കൊച്ചി: 2024 - ല്‍ കാന്‍സര്‍ ഇല്ലാ എന്ന റിപ്പോര്‍ട്ട് വക വയ്ക്കാതെ എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ വച്ച്, തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ വലതു മാറിടം റിമൂവ് ചെയ്തു എന്ന പ്രചരണം നിഷേധിക്കുന്ന തരത്തില്‍ ഡോ ജോജോ വി ജോസഫിന് വേണ്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന കുറിപ്പുകളില്‍ നിറയുന്നത് അവ്യക്തത മാത്രം. ലബോറട്ടറിയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, രോഗിയുടെകൂടെ ആവശ്യപ്രകാരം, രോഗിയുടെ സമ്മതത്തോടെയാണ് ബ്രസ്റ്റ് സര്‍ജറി നടത്തിയത്. സര്‍ജറിക്കു മുന്‍പ് മറ്റേതെങ്കിലും ടെസ്റ്റ്/ പരിശോധ നടത്താന്‍ ഡോ. ജോജോ ആവശ്യപ്പെടുകയോ, മറ്റേതെങ്കിലും ടെസ്റ്റ്/ പരിശോധയുടെ ഫലം ഡോ. ജോജോയെ രോഗിയോ രോഗിയുടെ കൂടെയുള്ളവരോ കാണിക്കുകയോ ചെയ്തിട്ടില്ല. സാധാരണ അംഗീകൃത പതോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ്, അതിന്റെ തുടര്‍ച്ചയായിട്ടാണ് ചികിത്സ/ സര്‍ജറി നടക്കുന്നത്. ഇവിടെ ഡോ. ജോജോയ്ക്ക് ലഭ്യമാക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയത്. മറ്റൊരു റിപ്പോര്‍ട്ടും (അവരുടെ കൈവശം ഉണ്ടായിരുന്നെങ്കില്‍ തന്നെ) ഡോ. ജോജോയ്ക്ക് അവര്‍ ലഭ്യമാക്കിയിട്ടില്ല. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെയാണ്, ഡോ ജോജോ വി. ജോസഫ് ബോധപൂര്‍വം ബ്രസ്റ്റ് സര്‍ജറി നടത്തി എന്ന പ്രചരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്-ഇതാണ് ആ കുറിപ്പിലെ വിശദീകരണം. ഈ സംഭവത്തില്‍ പോലീസ് ഇട്ട എഫ് ഐ ആറിലെ വിശദീകരണങ്ങളുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഈ വാദം പലവിധ സംശയങ്ങള്‍ക്കും ഇട നല്‍കുന്നു.

