അങ്കമാലി: അങ്കമാലിയിലെ മേരിമാത പ്രോവിന്‍സിലെ വിന്‍സെന്‍ഷ്യന്‍ സഭാസമൂഹത്തില്‍, നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുവിശേഷ പ്രസംഗകനും ധ്യാനഗുരുവുമായ സജിത് ജോസഫിന് വിലക്കേര്‍പ്പെടുത്തി. സഭാംഗങ്ങള്‍ അദ്ദേഹവുമായി സഹകരിക്കുന്നതും വിലക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച പ്രത്യേക കത്ത് മേരിമാത പ്രോവിന്‍സ് പുറത്തിറക്കി.

കണ്ണൂരുകാരനായ പാസ്റ്റര്‍ സജിത് ജോസഫ് ജനിച്ചുവളര്‍ന്ന പെന്തകോസ്ത് സഭ ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയായിരുന്നു. പിന്നീട് കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹം ഒട്ടുമിക്ക രൂപതകളിലെയും പള്ളികളിലെ ധ്യാനഗുരു ആയി മാറുകയും ചെയ്തു. ആ സമയത്താണ് സജിത് ജോസഫിനെ കുറിച്ചുള്ള മറുനാടന്റെ വാര്‍ത്താ പരമ്പര വന്നത്.

യാതൊരു സത്യസന്ധതയും ഇല്ലാത്ത സുവിശേഷ കച്ചവടക്കാരന്‍ ആണെന്നും, ക്രിസ്തുവിനെ തൂക്കി വിറ്റ് അതിനു കണക്കുപറഞ്ഞ് കാശ് മേടിക്കുന്ന വിശ്വാസ തട്ടിപ്പുകാരന്‍ ആണെന്നും മറുനാടന്‍ തെളിവുകള്‍ സഹിതം പുറത്തുവിട്ടിരുന്നു. പലയിടത്തും സജിത് ജോസഫ് അദ്ഭുത രോഗശാന്തി ശുശ്രൂഷകള്‍ നടത്തുകയും, അവിടെയൊക്കെ, ആളുകളെ കൊണ്ട് നാടകം കളിപ്പിച്ച് പാവപ്പെട്ട മനുഷ്യരെ രോഗശാന്തിയുടോ പേരില്‍ പറ്റിക്കുകയും ചെയ്തു. തട്ടിപ്പുകളുടെ വിശദാംശങ്ങളാണ് അന്ന് മറുനാടന്‍ പരമ്പരയിലൂടെ പുറത്തുവിട്ടത്.

വിശ്വസനീയമായ രീതിയില്‍ പ്രസംഗിക്കുന്നത് കൊണ്ട് സജിത് ജോസഫിന്റെ പ്രസംഗം കേള്‍ക്കാന്‍ ആളുകൂടിയിരുന്നു. അക്കാരണത്താല്‍, കത്തോലിക്ക സഭ സജിത്തിനെ തന്നെ ധ്യാനത്തിന് വിളിക്കാന്‍ തുടങ്ങി. ഒരുരൂപ പോലും തനിക്ക് വേണ്ട എന്ന ഉപാധി വച്ച സജിത് സ്‌ത്രോത്ര കാഴ്ച തന്റേതായിരിക്കും എന്ന നിലപാടും സ്വീകരിച്ചു. വലിയതോതില്‍ അദ്ഭുത തട്ടിപ്പ് നടത്തി, സ്‌ത്രോത്ര കാഴ്ച പിരിച്ച് ചാക്കില്‍ കെട്ടിക്കൊണ്ടുപോയി കള്ളക്കച്ചവടങ്ങള്‍ നടത്തുന്നതിന്റെ വിശദാംശങ്ങളാണ് മറുനാടന്‍ പുറത്തുവിട്ടത്.


