- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്‍ ആക്രമിച്ച് കവര്‍ച്ച 2021 ഏപ്രില്‍ മൂന്നിന്; കാറുടമയെന്ന പേരില്‍ ഷംജീര്‍ പരാതി നല്‍കിയത് ഏഴിന്; എര്‍ട്ടിഗോ ചേളന്നൂരുകാരന് പെരുമണ്ണക്കാരന്‍ വിറ്റത് രണ്ട് ദിവസം കഴിഞ്ഞ്; വാഹന വകുപ്പിന്റെ രേഖകളില്‍ പേരു മാറിയത് 18നും; പിച്ചാനറിയുടെ കാര്‍ വിറ്റ ഗൂഡാലോചന അന്വേഷിക്കാത്തത് 'ഡീലോ'? കൊടകരയില്‍ അന്നും ഇന്നും ദുരൂഹത മാത്രം
കോഴിക്കോട്: 2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ നാലു നാല്‍പതിന് കൊടകര മേല്‍പ്പാലത്തിന് 500 മീറ്റര്‍ തെക്ക് മാറി ദേശീയ പാത 544 വച്ചായിരുന്നു ആക്രമണം. രണ്ട് സ്വിഫ്റ്റ് കാറില്‍ അടക്കം മൂന്ന് കാറിലായി വന്ന് ആവലാതിക്കാരനും സുഹൃത്തും സഞ്ചരിച്ചിരുന്ന കെഎല്‍ 56 ജി 6789-ാം നമ്പര്‍ എര്‍ട്ടിഗാ കാറിന് മുമ്പിലും ഇടതു വശത്തും ഇടിച്ച് ബ്ലോക്ക് ചെയ്ത് ആവലാതിക്കാരനേയും സുഹൃത്തിനേയും കാറില്‍ വച്ചും പുറത്തു വലിച്ചിറക്കിയും ദേഹോപദ്രവും ഏല്‍പ്പിച്ചു. അതിന് ശേഷം കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപയും കാറും മോശം വിചാരത്തോടെ കൂട്ടായ്മ കവര്‍ച്ച ചെയ്തു- കൊടകരയിലെ കള്ളപ്പണ കവര്‍ച്ചയിലെ പോലീസ് ഇട്ട ആദ്യ എഫ് ഐ ആര്‍ ഇങ്ങനെയായിരുന്നു. 2021 ഏപ്രില്‍ മൂന്നിനായിരുന്നു ഈ സംഭവം. ഈ അപകടമാണ് പിന്നീട് കൊടകരക്കേസെന്ന നിലയില്‍ കുപ്രസിദ്ധമായത്. ഇതിലാണ് പുതിയ വെളിപ്പെടുത്തല്‍ ഇപ്പോഴുണ്ടാകുന്നത്. പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാണ്. അതിനിടെ കൊടകര കേസിലെ പല ദുരൂഹതകളും പോലീസ് അന്വേഷിച്ചിരുന്നില്ല. അപകടത്തില്‍ പെട്ട കാറിന്റെ വില്‍പ്പനയിലേക്ക് അടക്കം അന്വേഷണം നീണ്ടിരുന്നുവെങ്കില്‍ വസ്തുതകള്‍ പൂര്‍ണ്ണമായും പുറത്തു വരുമായിരുന്നു.
