- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിപ്പല്ലില്‍ വേടനെ വേട്ടയാടി പിടിക്കാന്‍ നടത്തിയത് അസാധാരണ നീക്കം; അതിലും അസാധാരണം സംഭവിച്ചത് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍; ദിവസങ്ങള്‍ക്ക് മുമ്പ് അഴിമതി കേസില്‍ അറസ്റ്റിലായ പാലോട് റേഞ്ച് ഓഫീസര്‍ക്ക് വീണ്ടും അതേ തസ്തികയില്‍ നിയമനം; എല്ലാം മന്ത്രി അറിഞ്ഞെന്ന് ഉത്തരവില്‍ എഴുതി ചേര്‍ത്ത ഐഎഎസുകാരന്‍; ആ അതിവിചിത്ര ഉത്തരവ് മറുനാടന് പുറത്തു വിടുന്നു; വനം ആസ്ഥാനത്ത് അമര്‍ഷം പുകയുന്നു
തിരുവനന്തപുരം: അഴിമതിക്കു വിജിലന്‍സ് അറസ്റ്റ് ചെയ്തതോടെ സസ്പെന്‍ഷനിലായ റേഞ്ച് ഓഫീസര്‍ എല്‍. സുധീഷ് കുമാറിനെ തിരിച്ചെടുക്കാന്‍ സെക്രട്ടറിയേറ്റില്‍ നടന്നത് അസാധാരണ നീക്കങ്ങള്‍. തിരുവനന്തപുരം പാലോട് റേഞ്ച് ഓഫീസര്‍ ആയിരിക്കെ വിജിലന്‍സിന്റെ പിടിയിലായ അദ്ദേഹത്തെ പാലോട്തന്നെ നിയമിക്കാമെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വനം വകുപ്പിനേയും ഞെട്ടിച്ചു. വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നീക്കം. ഈ വിചിത്ര ഉത്തരവ് മറുനാടന് കിട്ടി. വനം വകുപ്പില്‍ 'ഹണിട്രാപ്പ്' മാഫിയെ സെക്രട്ടറിയേറ്റിലെ ചിലരെ ഉന്നമിടുന്നുണ്ടെന്ന വാര്‍ത്തകള്‍ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുകള്‍ എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അതിന് വിരുദ്ധമായ പലതും അവിടെ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വനം വകുപ്പിനുള്ളില്‍ അമര്‍ഷം പുകയുകയാണ്. പുലിപ്പല്ലില്‍ വേടന്‍ എന്ന റാപ്പ് ഗായകന്‍ ഹിരണ്‍ ദാസ് മുരളിയെ വേട്ടയാടാന്‍ വനംവകുപ്പ് ശ്രമിച്ചിരുന്നു. ഇതിനൊപ്പമാണ് അഴിമതിയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥനെ അതിവേഗം തിരിച്ചെടുത്ത് സംരക്ഷണമൊരുക്കുന്നതെന്നതും ശ്രദ്ധേയമാണ്.
വിജിലന്‍സ് കേസില്‍ ജാമ്യം ലഭിക്കുകയും മറ്റു കോടതി ഉത്തരവുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍ എല്‍. സുധീഷ് കുമാറിനെ സര്‍വീസില്‍ തിരിച്ചെടുക്കാമെന്നു വനംവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ ഉത്തരവില്‍ പറയുന്നു. സുധീഷ് കുമാറിനെ തിരിച്ചെടുക്കുന്നതിനു വനംമന്ത്രിയുടെ അംഗീകാരമുണ്ടെന്ന വാചകവും ഉത്തരവിലുണ്ട്. സുധീഷ് കുമാറിനെ പാലോട് റേഞ്ച് ഓഫീസറായി തിരിച്ചെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ മാസം 31ന് സുധീഷ് കുമാര്‍ വിരമിക്കും. ഈ സാഹചര്യത്തിലാണ് സുധീഷ് കുമാറിനെ അതിവേഗം തിരിച്ചെടുക്കുന്നത്. വിരമിക്കുമ്പോള്‍ സര്‍വ്വീസില്‍ താനുണ്ടാകണമെന്ന സുധീഷ് കുമാറിന്റെ ആഗ്രഹമാണ് സെക്രട്ടറിയേറ്റിലെ നീക്കങ്ങള്‍ ഉറപ്പാക്കിയത്. വനം വകുപ്പില്‍ വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ നടപടിക്കു വിധേയമാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അഴിമതിക്കേസില്‍ സുധീഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പിന്നാലെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ജാമ്യം കിട്ടിയ ഉടന്‍ സുധീഷ് കുമാര്‍, തിരിച്ചെടുക്കണമെന്ന അപേക്ഷ സര്‍ക്കാരിനു നല്‍കി. ഇതു പരിഗണിച്ചാണ് അസാധാരണ ഉത്തരവ്.