ചങ്ങനാശേരിയില്‍ അനേകം പേരെ ജോലിക്കെടുത്ത്, വലിയ അറബി ഭക്ഷണശാല ഉണ്ടാക്കിയതും, ഇടുക്കിയിലെ പരുന്തുംപാറയില്‍, അനധികൃതമായി ഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ സ്ഥാപിച്ചതും, ഭൂമി കയ്യേറ്റം മറയ്ക്കാന്‍ കുരിശുസ്ഥാപിച്ച് വിശ്വാസികളെ പറ്റിക്കാന്‍ ശ്രമിച്ചതുമൊക്കെ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യേശുക്രിസ്തുവിനെ വച്ച് ആത്മീയതട്ടിപ്പ് നടത്തി വിലസുന്ന സജിത് ജോസഫിനെ സൂക്ഷിക്കണമെന്നതായിരുന്നു സന്ദേശം. മറുനാടന്‍ പരമ്പര പല പള്ളി വികാരികളുടെയും കണ്ണുതുറപ്പിച്ചു. അവരൊക്കെ സജിത് ജോസഫിന്റെ പള്ളിയിലെ ധ്യാനം പതിയെ പതിയെ ഒഴിവാക്കി.

എന്നാല്‍, സജിത് ജോസഫിന് സ്ഥാനം കൊടുത്തതും ഇടം കൊടുത്തതും, നാടുനീളെ നടന്ന് ധ്യാനിപ്പിക്കാന്‍ അവസരം കൊടുത്തതും മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രമായിരുന്നു. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ധ്യാനകേന്ദ്രം, കരിസ്മാറ്റിക് ധ്യാനകേന്ദ്രമാണ്. ആയിരക്കണക്കിന് പേരാണ് പോട്ടയില്‍ ധ്യാനിക്കാന്‍ എത്തുന്നത്. ഇവിടുത്തെ മുഖ്യപ്രഭാഷകന്‍ എന്ന നിലയിലാണ് മറ്റിടങ്ങളിലേക്ക് തന്റെ സുവിശേഷ തട്ടിപ്പ് വ്യാപിപ്പിച്ചത്.

മറുനാടന്‍ പരമ്പര വന്നപ്പോള്‍, ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഗുഡ്‌നസ് ടിവിയില്‍ സജിത് ജോസഫിന്റെ അഭിമുഖം നല്‍കി വെളുപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ പതിയെ പതിയെ സഭയ്ക്കും ബോധ്യമായി സജിത് ജോസഫ് പഠിപ്പിക്കുന്നത്, കത്തോലിക്ക സഭ പറയുന്നതല്ലെന്നും വെറും തട്ടിപ്പാണെന്നും. വിന്‍സെന്‍ഷ്യന്‍ സഭാസമൂഹമാണ്, മുരിങ്ങൂര്‍ ധ്യാന കേന്ദ്രവും, ഗുഡ്‌നസ് ടിവിയും നടത്തുന്നത്. ഈ ധ്യാനകേന്ദ്രത്തിലൂടെയാണ് സജിത് ജോസഫ് തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്.

സഭാ നേതൃത്വത്തിന് തിരിച്ചറിവ്

സജിത് ജോസഫ് പഠിപ്പിക്കുന്നത് പാഷാണമാണെന്ന് വിന്‍സെന്‍ഷ്യന്‍ സഭാ സമൂഹം തിരിച്ചറിഞ്ഞു. സജിത് ജോസഫിന് വിലക്കേര്‍പ്പെടുത്തി സഭ ഉത്തരവിറിക്കിയിരിക്കുകയാണ്. സജിത് ജോസഫിനെ അടുപ്പിക്കരുത് എന്നുപറഞ്ഞാണ് ഉത്തരവ്. മേരിമാത പ്രോവിന്‍സിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയ ഫാദര്‍ അലക്‌സ് ചാലങ്ങാടി വിസി ആണ് ഉത്തരവിറക്കിയിരിക്കുന്നത്. ഉടനടി സജിത് ജോസഫിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്.

സജിത് ജോസഫിന്റെ പ്രസംഗത്തെ കുറിച്ച് വീഡിയോ ക്ലിപ് സഹിതം ധാരാളം പരാതികള്‍ കിട്ടി. പരാതികള്‍ പരിശോധിച്ചപ്പോള്‍, സജിത് ജോസഫിന്റെ പല വ്യാഖ്യാനങ്ങളും, കത്തോലിക്ക സഭയുടെ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതും വിശുദ്ധ സുവിശേഷത്തില്‍ നിന്നും വ്യതിചലിക്കുന്നവയുമാണെന്ന് തിരിച്ചറിഞ്ഞു. യോഗ്യതയുള്ള ദൈവശാസ്ത്ര പണ്ഡിതരുമായി കൂടിയാലോചിച്ചപ്പോള്‍, മാര്‍കിയോണിസത്തിന്റെ പുതിയ രൂപമാണ് സജിത് ജോസഫ് പഠിപ്പിക്കുന്നതെന്ന് ബോധ്യപ്പെട്ടു. ഇത് സഭയിലെ വൈദികര്‍ ഏകകണ്ഠമായി തള്ളിക്കളഞ്ഞതുമാണ്. ദൈവത്തെ അദ്ദേഹം പഠിപ്പിക്കുന്നതും തെറ്റായിട്ടാണ്.







