- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോർന്നൊലിക്കാത്ത സുരക്ഷിതമായ വീട് നൽകാൻ സർക്കാരിന് സാധിക്കുമോ ?; അപകടാവസ്ഥയിലായ വീടിൻറെ അറ്റകുറ്റ പണിക്ക് നൽകിയത് 4000 രൂപ !; 67കാരനോട് വീട് വിട്ടിറങ്ങാൻ നഗരസഭാ ഉദ്യോഗസ്ഥർ; കൊല്ലം സ്വദേശിയായ നാടക നടൻ ഡൊമിനിക് മാർസലീൻ പറയുന്നതിങ്ങനെ
കൊല്ലം: കനിവ് തേടി ഡൊമിനിക് മാർസലീൻ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചോർന്നൊലിക്കാത്ത സുരക്ഷിതമായ വീടാണ് ഈ 67കാരന്റ ആവശ്യം. 2018 പ്രളയകാലത്ത് വീടിന്റെ മേൽക്കൂര തകർന്നു. ചോർന്നൊലിക്കുന്ന, കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്ന, അപകടാവസ്ഥയിലായ വീട് മാത്രമാണ് നാടക പ്രവർത്തകനായ ഡൊമിനിക് മാർസലീന് (67) ആകെയുള്ളത്. അറ്റകുറ്റ പണിക്കായി സഹായം ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ സമർപ്പിച്ചു. എന്നാൽ ഡൊമിനികിന് ന്യായമായ നീതി ലഭിച്ചില്ല. അവശകലാകാരന്മാർക്ക് ലഭിക്കുന്ന 4000/- രൂപ പെൻഷൻ തുകയാണ് ഡൊമിനിക്കിനുള്ള ആകെ വരുമാനം.
ജീവിക്കാൻ വളരെയധികം ബുദ്ധിമുട്ടുന്ന ഡൊമിനിക്കിനു സുരക്ഷയുള്ള ഒരു വീട്ടിൽ താമസിക്കണമെന്നാണ് ആഗ്രഹം. പെൻഷൻ ലഭിക്കുന്ന തുക കൊണ്ട് വീട് പുനർനിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ സാധ്യമല്ല. പരാതി ജില്ലാ കലക്ടർക്കും വില്ലേജ് ഓഫിസർക്കുമെല്ലാം നൽകിയെങ്കിലും തുച്‌ഛമായ നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചത്. 2018ലെ പ്രളയകാലത്താണ് വാടി കൈക്കുളങ്ങര വെസ്‌റ്റ് കുഴുവയൽ പുരയിടത്തിൽ ഡൊമിനിക്കിന്റെ വീട് തകർന്നു തുടങ്ങുന്നത്. ശക്തമായ കാറ്റിൽ പുരയിടത്തിലെ തെങ്ങ് മറിഞ്ഞു വീണ് വീടിൻ്റെ വാർപ്പും മതിലും തകർന്നു. തുടർന്ന് ഡൊമിനിക് കളക്‌ടർക്ക് അപേക്ഷ നൽകിയിരുന്നു.
അപേക്ഷ വില്ലേജ് ഓഫീസർക്ക് അയയ്ക്കുകയും അവിടെ നിന്നും കോർപ്പറേഷന് അയയ്ക്കുകയും ചെയ്തു. ശേഷം നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകെ അനുവദിച്ചത് 4000 രൂപയായിരുന്നു. എന്നാൽ രൂക്ഷമായ കേടുപാടുകൾ ഉണ്ടായ വീടിന്റെ അറ്റകുറ്റ പണി വെറും 4000 രൂപയ്ക്ക് നടത്തുകയെന്നത് അസാധ്യമായിരുന്നു. ഡൊമിനിക് വീണ്ടും അപേക്ഷ സമർപ്പിച്ചു. എന്നാൽ പിന്നീട് പരിശോധനയ്ക്ക് വന്ന രണ്ട് ഉദ്യോഗസ്ഥരും ആദ്യ റിപ്പോർട്ട് തിരുത്തിയെഴുതാൻ തയ്യാറായില്ല. കാര്യം അന്വേഷിച്ചപ്പോൾ ആദ്യം എഴുതിയ റിപ്പോർട്ട് അനുസരിച്ചേ പുതിയ റിപ്പോർട്ട് എഴുതാൻ പറ്റുകയുള്ളൂവെന്നും മാറ്റിയെഴുതിയാൽ മേൽ ഓഫീസർക്ക് ഞങ്ങൾ മറുപടി കൊടുക്കേണ്ടി വരുമെന്നുമായിരുന്നു മറുപടി ലഭിച്ചത്.
റിപ്പോർട്ട് മാറ്റിയെഴുതുവാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതോടെ ഡൊമിനിക് വലിയ പ്രതിസന്ധിയിലായി. നിസ്സഹായനായ ഡൊമിനിക്കിനെ വീടിൻറെ അറ്റകുറ്റ പണിക്കായി സഹായിക്കുന്നതിന് പകരം മറ്റൊരു ആവശ്യമാണ് ഉദ്യോഗസ്ഥർ മുന്നോട്ട് വെച്ചത്. വീടിന്റെ അവസ്ഥ ശോചനീയമാണെന്നും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാലും എത്രയും പെട്ടെന്ന് വീട് മാറണമെന്നായിരുന്നു ആവശ്യം. ഇപ്പോൾ ബന്ധുവീട്ടിൽ കഴിയുന്ന ഡൊമിനിക്കിന്റെ ആവശ്യം അധികാരികളിൽ നിന്നും ന്യായമായ നീതി ലഭിക്കണമെന്നതാണ്. അധികാരികൾ കണ്ണ് തുറന്നാൽ ഡൊമിനിക്കിന് സുരക്ഷിതമായി സ്വതം വീട്ടിൽ അന്തിയുറങ്ങാൻ സാധിക്കും.