വിജിലന്‍സ് കേസില്‍ ജാമ്യം കിട്ടുകയും മറ്റ് കോടതി ഉത്തരവുകള്‍ ഒന്നുമില്ലാത്തതു കൊണ്ടും സര്‍വ്വീസില്‍ തിരിച്ചെടുക്കാമെന്നാണ് വനംവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ ഉത്തരവ്. സുധീഷ് കുമാറിനെ തിരിച്ചെടുക്കുന്നതിന് വനം വകുപ്പ് മന്ത്രിയുടെ അംഗീകാരമുണ്ടെന്ന അസാധാരണ വാചകവും ഉത്തരവിലെത്തുന്നു. അതായത് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവ് എന്ന് പറഞ്ഞു വയ്ക്കുകയാണ് മുതിര്‍ന്ന ഐഎഎസുകാരന്‍. ഭാവിയില്‍ ഈ വിഷയം കോടതിയില്‍ ആരെങ്കിലും ചര്‍ച്ചയാക്കിയാലും തനിക്ക് പ്രശ്‌നമുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് അദ്ദേഹം. സുധീഷ് കുമാറിനെ പാലോട് റേഞ്ച് ഓഫീസറായി തിരിച്ചെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം.
വനംവകുപ്പുമായി പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സെക്രട്ടറിയേറ്റിലെ ഉന്നതരെ ഹണിട്രാപ്പില്‍ കുടുക്കി ചിലര്‍ വിലപേശുന്നുവെന്ന് പോലും ആആക്ഷേപം എത്തി. വനം വകുപ്പിലെ സംഘടനകള്‍ ഇത് മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിലും കൊണ്ടുവന്നു. ഇതിനിടെയാണ് അഴിമതിക്കേസില്‍ സുധീഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പിന്നാലെ സസ്പെന്റ് ചെയ്യുകയും ചെയ്തു. ജാമ്യം കിട്ടിയ ഉടനെ തന്നെ തിരിച്ചെടുക്കണമെന്ന അപേക്ഷ സുധീഷ് കുമാര്‍ സര്‍ക്കാരിന് നല്‍കി. ഇത് പരിഗണിച്ചാണ് അസാധാരണ ഉത്തരവ്. അസാധാരണ വേഗത്തിലായിരുന്നു ഫയല്‍ നീക്കം. ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അക്ഷരം പ്രതി നടപ്പാക്കിയെന്ന ട്രോളും ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പില്‍ ഉയരുന്നുണ്ട്. ഈ മാസം 31ന് സുധീഷ് കുമാര്‍ വിരമിക്കും. സര്‍വ്വീസില്‍ ഇരുന്ന് തന്നെ വിരമിക്കാനും മറ്റ് ആനുകൂല്യങ്ങള്‍ നേടാനും ഈ തിരിച്ചെടുക്കല്‍ ഉത്തരവിലൂടെ സുധീഷ് കുമാറിന് കഴിയും.
മന്ത്രിയുടെ ഇടപെടലാണ് ഇത്തരമൊരു സാഹചര്യം ഒരുക്കുന്നതെന്ന പരമാര്‍ശം അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിന്റെ ഭാഗമാക്കിയതും കേരളത്തില്‍ ്അത്യപൂര്‍വ്വ സംഭവമാണ്. തിരിച്ചെടുക്കല്‍ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വിശദീകരിക്കുകയാണ് ഇതിലൂടെ മുതിര്‍ന്ന ഐഎഎസുകാരന്‍. നിലവില്‍ 10 കേസുകളിലധികം പ്രതിയാണ് സുധീഷ് കുമാര്‍. കര്‍ശന നടപടികളൊന്നും ഇതുവരെ നേരിട്ടിരുന്നില്ല. വനംവകുപ്പ് ഇയാളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒരു അഴിമതി കേസിലെ സസ്പെന്‍ഷനില്‍ സാങ്കേതിക പിഴവ് പറഞ്ഞ് കോടതിയില്‍ പോവുകയും തിരികെ റെയ്ഞ്ച് ഓഫീസറായി വരികയുമായിരുന്നു. അതിനിടയിലാണ് അഴിമതിക്കേസില്‍ ചോദ്യം ചെയ്യുന്നതും ജയിലിലാവുന്നതും. ഈ സാഹചര്യത്തിലാണ് വനം മേധാവി സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. അസാധാരണ തിരിച്ചെടുക്കലോടെ മന്ത്രി ഓഫീസിലെ വനം വകുപ്പിലെ ചിലര്‍ക്കുള്ള പിടിപാടും ചര്‍ച്ചയാകുകയാണ്.