തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി തനിക്ക് യാതൊരു പിണക്കവുമില്ലെന്ന് ഗണേഷ് കുമാര്‍. മറുനാടന്‍ മലയാളി സ്‌പെഷ്യല്‍ പോഡ്കാസ്റ്റില്‍ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അന്വേഷണ വേളയില്‍, ഉമ്മന്‍ ചാണ്ടി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുന്ന ആളല്ലെന്നാണ് താന്‍ മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ അച്ഛനും ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഇതേ അഭിപ്രായമാണ് പങ്കുവെച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.

ഷാജന്‍ സ്‌കറിയ: ഇന്നോ ഇന്നലെയോ ആണ് ശ്രദ്ധയില്‍പ്പെട്ടത് ...ചാണ്ടി ഉമ്മന്റെ ഒരു പ്രസംഗം. അച്ഛന് മകനെ പോലെ തന്നെയായിരുന്നു ഉമ്മന്‍ചാണ്ടി സാര്‍ കരുതിയിരുന്നത്, പക്ഷെ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടായി, കേസൊക്കെ ഉണ്ടല്ലോ... അങ്ങനെ. അതിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ഗണേഷ് കുമാര്‍: പറയാന്‍ മടിയൊന്നുമില്ല. എനിക്ക് ഉമ്മന്‍ചാണ്ടിയുമായി വ്യക്തിപരമായി യാതൊരു പിണക്കവുമില്ല. പക്ഷെ ഉമ്മന്‍ചാണ്ടിയുമായി പിരിഞ്ഞ് നമ്മള്‍ മുന്നണി വിട്ടു പോകാനുള്ള കാരണം എന്ന് പറഞ്ഞാല്‍, അദ്ദേഹത്തെ ഞാന്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ല. അദ്ദേഹം അവസാനം സിബിഐ അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്റെ അടുത്ത് വന്നപ്പോള്‍ ആ സിബിഐക്ക് ഞാന്‍ കൊടുത്ത മൊഴി ഇന്നും റെക്കോഡിലുണ്ട്, ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ഉമ്മന്‍ചാണ്ടി അത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല, ഈ പറയുന്ന കുറ്റകൃത്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടാവില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.

മാത്രമല്ല, എന്റെ അച്ഛന്‍ ഉമ്മന്‍ചാണ്ടിയെ പറ്റി പറഞ്ഞിട്ടുണ്ട്. അച്ഛന്‍ പറഞ്ഞ കാര്യമാണ് ഞാന്‍ പറയുന്നത്, അവരത് അങ്ങനെ എഴുതി എടുത്തിട്ടുണ്ട്. ഞാന്‍ അച്ഛന്‍ പോലെ കരുതിയ അജിത് കുമാര്‍ (എന്റെ പ്രൈവറ്റ് സെക്രട്ടറി) കൂടെ ഇരിക്കുമ്പോള്‍ എംഎല്‍എ ഹോസ്റ്റലിന്റെ മുറിയില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. ആ മൊഴി എടുക്കുമ്പോള്‍ ഞാന്‍ സിബിഐയോട് പറഞ്ഞിരിക്കുന്ന മൊഴി 'ഉമ്മന്‍ചാണ്ടി എന്ന് പറയുന്ന ആള്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്യുന്ന ആളല്ല എന്ന് എന്റെ അച്ഛന്‍ എന്നോട് പറയുമായിരുന്നു' എന്നാണ്. മരിച്ചുപോയ എന്റെ അച്ഛന്റെ ആത്മാവ് മുകളില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ സത്യമേ പറഞ്ഞിട്ടുള്ളൂ.

മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്

രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കുന്നതിനായുള്ള ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ഗണേഷ് കുമാര്‍ ആരോപിക്കുന്നു

'എനിക്ക് അതുകൊണ്ട് ഒരു പേടിയുമില്ല. ചാണ്ടി ഉമ്മന്‍ അല്ല ആര് വന്ന് എന്ത് പ്രസംഗിച്ചാലും എന്നെ ബാധിക്കില്ല, കാരണം ദൈവം കേള്‍ക്കുന്നവനാണ്. ഞാന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒന്നും ചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ആര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല. എന്നെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയത് രമേശ് ചെന്നിത്തലയ്ക്ക് കസേര കൊടുക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രമായിരുന്നു. പക്ഷെ അതിന് ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത്? ഷാജന്‍ പറയും (സരിത) പേജ് കൂട്ടി എന്ന്... അതൊക്കെ ചുമ്മാ പറയുന്നതാണ്. ഏത് കത്ത്? ഞാന്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു കത്താണത്. ഇതൊന്നും ഞാന്‍ കണ്ടിട്ടുമില്ല.

