- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്റ്റര്‍ ബിയെ വെല്ലുവിളിച്ചു ഡോ. സൗമ്യ സരിന്‍; അയാള്‍ പറയുന്നതെല്ലാം പെരും നുണകള്‍; അയാളെ തുറന്നു കാട്ടിയതു യുകെയിലെ വ്യാപകമായ ചതിയന്മാരെക്കുറിച്ചു കേട്ടറിഞ്ഞതോടെ; യുകെ മലയാളികള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തണം; കേരളത്തിലേക്ക് യാത്രയാകും മുന്‍പേ ദുബായില്‍ നിന്നും സൗമ്യ മറുനാടന്‍ മലയാളിയോട് പങ്കുവച്ചത് ചതിക്കപ്പെട്ടതിന്റെ രേഖകളും
മിസ്റ്റര്‍ ബിയെ വെല്ലുവിളിച്ചു ഡോ. സൗമ്യ സരിന്‍
ലണ്ടന്‍: ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഡോ. സൗമ്യ സരിന്‍ തന്റെ യുകെ യാത്രയുമായി ബന്ധപ്പെട്ടു നടത്തിയ വിവാദ വെളിപ്പെടുത്തലിനു പുതിയ തലങ്ങള്‍. മിസ്റ്റര്‍ ബി എന്ന വിശേഷണത്തോടെ യുകെ മലയാളിയായ ബുക്കിംഗ് ഏജന്റ് യാത്രയുടെ പേരില്‍ വാങ്ങിച്ചെടുത്ത 4000 പൗണ്ട് മടക്കി കിട്ടുന്നതിന്റെ ഭാഗമായി സൗമ്യ നടത്തിയ ഫേസ്ബുക്ക് ലൈവ് വെളിപ്പെടുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വെളിപ്പെടുത്തല്‍ നാലു ദിവസങ്ങള്‍ പിന്നിടുമ്പോഴും വിവാദം മങ്ങുന്നതിനു പകരം കരുത്തുനേടുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.
ഫേസ്ബുക്കില്‍ ഏഴര ലക്ഷത്തോളം പേരും ഇന്‍സ്റ്റാഗ്രാമില്‍ രണ്ടു ലക്ഷത്തോളം പേരും ഫോളോ ചെയ്യുന്ന സൗമ്യ സമകാലിക സംഭവങ്ങളില്‍ എല്ലാം അഭിപ്രായം പറയുന്ന വ്യക്തി കൂടി ആയതിനാല്‍ സ്വയം ചതിക്ക് ഇരയായി എന്ന വെളിപ്പെടുത്തല്‍ വിശ്വസിക്കാനാകാതെയാണ് സോഷ്യല്‍ മീഡിയ ലോകം ഏറ്റെടുത്തത്. സൗമ്യ ആരാണ് തന്നെ ചതിച്ചതെന്നു വെളിപ്പെടുത്തിയില്ലെങ്കിലും സൗമ്യ പറയുന്ന കാര്യങ്ങള്‍ക്ക് പിന്നിലുള്ള യുകെ മലയാളിയെ കണ്ടെത്തിയ വിവരവുമായാണ് പിറ്റേന്ന് മറുനാടന്‍ മലയാളി പുറത്തിറങ്ങിയത്.
സൗമ്യ കൂടുതല്‍ വെളിപ്പെടുത്തലും തെളിവുകളും നല്‍കുമ്പോള്‍ മിസ്റ്റര്‍ ബി പ്രതിരോധത്തിലേക്ക്
എന്നാല്‍ സൗമ്യ തന്നെ വഞ്ചിച്ച വ്യക്തിയുടെ പേര് നിയമപരമായി പറയാതിരുന്നതിനാല്‍ അതേ നിലപാട് തന്നെയാണ് മറുനാടന്‍ മലയാളിയും സ്വീകരിച്ചത്. എന്നാല്‍ ആരാണ് മിസ്റ്റര്‍ ബി എന്നതിലേക്ക് വ്യക്തമായ സൂചന ലഭിക്കും വിധം നല്‍കിയ വാര്‍ത്ത പുറത്തു വന്നതോടെ മിസ്റ്റര്‍ ബി തന്നെ നേരിട്ട് മറുനാടന്‍ മലയാളിയെ ബന്ധപ്പെടുക ആയിരുന്നു. തുടര്‍ന്ന് അയാള്‍ നല്‍കിയ ചില വാട്സാപ്പ് സ്‌ക്രീന്‍ ഷോട്ടുകളുടെ അടിസ്ഥാനത്തില്‍ സൗമ്യ പറയാതെ പോയ കാര്യങ്ങള്‍ അടക്കം ഇരുവരും തമ്മിലുള്ള വിവാദത്തില്‍ ഇഴചേര്‍ന്നിട്ടുണ്ട് എന്നതിനാല്‍ മിസ്റ്റര്‍ ബി പറഞ്ഞ കാര്യങ്ങളും മറുനാടന്‍ മലയാളി അയാളുടെ ഭാഗമായി വെളിപ്പെടുത്തിയിരുന്നു.
