തിരുവനന്തപുരം: പഹല്‍ഗാമിലെ തീവ്രവാദി ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കലാണ്. ശതകോടീകളാണ് ഇതിന് വേണ്ട പല വഴിയിലൂടെ ഇന്ത്യയിലേക്ക് ഒഴുക്കുന്നത്. ഈ പണമുപയോഗിച്ചാണ് തീവ്രവാദികള്‍ രാജ്യത്തെ വെല്ലുവിളിക്കുന്നത്. മലയാളികള്‍ അടക്കമുള്ളവരെ 'ഇര'കളാക്കിയാണ് ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേന്ദ്ര ഏജന്‍സികള്‍ പലവിധ റെയ്ഡുകള്‍ നടത്തി. എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നും ഏത് വഴിയാണ് വിദേശത്ത് നിന്നും പണം ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്നുമെല്ലാം മനസ്സിലാക്കി. ഗള്‍ഫിലെ സാധ്യതകളാണ് ഇതിന് കൂടുതല്‍ ഉപയോഗിക്കുന്നത്. യുഎഇയിലായിരുന്നു മുമ്പ് ഇതെല്ലാം പ്രധാനമായും നടന്നിരുന്നത്. എന്നാല്‍ ഇന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാധാരണക്കാരായ മലയാളി തൊഴിലാളികളെയാണ് പണം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഇരകളായി ഇവര്‍ ഉപയോഗിക്കുന്നത്.

ഗള്‍ഫിലെ സാധാരണക്കാരായ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സ്വാധീനിച്ചാണ് പണം അയയ്ക്കല്‍. മലയാളികള്‍ക്ക് അടക്കമുള്ളവര്‍ക്ക് ഗള്‍ഫില്‍ പണം കൈയ്യില്‍ കൊടുക്കും. അതിന് ശേഷം അവരുടെ അക്കൗണ്ടില്‍ അത് ഇടും. ഇന്ത്യയില്‍ നിന്നും ആ പണം പിന്‍വലിക്കും. അത് പക്ഷേ പോകുന്നത് തീവ്രവാദികളിലേക്കും. ബഹറിനില്‍ ഇതിന് വേണ്ടി വന്‍ ശ്രംഖല തന്നെ നിലവിലുണ്ട്. സാധാരണക്കാരായ മലയാളികളേയും ബംഗാളികളേയും മറയാക്കിയാണ് ഈ പണം കടത്ത്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് നേരിട്ട നിരോധനവും കള്ളപ്പണത്തിനും വിദേശ ഫണ്ടിംഗിനും എതിരെ ഇന്ത്യയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരന്തര നീക്കങ്ങളുമാണ് പാവപ്പെട്ടവരെ ഉപയോഗിച്ചുള്ള ഫണ്ട് കൈമാറ്റത്തിന് കാരണം. ആയിരക്കണക്കിന് ആളുകളുടെ അക്കൗണ്ടില്‍ ചെറു തുക ഒരു സമയം നിക്ഷേപിച്ച് അത് ഇന്ത്യയില്‍ പിന്‍വലിച്ച് തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ഈ രീതി. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇത് നടക്കുന്നുണ്ട്. മതിയായ നിയമ സംവിധാനങ്ങള്‍ ഇത്തരം സാമ്പത്തിക ഭീകര പ്രവര്‍ത്തനങ്ങളെ കണ്ടെത്താനോ തടയാനോ ആ രാജ്യങ്ങളില്‍ ഇല്ല. ഇതിന്റെ സാധ്യതയാണ് അവര്‍ ഉപയോഗിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി ഒഴുകുന്നത് കോടികളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കുന്ന സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് അനധികൃമായി രാജ്യത്തെ പല ഭാഗത്തുള്ള വിവിധ ബാങ്കുകളില്‍ പണമെത്തുന്നത്. ഇതിനായി പല ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു. ഈ രീതിയില്‍ എത്തുന്ന പണം രാജ്യത്തിനെതിരെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ ഉപയോഗിക്കുന്നു. കാലങ്ങളായി ഇത്തരം ഏജന്റുമാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാണ്. രണ്ട് ദിവസം മുന്‍പ് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ രാജ്യം ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു തിരിച്ചടി ഏതു നിമിഷവും ഉണ്ടായേക്കാം. വരും ദിവസങ്ങളില്‍ പാകിസ്താനുമായുള്ള ബന്ധം കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും രാജ്യത്തേക്ക് കാശ് അയക്കുന്ന അക്കൗണ്ടുകളെ നിരീക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓരോ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങളാണ് വിവിധ ബാങ്കുകളില്‍ എത്തുന്നത്. അത് പണമാക്കി മാറ്റി തീവ്രവാദികള്‍ക്ക് നല്‍കുകയും ചെയ്യുന്നു.

