- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിന്‍സിപ്പളിനെ അക്രമിച്ചു; നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മകനെ കൊല്ലാന്‍ ശ്രമിച്ചു; ഗുണ്ടാ പിരവിലും കേസ്; നടു റോഡില്‍ ടിപി ശ്രീനിവാസനെ തല്ലിയതോടെ തെളിഞ്ഞത് രാശി! 2016ലെ കോവളത്തെ വില്ലന്‍ ഇന്ന് മലയിന്‍കീഴ് സഹകരണ ബാങ്കില്‍ സുഖ ജോലി! ക്രിമിനലുകളെ സിപിഎം സംരക്ഷിക്കുന്നതിന് തെളിവായി കാമിനി ശരത്തിന്റെ ജീവിതം; പിണറായിയെ പോലെ മേപ്പുക്കടക്കാരനും താക്കോല്‍ സ്ഥാനം
തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശ സര്‍വ്വകലാശാലകള്‍ വരികയാണ്. ഈ നിര്‍ണ്ണായക തീരുമാനം മന്ത്രിസഭാ യോഗം എടുത്തു. വിദേശ വിദ്യാഭ്യാസം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഏജന്റാണു ടി.പി.ശ്രീനിവാസന്‍ എന്ന് 2016ല്‍ പരിഹസിച്ച പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. 2016 ജനുവരിയില്‍ ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനു കോവളത്തെത്തിയ മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസനെ പൊലീസ് നോക്കി നില്‍ക്കെ കൈകാര്യം ചെയ്ത അന്നത്തെ എസ് എഫ് ഐ നേതാവിനും ഇന്ന് ഒരു പദവിയുണ്ട്. മലയിന്‍കീഴ് സര്‍വ്വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനാണ് ജെ എസ് ശരത് എന്ന കാമിനി ശരത്. അതായത് ശ്രീനിവാസനെ തല്ലിയതു കൊണ്ട് ശരതിന്റെ ജീവന്‍ പാഴായില്ല. ശരതിന് പാര്‍ട്ടി നിയന്ത്രണമുള്ള ബാങ്കില്‍ ജോലി കിട്ടിയെന്ന് സാരം.
പരസ്യമായാണ് ശ്രീനിവാസനെ മര്‍ദ്ദിച്ചത്. ഇതിനെ സിപിഎം അന്ന് അപലപിക്കുകയും ചെയ്തു. പക്ഷേ ശ്രീനിവാസനെ തള്ളി പറയുകയാണ് അന്ന് പോളിറ്റ് ബ്യൂറോ അംഗമായിരുന്ന പിണറായി ചെയ്തത്. സഹകരണ സ്ഥാപനങ്ങളിലൂടെ എങ്ങനെയാണ് സിപിഎമ്മിന് വേണ്ടപ്പെട്ടവരെ സംരക്ഷിച്ചു നിര്‍ത്തുന്നുവെന്നതിന് തെളിവാണ് ശരതിന് കിട്ടിയ നിയമനം. നിരവധി ക്രിമിനല്‍ കേസുകള്‍ ശരതിന് ഉണ്ടെന്നായിരുന്നു 2016ലെ സംഭവത്തിന് ശേഷം വന്ന പത്ര വാര്‍ത്തകള്‍. വിളിപ്പില്‍ എസ് എഫ് ഐയുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു അന്ന് ശരത്. അറസ്റ്റിലാവുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. അതിനുള്ള പ്രത്യുപകാരമായിരുന്നു സഹകരണ ബാങ്കിലെ സ്ഥിര വരുമാനം ഒരുക്കുന്ന ജോലി. മലയിന്‍കീഴ് മേപ്പുക്കട സ്വദേശിയായ യുവ നേതാവിന് ശ്രീനിവാസനെ തല്ലിയതു കാരണം നല്ല ജീവിതം കിട്ടിയെന്ന് സാരം.
