തിരുവനന്തപുരം: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മുന്നണികളുടെ പടയൊരുക്കം. യു.ഡി.എഫിനു പരമ്പരാഗതമായി ലഭിക്കുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ അട്ടിമറിക്കാന്‍ ക്രിസ്ത്യന്‍ ഔട്ട്റീച്ചും മറ്റു വിവിധ പരിപാടികളുമായി ബി.ജെ.പി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ നിന്നും ലഭിച്ച പിന്തുണ ഇപ്പോഴും ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ ന്യൂനപക്ഷ സംഗമം നടത്താനൊരുങ്ങി സി.പി.എം. വോട്ടുകള്‍ മലക്കം മറിയില്ലെന്ന ആത്മവിശ്വാസത്തില്‍ യു.ഡി.എഫ്. സംസ്ഥാന ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം വരുന്ന ക്രിസ്ത്യന്‍ ജനവിഭാഗത്തിന്‍െ്റ വോട്ട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന തിരിച്ചറിവിലാണ് വിവിധ മുന്നണികള്‍. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ദിവസേന സഭാ നേതാക്കളെ സന്ദര്‍ശിക്കാനെത്തുന്ന വിവിധ പാര്‍ട്ടി നേതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്.

സംസ്ഥാനത്തെ ക്രൈസ്തവ വോട്ടര്‍മാരുമായി അടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്്. ക്രിസ്റ്റ്യന്‍ ഔട്ട്റീച്ച് പരിപാടിയുടെ ഭാഗമായാണ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിന്‍െ്റ ഭാഗമായി വിവിധ ജില്ലകളില്‍ ക്ലാസ്സുകളും ശില്‍പ്പശാലകളും നടക്കുന്നുണ്ട്. ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങളും സമുദായം നേരിടുന്ന പ്രശ്നങ്ങളുമാണ് ക്ലാസ്സുകളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്.

കേരളത്തിലെ ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്ന വിമര്‍ശനവും ചര്‍ച്ചാ വിഷയമാകുന്നുണ്ട്. ബി.ജെ.പി അനുകൂലികളുടെ ക്രൈസ്തവ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷനും (കാസ) സജീവമായി രംഗത്തുണ്ട്. മധ്യ കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിനിടയില്‍ അടുത്തകാലത്തായി ബി.ജെ.പിയോടുള്ള അനുകൂല മനോഭാവം വോട്ടാക്കി മാറ്റാനാണ് സംഘടനയുടെ ശ്രമം.

ക്രൈസ്തവര്‍ക്കിടയില്‍ സ്വാധീനം കുറയുകയാണെന്ന തിരിച്ചറിവില്‍ വിവിധ വിഷയങ്ങളില്‍ മൃദുസമീപനം കൈക്കൊള്ളുന്ന നിലപാടിലാണ് എല്‍.ഡി.എഫ്. സഭാ നേതൃത്വവുമായി അടുത്തിടപഴകാന്‍ പ്രാദേശിക നേതാക്കള്‍ക്ക് എല്‍.ഡി.എഫ് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ സംഗമത്തിന്‍െ്റ ലക്ഷ്യവും ഇതുതന്നെയാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് നീക്കം.

തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ, വോട്ട് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തുന്ന രാഷ്ട്രീയവിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. കെ.ജെ മാക്സി എംഎല്‍എയ്ക്കാണ് ക്രിസ്ത്യന്‍ സംഘടനകളെ ഈ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ചുമതല. കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ പ്രബന്ധാവതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഗമത്തിലുണ്ടാവുമെന്നാണ് സൂചന. അടുത്തമാസം പകുതിയോടെ കൊച്ചിയില്‍ വെച്ചാണ് സംഗമം നടക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്ന വിശ്വാസത്തിലുമാണ് സി.പി.എം.

തങ്ങളുടെ സ്വന്തമെന്നു കരുതിയിരുന്ന ക്രൈസ്തവ വോട്ട് ബാങ്കില്‍ വിള്ളല്‍ വീണത് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയാണ് കോണ്‍ഗ്രസിനെ അത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ക്രിസ്ത്യാനിക്കു നല്‍കി വീണ്ടും സഭാ നേതൃത്വത്തെ തൃപ്തിപ്പെടുത്താനും വോട്ടുകള്‍ നിലനിര്‍ത്താനും കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

സര്‍ക്കാരിന്‍െ്റ ന്യൂനപക്ഷ സംഗമം ഉള്‍പ്പെടെയുള്ള പരിപാടികളെ പ്രതിരോധിക്കാന്‍ സഭാ നേതൃത്വവുമായി നിരന്തര ആശയ വിനിമയത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിവാദ വിഷയങ്ങളില്‍ സഭയെ പിണക്കാതെ നോക്കാനാണ് യു.ഡി.എഫ് നേതൃത്വവും ശ്രമിക്കുന്നത്.