പോലീസ് എഫ് ഐ ആറില്‍ മൂന്ന് പ്രതികളുണ്ട്. തൃശൂര്‍ റൂറലിലെ ജീവ സ്പെഷ്യാലിറ്റ് ഹോസ്പിറ്റലാണ് ആദ്യ പ്രതി. ഇന്ദിരാ ആശുപത്രി രണ്ടാം പ്രതി. മൂന്നാം പ്രതി ഡോ ജോജോ വി ജോസഫും. 2024 ഓഗസ്റ്റില്‍ തന്നെ ഈ കേസ് എടുത്തിട്ടുണ്ട്. ഒന്നും രണ്ടും പ്രതിസ്ഥാപനങ്ങളുടേയും മൂന്നാം പ്രതിയുടെയും ഉദാസീനതയും അലംഭാവവും അശ്രദ്ധയും കൊണ്ട് ആവലാതിക്കാരിയുടെ വലതു സ്തനത്തിനുണ്ടായ വേദനയുടെ ചികില്‍സ സംബന്ധമായി ഒന്നാം പ്രതി സ്ഥാപനം 23.01.2024 തീയതി ആവലാതിക്കാരിയുടെ ബയോപ്സി ടെസ്റ്റ് നടത്തി ആവലാതിക്കാരിയുടെ വലതു സ്തനത്തിന് ക്യാന്‍സര്‍ ബാദയുണ്ടെന്ന തെറ്റായ റിസള്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് തുടര്‍ ചികില്‍സയ്ക്കായി രണ്ടാം പ്രതിസ്ഥാപനത്തില്‍ ചികില്‍സയ്ക്ക് എത്തി. 29.01.2024ന് കടവന്ത്രയിലുള്ള രണ്ടാം പ്രതിസ്ഥാപനത്തില്‍ ചികില്‍സ തേടിയ ആവലാതിക്കാരിയുടെ ബയോപ്സി ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ച് 02.02.2024ന് ലേക് ഷോര്‍ ആശുപത്രിയിലേക്ക് അയച്ചു. ആ ടെസ്റ്റ് റിപ്പോര്‍ട്ട് 13.02.2024ന് രണ്ടാം പ്രതിസ്ഥാപനത്തില്‍ ലഭിച്ചു. എന്നിട്ടും അത് പരിശോധിക്കാതെ 17.02.2024ന് ആവലാതിക്കാരിയുടെ വലതു സ്തനം മുറിച്ചു മാറ്റി-ഇതാണ് എഫ് ഐ ആര്‍ വിശദീകരിക്കുന്നത്. മൂന്നാം പ്രതിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയെന്നും പറയുന്നുണ്ട്. പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നതേ മറുനാടനും വാര്‍ത്തയാക്കിയിട്ടുള്ളൂ. ഈ എഫ് ഐ ആര്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകളും മാറിടം മുറിച്ചു മാറ്റിയ ഷീജാ പ്രഭാകരന്റെ പക്കലുണ്ട്. ഫെബ്രുവരി രണ്ടിന് സാമ്പിള്‍ ശേഖരിച്ചത് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയാണ്. ആ ടെസ്റ്റ് റിപ്പോര്‍ട്ട് കിട്ടിയത് രോഗിക്കുമല്ല. മറിച്ച് ആശുപത്രിയ്ക്കാണ്. ആ ആശുപത്രിയിലെ ഡോക്ടറാണ് ജോജോ വി ജോസഫ്. ജോജോയ്ക്കായി ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ വായിച്ചാല്‍ ഈ റിപ്പോര്‍ട്ട് രോഗിക്ക് കിട്ടിയെന്ന തരത്തിലാണ്. പോലീസ് എഫ് ഐ ആര്‍ പ്രകാരവും രേഖകള്‍ പ്രകാരവും അത് കിട്ടിയത് ആശുപത്രിയിലാണ്. ആശുപത്രിയുടെ റിക്കോര്‍ഡുകള്‍ പരിശോധിക്കാതെയാണോ ജോജോ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത് എന്ന ചോദ്യം പ്രസക്തമാണ്. അല്ലാത്ത പക്ഷം മനപ്പൂര്‍വ്വം പുതിയ ബയോപ്‌സി ആശുപത്രി അധികൃതര്‍ ഡോക്ടറെ കാണിച്ചില്ലെന്ന് വേണം കരുതാന്‍. അങ്ങനെയാണെങ്കില്‍ ആശുപത്രിയുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചിരിക്കുന്നു.

സാധാരണ ഗതിയില്‍ ഒരു ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് ആശുപത്രിയില്‍ കിടത്തി ചികില്‍സയുടെ ഭാഗമായുള്ള മെഡിക്കല്‍ രേഖകള്‍ പരിശോധിക്കും. ആ മെഡിക്കല്‍ രേഖകളില്‍ ആശുപത്രിയ്ക്ക് 13ന് കിട്ടിയ ബയോപ്‌സി റിപ്പോര്‍ട്ടും ഉണ്ടാകേണ്ടതാണ്. എന്തുകൊണ്ട് അത് രേഖകളില്‍ ഉണ്ടായില്ലെന്ന ചോദ്യം ഉയര്‍ത്തുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഡോക്ടര്‍ക്ക് അനുകൂലമായ കുറിപ്പും.