ശ്രീനിവാസനെ തല്ലുമ്പോള്‍ കാമിനി ശരത്തിന് 23 വയസ്സാണ് പ്രായം. എസ് എഫ് ഐയുടെ ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍ ഏര്യാ പ്രസിഡന്റും. അന്ന് ഡസനോളം കേസുകളില്‍ പ്രതിയായിരുന്നു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മകനെ കൊല്ലാന്‍ ശ്രമിച്ച കേസ് വരെയുണ്ടായിരുന്നു. നേമം, വിളപ്പില്‍ സ്റ്റേഷനുകളിലായിരുന്നു ഈ കേസെല്ലാം. ഗുണ്ടാ പിരിവ് കേസ് അടക്കമുണ്ടായിരുന്നു. ഐടിഐ പ്രിന്‍സിപ്പളിനെ ആക്രമിച്ച കേസും ശരതിനെതിരെ അന്ന് ഉണ്ടായിരുന്നു. ബസ് തകര്‍ക്കല്‍ അടക്കം നിരവധി കേസുകള്‍. ഏതായാലും ശ്രീനിവാസന് അടികൊണ്ടത് മിച്ചം. അതേ ആശയം പിണറായി നടപ്പാക്കുന്നു. ശരതിന് സുഖ ജോലിയും. ''എനിക്കൊന്നും പറയാനില്ല. പറയാനുള്ളത് എസ്.എഫ്.ഐ.യും പാര്‍ട്ടിയും പറയും''- മലയിന്‍കീഴ് സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനായ ശരത് രോഷത്തോടെ പറഞ്ഞു. 2016 ജനുവരിയില്‍ ഇതേ ശരത്തിന്റെ 'ശ്രീനിവാസന്‍ സാറേ..' എന്ന നീട്ടിയുള്ളവിളി കേട്ടാണ് അന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരുന്ന ടി.പി. ശ്രീനിവാസന്‍ തിരിഞ്ഞുനോക്കിയത്. നിമിഷംകൊണ്ട് മുഖമടച്ചൊരടി. അടിയേറ്റ് നിലത്തുവീണ ശ്രീനിവാസന്റെ ചിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ നാണക്കേടായി ഇന്നുമുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വകാര്യ സര്‍വകലാശാലയ്ക്കുനേരേയുള്ള സമരത്തിന്റെ ഭാഗമായുള്ള ആ സംഭവത്തിന് പത്തുവര്‍ഷമാകും മുന്‍പേ ഇടതുപക്ഷം ചുവടുമാറ്റത്തിന്റെ വൈരുധ്യം കാട്ടുമ്പോള്‍ ഒരു ചോദ്യം ഉയരുന്നു- എന്തിനായിരുന്നു ആ ക്രൂരത? ഇപ്പോള്‍ മുഖമടച്ച് അടിയേല്‍ക്കുന്നത് ആര്‍ക്ക്? അന്ന് ടി.പി. ശ്രീനിവാസനെ മര്‍ദിച്ച എസ്.എഫ്.ഐ. നേതാവിനും അതിന് ഉത്തരമില്ലെന്നതാണ് വസ്തുത. കേരളത്തിലേക്ക് സ്വകാര്യ സര്‍വകലാശാലകളെ സ്വാഗതംചെയ്യാന്‍ ചര്‍ച്ച നയിച്ചു എന്നതായിരുന്നു മര്‍ദനത്തിന് കാരണം. കോവളത്തുനടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശ്രീനിവാസനെ എസ്.എഫ്.ഐ. നേരിട്ടത്. എസ്.എഫ്.ഐ. ജില്ലാ വൈസ്പ്രസിഡന്റും വിളപ്പില്‍ ഏരിയാ പ്രസിഡന്റുമായിരുന്നു ശരത്. ശരത്തിനെ പോലീസ് അറസ്റ്റുചെയ്യുകയും എസ്.എഫ്.ഐ.യുടെ ഭാരവാഹിത്വത്തില്‍നിന്ന് മാറ്റുകയും ചെയ്തു.