ഇതോടെ ആരുപറയുന്നതിനാലാണ് കൂടുതല്‍ വാസ്തവം എന്ന ചര്‍ച്ചയായി മലയാളികള്‍ക്കിടയില്‍. പ്രത്യേകിച്ചും സൗമ്യ പേര് പറയാതിരിക്കുകയും ആരോപണ വിധേയനായ വ്യക്തി തന്റെ അദൃശ്യത മറനീക്കി പുറത്തു വരാതിരിക്കുകയും ചെയ്തതോടെ സൗമ്യ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആയ സാഹചര്യത്തിലാണ് തന്നെ ചതിച്ച വ്യക്തിയെ ഒറ്റപ്പെടുത്താന്‍ യുകെ മലയാളികള്‍ തയ്യാറാകണം എന്ന അഭ്യര്‍ത്ഥനയോടെ അവര്‍ മറുനാടന്‍ മലയാളിയുടെ സഹായം തേടി ഇന്നലെ ബന്ധപ്പെട്ടത്. മാത്രമല്ല താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എതിരെ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ തെളിവുകളുമായി മുന്നില്‍ എത്താന്‍ മിസ്റ്റര്‍ ബിയെ വെല്ലുവിളിക്കാന്‍ കൂടിയാണ് സൗമ്യ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
സൗമ്യയെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശത്തോടെ ഇതിനിടയില്‍ മിസ്റ്റര്‍ ബി ഒരു മറ്റു പോസ്റ്റുകള്‍ ഒന്നും ഇല്ലാത്ത ഒരു യുട്യൂബ് ചാനലിലൂടെ വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ ആരംഭിച്ചതും വിവാദം കടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഇക്കാര്യവും ഇന്നലെ മറുനാടന്‍ മലയാളി വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആവശ്യമില്ലാത്ത തലങ്ങളിലേക്ക് ഈ വിവാദം എത്തിക്കുകയാണ് മിസ്റ്റര്‍ ബിയുടെ ഗൂഢോദ്ദേശ്യം എന്നത് ബോധ്യമായതോടെയാണ് സൗമ്യ ദുബായില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയുടെ തിരക്കിനിടയിലും പലവട്ടം മറുനാടന്‍ മലയാളിയെ ബന്ധപെട്ടു വിവാദവുമായി കൂടിച്ചേര്‍ന്ന സംഭവങ്ങള്‍ കൂടുതല്‍ കൃത്യതയോടെ വെളിപ്പെടുത്തിയത്. ഒപ്പം മിസ്റ്റര്‍ ബി ആരോപിച്ച കാര്യങ്ങളോട് വ്യക്തമായ മറുപടിക്കും സൗമ്യ തയ്യാറായി.
കാര്യങ്ങളെ പൊതുവായ നിലയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച മിസ്റ്റര്‍ ബി വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് ഈ തര്‍ക്കത്തില്‍ പൊതു സമൂഹത്തില്‍ എത്തിക്കാന്‍ തയ്യാറായത് എന്നാണ് സൗമ്യ നല്‍കുന്ന തെളിവുകള്‍ സംസാരിക്കുന്നത്. രാഷ്ട്രീയമായ കാര്യങ്ങള്‍ കൂടി കൂട്ടിക്കലര്‍ത്തി സംസാരിക്കാന്‍ തയ്യാറാകുന്ന മിസ്റ്റര്‍ ബി കാര്യങ്ങളെ സാമ്പത്തിക തട്ടിപ്പിന്റെ തലത്തില്‍ നിന്നും വഴിതിരിച്ചു വിടാനുള്ള ശ്രമം കൂടിയാണ് നടത്തുന്നത് എന്നും സൗമ്യ വിശദീകരിക്കുന്നു. ഇപ്പോള്‍ താന്‍ ഒരു രാഷ്ട്രീയ കക്ഷിയുടെ അംഗമാണ് എന്ന വെളിപ്പെടുത്തല്‍ നടത്തുന്ന മിസ്റ്റര്‍ ബിക്ക് യാതൊരു വിധ രാഷ്ട്രീയ സംരക്ഷണവും നല്‍കരുത് എന്ന അഭ്യര്‍ത്ഥനയും സൗമ്യ സംഘടന നേതൃത്വത്തോട് നടത്തുന്നു. വിവിധ സംഘടനാ ഭാരവാഹികളെ നേരിട്ട് വിളിച്ചും സൗമ്യ ഈ അഭ്യര്‍ത്ഥന നടത്തുന്നുണ്ട്.