ഡോക്ടറെ ന്യായീകരിക്കുന്നവര്‍ ഉത്തരം നല്‍കേണ്ടത് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് കൂടിയാണ്

1, ഷീജാ പ്രഭാകരന്റെ ലേക് ഷോറില്‍ നടത്തിയ പരിശോധനയുടെ ബയോപ്‌സി റിപ്പോര്‍ട്ട് ഇന്ദിരാ ആശുപത്രിയില്‍ 13ന് കിട്ടി. ആ റിപ്പോര്‍ട്ട് ഡോക്ടറെ കാണിക്കേണ്ടത് ആശുപത്രിയുടെ ചുമതലയല്ലേ?

2, 17ന് ശസ്ത്രക്രിയ നടക്കുമ്പോള്‍ ഷീജാ പ്രഭാകരന്റെ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ലേക് ഷോറിലെ ബയോപ്‌സി റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലേ? 13നു കിട്ടിയ ബയോപ്‌സി റിപ്പോര്‍ട്ട് ആ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കേണ്ടത് അസുഖമാണെന്ന് കരുതി ചികില്‍സയിലുള്ള രോഗിയാണോ? അങ്ങനെ മെഡിക്കല്‍ റിപ്പോര്‍ട്ട് വച്ചിരുന്നില്ലെങ്കില്‍ അത് മെഡിക്കല്‍ എത്തിക്‌സിന്റെ ലംഘനമല്ലേ?

3, ക്യാന്‍സറില്ലാ റിപ്പോര്‍ട്ട് 13ന് ആശുപത്രിയില്‍ കിട്ടിയിട്ടും 17ന് രോഗമില്ലാ മാറിടം മുറിച്ചു മാറ്റിയത് പിഴവല്ലേ? ഇതു കാരണം ദുരിതമുണ്ടായത് രോഗിക്കല്ലേ? എന്തുകൊണ്ടാണ് രോഗിയുടെ ഈ വേദന ഡോക്ടറെ ന്യായീകരിക്കുന്നവര്‍ കാണാത്തത്?

ന്യായീകരണ തൊഴിലാളികള്‍ ഈ മൂന്ന് ചോദ്യത്തിനും ഉത്തരം പറയേണ്ടതാണ്. ഏതായാലും വീഴ്ചയുണ്ടായത് രോഗിക്കല്ല. മറിച്ച് ആശുപത്രിക്കോ ഡോക്ടര്‍ക്കോ ആണ്. ഇത് മറച്ചു വച്ച് രോഗിയെ കുറ്റം പറയുന്നവര്‍ തീര്‍ത്തും മൂഢസ്വര്‍ഗ്ഗത്തിലാണ്. ഡോക്ടര്‍ക്കാണോ ആശുപത്രിയ്ക്കാണോ വീഴ്ച എന്നാണ് ന്യായീകരണ തൊഴിലാളികള്‍ പറയുന്നത്.


ഡോ ജോജോ വി ജോസഫിന് വേണ്ടിയുള്ള പ്രചരണ വാദങ്ങള്‍ ചുവടെ

ഡോ.ജോജോ വി. ജോസഫിനെതിരെയുള്ള പ്രചാരണം തെറ്റാണ്

ആയിരക്കണക്കിനു കാന്‍സര്‍ രോഗികളെ ജീവനിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരികെ കൊണ്ടുവന്ന കാന്‍സര്‍ സര്‍ജനാണ് ഡോ.ജോജോ വി. ജോസഫ്. അദ്ദേഹത്തിനെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വിവിധ രീതികളില്‍ പ്രചരണം നടത്തുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് ആരാണ് ഡോ.ജോജോ വി. ജോസഫ്, അദ്ദേഹം പൊതുസമൂഹത്തിന് എന്തു നന്മയാണ് ചെയ്തിരിക്കുന്നത് എന്നതാണ്.