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് തുച്ഛമായ പണം നല്‍കിയാണ് ലക്ഷങ്ങള്‍ സുരക്ഷിതമായി കൈമാറുന്നത്. ഈ അക്കൗണ്ട് ഉടമകള്‍ക്ക് പണം എന്തിനാണ് വിനിയോഗിക്കുന്നതെന്ന അറിവ് പോലും ഉണ്ടാവണമെന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതും. ഏജന്റുമാര്‍ തേടിപിടിക്കുന്ന സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്നും ഒരു ദിവസം 10 ലക്ഷം രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യുന്നുണ്ടെന്നാണ് സൂചന. ഈ ഇടപാടുകളില്‍ കേന്ദ്ര ഇന്റലിജെന്‍സ് നിരീക്ഷണം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഒമാനില്‍ നിന്നും മറ്റുമെത്തുന്ന മയക്കുമരുന്നുകള്‍ക്ക് പിന്നിലും തീവ്രവാദ ഘടങ്ങളുണ്ടെന്നതാണ് വസ്തുത.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കല്‍ എന്നിവ തടയുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി യുഎഇ പലവിധ നടപടികളും എടുത്തിരുന്നു. രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ നടപടികളാണ് യുഎഇ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണവും ശക്തമാക്കി. ആഗോള സാമ്പത്തിക കേന്ദ്രമെന്ന സ്ഥാനം മെച്ചപ്പെടുത്താനാണ് യുഎഇയുടെ ശ്രമം. എന്നാല്‍ മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും ഇത്തരം പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ശക്തമായ നിയമനടപടി ഏര്‍പ്പെടുത്തിയാണ് കള്ളപ്പണം വെളുപ്പിക്കലിനെയും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനെയും യുഎഇ ചെറുക്കുന്നത്. സാമ്പത്തിക ഇടപാടില്‍ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ശക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് 2024-2027 ലെ നാഷനല്‍ സ്ട്രാറ്റജി ആന്‍ഡ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിലൂടെ ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് പല തീവ്രവാദ ഗ്രൂപ്പുകളും ബഹറിനിലേക്കും മറ്റും ചുവടു മാറിയത്.

ലോകമെമ്പാടുമുള്ള ഭീകരതയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ് എന്നാണ് ഇസ്രായേല്‍ ഇറാനെയും ഖത്തറിനെയും നേരത്തെ വിശേഷിപ്പിച്ചത്. ഇറാനും ഖത്തറും ഹിസ്ബുള്ളയ്ക്കും ഹമാസിനും ധനസഹായം നല്‍കുന്നുണ്ട്. ഇതിന് സമാനമായി ഇന്ത്യയെ തകര്‍ക്കാന്‍ ഗള്‍ഫിലെ സാധ്യതകളെയാണ് തീവ്രവാദ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നത്. മലയാള സിനിമയില്‍ അടക്കം സാമ്പത്തികം നല്‍കുന്ന കേന്ദ്രങ്ങള്‍ ദുബായിലും മറ്റുമുണ്ട്. ഇവരിലൂടെ എത്തുന്ന പണം തീവ്രവാദികളിലേക്ക് സിനിമാ നിര്‍മ്മാണത്തിന്റെ മറവില്‍ എത്തുന്നുവെന്ന സൂചനകളുമുണ്ട്.