തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെ അറസ്റ്റു ചെയ്തത് എന്‍ വാസുവിനെ രക്ഷിച്ചെടുക്കാനുള്ള സിപിഎം തന്ത്രമോ? സ്വര്‍ണ്ണപാളി കേസില്‍ ബൈജുവിനെ അറസ്റ്റു ചെയ്യുമ്പോള്‍ അത് എന്തിനാണെന്ന് വിശദീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനും വ്യക്തതയോടെ കഴിയുന്നില്ല. സ്വര്‍ണ്ണപാളി അഴിച്ചെടുക്കുമ്പോള്‍ ബൈജു സന്നിധാനത്തുണ്ടായിരുന്നില്ല. ഇത് വീഴ്ചയാണെന്ന് പറഞ്ഞാണ് അറസ്റ്റ്. ഇക്കാര്യം ഗോള്‍ഡ് സ്മിത്തിനെ അറിയിക്കേണ്ട ഉത്തരവാദിത്തവും ബൈജു പാലിച്ചിരുന്നില്ല. ഇതിന് പിന്നില്‍ എന്തെന്ന ചോദ്യം പലവിധ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. ദ്വാരപാലക ശില്‍പ്പം വീണ്ടും സ്വര്‍ണ്ണം പൂശാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് മുരാരി ബാബുവാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു ഇത് നല്‍കേണ്ടി ഇരുന്നത് തിരുവാഭരണം കമ്മീഷണര്‍ക്കാണ്. എന്നാല്‍ ശബരിമലയില്‍ നിന്നും ആ ഫയല്‍ പോയത് ദേവസ്വം കമ്മീഷണറായിരുന്ന വാസുവിലേക്കാണ്. ഇത് നടപടിക്രമങ്ങളുടെ വീഴ്ചയാണ്. ഇതിന് പിന്നില്‍ ദുരൂഹ ഇടപാടുകളുണ്ടെന്ന് ബൈജു മനസ്സിലാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതിഷേധമുയര്‍ത്താനായിരുന്നു ബൈജു നടപടിക്രമങ്ങളില്‍ നിന്നും മാറി നിന്നത്. എന്നാല്‍ ഈ പ്രതിഷേധം ഇപ്പോള്‍ അറസ്റ്റാകുന്നു. ഫലത്തില്‍ വാസുവിനെ കേസില്‍ നിന്നും രക്ഷിക്കാനുള്ള നീക്കം തുടങ്ങിയെന്ന് സാരം.

പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഉടന്‍ വിരമിക്കും. അതിന് ശേഷം സമ്പൂര്‍ണ്ണ അട്ടിമറിക്ക് ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ബൈജുവിന്റെ അറസ്റ്റ്. കേസില്‍ വാസുവിനെതിരെ പ്രത്യക്ഷ തെളിവുകളുണ്ട്. വാസുവിലൂടെയാണ് ഫയല്‍ നീക്കമെന്നും വ്യക്തം. എന്നിട്ടും വാസുവിനെ അറസ്റ്റു ചെയ്യും മുമ്പ് ബൈജുവിനെ പിടികൂടി. ഇതിന് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നാണ് സൂചന. വാസുവിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം വിട്ടയച്ചതും ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ്. ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയിട്ടും വാസുവിനെ തൊടാന്‍ പോലും ഭയക്കുകയാണ് ചിലര്‍. അതിനിടെയാണ് താരതമ്യേനെ കളവിന് കൂട്ടു നില്‍ക്കാത്ത ബൈജു അകത്താകുന്നത്. നടപടിക്രമങ്ങളുടെ വീഴ്ച ബൈജുവിന്റെ ഭാഗത്തു നിന്നുണ്ടായത് പ്രതിഷേധങ്ങളുടെ ഭാഗമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം. അതായത് ഗൂഡാലോചനയില്‍ നിന്നും മാറി നിന്ന ഉദ്യോഗസ്ഥനും അകത്താകുന്നു. മേലുദ്യോഗസ്ഥരില്‍ നിന്നും നിയമ വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ രേഖാമൂലം എതിര്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെല്ലാം പാഠമാണ് ബൈജുവിന്റെ അറസ്റ്റ്. മേല്‍നോട്ട ചുമതയിലെ ഗുരുതര വീഴ്ച ബൈജുവിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തുന്നു. അതിനിടെ അന്ന് സംഭവിച്ചത് എന്തെന്ന വിവരം മറുനാടന് കിട്ടി.