സെപ്റ്റംബര്‍ 19 നും 25 നും നടന്ന യോഗങ്ങളില്‍, എടുത്ത തീരുമാനപ്രകാരം, വിന്‍സെന്‍ഷ്യന്‍ സഭാസമൂഹത്തില്‍, ഏതെങ്കിലും തരത്തില്‍ സുവിശേഷം പ്രചരിപ്പിക്കാനോ, പഠിപ്പിക്കാനോ സജിത് ജോസഫിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അംഗങ്ങള്‍ സജിത്തുമായി സഹകരിക്കരുത്. ദൈവശാസ്ത്രപരമായ തര്‍ക്ക വിഷയത്തിലാണ് സജിത്തിന് വിലക്കെങ്കിലും അദ്ദേഹം ഒരു അദ്ഭുത രോഗശാന്തി തട്ടിപ്പുകാരനാണ്. സജിത്തിനും ഭാര്യ രേഷ്മയ്ക്കും അത്ഭുത രോഗശാന്തി ഉണ്ടെന്ന് പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ കബളിപ്പിച്ച് പണമുണ്ടാക്കുകയാണ്. യേശുക്രിസ്തുവിനെ വിറ്റുകിട്ടുന്ന കാശ് കൊണ്ട്, നാടുനീളെ സ്വത്തുക്കള്‍ സമ്പാദിച്ചുകൂട്ടുകയാണ്. റിസോര്‍ട്ടുകളും ഹോട്ടലുകളും അടക്കം ധാരാളം സ്വത്തുക്കള്‍ ഇത്തരത്തില്‍ സ്വരുക്കൂട്ടി. യേശുക്രിസ്തുവിനെ യഥാര്‍ഥത്തില്‍ പ്രഘോഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്വത്തുമോഹം മാറ്റി വച്ച് പൂര്‍ണമായി സൗജന്യമായി ചെയ്യുകയാണ് വേണ്ടത്. പണപ്പിരിവ് നടത്തിയാല്‍ അത് പാവങ്ങള്‍ക്കോ പള്ളിക്കോ കൊടുക്കേണ്ടതുണ്ട്. പണമെല്ലാം ചാക്കില്‍ കെട്ടി വീട്ടില്‍ കൊണ്ടുപോകുന്ന ആള്‍ സുവിശേഷം പറഞ്ഞാല്‍, അത് ജനങ്ങളെ കബളിപ്പിക്കലാണ്. ഏതായാലും മറുനാടന്‍ ഏറെ നാളായി പറഞ്ഞുകൊണ്ടിരുന്ന സത്യം സഭാ നേതൃത്വത്തിനും ഇപ്പോള്‍ ബോധ്യമായിരിക്കുന്നു.

ഒന്നുമില്ലായ്മയില്‍ നിന്ന് കോടീശ്വര പദവിയിലേക്ക്

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും പേര് പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ പറ്റിക്കുന്നവരാണ് ആത്മീയ തട്ടിപ്പുക്കാര്‍. അത്തരത്തിലൊരാളാണ് സജിത്ത് ബ്രദര്‍ എന്ന സജിത്ത് ജോസഫ്. യേശുവിനെയും ജനങ്ങളെയും പറ്റിച്ച് കോടികളാണ് സജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികൃത കെട്ടിടം നിര്‍മ്മിച്ചും സജിത്ത് അതിക്രമം കാട്ടി.

