- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സമ്മേളനം കൊല്ലത്താകുമ്പോള് മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോളടിക്കുക കൊല്ലത്തുകാരന്; എംഎ ബേബി ജനറല്‍ സെക്രട്ടറിയാകും; ഇപിയെ പിബിയിലും എടുക്കും; കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യമുറപ്പിച്ച യെച്ചൂരി എടുത്തിരുന്നതെല്ലാം പിണറായിയ്ക്ക് പൂര്‍ണ്ണ താല്‍പ്പര്യമില്ലാ നയങ്ങള്‍; ഇനി സിപിഎം കേന്ദ്ര നേതൃത്വത്തിലും പിണറായിസം!
തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി മലയാളി എത്തുമോ? എംഎ ബേബിയെ പാര്‍ട്ടിയുടെ ദേശീയ മുഖമാക്കാനാണ് സിപിഎം കേരള ഘടകത്തിന്റെ താല്‍പ്പര്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിക്കും. കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിനിടെ കൊല്ലത്തെ നേതാവിന് വേണ്ടിയുള്ള ധാരണ സംസ്ഥാന നേതൃത്വത്തില്‍ സജീവമാകും. പോളിറ്റ് ബ്യൂറോയില്‍ നിരവധി ഒഴിവുകള്‍ വരുന്നുണ്ട്. കേരളത്തിലെ നേതാക്കളൊരും ഇതില്‍ വരുന്നില്ല. എങ്കിലും കേരളത്തില്‍ മാത്രമാണ് സിപിഎം ഭരണമെന്നത് സംസ്ഥാന ഘടകം ചര്‍ച്ചയാക്കും. കേരളത്തില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ പോളിറ്റ് ബ്യൂറോയിലേക്ക് എത്തിയേക്കും. ഇപി ജയരാജനും സീനിയോറിട്ടിയുടെ കരുത്തില്‍ പിബിയില്‍ എത്തിയേക്കും. ഇവിടേയും പിണറായി വിജയന്റെ മനസ്സ് നിര്‍ണ്ണായകമാകും. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ഇപിയെ പിണറായി ഇത്തവണ തുണയ്ക്കുമെന്നാണ് സൂചന. ബേബിയ്ക്കും സിപിഎമ്മിലെ പിണറായിസം ജനറല്‍ സെക്രട്ടറി പദമൊരുക്കുമെന്നാണ് വിലയിരുത്തല്‍.
സീതാറാം യെച്ചൂരിയായിരുന്നു സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി. യെച്ചൂരിയുടെ മരണത്തോടെ പ്രകാശ് കരാട്ട് പാര്‍ട്ടി കോ ഓര്‍ഡിനേറ്ററായി. പിബിയിലെ വൃന്ദാ കാരാട്ട് അടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ പ്രായപരിധിയില്‍ പുറത്താകും. ഈ സാഹചര്യത്തില്‍ കേരളാ ഘടകം ദേശീയ നേതൃത്വത്തിലും പിടിമുറുക്കും. ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞു. കേരളം മാത്രമാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ കേരളത്തിലെ സാഹചര്യം അറിയുന്ന ദേശീയ ജനറല്‍ സെക്രട്ടറി അനിവാര്യമാണെന്ന വിലയിരുത്തലില്‍ സിപിഎം സംസ്ഥാന ഘടകം എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എംഎ ബേബിയെ അടുത്ത ദേശീയ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് നിര്‍ദ്ദേശിക്കും. ഇഎംഎസ് നമ്പൂതിരിപ്പാട് മാത്രമാണ് ഈ പദവി ഇതിന് മുമ്പ് വഹിച്ച മലയാളി. അതുകൊണ്ട് ഈ പദവിയെ ഏറെ പ്രതീക്ഷയോടെയാണ് എംഎ ബേബിയും കാണുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ പിടിമുറുക്കാനാണ് ബേബിക്കും താല്‍പ്പര്യം.
പ്രകാശ് കാരാട്ട് സ്ഥാനമൊഴിഞ്ഞപ്പോള്‍ എസ് രാമചന്ദ്രന്‍ പിള്ളയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ പിണറായി ശ്രമിച്ചിരുന്നു. പക്ഷേ സീതാറാം യെച്ചൂരിയ്ക്ക് ആ ഘട്ടത്തിലുണ്ടായിരുന്ന ദേശീയ പിന്തുണ എസ് ആര്‍ പിയ്ക്ക് തിരിച്ചടിയായി. ദേശീയ പാര്‍ട്ടിയില്‍ യെച്ചൂരി സ്വാധീന ഘടകമായി നിലയുറപ്പിക്കുകയും ചെയ്തു. യെച്ചൂരി മരിച്ചതോടെ പാര്‍ട്ടിയില്‍ ദേശീയ തലത്തിലും പിണറായിയ്ക്ക് വ്യക്തമായ മേധാവിത്വമുണ്ട്. കേരളത്തിന്റെ തീരുമാനങ്ങളാണ് പലപ്പോഴും ദേശീയ നയമായി ഇപ്പോള്‍ പുറത്തു വരാറുള്ളത്. ഈ സാഹചര്യത്തില്‍ എംഎ ബേബിക്ക് വേണ്ടി പിണറായി രംഗത്തു വന്നാല്‍ മറ്റാര്‍ക്കും ആ പദവിയില്‍ എത്താന്‍ കഴിയില്ല. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യമുറപ്പിച്ചിരുന്ന സീതാറാം യച്ചൂരിയുടെ വിടവാങ്ങലോടെ പാര്‍ട്ടിയുടെ പുതിയ രാഷ്ട്രീയ നയസമീപനം എന്താകും എന്നതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ വ്യക്തി കേന്ദ്രീകൃതമല്ലെന്നും യച്ചൂരി നടപ്പിലാക്കിയത് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളാണെന്നും മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എങ്കിലും കേരള താല്‍പ്പര്യങ്ങളില്‍ മാത്രം ഊന്നി നിന്ന വ്യക്തിയായിരുന്നില്ല യെച്ചൂരി. ഈ സാഹചര്യത്തിലാണ് ബേബിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി പിടിമുറുക്കാന്‍ പിണറായി തയ്യാറെടുക്കുന്നത്.
