- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു കോടി 44 ലക്ഷം പൊടിച്ച് പരസ്യം നൽകി പ്രചരിപ്പിച്ചത് പച്ചക്കള്ളം; പിണറായിയുടേയും രാജീവിന്റേയും ഒരു ലക്ഷം സംരംഭങ്ങൾ കള്ളമെന്നതിന് തെളിവായി വൈദ്യുതി മന്ത്രിയുടെ നിയമസഭാ മറുപടി; വ്യവസായ ആവശ്യങ്ങൾക്ക് പുതുതായി നൽകിയത് 5312 വൈദ്യുത കണക്ഷനുകൾ മാത്രം; 'പിആർ ഭരണം' ചർച്ചകളിൽ നിറയുമ്പോൾ
തിരുവനന്തപുരം: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ നടപ്പാക്കി എന്ന വ്യവസായ മന്ത്രി പി. രാജിവിന്റെ അവകാശ വാദം കളവോ? നിയമസഭാ രേഖയാണ് നേരത്തെ മറുനാടൻ പുറത്തു വിട്ട കണക്കുകളിലെ കള്ളത്തരം ശരിവയ്ക്കും വിധം ചർച്ചകൾ ഉയർത്തുന്നത്. ഏപ്രിൽ 2022 മുതൽ മാർച്ച് 2023 വരെ വ്യവസായ ആവശ്യങ്ങൾക്കായി 5312 വൈദ്യുതി കണക്ഷനുകൾ മാത്രമാണ് നൽകിയതെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. ഈ മറുപടി അനുസരിച്ച് പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങൾക്കായി കെ എസ് ഇ ബി നൽകിയത് വെറും 5312 കണക്ഷനുകൾ മാത്രം. ഇതിൽ നിന്ന് തന്നെ ഒരു ലക്ഷം കണക്ക് കള്ളമാണെന്ന് വ്യക്തം.
കോൺഗ്രസ് എം എൽ എ സജീവ് ജോസഫാണ് ഇത് സംബന്ധിച്ച ചോദ്യം മാർച്ച് 17 ന് മന്ത്രി. കെ. കൃഷ്ണൻ കുട്ടിയോട് ഉന്നയിച്ചത്. വ്യവസായ ആവശ്യങ്ങൾക്ക് എൽ ടി 4 വൈദ്യുത കണക്ഷനാണ് നൽകുന്നത്. ആലപ്പുഴ 383, എറണാകുളം 527, ഇടുക്കി 255, കണ്ണൂർ 325, കാസർഗോഡ് 225, കൊല്ലം 389, കോട്ടയം 267, കോഴിക്കോട് 514, മലപ്പുറം 734, പാലക്കാട് 508, പത്തനംതിട്ട 112, തിരുവനന്തപുരം 399, തൃശൂർ 525, വയനാട് 149 എന്നിങ്ങനെ വ്യവസായ ആവശ്യങ്ങൾക്കായി നൽകിയത് 5312 വൈദ്യുത കണക്ഷനുകൾ.
പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും വരെ പുതിയ സംരംഭങ്ങളുടെ പട്ടികയിലുണ്ട് എന്ന് ഇതോടെ വ്യക്തം. അവകാശവാദം പൊളിഞ്ഞതോടെ ഇതു പരിശോധിക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനുമാണു വ്യവസായ വകുപ്പിന്റെ തീരുമാനം. പുതുതായി ആരംഭിച്ച സംരംഭങ്ങളുടെ പട്ടിക നൽകണമെന്ന് വിവരാവകാശ നിയമപ്രകാരം പലരും ആവശ്യപ്പെട്ടിട്ടും വ്യവസായവകുപ്പ് അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുകയായിരുന്നു. ചുരുക്കം ജില്ലകളിലെ വിവരങ്ങൾ മാത്രമാണു മാധ്യമങ്ങൾ അന്വേഷിച്ചതും ക്രമക്കേടുകൾ കണ്ടെത്തിയതും.