ഏതു നിമിഷവും കാന്‍സല്‍ ചെയ്യാമായിരുന്ന ബുക്കിംഗ്, പണം വഴിവിട്ട കാര്യങ്ങള്‍ക്ക് ചിലവാക്കിയെന്നു സംശയം
ബുക്കിംഗ് ഡോട്ട് കോം വഴി നടത്തിയ ബുക്കിംഗ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് മിസ്റ്റര്‍ ബി ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പണം നല്‍കാതെയുള്ള താത്കാലിക ബുക്കിംഗ് മാത്രമാണ് മിസ്റ്റര്‍ ബി നടത്തിയിരുന്നത് എന്നും ഇത് ബുക്കിംഗ് ഡോട്ട് കോമിന്റെ കസ്റ്റമര്‍ കെയറില്‍ താന്‍ വിളിച്ചതോടെ മനസിലായതിന്റെ ഭാഗമായാണ് ഒരു പണം പോലും നഷ്ടമാകാത്ത വിധത്തില്‍ കാന്‍സലേഷന്‍ സാധ്യമായത് എന്നുമാണ് സൗമ്യ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇതിനര്‍ത്ഥം സൗമ്യ അയച്ചു നല്‍കിയ 5700 പൗണ്ടില്‍ വിമാന ടിക്കറ്റിനു മുടക്കിയ 1700 പൗണ്ട് കഴിച്ചു ബാക്കിയുള്ള തുക മുഴുവന്‍ മിസ്റ്റര്‍ ബിയുടെ കൈവശം തന്നെ ചിലവാക്കാതെ വച്ചിരിക്കുക ആണെന്ന് വ്യക്തമാകുകയാണ്.
അതോടെ പണം മടക്കി നല്‍കി ഈ ബിസിനസ് ഏര്‍പ്പാട് അവസാനിപ്പിക്കണം എന്നും സൗമ്യ ഇമെയില്‍, വാട്സ്ആപ് എന്നിവ വഴി ആവശ്യപ്പെടുക ആയിരുന്നു. സ്‌കോട്ലന്‍ഡ് യാത്രയ്ക്ക് മൂന്നു ദിവസം മാത്രം പ്ലാന്‍ ചെയ്തിരുന്ന സൗമ്യയോട് ആലോചിക്കാതെ അഞ്ചു ദിവസത്തേക്ക് വാന്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചതും മിസ്റ്റര്‍ ബിയുടെ സ്വന്തം പ്ലാന്‍ ആയിരുന്നു എന്നും സൗമ്യ പറയുന്നു. താന്‍ നല്‍കിയ പണം ബുക്കിംഗിന് ഉപയോഗിച്ചിട്ടില്ല എന്ന് വ്യക്തമായതോടെ പണം ഇയാള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാനാണ് സാധ്യത എന്ന കാര്യം വീഡിയോ ലൈവിലും സൗമ്യ സൂചിപ്പിച്ചിരുന്നു.
ബജറ്റ് ഹോട്ടലുകള്‍ മതിയാകും താമസിക്കാന്‍ എന്ന് വ്യക്തമായി പറഞ്ഞിട്ടും ആഢംബര ഹോട്ടല്‍ ബുക്കിംഗ് നടത്താന്‍ ശ്രമിച്ചതും അയാളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് എന്നും സൗമ്യ കൂട്ടിച്ചേര്‍ക്കുന്നു. ഒരു പണം പോലും മുടക്കാതെ നടത്തിയ ബുക്കിംഗുകള്‍ കാന്‍സല്‍ ചെയ്തത് വഴി തനിക്ക് ഭീമമായ നഷ്ടം ഉണ്ടായെന്നു പറയുന്ന മിസ്റ്റര്‍ ബിയുടെ വാക്കുകള്‍ ഒരു തട്ടിപ്പുകാരന്റേത് അല്ലാതെ മറ്റെന്താണ് എന്നും സൗമ്യ ചോദിക്കുമ്പോള്‍ മിസ്റ്റര്‍ ബി നടത്തിയ വെളിപ്പെടുത്തലുകള്‍ കാലഹരണപ്പെടുകയാണ്. ബുക്കിംഗിനു നടത്തിയ പണം അയച്ചത് താങ്കള്‍ ആണെങ്കില്‍ എങ്ങനെ മറ്റൊരാള്‍ക്ക് ബുക്കിംഗ് കാന്‍സല്‍ ചെയ്യാനാകും എന്ന മറുനാടന്‍ മലയാളിയുടെ ചോദ്യത്തിന് ആദ്യ ദിവസം തന്നെ കൃത്യമായ വിശദീകരണം നല്‍കാന്‍ മിസ്റ്റര്‍ ബിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണത്തിന് സമാനമായ നുഴഞ്ഞു കയറ്റം തന്റെ അക്കൗണ്ടില്‍ നടന്നു എന്നാണ് ഇതിനു തിങ്കളാഴ്ച മിസ്റ്റര്‍ ബി മറുനാടന്‍ മലയാളിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ പണം നല്‍കാതെ നടത്തിയ ബുക്കിംഗ് പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് നിഷ്പ്രയാസം കാന്‍സല്‍ ചെയ്യാനാകും എന്നാണ് സൗമ്യ വെളിപ്പെടുത്തുന്നത്.