രോഗശാന്തി ശുശ്രൂഷ നടത്തി തട്ടിപ്പു നടത്തിയ പാസ്റ്റര്‍ സജിത്ത് ജോസഫിന്റെ തട്ടിപ്പുകള്‍ മറുനാടന്‍ കുറച്ചു കാലങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വന്തം നാടക സംഘത്തെ വെച്ചു കൊണ്ടും നിരാലംബരായ രോഗികള്‍ക്ക് ഇല്ലാത്ത പ്രതീക്ഷ നല്‍കി കൊണ്ടുമാണ് സജിത് പാസ്റ്റര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഭേദമാകാത്ത രോഗം യേശുവിന്റെ കാരുണ്യം കൊണ്ട് ഭേദമായെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സജിത്ത് ജോസഫ് രംഗത്തുവന്നത്. ഈ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങളാണ് മുന്‍കാലങ്ങളില്‍ മറുനാടന്‍ മുമ്പ് പൊളിച്ചടുക്കിയത്.

ഒന്നുമില്ലായ്മയില്‍ നിന്നുമാണ് കോടികള്‍ സമ്പാദ്യമുള്ള രോഗശാന്തി ശുശ്രൂഷ കച്ചവടക്കാരനായി സജിത്ത് പാസ്റ്റര്‍ മാറിയത്. ഈ നിലയിലേക്ക് പണം സമ്പാദിച്ചതില്‍ ഇദ്ദേഹം കരുക്കളാക്കിയത് സാധുക്കളായ നിരവധി പേരെയാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പെട്ട ആലക്കോടും സമീപ പ്രദേശങ്ങളും തിരുവിതാംകൂറില്‍ നിന്നും കുടിയേറി കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന ഒരു മേഖലയാണ്. ഈ കുടിയേറ്റ മേഖലയില്‍ പെട്ട ആലക്കോടിന്റെ സമീപ പ്രദേശമായ കാപ്പിമല എന്ന സ്ഥലത്താണ് സജിത് ജോസഫ് ജനിച്ചത്. ഒരു കത്തോലിക്കാ കുടുംബത്തില്‍ കൊട്ടാരത്തില്‍ ജോസഫ് എന്ന വ്യക്തിയുടെ രണ്ടാമത്തെ മകനായാണ് സജിത്ത് ജോസഫ് ജനിച്ചത്. കാപ്പിമല സെന്റ് ജോസഫ് പള്ളിയില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ച് ഒരു ക്രിസ്ത്യാനിയായി സജിത്ത് തന്റെ ക്രിസ്തീയ ജീവിതം ആരംഭിച്ചത്.

സജിത്തിന്റെ പിതാവ് ജോസഫ് കെ.ജെ. കൊട്ടാരത്തില്‍ എന്ന വ്യക്തി ഒരു കത്തോലിക്കാ സഭ വിശ്വാസിയായിരുന്നു. കാപ്പിമലയുടെയും ഒറ്റത്തെയുടെയും ഇടയിലുള്ള ഊറ്റുകുഴി എന്ന സ്ഥലത്തായിരുന്നു ഇവരുടെ താമസം. അന്നത്തെ കാലത്ത് കാല്‍നട യത്ര പോലും ദുസ്സഹമായ ഒരു മലമ്പ്രദേശമായിരുന്നു ഇത്. അക്കാലത്ത് സജിത്തിന്റെ പിതാവ് ജോസഫ് ഒറ്റത്തെ എന്ന കൊച്ചു ഗ്രാമത്തില്‍ 1980- 90 കളില്‍ തയ്യല്‍ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അദ്ദേഹം ഒരു തീവ്ര ദൈവ ഭക്തനെന്നും ആ കാലത്ത് ആയിരുന്നില്ല. സജിത്തിനെ കൂടാതെ അജിത് എന്നൊരു പുത്രനും ഇദ്ദേഹത്തിനുണ്ടായിരുന്നു.