ഇപ്പോഴത്തെ പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ബേബി. എസ്എഫ്ഐ പ്രസിഡന്റ് ആയ കാലം മുതല്‍ രാജ്യസഭാംഗമായപ്പോഴും പിന്നീട് പിബിയില്‍ അംഗത്വം നേടിയപ്പോഴുമെല്ലാം ഡല്‍ഹി കേന്ദ്രമാക്കിയാണ് ബേബി പ്രവര്‍ത്തിച്ചത്. ബേബി സെക്രട്ടറിയായാല്‍ കേരളത്തില്‍ സിപിഎം രാഷ്ട്രീയത്തില്‍ വലിയ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിയും. 2015ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി സെക്രട്ടറിയാകുന്നത് തടയാന്‍ അന്നത്തെ കേരള ഘടകം ഏതാണ്ടൊറ്റക്കെട്ടായി ശ്രമിച്ചതാണ്. യെച്ചൂരിക്ക് വിഎസ് അച്യുതാനന്ദനുമായുള്ള അടുപ്പമായിരുന്നു അതിന് കാരണം. എസ്. രാമചന്ദ്രന്‍ പിള്ളയെ സെക്രട്ടറിയാക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഒരുഘട്ടത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ മത്സരത്തിന് തയ്യാറാണെന്ന് യെച്ചൂരിക്ക് പരസ്യമാക്കേണ്ടിവന്നു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങള്‍ ഏതാണ്ട് ഒരുമിച്ചു നിന്നാണ് കേരളത്തിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ ബേബിയുടെ പേര് പിണറായി പറഞ്ഞാല്‍ സമാന എതിര്‍പ്പ് ആരുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല.
പാര്‍ട്ടി ഘടകങ്ങളില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെങ്കിലും പിണറായി വിജയന്‍ ഇത്തവണയും ഇളവുണ്ടാകും. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന നല്‍കിയാണ് പിണറായിക്ക് പാര്‍ട്ടി ഇളവ് നല്‍കുന്നത്. മേയില്‍ 75 വയസ്സ് തികയുന്ന ഇ.പി ജയരാജനെ കമ്മിറ്റികളില്‍ നിലനിര്‍ത്തും. ഇതോടെ കേന്ദ്ര കമ്മറ്റിയിലെ മുതിര്‍ന്ന അംഗമായി ഇപി മാറും. ഈ സാഹചര്യത്തിലാകും പിബിയിലേക്ക് ഇപിയെ കൊണ്ടു വരിക. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസാണ് സംഘടന പദവികളില്‍ തുടരാനുള്ള പ്രായപരിധി 80 നിന്ന് 75 ആക്കി കുറച്ചത്. ഇളവുകളുടെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവി ഉള്ളതുകൊണ്ട് പിണറായി വിജയന് പ്രായപരിധിയില്‍ ഇത്തവണയും ഇളവുണ്ടാകും. അതായത് പിണറായി വിജയന്‍ ഇത്തവണയും സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും തുടരും.
പോളിറ്റ് ബ്യൂറോയില്‍ തുടരണമോ എന്ന കാര്യത്തില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. എന്നാല്‍ പിണറായി വേണമെന്ന് കേരള ഘടകം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നതു കൊണ്ട് തന്നെ അത് അംഗീകരിക്കപ്പെടും. ഇപിയോട് പിണറായി മൃദുസമീപനം എടുക്കുന്നതും തീരുമാനങ്ങളെ സ്വാധീനിക്കും. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം തെറിച്ച ഇപി ജയരാജന്‍ കമ്മിറ്റികളില്‍ തുടരട്ടേ എന്നതാണ് പിണറായിയുടെ നിലപാട്. ഇപിയെ പിണക്കുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിലും വിലയിരുത്തലുണ്ട്.
ഈ മേയില്‍ മാത്രമേ ഇ പി ജയരാജന് 75 വയസ്സ് തികയൂ. അതായത് സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ 74 ആയിരിക്കും ഇപിയുടെ പ്രായം. അങ്ങനെ ഇളവ് നല്‍കാന്‍ തീരുമാനിച്ചാല്‍ മൂന്നുവര്‍ഷം കൂടി കേന്ദ്രകമ്മിറ്റി അടക്കമുള്ള പാര്‍ട്ടി ഘടകകങ്ങളില്‍ ഇ പി ജയരാജന് തുടരാന്‍ കഴിയും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന് ജൂണിലാണ് 75 തികയുന്നത്. അതുകൊണ്ട് ടി.പി ക്കും ഇളവ് നല്‍കാനുള്ള സാധ്യതയുണ്ട്.