സൗമ്യയുടെ ലക്ഷ്യം മിസ്റ്റര്‍ ബി മാത്രമല്ല, യുകെയിലെ തട്ടിപ്പുകാര്‍ ഒന്നാകെ
ഒരു ചതിയുടെ പ്രഹരവുമായി യുകെയില്‍ എത്തിയ തനിക്കും കുടുബത്തിനും യുകെയില്‍ ചിലവിട്ട നാളുകളിലോക്കെ സമാനമായ കഥകളാണ് കേള്‍ക്കാന്‍ ആയതെന്നതും ഈ വെളിപ്പെടുത്തല്‍ നടത്താന്‍ സൗമ്യയെ പ്രേരിപ്പിച്ച ഘടകമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി വിസ തട്ടിപ്പ് കേസുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന മറുനാടന്‍ മലയാളിയുടെ നിലപാടിന് ശക്തമായ പിന്തുണയായി മാറുകയാണ് സൗമ്യ നേരിട്ടറിഞ്ഞ യുകെയിലെ അനുഭവകഥകള്‍. യാത്രകളില്‍ വിദ്യാര്‍ത്ഥി വിസയില്‍ എത്തിയവരും മറ്റും പങ്കുവച്ച സാമ്പത്തിക തട്ടിപ്പിന്റെ കഥകള്‍ പുറം ലോകം അറിയണം എന്ന നിശ്ചയത്തോടെയാണ് സൗമ്യ യുകെയില്‍ നിന്നും മടങ്ങിയത്. സ്‌കോട്ലന്‍ഡ് യാത്രയില്‍ ബസില്‍ പരിചയപ്പെട്ട തമിഴ് വിദ്യാര്‍ത്ഥി വരെ ഇത്തരം അനുഭവങ്ങളാണ് പങ്കുവച്ചതെന്നു സൗമ്യ ആദ്യ വീഡിയോയില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
യൂണിവേഴ്‌സിറ്റി പ്രവേശനം നേടിയും ജോലിക്കായും ഒക്കെ പതിനായിരക്കണക്കിന് മലയാളി ചെറുപ്പക്കാര്‍ എത്തുന്ന സ്ഥലമാണ് യുകെ എന്നതിനാല്‍ ഒരു തിരിച്ചറിവ് ഉണ്ടാകാന്‍ തന്റെ അനുഭവം വെളിപ്പെടുത്തിയതില്‍ യാതൊരു ചമ്മലും ഇല്ലെന്നും സൗമ്യ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. അനേകം ലോക രാജ്യങ്ങള്‍ കണ്ടവരും വിദ്യാസമ്പന്നരും ആയ തനിക്കും ഭര്‍ത്താവിനും ഇത്തരം ചതി പറ്റാമെങ്കില്‍ സാധാരണക്കാരായ ചെറുപ്പക്കാരുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേ ഉള്ളൂ എന്നും സൗമ്യ പറയുന്നത് തട്ടിപ്പുകാര്‍ നിറഞ്ഞ ഒരു സമൂഹത്തിലേക്കുള്ള നേര്‍ക്കാഴ്ചയായി മാറുകയാണ്.
സഹായിക്കാന്‍ എന്ന പേരില്‍ ആരെങ്കിലും അടുത്തുകൂടിയാല്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നതിലൂടെ ഒരു കരുതല്‍ എടുക്കാന്‍ കഴിയുമെന്നും സൗമ്യ പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ മൂടിവയ്ക്കുന്നതിലൂടെയാണ് മിസ്റ്റര്‍ ബിയെപ്പോലുള്ള തട്ടിപ്പുകാര്‍ പെരുകുന്നത് എന്നും സൗമ്യ പറയുമ്പോള്‍ പോയത് പോട്ടെ എന്ന നിലപാടിലേക്ക് എത്തുന്ന ഭൂരിഭാഗം ഇരകള്‍ക്കും പ്രതികരിക്കണം എന്ന ചിന്തകൂടി ഉണ്ടാകാന്‍ പ്രേരണയായി മാറിയേക്കും.