പ്രചരണം: 2024 - ല്‍ കാന്‍സര്‍ ഇല്ലാ എന്ന റിപ്പോര്‍ട്ട് വക വയ്ക്കാതെ എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ വച്ച്, തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ വലതു മാറിടം റിമൂവ് ചെയ്തു എന്നതാണ് അദ്ദേഹത്തിനെതിരെ പ്രചരിക്കുന്ന വാര്‍ത്ത.



മറുപടി/ യാഥാര്‍ത്ഥ്യം: കാന്‍സര്‍ രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുമായിട്ടാണ് വീട്ടമ്മ ഡോ. ജോജോ വി. ജോസഫിന്റെ അടുത്ത് ചികില്‍സക്ക് എത്തിയത്. തൃശൂരിലെ ഒരു ആശുപത്രിയില്‍ വച്ച് ബ്രസ്റ്റിലെ മുഴ നീക്കം ചെയ്യുകയും അതിന്റെ പരിശോധന ഫലം- ബ്രസ്റ്റ് കാന്‍സറാണ് എന്നുള്ള റിപ്പോര്‍ട്ടുമായാണ് രോഗി ഡോ. ജോജോയുടെ അടുത്ത് എത്തുന്നത്. ലബോറട്ടറിയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, രോഗിയുടെകൂടെ ആവശ്യപ്രകാരം, രോഗിയുടെ സമ്മതത്തോടെയാണ് ബ്രസ്റ്റ് സര്‍ജറി നടത്തിയത്. സര്‍ജറിക്കു മുന്‍പ് മറ്റേതെങ്കിലും ടെസ്റ്റ്/ പരിശോധ നടത്താന്‍ ഡോ. ജോജോ ആവശ്യപ്പെടുകയോ, മറ്റേതെങ്കിലും ടെസ്റ്റ്/ പരിശോധയുടെ ഫലം ഡോ. ജോജോയെ രോഗിയോ രോഗിയുടെ കൂടെയുള്ളവരോ കാണിക്കുകയോ ചെയ്തിട്ടില്ല. സാധാരണ അംഗീകൃത പതോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ്, അതിന്റെ തുടര്‍ച്ചയായിട്ടാണ് ചികിത്സ/ സര്‍ജറി നടക്കുന്നത്. ഇവിടെ ഡോ. ജോജോയ്ക്ക് ലഭ്യമാക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയത്. മറ്റൊരു റിപ്പോര്‍ട്ടും (അവരുടെ കൈവശം ഉണ്ടായിരുന്നെങ്കില്‍ തന്നെ) ഡോ. ജോജോയ്ക്ക് അവര്‍ ലഭ്യമാക്കിയിട്ടില്ല. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെയാണ്, ഡോ ജോജോ വി. ജോസഫ് ബോധപൂര്‍വം ബ്രസ്റ്റ് സര്‍ജറി നടത്തി എന്ന പ്രചരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ഡോ ജോജോ വി. ജോസഫിനെതിരെ വിവിധ രീതികളില്‍ പ്രചരണം നടത്തുന്നവര്‍ മനസിലാക്കേണ്ടത് ആരാണ് അദ്ദേഹമെന്നാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖരരായ 10 കാന്‍സര്‍ സര്‍ജന്മാരില്‍ ഒരാളാണ് അദ്ദേഹം. കാന്‍സര്‍ ചികിത്സാ രംഗത്ത് ഇരുപത്തിയഞ്ച്വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം അനേകം രോഗികളെ സൗഖ്യത്തിലേയ്ക്കും പുതുജീവനിലേയ്ക്കും നയിച്ചിട്ടുണ്ട്. ഇനിയും അനേകരെ സൗഖ്യത്തിലേയ്ക്കും പുതുജീവനിലേയ്ക്കും നയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള ഒരാള്‍ക്കെതിരെയാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിലൂടെ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്.