ദ്വാരപാലക ശില്‍പം കൈമാറുന്ന ദിവസവും തിരുവാഭരണം കമ്മീഷണര്‍ സന്നിധാനത്തേക്ക് യാത്ര തിരിച്ചിരുന്നു. പക്ഷേ ആ യാത്ര പമ്പയില്‍ നിന്നു. കൈ ഒടിഞ്ഞ ആരോഗ്യ പ്രശ്‌നവുമായി ചികില്‍സയിലായിരുന്നു അന്ന് ബൈജു. സീസണ്‍ അല്ലാത്തതു കൊണ്ട് തന്നെ അന്ന് ഡോളി സൗകര്യവും ഉണ്ടായിരുന്നില്ല. മലകയറാനുള്ള മടിമൂലം പമ്പയില്‍ തങ്ങിയ ബൈജു, മഹസര്‍ പമ്പയിലേക്ക് കൊണ്ടു വരുമെന്നും പ്രതീക്ഷിച്ചത്രേ. എന്നാല്‍ ആരും മഹസറുമായി താഴേക്കു വന്നില്ല. അതുകൊണ്ട് തന്നെ ഒപ്പം ഇട്ടില്ല. ദേവസ്വം കമ്മീഷണര്‍ വാസുവുമായുള്ള ബൈജുവിന്റെ പിണക്കം എല്ലാവര്‍ക്കും അറിയാമായിരുന്നു. അന്ന് വാസുവിന്റെ വിശ്വസ്തനായ സുധീഷ് കുമാറായിരുന്നു ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പെരുന്നയില്‍ നിന്നുള്ള മുരാരി ബാബുവും. രണ്ടു പേരും മഹസര്‍, തിരുവാഭരണം കമ്മീഷണര്‍ കാണേണ്ടന്ന തീരുമാനമാണ് എടുത്തതും. അന്ന് വേണമെങ്കില്‍ കൃത്യവിലോപത്തിന് ദേവസ്വം ബോര്‍ഡിന് ബൈജുവിനെതിരെ നടപടി എടുക്കാമായിരുന്നു. അതും ചെയ്തില്ല. അങ്ങനെ വിരമിക്കുകയും ചെയ്തു. അതിന് ശേഷം കൈയ്യൊടിഞ്ഞ കാലത്തെ പ്രശ്‌നം പ്രതിസന്ധിയായി മാറുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് പ്രത്യേക അന്വേഷണ കമ്മീഷന്‍ (എസ്ഐടി) പറയുന്നുണ്ട്. ദ്വാരപാലക പാളി, കട്ടിളപ്പാളി കേസുകളില്‍ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ ബോധപൂര്‍വം മാറിനിന്നതാണോ അത് മാറ്റിനിര്‍ത്തിയതാണോ എന്ന് എസ്ഐടി സംശയിക്കുന്നു. ഗൂഢാലോചനയും തട്ടിപ്പും ഇയാള്‍ അറിഞ്ഞിരുന്നെന്നും ദേവസ്വം സ്മിത്തിനെ വിവരം അറിയിക്കാത്തത് മനഃപൂര്‍വമാണെന്നുമാണ് എസ്ഐടി നിഗമനം. കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാക്കി എഴുതിയതിലും ബൈജുവിന് പങ്കുണ്ടെന്നാണ് വിവരം. ബൈജു അഴിമതിക്ക് കൂട്ടുനിന്നെന്ന് എസ്ഐടി കോടതിയെ അറിയിക്കും. കേസിലെ ഏഴാം പ്രതിയായാണ് കഴിഞ്ഞ ദിവസം ബൈജുവിനെ അറസ്റ്റ് ചെയ്തത്. 2019ല്‍ തിരുവാഭരണ കമ്മീഷണറായിരുന്നു ബൈജു. ബൈജുവിനെതിരെ നേരത്തെ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നുവെന്നും എസ് എ ടി പറയുന്നു.

ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ബൈജുവിന്റെ അസാന്നിധ്യം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിലേക്ക് എസ്‌ഐടി എത്തിയത്. പാളികള്‍ കൈമാറുന്ന സമയത്ത് അതിന്റെ തൂക്കവും അളവും രേഖപ്പെടുത്തേണ്ടയാളാണ് തിരുവാഭരണ കമ്മീഷണര്‍. അദ്ദേഹം ഈ സമയത്ത് അവിടെ ഉണ്ടാകേണ്ടതായിരുന്നു. ഇതോടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ മുരാരി ബാബുവും ഡി സുധീഷ് കുമാറും കേസില്‍ അറസ്റ്റിലായിരുന്നു. 2019 ജൂലൈയിലാണ് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയത്. ഈ സമയത്ത് മഹസറില്‍ കെ എസ് ബൈജു ഒപ്പിട്ടിരുന്നില്ല. ഇതില്‍ നിന്നു തന്നെ കൊള്ളയ്ക്ക് ബൈജുവിന് താല്‍പ്പര്യമില്ലെന്ന വാദവും സജീവമായി. ഇതിനിടെയാണ് ബൈജുവിന് അന്ന് എന്ത് സംഭവിച്ചതെന്ന വിവരവും പുറത്തു വരുന്നത്. വാസുവിനെ അറസ്റ്റു ചെയ്യുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വാദമുയരുന്നത്. സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് വാസു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍. അതുകൊണ്ടാണ് വാസുവിനെ ഒഴിവാക്കാനായി ബൈജുവിന് മേല്‍ കുറ്റാരോപണം ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.

അതിനിടെ ചെമ്പെന്ന് രേഖപ്പെടുത്തിയത് കൊണ്ടാണ് മഹസറില്‍ ഒപ്പിടാത്തതെന്ന് ദേവസ്വം ഗോര്‍ഡ് സ്മിത്ത് മൊഴി നല്‍കിയതായും സൂചനയുണ്ട്. അതായത് മുരാരി ബാബുവിന്റെ റിപ്പോര്‍ട്ടിനെ അന്ന് തന്നെ ഗോള്‍ജ് സ്മിത്ത് എതിര്‍ത്തിരുന്നുവെന്ന് സാരം. ആസൂത്രിത സ്വര്‍ണ്ണ കൊള്ളയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം.