കൊച്ചി : കെ.എഫ്.സി.യില്‍ നടന്ന നിക്ഷേപ അഴിമതിയില്‍ പാര്‍ട്ടി ബന്ധുക്കള്‍ നടത്തിയത് വഴിവിട്ട നീക്കം. അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച ശേഷമാണ് ബോര്‍ഡ് യോഗത്തില്‍ പോലും ഇക്കാര്യം അവതരിപ്പിച്ചത്. സിപിഎം വനിതാ നേതാവിന്റെ മകന്‍ നടത്തിയ ഈ നീക്കത്തിന് സര്‍ക്കാരിന്റെ പിന്തുണയുമുണ്ടായിരുന്നു. നിക്ഷേപം നടത്തിയ ശേഷമാണ് ഇക്കാര്യം ബോര്‍ഡ് അംഗീകരിച്ചത്. ഇത് തെളിയിക്കുന്ന രേഖകള്‍ മറുനാടന് ലഭിച്ചു. ഇതോടെ അത്ര നിഷ്‌കളങ്കമായിരുന്നില്ല കെ എഫ് സിയിലെ ഇടപാട് എന്ന് വ്യക്തമാകുകയാണ്. ഇതിലൂടെ ഖജനാവിന് നഷ്ടമായത് നൂറു കോടി രൂപയാണ്. സര്‍ക്കാര്‍ തലപ്പത്ത് നടന്ന ഒത്തുകളിയുടെ ഭാഗമായാണ് പെരുംകൊള്ള നടന്നത്. ഏതൊക്കെ 'പാര്‍ട്ടി ബന്ധുക്കള്‍'ക്കാണ് ഇതിന്റെ ഗുണം കിട്ടിയതെന്ന സര്‍ച്ച സജീവമാണ്.

അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ കെ.എഫ്.സി. നടത്തിയ നിക്ഷേപം നിയമപരമാണെന്നാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കും ധനമന്ത്രി ബാലഗോപാലും പറയുന്നത്. എന്നാല്‍, ഇത് നിയമവിരുദ്ധമാണെന്നാണ് എസ്.എഫ്.സി. നിയമത്തിലെ 33, 34 സെക്ഷനുകള്‍ തെളിയിക്കുന്നത്. റിലയന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിയത് 2018 ഏപ്രില്‍ 16-നാണ്. എന്നാല്‍, 2018 വര്‍ഷത്തെ ആദ്യ ബോര്‍ഡ് മീറ്റിങ് നടന്നത് ജൂണ്‍ 18-നാണെന്ന് കെ.എഫ്.സി. വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബോര്‍ഡിന്റെ അംഗീകാരം ഇല്ലാതെയാണ് റിലയന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്ന് ഇതില്‍നിന്ന് വ്യക്തം. ഇത് വ്യക്തമാക്കുന്ന രേഖകള്‍ മറുനാടന് ലഭിച്ചു. എന്തിനാണ് അറുപത് കോടിയില്‍ അധികം ബോര്‍ഡ് അനുമതിയില്ലാതെ നിക്ഷേപിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. നിക്ഷേപിച്ച ശേഷം അനുമതി തേടിയതിനാല്‍ അത് അംഗീകരിക്കാതിരിക്കാന്‍ ബോര്‍ഡിന് കഴിയാത്ത സാഹചര്യവുമുണ്ടായി. എല്ലാം അവതരിപ്പിച്ചത് സിപിഎം രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള വനിതാ നേതാവിന്റെ മകന്‍ എന്നതും ബോര്‍ഡിന് സമ്മര്‍ദ്ദമായി.