1990-ല്‍ ആണ് ഇവര്‍ കത്തോലിക്കാ സഭ വിട്ട് പെന്തക്കോസ്ത് സഭയില്‍ ചേക്കേറുന്നത്. പെന്തക്കോസ്ത് സഭയിലെ അംഗങ്ങളുടെ എണ്ണം വളരെ കുറവായതിനാല്‍ 1990 - കളില്‍ മറ്റ് സഭകളില്‍ നിന്നും വിദേശപണം മുടക്കി ആളുകളെ പെന്തക്കോസ്ത് സഭയില്‍ ചേര്‍ത്തിരുന്നു. ദരിദ്ര്യാവസ്ഥയിലുള്ള പലരും അന്ന് പണം വാങ്ങി കത്തോലിക്കാ സഭവിട്ട് പെന്തകോസ്ത് സഭയില്‍ ചേര്‍ന്നു. അങ്ങനെയാണ് സജിത് ജോസഫിന്റെ കുടുംബവും പെന്തക്കോസ്ത് സഭയിലെത്തുന്നത്. അന്ന് പെന്തകോസ്ത് സഭയില്‍ പാസ്റ്റര്‍മാര് കുറവായിരുന്നതിനാല്‍ പലരെയും നേരിട്ട് പാസ്റ്റര്‍മാരായി നിയമിച്ചു.

കത്തോലിക്കാ സഭയില്‍ ഒരു വൈദികനാകണമെങ്കില്‍ 12 വര്‍ഷത്തെ സെമിനാരി പഠനമെങ്കിലും ചുരുങ്ങിയത് ആവശ്യമെന്നിരിക്കെയാണ് 'രണ്ട് , നാല് ദിനം കൊണ്ടൊരുത്തനെ പാസ്റ്ററാക്കിയിരുത്തുന്നതും ഭവാന്‍ 'എന്ന രീതിയില്‍ സജിത്തിന്റെ പിതാവ് പാസ്റ്ററായത്. പാസ്റ്ററായി ഉദ്യോഗം കിട്ടിയ സജിത്തിന്റെ പിതാവ് കവല പ്രസംഗങ്ങള്‍ക്കായി മലയിറങ്ങി തുടങ്ങി. അങ്ങനെ തയ്യലിനെക്കാളും വരുമാനം സുവിശേഷ കച്ചവടത്തിനുണ്ട് എന്ന സത്യം അദ്ദേഹം മനസ്സിലാക്കി. അയല്‍വാസികളുമായുള്ള പ്രശ്നങ്ങളും, ജോസഫ് പാസ്റ്ററുടെ കവല പ്രസംഗത്തിന് യാത്രാ സൗകര്യത്തിനുള്ള ബുദ്ധിമുട്ടും ഒരു പ്രശ്നമായതിനാല്‍ 1992-ല്‍ കാപ്പിമല ഊറ്റുകുഴിയിലെ ജീവിതം അവസാനിപ്പിച്ച് താഴ്വാരത്തുള്ള വായാട്ട് പറമ്പിനടുത്ത ബാലപുരത്തേയ്ക്ക് മാറുവാന്‍ ഇവര്‍ നിര്‍ബന്ധിതരായി. അന്ന് സജിത് ജോസഫ് ഒറ്റത്തെ ഗവ. യു.പി. സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു.

ബാലപുരത്തെത്തിയ പാസ്റ്റര്‍ ജോസഫ് തന്റെ കവലപ്രസംഗവും, പാസ്റ്റര്‍ ജോലിയുമായി സാമ്പത്തിക നേട്ടം കൈവരിച്ച് തുടങ്ങി. അദ്ദേഹം അന്നാണ് വെള്ളമുണ്ട് ഉപേക്ഷിച്ച് പാന്റ് ധരിക്കുവാന്‍ തുടങ്ങിയത്. മക്കളായ അജിത് ജോസഫും , സജിത് ജോസഫും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എറണാകുളം ജില്ലയിലുള്ള പെന്തക്കോസ്ത് സഭയുടെ ബൈബിള്‍ കോളേജില്‍ പഠനം തുടങ്ങി. ഈ സമയത്ത് പാസ്റ്റര്‍ ജോസഫിന് സുവിശേഷ വേലക്കായി കുടുംബ സമേതം അമേരിക്കയില്‍ പോകുവാന്‍ അവസരം ലഭിച്ചു. അങ്ങനെ സജിത്തിന്റെ കുടുംബം ലക്ഷപ്രഭുവില്‍ നിന്ന് കോടീശ്വരനിലേയ്ക്കുള്ള യാത്ര തുടങ്ങിയെന്നതാണ് വസ്തുത. ഇന്ന് ശത കോടികളുടെ ആസ്തി ഇവര്‍ക്കുണ്ട്.