേ കോവിഡുകാലത്ത് അടക്കം നടത്തിയ ഇടപെടലുകള്‍ വാര്‍ത്തയായി. ഇതിനിടെയാണ് ആരോപണങ്ങളുയരുന്നത്. അത് പുറത്താകലായി മാറി. എന്നാല്‍ ചില ഇടപെടലുകളിലൂടെ വീണ്ടും സര്‍വ്വീസില്‍ തിരിച്ചെത്തി. രാഷ്ട്രീയ സ്വാധീനമായിരുന്നു ഈ രഹസ്യ നീക്കങ്ങളില്‍ തുണച്ചത്. ഇതിനിടെയാണ് പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ അഭിലാഷ് ഡേവിഡ് സര്‍വ്വീസില്‍ തിരിച്ചെത്തിയത് കോണ്‍ഗ്രസ് പോലും അറിയുന്നത്. അഭിലാഷ് ഡേവിഡിന്റെ സാന്നിധ്യം പേരാമ്പ്ര കേസിനെ കൂടുതല്‍ ചര്‍ച്ചകളില്‍ എത്തിക്കും.

ഒരു കാലത്ത് ഓംപ്രകാശ് അടക്കമുള്ളവര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം ഓഫീസിലെ നിത്യ സന്ദര്‍ശകരായിരുന്നു. ഈ സമയത്ത് എസ് എഫ് ഐ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിലാഷ് ഡേവിഡും വഞ്ചിയൂരിലെ നിറ സാന്നിധ്യമായിരുന്നു. പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത്. ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കെ പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനാണ് അഭിലാഷിനെ പിരിച്ചുവിട്ടത്. റെയില്‍വേ പൊലീസില്‍ സിഐ ആയിരുന്ന അഭിലാഷ് നിലവില്‍ ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു അപ്പോള്‍. തലസ്ഥാനത്തെ ഗുണ്ടകള്‍ തമ്മിലുള്ള പണമിടപാടു തര്‍ക്കം പരിഹരിക്കാന്‍ 2 ഡിവൈഎസ്പിമാരും അഭിലാഷ് ഡേവിഡും ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ നിഥിന്‍, രഞ്ജിത്ത് എന്നിവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കാന്‍ മുട്ടടയിലുള്ള നിഥിന്റെ വീട്ടില്‍ വച്ച് 2 ഡിവൈഎസ്പിമാരും അഭിലാഷ് ഡേവിഡും ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. പാറ്റൂരില്‍ വച്ച് ഓംപ്രകാശിന്റെ നേതൃത്വത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത് ഈ നിഥിനെയാണ്. അങ്ങനെ ഗുണ്ടാ സംഘവുമായുള്ള ബന്ധമായിരുന്നു അഭിലാഷ് ഡേവിഡിന് വിനയായി മാറിയത്. അതിനിടെ ഷാഫി പറമ്പിലിനെ താന്‍ തല്ലിയിട്ടില്ലെന്നാണ് അഭിലാഷ് ഡേവിഡ് പറയുന്നത്. തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടില്ലെന്നും പറയുന്നു. ഇതോടെ പഴയ വാര്‍ത്തകള്‍ സംശയത്തിലാകുകയാണ്. പഴയ എസ് എഫ് ഐ ബന്ധം അഭിലാഷ് നിഷേധിക്കുന്നുമില്ല. തിരുവനന്തപുരത്തെ എസ് എഫ് ഐ കോട്ടകളായ ആര്‍ട്‌സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും ഒരു കാലത്ത് നിറഞ്ഞു നിന്ന വ്യക്തിയാണ് അഭിലാഷ് ഡേവിഡ്.

പേരമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വടകര കണ്‍ട്രോള്‍ റൂം സിഐ കൂടിയായ അഭിലാഷ് ഡേവിഡ് രംഗത്തു വന്നിട്ടുണ്ട്. ഷാഫിയുടെ ആരോപണങ്ങള്‍ തെറ്റാണ്. അടിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത് കറുത്ത ഹെല്‍മറ്റ് ധരിച്ച ആളാണ്. അന്ന് താന്‍ ധരിച്ചിരുന്നത് കാക്കി ഹെല്‍മറ്റ് ആണെന്നും താന്‍ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നെന്നും സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു. തന്നെ സവീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിന്റെ വാദം തെറ്റാണെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു. സവീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നില്ല. സസ്‌പെന്‍ഷന്‍ മാത്രമാണ് ഉണ്ടായത്. സസ്‌പെന്‍ഷനിലായ താന്‍ 22 മാസം മുന്‍പ് സര്‍വീസില്‍ കയറി. പിരിച്ചു വിട്ടിരുന്നുവെന്ന അന്നത്തെ വാര്‍ത്ത ഞാനും കണ്ടിരുന്നെന്നും സിഐ അഭിലാഷ് ഡേവിഡ് വിശദീകരിച്ചു. സര്‍വ്വീസ് നടപടിക്കെതിരെ അഭിലാഷ് നല്‍കിയ അപ്പീലില്‍ പിന്നീട് ഇന്‍ക്രിമെന്റ് റദ്ദാക്കി തിരിച്ചെടുത്തിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന. അതിന് ശേഷം തിരുവനന്തപുരത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു.

പേരാമ്പ്രയില്‍ തന്നെ മര്‍ദിച്ചത് അഭിലാഷ് ആണെന്നായിരുന്നു ഷാഫിയുടെ ആരോപണം. 'മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്‌പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണ്. പൊലീസ് സൈറ്റില്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ല. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സര്‍വീസില്‍ തിരികെ കയറ്റി. വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാള്‍. സര്‍വിസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഈ പൊലീസുകാരനടക്കമുള്ളവരുടെ രേഖകള്‍ പൊലീസ് ആസ്ഥാനത്തില്ല എന്നാണ് വിവരാവകാശ നിയപ്രകാരം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി. ഇത്തരം അക്രമികളായ പൊലീസുകാരെ ആരുമറിയാതെ പുനര്‍നിയമിച്ചത് കൊണ്ടാണ് ആ രേഖകള്‍ പുറത്ത് വിടാത്തത്' -ഷാഫി ആരോപിച്ചു.

ശബരിമല വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി നടത്തിയ ആസൂത്രിതമായ നീക്കമായിരുന്നു പേരാമ്പ്രയില്‍ പൊലീസിന്റെ നടപടികള്‍. സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത കൊള്ളയ്ക്കാണ് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ, അവിടുത്തെ ഉദ്യോഗസ്ഥരും തട്ടിപ്പുകാരും ചേര്‍ന്ന് നടത്തിയതെന്ന് ഓരോ ദിവസവും വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കട്ടവന്മാര്‍ ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലുമുണ്ട്. കൊള്ളയില്‍ പങ്കുപറ്റിയ സര്‍ക്കാരാണ് ഇത് എന്നതിനാലാണ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നതിന് പിന്നിലെന്നും ഷാഫി ആരോപിച്ചു. വിശ്വാസിയും അവിശ്വാസിയും ഇതു ക്ഷമിക്കില്ലെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.