കോവിഡു കാലത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വന്ന മകന്‍ എല്ലാ നിയന്ത്രണവും വിട്ട് പുറത്തിറങ്ങി നടന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയ അതേ നേതാവിന്റെ മകനാണ് കെ എഫ് സിയിലെ നിക്ഷേപത്തിന് പിന്നില്‍. കോവിഡ് കാലത്ത് മറ്റൊരു മകന്റെ കറക്ക വിവരമറിഞ്ഞ് ചോദിക്കാനെത്തിയ ആരോഗ്യ വകുപ്പ് അധികൃതരോട് ഞാന്‍ ആരെന്നറിയാമോ എന്നും നിന്റെ ഒന്നും പണി കാണില്ല എന്നും പറഞ്ഞ് അമ്മ ഭീഷണിപെടുത്തിയത് കേരളം ചര്‍ച്ച ചെയ്തിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ മകന്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോട് തട്ടിക്കയറിയ നേതാവിനെതിരെ കോഴിക്കോട്ടെ മെഡിക്കല്‍ കോളെജ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മകന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. നിര്‍ബന്ധമായും ഹോം ക്വാറന്റൈന്‍ പാലിക്കാന്‍ ഇയാളോട് നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ഇയാള്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി. ഇതോടെയാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്‍കിയ പരാതിയില്‍ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് പ്രേമജത്തിനെതിരെ പൊലീസ് കേസെടുത്തത്.

അംബാനിയുടെ കമ്പനിയിലെ നിക്ഷേപത്തിന് സര്‍ക്കാര്‍ പറയുന്ന രണ്ടാമത്തെ വാദം ആര്‍.സി.എഫ്.എല്‍. കമ്പനിക്ക് റേറ്റിങ് ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍, മൂന്നുവര്‍ഷത്തെ ബാലന്‍സ് ഷീറ്റ് പോലും ആകുന്നതിനു മുന്‍പാണ്, മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയില്‍ കെ.എഫ്.സി. 60 കോടി 80 ലക്ഷം നിക്ഷേപിച്ചത്. ഇതിനുപിന്നില്‍ കമ്മിഷന്‍ മാത്രമായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്. മന്ത്രിമാര്‍ പറയുന്നതുപോലെ ഇത്രയും സുതാര്യത ഉണ്ടായിരുന്നുവെങ്കില്‍ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ചോദ്യം നമ്പര്‍ 4398, 4400 ആയി കെ.എഫ്.സി.യുടെ റിലയന്‍സ് നിക്ഷേപ വിവരങ്ങള്‍ ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്തത് എന്തുകൊണ്ടാണെന്നതും സംശയം കൂട്ടുന്നു.

സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ അടക്കമുള്ള വ്യവസായങ്ങള്‍ക്കു വായ്പകള്‍ നല്‍കാനാണു കെ.എഫ്.സി. രൂപീകരിച്ചത്. എന്നാല്‍ 2018 ഏപ്രില്‍ 26ന് അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍. എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചു. കെ.എഫ്.സിയുടെ ആസ്തി വായ്പാ പരിപാലന സമിതിയുടെ തീരുമാനപ്രകാരമാണ് നിക്ഷേപം നടത്തിയത്. എന്നാല്‍ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് മറച്ചുവച്ചുകൊണ്ട് ബാങ്കില്‍ ടേം നിക്ഷേപം എന്നാണ് ചൂണ്ടിക്കാട്ടിയത്. 2019-20ലെ ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണെങ്കില്‍ എന്‍.സി.ഡിയിലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിയമപ്രകാരം റിസര്‍വ് ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാന്‍ പാടുള്ളു. ബോണ്ടിലുള്ള നിക്ഷേപം ആണെങ്കില്‍ അത് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കെ.എഫ്.സി. ബോര്‍ഡ് യോഗം നടന്നത് 2018 ജൂണ്‍18 ലാണ്. എന്നാല്‍ അംബാനിയുടെ കമ്പനിയില്‍ 2018 ഏപ്രില്‍19ന് പണം നിക്ഷേപിച്ചിരിക്കുന്നത്. ഒരു ബാങ്കിങ് ഇതര സ്ഥാപനമായതുകൊണ്ടുതന്നെ നിയമപരമായി അതില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. 2019 ല്‍ ആര്‍.സി.എഫ്.എല്‍. കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെട്ടു. 2020 മാര്‍ച്ച് മുതല്‍ പലിശ പോലും ലഭിച്ചിട്ടില്ല.





ആര്‍.സി.എഫ്.എല്‍. ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലിശയുള്‍പ്പെടെ 101 കോടി രൂപ ഈ നിക്ഷേപത്തിലൂടെ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്മെന്റും സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയ വന്‍ കൊള്ളയാണിതെന്നാണ് ആക്ഷേപം.