ആക്രമണത്തില്‍ ഈ എര്‍ട്ടിഗാ കാറിന് സാരമായ കേടുപാടുകള്‍ നല്‍കിയെന്നാണ് ഉടമ കൊടകര പൊലീസിന് നല്‍കിയ പരാതി. മൂന്നിന് നടന്ന ആക്രമണത്തില്‍ പരാതി നല്‍കിയത് ഏഴിനും. അതിന് ശേഷം കെഎല്‍ 56 ജി 6789-ാം നമ്പര്‍ എര്‍ട്ടിഗാ കാറിന്റെ ഉടമ മാറിയെന്നതാണ് കൗതുകകരമായ വസ്തുത. അക്രണത്തില്‍ തകര്‍ന്ന കാറിന്റെ രജിസ്ട്രേഷന്‍ രേഖകളില്‍ മാറ്റം സംഭവിച്ചത് മറുനാടന്‍ നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. അന്ന് തന്നെ ഇത് വിശദ വാര്‍ത്തയുമായി. എന്നാല്‍ ഈ വസ്തുകളൊന്നും ആരും പരിശോധിച്ചില്ല. ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തി പുതിയ വെളിപ്പെടുത്തല്‍ കേസിന്റെ പുനരന്വേഷണ സാധ്യതയാണ് ചര്‍ച്ചയാക്കുന്നത്. ഈ സമയം കാറിന്റെ രേഖാ മാറ്റം പരിശോധിച്ചാല്‍ പോലീസിന് നിര്‍ണ്ണായക തെളിവ് കിട്ടും. അതിലേക്കൊന്നും അന്വേഷണം നീളാത്തത് ഡീലിന്റെ ഭാഗമാണോ എന്ന സംശയം ശക്തമാണ്.
2012ല്‍ വാങ്ങിയ കാറിന്റെ ഓണര്‍ഷിപ്പ് ആക്രമണം നടക്കുമ്പോഴും കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് സമ്പ്രി പിച്ചാനറിയുടേതാണ്. ഏഴിന് പരാതി നല്‍കിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഈ കാര്‍ വിറ്റതായി രേഖയുണ്ടാക്കി. ഇതു പ്രകാരം കൊടകര പൊലീസില്‍ പരാതി നല്‍കിയ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഷംജീര്‍ ഷംസുദ്ദീനാണ് കാര്‍ വാങ്ങിയത്. ഏപ്രില്‍ ഒന്‍പതിന് വിറ്റ രേഖ ഉപയോഗിച്ച് 18ന് കാറിന്റെ രജിസ്ട്രേഷന്‍ രേഖകളിലും ഷംജീര്‍ ഷംസൂദ്ദീന്റെ പേര് വരികയും ചെയ്തു. അതായത് അക്രമത്തില്‍ തകര്‍ന്ന ശേഷമാണ് കാര്‍ ഔദ്യോഗികമായി വിറ്റിരിക്കുന്നത്. മുഹമ്മദ് സമ്പ്രി പിച്ചാനറിയുടെ പേര് കേസുകളില്‍ ഒന്നും വരാതിരിക്കാനാണ് തകര്‍ന്ന കാറിന്റെ ആര്‍സി രേഖകളില്‍ മാറ്റം വരുത്തിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
നാല് ദിവസം വൈകിയാണ് കേസ് നല്‍കിയതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണ്. ഷംജീര്‍ ഷംസുദ്ദീനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും കാറിലുണ്ടായിരുന്നു എന്ന് പറയുന്നു. ഇത് കോഴിക്കോടുകാരനായ ധര്‍മ്മരാജന്‍ എന്നും വ്യക്തമാണ്. ധര്‍മ്മരാജന്റെ പേര് കേസ് രേഖകളില്‍ വരാതിരിക്കാനാണ് ഷംജീറിനെ കൊണ്ട് പരാതി നല്‍കിയതെന്ന് വേണം അനുമാനിക്കാന്‍. ആര്‍ സി രേഖകളിലെ മാറ്റത്തിലൂടെ പിച്ചാനറിയും കേസില്‍ നിന്ന് രക്ഷപ്പെട്ടു.. ഇത്തരത്തില്‍ കാര്‍ വില്‍ക്കാനുണ്ടായ സംഭവം പൊലീസ് അന്വേഷിച്ചില്ല. ഈ വിഷയത്തിലേക്ക് അന്വേഷണം നീണ്ടാല്‍ കേസിന്റെ ഗതി തന്നെ മറ്റൊരു വിധത്തിലേക്ക് മാറും. വലിയ ഗൂഢാലോചന കവര്‍ച്ചയിലും പരാതി നല്‍കലിലും ഉണ്ടായെന്നും തെളിയും.
