തിരുവനന്തപും: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തുടനീളം ഓടാന്‍ പെര്‍മിറ്റ് നല്‍കുന്ന സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട അഥോറിട്ടി. ദീര്‍ഘദൂര യാത്രകള്‍ക്ക് ഓടാനുള്ള കരുത്ത് ഓട്ടോറിക്ഷയ്ക്ക് ഉണ്ടോ എന്നത് പോലും ആര്‍ക്കും ഉറപ്പില്ലാത്ത കാര്യം. ഈ വിവാദം കത്തുമ്പോഴാണ് കേരളത്തിലെ 140 കിലോമീറ്റര്‍ മുകളില്‍ ഓടുന്ന ബസ് ഉടമസ്ഥരുടെ പെര്‍മിറ്റ് പുതുക്കാത്ത നടപടിയും ചര്‍ച്ചകളില്‍ എത്തുന്നത്. ഓട്ടോറിക്ഷയ്ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കുമ്പോള്‍ അത് ടാക്‌സികളെ അടക്കം ബാധിക്കും. അത് കാര്യമായെടുക്കാതെ ഓട്ടോയ്ക്ക് അനുകൂല തീരുമാനം എടുക്കുന്നവര്‍ ബസ് വ്യവസായത്തെ കണ്ടില്ലെന്ന് നടിക്കുന്നത് കെ എസ് ആര്‍ ടി സിയ്ക്ക് വേണ്ടിയാണ്. അനുദിനം നഷ്ടത്തിലേക്ക് വീഴുന്ന കെ എസ് ആര്‍ ടി സി രക്ഷപ്പെടുന്നുമില്ല. ബസ് വ്യവസായം തളരുകയും ചെയ്യുന്നു.

140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്കുള്ള പെര്‍മിറ്റ് റദ്ദാക്കിയത് മലയോര മേഖലയില്‍ കടുത്ത യാത്രാക്ലേശം സൃഷ്ടിച്ചിട്ടുണ്ട്. റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഈ ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കുകയും ചെയ്തിരുന്നു. ആദ്യം താല്‍കാലിക പെര്‍മിറ്റ് നല്‍കിയെങ്കിലും പിന്നീട് അത് കൊടുത്തില്ല. ഇതോടെ എറണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് വിവിധ ഭാഗങ്ങളിലേക്കുള്ള നാല്പതോളം ബസുകളുടെ സര്‍വീസ് നിശ്ചലമായി. അറുപത് വര്‍ഷങ്ങള്‍ക്കപ്പുറം ശരിയായ റോഡുകള്‍ പോലും ഇല്ലാത്ത കാലത്ത് ഹൈറേഞ്ചിലൂടെ ദീര്‍ഘദൂര സര്‍വീസ് നടത്തി കെട്ടിപ്പടുത്തവയാണ് ഈ റൂട്ടിലെ സ്വകാര്യ ബസ് സര്‍വീസുകള്‍.

ഇടുക്കി, കട്ടപ്പന, അടിമാലി റൂട്ടില്‍ ഓടുന്ന ബസുകളുടെ ഓട്ടമാണ് പ്രധാനമായും പ്രതിസന്ധിയിലായതെന്ന് എറണാകുളം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പല തവണ സര്‍ക്കാരിന് കത്തും നല്‍കി. ഓട്ടോറിക്ഷയ്ക്ക് സംസ്ഥാന വ്യാപക പെര്‍മിറ്റ് നല്‍കിയതിനെ ധീരമായ നടപടിയായി കാണുന്നവരുണ്ട്. ഇതിന് സമാനമായ ധീരത ബസിലും കാണിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ആവശ്യത്തിന് ബസില്ലാത്ത സ്ഥലങ്ങളിലേക്ക് ബസോടിക്കാന്‍ പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ശ്രമം ഉണ്ട്. എന്നാല്‍ ഇതൊന്നും അന്തിമ തീരുമാനമായി മാറുന്നില്ല. കെ എസ് ആര്‍ ടി സിയ്ക്ക് വേണ്ടി എല്ലാം അട്ടിമറിക്കുന്നത്.

റോഡുണ്ടായിട്ടും ബസ് സര്‍വീസില്ലാത്തത്, ആവശ്യമുള്ള സമയത്ത് വേണ്ടത്ര ബസ് സര്‍വീസില്ലാത്തത് തുടങ്ങിയവ കേരളം നേരിടുന്ന വലിയ ഗതാഗത പ്രശ്‌നമാണ്. പ്രാദേശികപാതകളില്‍ ഓട്ടോറിക്ഷകളും ടാക്സികളും മാത്രം സര്‍വീസ് നടത്തുന്നത് നാട്ടുകാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കേന്ദ്ര വിജ്ഞാപനത്തിന്റെ പിന്തുണയില്‍ സംസ്ഥാനത്ത് ഓടുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കെതിരേ പോലും കര്‍ശന നടപടികള്‍ എടുക്കുന്നു. ഇതിനിടെയാണ് ഓട്ടോയ്ക്കായുള്ള ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ കരുതല്‍. ഇതിന് പിന്നില്‍ സിഐടിയു കണ്ണൂര്‍ ലോബിയുടെ ശുപാര്‍ശയും. സിഐടിയു സംസ്ഥാന ഘടകത്തിന് പോലും എത് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. ഇതിനിടെയാണ് ബസ് ഉടമകളോട് കാട്ടുന്ന ഇരട്ട നീതിയും ചര്‍ച്ചയാകുന്നത്.

കെ.എസ്.ആര്‍.ടി.സിക്ക് അനുകൂലമായി ദീര്‍ഘദൂര പാതകളില്‍ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കുകയും ഓര്‍ഡിനറി ബസുകളുടെ പരമാവധി യാത്രാ ദൂരം 140 കിലോമീറ്ററായി ചുരുക്കുകയും ചെയ്തിരുന്നു. ഈ പരിമിതിയെ മറികടക്കാനും സ്വകാര്യ ബസ് ഉടമകള്‍ക്ക് കേന്ദ്ര നിയമം സഹായമായിരുന്നു. ഇതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍നിന്നുള്ള എതിര്‍പ്പുകളെ മറികടന്ന് സര്‍വീസുമായി മുന്നോട്ടുപോയ റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനെ വേട്ടയാടിയത് കേരളം കണ്ടതാണ്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ റോബിന്‍ ബസ് ഓടിക്കാന്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ കെ.എസ്.ആര്‍.ടി.സി.യും വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും തനിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും റോബിന്‍ ബസ് ഉടമ ആരോപിച്ചിരുന്നു.

നാഷണല്‍ പെര്‍മിറ്റ് നേടി കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യജായി സര്‍വീസ് നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയരുതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് സംഘടന പലപ്പോഴും ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം നടപ്പിലാക്കാന്‍ വിമുഖത കാണിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം. കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ വിജ്ഞാപനം മുന്‍നിര്‍ത്തി ഓള്‍ ഇന്ത്യ പെര്‍മിറ്റ് നേടി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താനാണ് സ്വകാര്യ ബസുകള്‍ക്ക് കഴിയും. ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതു പാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്. ഇത് പോലും കേരളം അംഗീകരിക്കുന്നില്ല.