തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവാഹ തട്ടിപ്പ് കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് യുവതികളെ വിവാഹം കഴിച്ച ശേഷം പണം തട്ടി മുങ്ങുന്ന വിരുതനെ പോലീസ് പിടികൂടിയത്. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുന്നത്. വിവാഹ വാഗ്‌ദാനം നൽകി യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും, പണം തട്ടി മുങ്ങുകയുമായിരുന്നു പ്രതി. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവുമാണ് ഇയാൾ തട്ടിയത്. സമാന രീതിയിൽ നിരവധി യുവതികളെ ഇയാൾ തട്ടിപ്പിനിരയാക്കിയതായാണ് സൂചന.

നെടുമങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിലെ ഡ്രൈവറായിരുന്നു കേസിലെ പ്രതിയായ വിമൽ. 2023ലാണ് പരാതിക്കാരിയുടെ പ്രതി വിമൽ പരിചയത്തിലാകുന്നത്. നല്ല ശമ്പളമുള്ള ജോലി തരപ്പെടുത്തി നൽകാമെന്ന വ്യാജേന യുവതിയുടെ ഫോൺ നമ്പർ വാങ്ങി പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു. പല തവണ യുവതിയെ ലൈംഗികമായി പ്രതി പീഡിപ്പിക്കുകയും ചെയ്തു. പരാതിക്കാരിയോട് അടുപ്പത്തിലായിരുന്നു കാലയളവിൽ പ്രതി മറ്റൊരു യുവതിയുമായി 9 വർഷത്തോളമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാൽ ഈ വിവരം വളരെ വൈകിയാണ് പരാതിക്കാരി തിരിച്ചറിയുന്നത്.

കഴിഞ്ഞ 5നാണ് വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞ് യുവതിയുമായി വിമൽ രജിസ്റ്റർ ഓഫിസിൽ പോകുന്നത്. അവിടെ വെച്ചാണ് ഇയാളുടെ തട്ടിപ്പ് യുവതിക്ക് മനസ്സിലാകുന്നത്. പരാതിക്കാരിയുമായി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഒരാഴ്ച മുന്നേ മറ്റൊരു യുവതിയുമായെത്തി പ്രതി വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഈ വിവരം രജിസ്റ്റാർ ഓഫിസിൽ നിന്നുമാണ് യുവതിക്ക് മനസ്സിലാകുന്നത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. അടുപ്പത്തിലായിരുന്നു കാലയളവിലാണ് അമ്മയ്ക്ക് ക്യാൻസർ ചികിത്സയ്ക്കായാണെന്ന പേരിൽ പണം കൈപ്പറ്റിയത്. പല തവണകളായാണ് പണം കൈപ്പറ്റിയത്.

നെടുമങ്ങാട് സ്വദേശിയായ പരാതിക്കാരിയിൽ നിന്ന് 5 പവൻ സ്വർണവും, ഒന്നര ലക്ഷം രൂപയും ഇയാൾ കൈക്കലാക്കി. തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയാണ് സ്വർണവും, പണവും യുവതിയിൽ നിന്നും ഇയാൾ വാങ്ങിയത്. എന്നാൽ 2024ൽ അമ്മ മരണപ്പെട്ടതായും പ്രതി യുവതിയോട് പറഞ്ഞിരുന്നു. ഇതും കള്ളമായിരുന്നു എന്ന് പിന്നീടാണ് യുവതിക്ക് മനസ്സിലാകുന്നത്. ഇയാൾക്ക് എതിരെ വഞ്ചന, തട്ടിയെടുക്കൽ കേസുകളും നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ നിലവിലുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 69 വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.