കര്‍ണ്ണാടകത്തില്‍ നിന്നാണ് കള്ളപ്പണം എത്തിയതെന്നും ഇത് കോഴിക്കോട് വച്ച് ഭാഗിച്ച് കിട്ടിയ തുകയുമായി കാര്‍ പത്തനംതിട്ടയിലേക്കാണ് പോയതെന്നുമായിരുന്നു വാര്‍ത്ത. ഇതിനിടെ തൃശൂരില്‍ ഈ രഹസ്യം ലീക്കായി. അതേ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ ഗൂഢാലോചന നടത്തി പണം തട്ടിയെന്ന തരത്തിലായിരുന്നു ആക്ഷേപം. ദേശീയ പാര്‍ട്ടിക്ക് വേണ്ടി എത്തിയതാണ് പണമെന്ന തരത്തില്‍ മനോരമയാണ് ഈ വാര്‍ത്ത 2021ല്‍ നല്‍കിയത്. ദേദശീയ പാര്‍ട്ടി വന്‍തുക കോഴിക്കോട് എത്തിച്ച ശേഷം വിവിധ ജില്ലകളിലേക്കു കൈമാറുന്നതിനിടയിലാണ് കൊടകരയില്‍ അപകട നാടകം നടത്തി കവര്‍ന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. ധര്‍മ്മരാജന്‍ എന്ന വ്യക്തിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയതെന്നും മനോരമ വാര്‍ത്ത നല്‍കി. ഇതോടെയാണ് വിവാദം ആളിക്കത്തിച്ചത്.
ന്നാണ് ഇന്നലെ മനോരമയുടെ വാര്‍ത്ത. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിശദാംശങ്ങളും പുറത്തു വരുന്നത്. ഇതോടെ ഈ കേസ് പൊലീസും ഗൗരവത്തോടെ എടുക്കും. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. സ്വര്‍ണ്ണ കടത്തിലും മറ്റും സംസ്ഥാന സര്‍ക്കാരിനെ തളര്‍ത്താന്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍ സജീവമാണ്. അതിന് തിരിച്ചടിയായി ഈ കേസിന്റെ സാധ്യതകള്‍ ആരായാനാണ് സിപിഎം തലത്തിലെ ആലോചന. ഭരണ തുടര്‍ച്ചയുണ്ടായാല്‍ കൊടകരയിലെ ഈ കേസില്‍ അന്വേഷണം പുതിയ തലത്തിലെത്തും. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാലും ഇതില്‍ ഗൗരവത്തോടെ അന്വേഷണം നടക്കും. തിരഞ്ഞെടുപ്പിനു 3 ദിവസം മുന്‍പ് ഏപ്രില്‍ 3നു പുലര്‍ച്ചെ 4.40ന് ആണ് 3.5 കോടി രൂപയുമായി ദേശീയപാതയിലൂടെ പോയിരുന്ന കാര്‍ കൊടകരയില്‍ മറ്റൊരു കാര്‍ ഇടിപ്പിച്ച ശേഷം കടത്തിക്കൊണ്ടുപോയത്. ഭൂമി ഇടപാടിനു കൊണ്ടുപോയ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയാണു കൊടകര പൊലീസില്‍ ലഭിച്ചത്. എന്നാല്‍ പരാതിയില്‍ പറയുന്നതിനേക്കാള്‍ പണം കാറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതിലേക്ക് അന്വേഷണം നീളാതെ മോഷണത്തില്‍ കുറ്റപത്രം നല്‍കി. ഇതിനാണ് തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലോടെ പുതിയ മാനം നല്‍കുന്നത്.