2016 ജനുവരിയില്‍ ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനു കോവളത്തെത്തിയ മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസനെ പൊലീസ് നോക്കി നില്‍ക്കെയാണ് എസ്എഫ്‌ഐ ജില്ലാ നേതാവ് കരണത്തടിച്ചു വീഴ്ത്തിയത്. ഉപരോധത്തെ തുടര്‍ന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വിട്ടുനിന്ന സമ്മേളനം രണ്ടു മണിക്കൂര്‍ വൈകി ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടക്കുകയും ചെയ്തു. വിദ്യാഭ്യാസ കച്ചവടത്തിനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ച് സമ്മേളന വേദിയായ കോവളം ലീല ഹോട്ടലിനു മുന്നില്‍ തലേന്നു രാത്രി മുതലേ എസ്എഫ്‌ഐക്കാര്‍ ഉപരോധം തുടങ്ങിയിരുന്നു. സമരം സമാധാനപരമായിരിക്കുമെന്ന വാക്കു വിശ്വസിച്ച പൊലീസ് അവരെ നീക്കം ചെയ്യാന്‍ കാര്യമായൊന്നും ചെയ്തില്ല.
രാവിലെ ശ്രീനിവാസന്‍ വന്നപ്പോള്‍ കാര്‍ കടത്തിവിടില്ലെന്നും നടന്നു പോകണമെന്നും പൊലീസ് നിര്‍ദേശിച്ചു. ഇതനുസരിച്ച് അദ്ദേഹം കാറില്‍ നിന്നിറങ്ങി ചിരിച്ചുകൊണ്ടു സമരക്കാരുടെ സമീപത്തേക്കു ചെന്നെങ്കിലും ഡിസിപി: സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംരക്ഷണം നല്‍കിയില്ല. ഇതിനിടെ ആരോ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാണ് ഇതെന്നു വിളിച്ചു പറഞ്ഞു. അതോടെ സമരക്കാര്‍ അദ്ദേഹത്തെ വളഞ്ഞു പിന്‍കഴുത്തിലും തലയിലും ആഞ്ഞു തള്ളുകയും കോളറില്‍ കുത്തിപ്പിടിക്കുകയും ചെയ്തു. മുതുകില്‍ മര്‍ദനവുമേറ്റു. ഉന്തിലും തള്ളിലും പെട്ട ശ്രീനിവാസനെ കൊടിക്കമ്പു കൊണ്ടു ചിലര്‍ കുത്തി. ഒരു വിധത്തില്‍ അദ്ദേഹം ബഹളത്തില്‍നിന്നു പുറത്തിറങ്ങി പൊലീസുകാര്‍ക്കിടയില്‍ നില്‍ക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കരണത്തടി.
പിന്നാലെ നടന്നു ചെന്ന എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ്.ശരത് എന്തോ വിളിച്ചുപറഞ്ഞ ശേഷം അദ്ദേഹത്തിന്റെ കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. നിലത്തു വീണ ശ്രീനിവാസനെ എഴുന്നേല്‍പിക്കാന്‍ പോലും പൊലീസ് ശ്രമിച്ചില്ല. മുഖത്തടിച്ച ജില്ലാ നേതാവിനെ കയ്യോടെ പിടികൂടാനും പൊലീസ് മെനക്കെട്ടില്ല. ശ്രീനിവാസനു മര്‍ദനം ഏറ്റതിനെ തുടര്‍ന്നു സമരക്കാരെ നീക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാത്രങ്ങളും കല്ലും ഉപയോഗിച്ച് ഏറു തുടങ്ങി. ഇതോടെ പൊലീസ് കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചു, പിന്നാലെ ലാത്തിച്ചാര്‍ജും. കല്ലേറില്‍ സിഐ ഉള്‍പ്പെടെ 15ലേറെ പൊലീസുകാര്‍ക്കും ലാത്തിച്ചാര്‍ജില്‍ 17 വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.
വിദേശ വിദ്യാഭ്യാസം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഏജന്റാണു ടി.പി.ശ്രീനിവാസന്‍ എന്നായിരുന്നു അന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണനല്ല, മുന്‍ അംബാസഡര്‍ മാത്രമാണ്. കൗണ്‍സിലില്‍ യഥാര്‍ഥ വിദഗ്ധരെയാണു നിയമിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന കാമിനി ശരത് എന്ന ജെ.എസ്.ശരത്തിനെ ആദ്യം പദവിയില്‍നിന്നു മാറ്റിയിരുന്നെങ്കിലും വീണ്ടും അതേ സ്ഥാനത്തേക്കു തിരഞ്ഞെടുത്തതു വിവാദമായിരുന്നുവെന്ന് മനോരമ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.