കൂടുതല്‍ സമ്പത്ത് ഉണ്ടാക്കാന്‍ വേണ്ടി സര്‍ജറി ചെയ്യുന്ന വ്യക്തി അല്ല ഡോ. ജോജോ. പരമാവധി ശസ്ത്രക്രിയ ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിക്കുക. അദ്ദേഹത്തെ ചികിത്സയ്ക്കായി സമീപിച്ചിട്ടുള്ള ആളുകള്‍ക്ക് അത് അറിയാവുന്നതാണ്. എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും അതിനായി നരത്താവുന്നതാണ്.

കാന്‍സറിനെ സംബന്ധിച്ച് സമൂഹത്തിന് ശക്തയായ അവബോധം നല്‍കാന്‍ നേരിട്ടും വീഡിയോയിലൂടെയും ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. ജീവിക്കാന്‍ വേണ്ട പണത്തിനായി അദ്ദേഹത്തിന് ചികില്‍സാ രംഗം മാത്രം ശ്രദ്ധിച്ചാല്‍ മതി. എങ്കിലും സാധാരണക്കാര്‍ക്ക് കാന്‍സറിനെ കുറിച്ച് കൃത്യമായും ശാസ്ത്രീയമായും ഉള്ള അറിവുകള്‍ നല്‍കുക എന്ന നല്ല ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ വീഡിയോകളും ലേഖനങ്ങളും ക്ലാസുകളും പുസ്തകവുമെല്ലാം. .

കാന്‍സര്‍ ചികില്‍സാ രംഗത്തെ വ്യാജ പ്രചാരണങ്ങള്‍ക്കും അശാസ്ത്രീയതകള്‍ക്കുമെതിരേ ധീരതയോടെ പോരാടുന്ന ആളാണ് അദ്ദേഹം. അതിനാല്‍ത്തന്നെ വ്യാജമരുന്ന് ലോബികള്‍ക്കും വ്യജചികിത്സകര്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും അസ്വസ്തതയുളവാക്കിയിരുന്നു. അവരത് പല രീതിയിലും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മുന്‍പ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ പൂട്ടിക്കാന്‍ അത്തരക്കാര്‍ ശ്രമിച്ചിരുന്നു. ഇപ്പോഴത്തെ ആരോപണം അത്തരക്കാര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ കമന്റുകള്‍ ശ്രദ്ധിച്ചാല്‍ അതു മനസിലാകും.

വിവിധ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് തുടക്കമിടുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള ആളാണ് ഡോ. ജോജോ. ധാക്കയിലെ അപ്പോളോ കാന്‍സര്‍ കെയര്‍ സെന്റര്‍, കോട്ടയം കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവിന്റെ മിഷന്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങിയവയുടെ തുടക്കത്തിലും വളര്‍ച്ചയിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. ഈ സ്ഥാപനങ്ങളിലൂടെ എത്രയെത്ര ആളുകള്‍ ജീവനിലെയ്ക്ക് തിരിച്ചു വന്നിട്ടുണ്ട്. എത്രയോ മനുഷ്യ ജീവനുകള്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ പ്രതികരിക്കുന്നവര്‍ അദ്ദേഹത്തിന്റെ പഠനവും യോഗ്യതയും അറിഞ്ഞിരിക്കുന്നതും നല്ലതാണ്. എം .സി .എച്ച് (ഓങ്കോ സര്‍ജറി) ഗുജറാത്ത് യൂണിവേഴ്‌സിറ്റി, എം.എസ് (ശസ്ത്രക്രിയ) സൗരാഷ്ട്ര യൂണിവേഴ്‌സിറ്റി, എം.ബി.ബി.എസ് (കോട്ടയം മെഡിക്കല്‍കോളേജ്) - ഇതൊക്കെയാണ് അദ്ദേഹത്തിന്റെ അക്കാദമിക്ക് യോഗ്യതകള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കാന്‍സര്‍ സര്‍ജന്‍ എന്നതിനൊപ്പം അദ്ദേഹം മറ്റ് എന്തെല്ലാം ചെയ്തു എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. മിനിമല്‍ ആക്‌സസ് സര്‍ജറിയില്‍ ഫെലോഷിപ്പ്, ഓര്‍ഗന്‍ കണ്‍സര്‍വിംഗ് ക്യാന്‍സര്‍ സര്‍ജറികളില്‍ പരിശീലനം, മുന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജി (അപ്പോളോ കാന്‍സര്‍ കെയര്‍), അഹമ്മദാബാദ് ബി.ജെ മെഡിക്കല്‍ കോളേജിലെ മുന്‍ അധ്യാപക ഫാക്കല്‍റ്റി, കാന്‍സര്‍ സര്‍ജറികളില്‍ നിരവധി സര്‍ജന്മാര്‍ക്ക് പരിശീലനം നല്‍കല്‍, 50-ലധികം ശില്‍പശാലകളിലും സര്‍ജിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സിലും ഫാക്കല്‍റ്റി, ഇന്‍ഡെക്സ് ചെയ്ത ജേണലുകളില്‍ കാന്‍സര്‍ സര്‍ജറികളെക്കുറിച്ച് 50-ലധികം ലേഖനങ്ങള്‍, 250 ലധികം കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയ ആള്‍, ഇന്ത്യയിലെ മികച്ച 10 ഓങ്കോ സര്‍ജന്‍മാരില്‍ ഒരാളായി ഗോള്‍ഡന്‍ എയിം അവാര്‍ഡ്, 20000-ലധികം കാന്‍സര്‍ ശസ്ത്രക്രിയകള്‍ - ഇതെല്ലാമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹം ചെയ്തത്.

