തിരുവനന്തപുരം: നിയമത്തെയും പോലീസിനെയും നോക്കുകുത്തിയാക്കി നടന്‍ മണിയന്‍പിള്ള രാജു നടത്തിയ 'ഒളിച്ചുകളി'യില്‍ പുതിയ വെളിപ്പെടുത്തലുകള്‍. ഹലോ മൈഡിയര്‍ റോങ് നമ്പറില്‍ മണിയന്‍ പിള്ള രാജുവിനെ ജഗതി ശ്രീകുമാര്‍ എന്ന പോലീസുകാരന്‍ ഓട്ടിക്കുന്ന രംഗമുണ്ട്. അത മനസ്സിലേക്ക് കൊണ്ടു വരുന്നതാണ് വഴുതക്കാട്ടെ അപകടം. വഴുതക്കാട് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ താരം, 11 മണിക്കൂറിന് ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായത് വെറുതെയല്ല. സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പ് ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിയുടെ സഹായത്തോടെ സ്വന്തം നിലയില്‍ രക്തപരിശോധന നടത്തി മദ്യത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഈ 'അതിബുദ്ധി'പരമായ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.

ശ്രീറാം വെങ്കിട്ടരാമനെപ്പോലും നാണിപ്പിക്കുന്ന വിധം ക്രിത്യമായ പ്ലാനിംഗോടെയാണ് രാജുവും സംഘവും മ്യൂസിയം പോലീസിനെ വെട്ടിലാക്കിയത്. ഇന്നലെ രാത്രി അപകടം നടന്ന ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ഭാഗമായ സുബ്രഹ്‌മണ്യം ഹാളിന് മുന്നില്‍ നിന്നാണ് രാജുവിന്റെ ആഡംബര കാര്‍ പാഞ്ഞുവന്നത്. തിരുവനന്തപുരത്തെ സമ്പന്നരുടെ മദ്യപാന കേന്ദ്രമെന്നറിയപ്പെടുന്ന ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയതാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് അപകടത്തിന് ശേഷമുള്ള ഒളിച്ചോട്ടം. രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന പച്ചക്കള്ളമാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ താരം അവിടെത്തന്നെയുണ്ടായിരുന്നുവെന്നും, മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള 'വിന്‍ഡോ പിരീഡ്' വരെ പോലീസിനെ ഉന്നത സ്വാധീനമുപയോഗിച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നുമാണ് സൂചന. മണിയന്‍ പിള്ള രാജുവിനെ പോലീസ് അറസ്റ്റു ചെയ്തു. അതിന് ശേഷമായിരുന്നു വൈദ്യ പരിശോധന. ജാമ്യമുള്ള വകുപ്പുകളായതു കൊണ്ട് ജാമ്യം കിട്ടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരത്തെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ ചില ഉന്നതര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ രാജുവിനെതിരെ ഏറെ വൈകി പോലീസ് നടപടികളിലേക്ക് കടന്നു. മദ്യപാനമുണ്ടോ എന്നറിയാനുള്ള എട്ടു മണിക്കൂര്‍ സമയം ബോധപൂര്‍വ്വം പാഴാക്കിയ ശേഷം, ജനറല്‍ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധന വെറും പ്രഹസനമായി മാറി. കാന്‍സര്‍ അതിജീവിതന്‍ എന്ന വൈകാരിക കാര്‍ഡ് ഉപയോഗിച്ച് കേസിനെ 'കൈയ്യബദ്ധം' എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കം. പരിക്കേറ്റ യുവാക്കളുടെ നില ഗുരുതരമായി തുടരുമ്പോഴും, മദ്യപാനം തെളിയിക്കാനാവാത്ത വിധം ശാസ്ത്രീയമായി കേസ് അട്ടിമറിക്കപ്പെട്ടത് പോലീസിനും ആഭ്യന്തര വകുപ്പിനും വന്‍ നാണക്കേടായി മാറിയിരിക്കുകയാണ്.

അതേസമയം മണിയന്‍ പിള്ള രാജുവിനെ കഴിഞ്ഞ ദിവസം രാത്രി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇന്ന് രാവിലെ ഹാജാരാകമെന്ന് അദ്ദേഹം അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രയോഗിച്ച അതേ 'ടൈമിംഗ്' തന്ത്രമാണ് ഇവിടെയും അരങ്ങേറിയത്. അന്ന് ശ്രീറാമിനെ രക്ഷിക്കാന്‍ കൂട്ടുനിന്ന മ്യൂസിയം പോലീസ് തന്നെയാണ് മണിയന്‍പിള്ള രാജുവിനും തുണയായതെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ വെച്ച് രണ്ട് യുവാക്കളുടെ നട്ടെല്ലും കാലും തകര്‍ത്തിട്ടും തിരിഞ്ഞുനോക്കാതെ ആഡംബര കാര്‍ പറന്നുപോയത് നഗരത്തെ ഞെട്ടിച്ചിരുന്നു. അപകടം നടന്നയുടന്‍ താരം ഒരു ഉന്നതനെ ബന്ധപ്പെട്ടതായും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തടിതപ്പിയതെന്നുമാണ് ലഭിക്കുന്ന വിവരം.

രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ രാജു വീട്ടില്‍ ഉണ്ടായിരുന്നിട്ടും പോലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ശക്തമാണ്. കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താരം സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തുന്നതിന് മുന്‍പ് തന്നെ മദ്യത്തിന്റെ അംശം രക്തത്തിലില്ലെന്ന് ഉറപ്പുവരുത്താന്‍ താരം സ്വകാര്യ പരിശോധന നടത്തിയതായും സംശയമുണ്ട്. അപകടത്തിന് ശേഷം പന്ത്രണ്ടാം മണിക്കൂറില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയെങ്കിലും 'മദ്യപിച്ചിട്ടില്ല' എന്ന ക്ലീന്‍ ചിറ്റ് താരം നിയമപരമായി ഉറപ്പിച്ചു കഴിഞ്ഞു.

താന്‍ കാന്‍സര്‍ അതിജീവിതനാണെന്നും ചിക്കുന്‍ഗുനിയ പിടിപെട്ടിരുന്നുവെന്നും രാത്രി വീട്ടില്‍ ഭാര്യ ഒറ്റയ്ക്കായിരുന്നുവെന്നുമുള്ള വൈകാരിക വാദങ്ങളാണ് താരം ഇപ്പോള്‍ നിരത്തുന്നത്. ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്ന രാജുവിന്റെ വാദം വെറും പുകമറയാണെന്ന് വ്യക്തം. പരിക്കേറ്റ നിവേദിതിനെയും സൂരജിനെയും റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ താരത്തിന് വേണ്ടി ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതോടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളും സജീവമാണ്.