തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരെ അപ്പീല്‍ പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നിയമമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതോടെ ശക്തമായ കേസുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇന്നലെ സൈബറിടത്തില്‍ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ അടക്കം മുഖ്യമന്ത്രിക്ക് മുന്നില്‍ അതിജീവിത പരാതി ബോധിപ്പിച്ചു.

ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച വൈകാരികമായിരുന്നു. ഇപ്പോഴുണ്ടായ വിധിയിയില്‍ തനിക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന വികാരമായിരുന്നു നടി മുഖ്യമന്ത്രിയോട് പങ്കുവെച്ചത്. സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അടക്കം പറഞ്ഞ് മുഖ്യമന്ത്രിയുടെ മുന്‍പിലിരുന്ന് വിങ്ങിക്കരഞ്ഞു അവര്‍. അതിജീവിത കണ്ണീരുമായി പ്രതികരിച്ചതോടെ മുഖ്യമന്ത്രി അവരെ ആശ്വസിപ്പിക്കാനും പാടുപെട്ടു.

താങ്കള്‍ കരയരുതെന്നും, ഈ നാട് മുഴുവന്‍ നിങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ആശ്വസിപ്പച്ചു. കേസില്‍ ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ മികച്ച അഭിഭാഷകരെ അടക്കം കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ട്ടിന്‍ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതു കൂടി പറഞ്ഞ് നടി കൂടുതല്‍ വികാരാധനീയായി. ഇതോടെ ആശ്വസിപ്പിച്ചു പിണറായി ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയാണ് ഉണ്ടായത്. കേസില്‍ ഉടന്‍ അപ്പീല്‍ പോകുമെന്നാണ് സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. കേരള ജനത ഒപ്പമുണ്ടെന്നും കേസില്‍ ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെ അതിജീവിതയുടെ പേര് വെളിപപെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ പൊലീസ് കേസെടുക്കും. ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് തീരുമാനം. ദിലീപിനു കേസില്‍ പങ്കില്ലെന്നാണ് വീഡിയോ വിശദീകരിക്കുന്നത്. കേസില്‍ മാര്‍ട്ടിന്‍ ആന്റണി 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. വിവാദമായ വീഡിയോ പ്രചരിച്ചവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കും. നടിയുടെ മൊഴിയില്‍ വീഡിയോ ഫോര്‍വേഡ് ചെയ്തവരെയും പ്രതി ചേര്‍ക്കും.

രണ്ടാം പ്രതി മാര്‍ട്ടിന്‍ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് അതിജീവിത നല്‍കിയ പരാതിയിലെ ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ പൊലീസില്‍ ഹാജരാക്കിയിരുന്നു. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ് സോഷ്യല്‍ മീഡിയയിലൂടെ മാര്‍ട്ടിന്റെ വീഡിയോ പുറത്ത് വിട്ടത്. കേസിന് ആസ്പദമായ സംഭവമേ നടന്നിട്ടില്ലെന്നും ദിലീപിന് എതിരെയാണ് ഗൂഢാലോചന നടന്നത് എന്നതടക്കമുളള വിചിത്രമായ കാര്യങ്ങളാണ് മാര്‍ട്ടിന്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പടെ സുപ്രധാന പ്രതികളെ വെറുതെ വിട്ടാണ് പ്രിന്‍സിപ്പല്‍ കോടതിയുടെ വിധിയെത്തിയത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തി ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും പിഴയും ചുമത്തിയിരുന്നു. എന്നാല്‍ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട വിധിയില്‍ അതിജീവിത രംഗത്തെത്തിയതോടെ കേസില്‍ സര്‍ക്കാരും മേല്‍കോടതിയെ സമീപിക്കുമെന്ന നിലപാട് അറിയിച്ചു. ദിലീപിനെതിരെ തെളിവ് നിരത്താന്‍ പ്രോസിക്യൂഷന് കഴിയാഞ്ഞതാണ് കേസില്‍ തിരിച്ചടിയായത്. ഹൈക്കോടതിയിലേക്ക് കേസ് എത്തുമ്പോള്‍ തെളിവുകള്‍ ബലപ്പെട്ടതാക്കാനും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് അടയ്ക്കാനുമാണ് സര്‍ക്കാര്‍ ശ്രമം.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറുവരെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ ഏഴു മുതല്‍ പത്തു വരെ പ്രതികളെയാണ് ജഡ്ജി ഹണി എം വര്‍ഗീസ് കുറ്റവിമുക്തരാക്കിയത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സിനില്‍കുമാര്‍ എന്‍ എസ്, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.