ഈ ഒരു പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പോലിസ് കേസ് എടുത്തിട്ടുണ്ട് എന്നും ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നുണ്ട്. എങ്കില്‍ ആ കേസ് തീര്‍പ്പാക്കാന്‍ ഇവിടെ പോലീസും കോടതിയും ഇല്ലേ? പിന്നെന്തിനാണ് സോഷ്യല്‍ മീഡിയ പോലീസിന്റെയും മീഡിയയുടെയും റോള്‍ ഏറ്റെടുക്കുന്നത്? അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അല്ലാതെ മറ്റ് എന്തിനാണ്?

ഒരു കാര്യം കേരളത്തിലെ പൊതു സമൂഹം ഓര്‍മ്മിക്കണം. ഡോ.ജോജോ വി. ജോസഫ് ആയിരക്കണക്കിനു രോഗികളുടെ രക്ഷകനാണ്. ഈ ഡോക്ടറുടെ ഇടപെടല്‍ അനേകം രോഗികളെ സൗഖ്യത്തിലേയ്ക്കും പുതുജീവനിലേയ്ക്കും നയിച്ചു; ഇനിയും അനേകരെ സൗഖ്യത്തിലേയ്ക്കും പുതുജീവനിലേയ്ക്കും നയിക്കേണ്ടിയിരിക്കുന്നു. ഇതുപോലെയുള്ള ഡോക്റ്റര്‍മാര്‍ നമ്മുടെ നാട്ടില്‍ അധികമില്ല എന്നോര്‍ക്കുന്നതും നല്ലതാണ്. അതിനാല്‍ വ്യാജന്മാര്‍ പറഞ്ഞു പരത്തുന്നത് വിശ്വസിക്കാതിരിക്കുക. നന്മയുടെ ദീപങ്ങളെ കെടാതെ സംരക്ഷിക്കുക.