അതിനിടെ കൊടകര കുഴല്‍പ്പണക്കേസില്‍ ഇ.ഡി. അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബി.ജെ.പി. നേതൃത്വം അറിഞ്ഞുകൊണ്ടാണ്. കള്ളപ്പണമൊഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ബി.ജെ.പിയുടെ രീതിയെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 'ഏതോ ഒരു സ്ഥലത്ത് വെച്ച് നടന്ന തട്ടിക്കൊണ്ടുപോകല്‍ മാത്രമല്ല, ബിജെപി ഓഫീസിലേക്ക് തന്നെ കോടിക്കണക്കിന് രൂപ ചാക്കില്‍ കെട്ടിയ കള്ളപ്പണം വിതരണം ചെയ്തതിനിടയില്‍ ഉണ്ടായ സംഭവമാണ് കൊടകര. ഏറ്റവും ശക്തിയായ കേന്ദ്രീകൃതമായ കള്ളപ്പണ വിതരണം കേരളത്തിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. 41.6 കോടിയെ സംബന്ധിച്ചാണ് ഇപ്പോള്‍ പറയുന്നത്. അതില്‍ ഓരോ ഭാഗത്തേക്കും എത്തിച്ചിട്ടുള്ളതും അതിനടിസ്ഥാനപ്പെടുത്തി നടത്തിയിട്ടുള്ള എല്ലാ കാര്യങ്ങളും കേരളത്തിലെ ബി.ജെ.പി. നേതൃത്വം അറിഞ്ഞുകൊണ്ടാണ്. കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ എന്നത് ബിജെപി അഖിലേന്ത്യാ നേതൃത്വത്തിന്റേയും കേരള നേതൃത്വവും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന രീതി'- അദ്ദേഹം ആരോപിച്ചു.
കൊടകര വിഷയത്തില്‍ ശക്തമായ അന്വേഷണം നടക്കണം. കള്ളപ്പണംകൈകാര്യം ചെയ്തത് ബിജെപി നേതൃത്വത്തമാണ്. ഇ.ഡി. അന്വേഷിക്കണം. ഇ.ഡി. നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രമാണ്. ഭരണകക്ഷിയുടെ ഭാഗമായി വരുമ്പോള്‍ എന്ത് കൊള്ള നടത്തിയാലും യാതൊരു പ്രശ്‌നവുമില്ല എന്ന നിലപാടാണ്. ബിജെപി എന്താണോ ആഗ്രഹിക്കുന്നത് അതാണ് ഇ.ഡി. ചെയ്യുന്നത്. ഇത്രയും വലിയ കൊള്ള നടന്നിട്ടും ഇ.ഡിക്ക് യാതൊരു ഭാവവഭേദവുമില്ല. സമഗ്ര അന്വേഷണം വേണം. കേരള പോലീസിന്റെ അന്വേഷണം പാതിവഴിയില്‍ അല്ല. അന്വേഷണം കൃത്യമായി നടത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കൃത്യമായി ഇഡിക്കും എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കിട്ടുണ്ട്. അവര് അതില്‍ ഇടപെടുന്നില്ല. ഈ ഉപതിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ പണം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു- എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മൂന്നരക്കോടിരൂപ കൊടകരയില്‍ കവര്‍ന്ന കേസിന്റെ നടപടി പുരോഗമിക്കേ, കള്ളപ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നുപറഞ്ഞ് ബി.ജെ.പി.യുടെ മുന്‍ ഓഫീസ് സെക്രട്ടറി രംഗത്തെത്തിയിരുന്നു. ചാക്കില്‍ക്കെട്ടി പണം പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ എത്തിച്ചെന്നും എത്ര രൂപയാണ് ഉണ്ടായിരുന്നത് എന്നറിയില്ലെന്നുമാണ് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് പറഞ്ഞത്. പണം കൊണ്ടുവന്നത് പാര്‍ട്ടി അനുഭാവിയും വ്യാപാരിയുമായ ധര്‍മരാജ് ആണെന്നും പണച്ചാക്ക് ഓഫീസിലേക്ക് കയറ്റാന്‍ താന്‍ സഹായിച്ചെന്നും ഏതെല്ലാം നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് പിന്നീട് പുറത്തുവിടുമെന്നും സതീശ് പറഞ്ഞു. എന്നാല്‍, സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ രണ്ടുവര്‍ഷം മുന്‍പ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടയാളാണ് സതീശെന്നും ഇപ്പോള്‍ സതീശിനെ സി.പി.എം. വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ പ്രതികരിച്ചു.