എന്നെപ്പറ്റി ഒരു സ്ത്രീയും മോശം പറഞ്ഞിട്ടില്ല. എന്ന് കരുതി അതിന്റെ അര്‍ത്ഥം അവര്‍ക്ക് എന്നോട് ഒരു മമതയോ സ്‌നേഹമോ ബഹുമാനമോ അല്ലെങ്കില്‍ ഒരു അനുകമ്പയോ തോന്നിയതുകൊണ്ടായിരിക്കാം എന്നെക്കുറിച്ച് ഒന്നും പറയാത്തത്. ഞാന്‍ പേജ് കൂട്ടി എന്നാണ് പറയുന്നത്, ഞാന്‍ എങ്ങനെ പേജ് കൂട്ടാനാണ്? എന്റെ കൈയക്ഷരമല്ലല്ലോ. പേജ് കൂടുന്നതൊക്കെ ആര് എഴുതിയാലും എന്റേതാകുമോ? പിന്നെ ആ സ്ത്രീകളോട് ഞാന്‍ വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. എന്റെ അമ്മയോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഏതൊരു സ്ത്രീയോടും ഞാന്‍ സത്യസന്ധതയോടെയും മാന്യതയോടെയും ബഹുമാനത്തോടെയും മാത്രമേ പെരുമാറത്തുള്ളൂ. അതുകൊണ്ട് സ്ത്രീകള്‍ക്ക് എന്നോട് വെറുപ്പില്ല. ഇയാളെ പറ്റി എന്താ പറയാത്തെ എന്ന് ഒരാളെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കാന്‍ പറ്റുമോ? ഞാന്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ.


ചാണ്ടി ഉമ്മനോട് പറയാനുളളത്...

പിന്നെ ചാണ്ടി ഉമ്മന്‍ വന്ന് ഇലക്ഷന്‍ പ്രമാണിച്ച് പറയുന്നത് കേട്ടു... ഇത്രയും ദിവസം ചാണ്ടി ഉമ്മന്‍ എവിടെയായിരുന്നു? ഇപ്പോള്‍ ഇലക്ഷന്‍ എടുത്തപ്പോള്‍ ചാണ്ടി ഉമ്മനെ ആരോ കൊണ്ടുവന്നിരിക്കുകയാണ്, കൂലിക്ക് ഇറക്കിയിരിക്കുകയാണ്. ചാണ്ടി ഉമ്മനോട് ഞാന്‍ പറയുന്നു, ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ (നമ്മള്‍ ഈ പുതുപ്പള്ളി പള്ളിയിലൊക്കെ എപ്പോഴും ഇരിക്കുന്നതാണ്, ഏതോ ഒരു മരണവീട്ടില്‍ നിന്ന് രാമായണം വായിച്ചു എന്നൊക്കെ പറയുന്ന ആളാണല്ലോ) ചാണ്ടി ഉമ്മന്‍ സത്യമേ പറയാവൂ. ദൈവം നീതിമാനെ ഇഷ്ടപ്പെടുന്നു. ഇതുപോലുള്ള കള്ളങ്ങള്‍, അറിയാത്ത കാര്യങ്ങള്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞാല്‍ ചാണ്ടി ഉമ്മന്‍ വിശ്വസിക്കുന്ന ദൈവം ചാണ്ടി ഉമ്മന്റെ കൂടെ ഉണ്ടാവില്ല. അത്രയേ എനിക്ക് പറയാനുള്ളൂ.


പി സി ജോര്‍ജിനോട് സ്‌നേഹം

രണ്ടാമത് എന്നെ പാപ്പരാക്കി. 2013-ല്‍ എല്ലാവരും കൂടെ ചേര്‍ന്ന് എന്നെ പാപ്പരാക്കി. അതിലൊക്കെ ഉമ്മന്‍ചാണ്ടിക്കൊക്കെ പങ്കില്ലേ? അങ്ങനെ മിടുക്കനായിട്ട് പോയാല്‍ ആ കാര്യങ്ങളൊക്കെ പറയേണ്ടി വരും. അതൊന്നും ഞാന്‍ പറയുന്നില്ല കാരണം എനിക്കതില്‍ വിഷമമില്ല. പിസി ജോര്‍ജ് എനിക്കെതിരെ നിന്ന ആളാണ് പക്ഷെ ഇന്ന് എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ആളാണ് പിസി. എന്നെ വിളിക്കും, എന്നോട് പറയും 'എടാ നിനക്ക് എന്തുണ്ടെങ്കിലും ഞാന്‍ നിന്റെ കൂടെയുണ്ട്' എന്ന്. അത്ര നല്ല സ്‌നേഹമാണ്. ഞാനും അദ്ദേഹത്തോട് പക തോന്നേണ്ട ആളല്ലേ? എനിക്കെതിരെ ഫൈറ്റ് ചെയ്ത ആളാണ് പിസി ജോര്‍ജ്. അദ്ദേഹം എന്നെ ഇന്നും സ്‌നേഹത്തോടെ വിളിക്കും. ഞാന്‍ അങ്ങോട്ട് വിളിക്കാന്‍ താമസിച്ചാല്‍ അദ്ദേഹം എന്നെ വിളിക്കും. അദ്ദേഹത്തിന് എന്നോട് വല്ല വിരോധവുമുണ്ടോ? 'നിന്റെ കൂടെ ഞാനുണ്ട് നീ വിഷമിക്കണ്ട' എന്ന് എപ്പോഴും പറയും. അദ്ദേഹം ഇന്ന് എന്നെ സ്‌നേഹിക്കുന്നു എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.'