ഈവിഷയത്തില്‍ മറ്റൊരു ഡോക്ട്ടര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത് ഇവിടെ ചേര്‍ക്കുന്നു: ആദ്യ റിപ്പോര്‍ട്ട് ഒരു ലളിതമായ ബയോപ്‌സി റിപ്പോര്‍ട്ട് മാത്രമല്ല. ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് ഹിസ്റ്റോപത്തോളജി പരിശോധനയ്ക്ക് അയച്ചു. ആദ്യ സംഭവത്തില്‍ ആ റിപ്പോര്‍ട്ടില്‍ സംശയിക്കേണ്ട കാര്യമില്ല. ട്യൂമര്‍ സാമ്പിള്‍ ലേക്ഷോര്‍ ആശുപത്രിയിലേക്ക് അയച്ചത് ഒരു സെക്കന്‍ഡ് ഒപിനിയനല്ല, മറിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മെഡിക്കല്‍ മാനേജ്മെന്റിനെ സഹായിക്കുന്നതിനുള്ള ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പഠനത്തിന്റെ ഭാഗമായാണ്. ഒരു സര്‍ജന്‍ എന്ന നിലയില്‍ ഡോ. ജോജോ ശസ്ത്രക്രിയ നടത്തുന്നത് പൂര്‍ണ്ണമായും ന്യായീകരിക്കപ്പെടുന്നു, കാരണം ഒരു പ്രശസ്ത ഓങ്കോളജിസ്റ്റ് രോഗിയെ അദ്ദേഹത്തിലേക്ക് റഫര്‍ ചെയ്തു. ഒരു മെഡിക്കല്‍ അല്ലാത്ത വ്യക്തിയുടെ കണ്ണില്‍ ഇത് സര്‍ജന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണമായ അശ്രദ്ധയായി തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അശ്രദ്ധ ആരോപിക്കപ്പെട്ടാല്‍, രോഗിയെ അവസാനമായി കണ്ട സര്‍ജനേക്കാള്‍ റിപ്പോര്‍ട്ട് നല്‍കിയ പാത്തോളജിസ്റ്റ്‌നല്ലേ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം.

ഒരു കാര്യവുംകൂടി ചോദിച്ച് അവസാനിപ്പിക്കാം: ഈ വിമര്‍ശിക്കുന്ന എത്രപേര്‍ ഏതെങ്കിലുമൊരു മനുഷ്യ ജീവന്‍ രക്ഷിച്ചിട്ടുണ്ട്?

ഷീജാ പ്രഭാകരന്റെ കണ്ണീര്‍ കഥ ചുവടെ

കാന്‍സര്‍ ഇല്ലാ എന്ന റിപ്പോര്‍ട്ട് വക വയ്ക്കാതെ മാറിടം മുറിച്ചുമാറ്റി എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രി. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിനിയായ 54 വയസ്സുകാരി ഷീജാ പ്രഭാകരന്റെ വലതു മാറിടമാണ് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്. 2024 ലാണ് സംഭവം. മാറിടത്തില്‍ വേദന വന്നതിനെ തുടര്‍ന്ന് ഷീജാ പ്രഭാകരന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പോളി ടി ജോസഫ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കൊടകര ശാന്തി ഹോസ്പിറ്റലില്‍ ചികിത്സ തേടി. പ്രാഥമിക പരിശോധനയില്‍ ബ്രസ്റ്റ് കാന്‍സറാണെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചു. സ്ഥിരീകരിക്കാനായി തൃശൂരിലെ ജീവാ ലബോറട്ടറീസിലേക്ക് ബയോപ്സി പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ പോളി ടി ജോസഫ് പറഞ്ഞു. മറ്റൊരു ആശുപത്രിയില്‍ കൂടി പോയി രോഗം സ്ഥിരീകരിക്കാന്‍ തീരുമാനിച്ച ഷീജ ശാന്തി ഹോസ്പിറ്റലിനേക്കാള്‍ കുടുതല്‍ സൗകര്യമുള്ള കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തി.

2024 ഫെബ്രുവരി 2 ന് ക്യാന്‍സര്‍ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വിപി ഗംഗാധരനെയാണ് കണ്ടത്. റിസള്‍ട്ട് നോക്കിയ ശേഷം ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് മുന്‍പ് തൃശൂരിലെ ലബോറട്ടറിയില്‍ പരിശോധിച്ച ബയോപ്സി സാംപിള്‍ വീണ്ടും പരിശോധിക്കണമെന്നും അതിന് ശേഷം മാത്രമേ സര്‍ജറി നടത്തൂ എന്നും ഡോക്ടര്‍ ഷീജയോട് പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അതേ ദിവസം രാത്രിയോടെ തൃശൂരിലെ ലാബില്‍ നിന്നും ബയോപ്സി സാംപിള്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ബയോപ്സിക്കായി ലേക്ക് ഷോര്‍ ആശുപത്രിയിലേക്ക് സാംപിള്‍ അയച്ചു. പിന്നീട് കണ്ടത് ഡോക്ടര്‍ ബിനിലിനെയാണ്. മറ്റ് പരിശോധനകള്‍ നടത്തിയ ശേഷം ഉടന്‍ സര്‍ജറി നടത്തണമെന്ന് അറിയിച്ചു.

