നെയ്യാറ്റിന്‍കര: അരുമാനൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത 'കുംഭമേള' പെണ്‍കുട്ടിയുടെ വിവാഹം കേവലം ഒരു പോക്‌സോ കേസില്‍ മാത്രം ഒതുങ്ങില്ലെന്ന് വ്യക്തമാകുന്നു. വിവാഹത്തിന് മുന്നോടിയായി മുസ്ലീം യുവാക്കളായ ഫര്‍മാന്‍ ഖാനും സുഹൃത്തും മതാചാരങ്ങള്‍ മറച്ചുവെച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്ന പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതീവ സുരക്ഷയുള്ള ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്കുണ്ടെന്നിരിക്കെ, നിയമങ്ങള്‍ കാറ്റില്‍ പറത്തി നടന്ന ഈ സന്ദര്‍ശനം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

മാര്‍ച്ചിലെ ആദ്യ ശനിയാഴ്ചയാണ് വിവാദമായ ഈ ക്ഷേത്ര ദര്‍ശനം നടന്നതെന്നാണ് സൂചനകള്‍. മുസ്ലീം കാമുകനും സുഹൃത്തും മതപരമായ കാര്യങ്ങള്‍ മറച്ചുവെച്ചാണ് ക്ഷേത്രത്തിനുള്ളില്‍ കടന്നത്. അതീവ പവിത്രമായ ക്ഷേത്രാചാരങ്ങളെ ലംഘിക്കാന്‍ ഇവര്‍ക്ക് ഒത്താശ ചെയ്തത് നെയ്യാറ്റിന്‍കര സ്വദേശിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ഭര്‍ത്താവുമാണെന്ന ആരോപണം ശക്തമാണ്. ഇവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരലംഘനം വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ക്ഷേത്രത്തില്‍, മതവിശ്വാസം മറച്ചുവെച്ച് ഇവര്‍ എങ്ങനെ പ്രവേശിച്ചു എന്നതില്‍ ക്ഷേത്ര ഭരണസമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ പങ്കും ക്ഷേത്ര സുരക്ഷാ ജീവനക്കാരുടെ വീഴ്ചയും ഗൗരവകരമായി തന്നെയാണ് കാണുന്നത്. സിസിടിവിയും പരിശോധിക്കും. ഇവര്‍ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ വിശദ അന്വേഷണം നടത്തും. നടപടികളും വരും.

ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയതോടെയാണ് വിവാഹത്തിന്റെ രാഷ്ട്രീയ നിറം മങ്ങിയത്. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി രേഖകളില്‍ ജനനത്തീയതി മറ്റൊന്നാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ വിവാഹത്തെ അനുകൂലിച്ച പ്രാദേശിക സി.പി.എം നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്.

ഫര്‍മാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ടെങ്കിലും അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള നടപടി താല്‍ക്കാലികം മാത്രമാണ്. ബാലപീഡനം തെളിഞ്ഞാല്‍ അത് ബലാത്സംഗ കേസായും പോക്‌സോ കേസായും മാറും. അങ്ങനെയെങ്കില്‍ പ്രതിക്ക് അഭയം നല്‍കിയവരും ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയവരും കുറ്റകൃത്യത്തില്‍ പങ്കാളികളാകും. ഇത് ഉദ്യോഗസ്ഥ ദമ്പതികള്‍ക്കും തിരിച്ചടിയാകും.

ചുരുക്കത്തില്‍, ഒരു രാഷ്ട്രീയ മാതൃക എന്ന നിലയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച 'അരുമാനൂര്‍ വിവാഹം' ഇപ്പോള്‍ വലിയൊരു നിയമക്കുരുക്കായി മാറിയിരിക്കുകയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരലംഘനവും ഇതിനിടെ ചര്‍ച്ചയാവുകയാണ്. കിഴക്കേകോട്ടയില്‍ നിന്നും ഇവര്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയോ എന്നത് സിസിടിവിയിലൂടെ കണ്ടെത്താനാകും. അങ്ങനെ വന്നാല്‍ നടപടികളും വേണ്ടിവരും.