പുതിയ സംരംഭങ്ങളുടെ കണക്ക് നിയമസഭയിൽ വ്യവസായ മന്ത്രി പി. രാജിവിനോട് യു.ഡി.എഫ് എം എൽ എ മാർ ചോദിച്ചപ്പോൾ ' കണക്ക് തദ്ദേശ വകുപ്പിന്റെ കയ്യിലെന്ന രസകരമായ മറുപടി ആണ് ഉണ്ടായത്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആണ് ലക്ഷ്യമിട്ടത് എങ്കിലും 8 മാസം കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രിയുടെ വക തള്ള് . ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിക്ക് 2,39, 81, 558 രൂപയുടെ പരസ്യം ആണ് ദിന പത്രങ്ങൾക്ക് നൽകിയത്.
4,99,800 രൂപ യാണ് ശ്രവ്യ മാധ്യമങ്ങൾക്ക് പരസ്യ ഇനത്തിൽ നൽകിയത്.കാര്യങ്ങൾ ഒന്നും നടന്നില്ലെങ്കിലും പരസ്യത്തിനായി തുലച്ചത് മാത്രം 2,44, 81, 358 രൂപ. മുഖ്യമന്ത്രിയുടേയും മന്ത്രി പി. രാജിവിന്റേയും ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന അവകാശ വാദം മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ നിയമസഭ മറുപടിയിലൂടെ നുണകളാൽ കെട്ടിപൊക്കിയ തള്ള് മാത്രമായി മാറി.
ഒരു വർഷം കൊണ്ട് ഒരു ലക്ഷത്തിൽപരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തുടങ്ങുമെന്ന സർക്കാറിന്റെ അവകാശവാദം പൊള്ളയാണെന്നും ഇതിനായി കണക്കുകള് പെരുപ്പിച്ചുവെന്നുമാണ് പുറത്തുവന്ന വാർത്ത. ഏഴായിരം കോടിയുടെ നിക്ഷേപം എത്തുമെന്ന് അടക്കമായിരുന്നു സർക്കാർ അവകാശപ്പെട്ട കാര്യം. 2022 ഏപ്രിലിൽ സംരംഭക വർഷം പ്രഖ്യാപിച്ചിരുന്നത്. സംരംഭകർ ലക്ഷം പിന്നിട്ടപ്പോൾ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായി കേന്ദ്ര സർക്കാരിന്റെ വൻ അംഗീകാരവുമെത്തിയിരുന്നു.
എന്നാൽ ഒരു ലക്ഷം സംരംഭങ്ങൾ എന്നു പറഞ്ഞ സർക്കാർ നുണയാണ് വിവരങ്ങളാക്കിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ പട്ടിക പെരുപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും പട്ടികയിൽ ഇടംപിടിച്ചു. ഇത് കൂടാതെ 60 വർഷമായി പ്രവർത്തിക്കുന്ന ഹോമിയോ ക്ലിനിക്കും എട്ടു വർഷമായി പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് കടയും ഉൾപ്പെടെ പുതിയ സംരംഭമായി അവതരിപ്പിച്ചു. തൃശൂരിൽ തുറക്കാത്ത കടകളും പുതിയ സംരംഭങ്ങളുടെ പട്ടികയിലിടം നേടി. ഇങ്ങനെ സർക്കാർ അടിമുടി കള്ളങ്ങളാണ് പറഞ്ഞിരുന്നതെന്ന് വ്യക്തമായി.
പെട്ടിക്കടയും ബാർബർ ഷോപ്പും വരെ കണക്കെടുപ്പിൽ ഉൾപ്പെടുത്തി. ലോട്ടറി കടകളു ഇത്തരത്തിൽ സംരംഭങ്ങളായി. പട്ടികയിൽ ഉൾപ്പെട്ട മിക്കവരും വിവരം അറിഞ്ഞതേയില്ല. അതേസമയം, കേന്ദ്ര സർക്കാർ 2020ൽ മാനദണ്ഡം മാറ്റിയതു കൊണ്ടാണ് ഇതു സംഭവിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവ് ന്യായീകരിച്ചു. 'ഒരു ലക്ഷം സംരംഭക വർഷം' പഠിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പ്രതികരിച്ചു. ഇതിനായി ഇൻഡോർ ഐഐഎമ്മിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെയാണ് നിയമസഭയിൽ വൈദ്യുതി കണക്ഷൻ നൽകലിന്റെ കണക്ക് പുറത്തു വന്നത്.
മറുനാടന് മലയാളി ബ്യൂറോ