സര്‍ജറിക്കായി ഓണ്‍കോളജി സര്‍ജന്‍ ഡോ. ജോജോ വി ജോസഫിനെയാണ് കണ്ടത്. സര്‍ജന്റെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരി 16 ന് ആശുപത്രിയില്‍ അഡ്മിറ്റായി. 17 ന് ഷീജയുടെ മാറിടം ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് മൊബൈലില്‍ പകര്‍ത്തിയ ലേക്ക് ഷോര്‍ ആശുപത്രിയിലെ ബയോപ്സി റിസള്‍ട്ട് വ്യക്തമായി പരിശോധിക്കുന്നത്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാവുന്നത്. കാന്‍സര്‍ ഇല്ലാ എന്ന്. ശസ്ത്രക്രിയ നടത്തിയ ഭാഗം വീണ്ടും ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്സിക്ക് അയച്ചപ്പോഴും കിട്ടിയ റിസള്‍ട്ടിലും കാന്‍സര്‍ ഇല്ലാ. ഇതോടെ മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ബന്ധു ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്സിക്ക് കൊടുത്ത സാംപിള്‍ തിരികെ വാങ്ങി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ബയോപ്സി ചെയ്തു. അപ്പോഴും റിസള്‍ട്ട് നെഗറ്റീവായിരുന്നു. കാന്‍സര്‍ ഇല്ല. അപ്പോഴാണ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ നടത്തിയ ബയോപ്സ് റിസള്‍ട്ട് നോക്കാതെയാണ് ഡോ.ജോജോ വി ജോസഫ് സര്‍ജറി നടത്തിയത് എന്ന് മനസ്സിലായത്.

കാന്‍സറില്ലാതിരുന്ന തന്റെ മാറിടം മുറിച്ചു മാറ്റിതിനെതിരെ ഷീജ പരാതിയുമായി മുന്നോട്ട് പോയി. കടവന്ത്ര പോലീസ് തൃശൂരിലെ ജീവാ ലബോറട്ടറീസ്, കടവന്ത്ര ഇന്ദിരാ ഗാന്ധി ഹോസ്പിറ്റല്‍, ഡോ. ജോജോ വി ജോസഫ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബി.എന്‍.എസ് 125, 125(b) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേ സമയം തൃശൂരിലെ ജീവാ ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയത് എന്ന് ഡോ.ജോജോ വി ജോസഫ് മറുനാടനോട് പ്രതികരിച്ചു. ചികിത്സയ്ക്ക് എത്തുന്നവര്‍ കൊണ്ടു വരുന്ന പരിശോധനാ ഫലം വീണ്ടും പരിശോധിപ്പിക്കാറില്ലെന്നും ഡോക്ടര്‍ പറയുന്നു. ഞങ്ങള്‍ നല്‍കുന്ന റിസള്‍ട്ട് വച്ച് ആരും സര്‍ജറി ചെയ്യാറില്ലാ എന്നാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ തൃശൂരിലെ ജീവാ ലബോറട്ടറിയുടെ വിചിത്രമായ പ്രതികരണം. സര്‍ജറിക്ക് ശേഷം ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടിലാണെന്നും കാന്‍സറില്ലാത്ത അമ്മയുടെ മാറിടം മുറിച്ചു മാറ്റിയവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷീജയുടെ മകള്‍ കാവ്യ പറഞ്ഞു.