തിരുവനന്തപുരം: ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ചത് അപവാദ പ്രചരണത്തിനോടുള്ള പകയാണെന്ന് വരുത്താന്‍ ആദ്യം ശ്രമിച്ച ചാനലുകളില്‍ ഒന്ന് ന്യൂസ് 18 കേരളമായിരുന്നു. ലൈവ് റിപ്പോര്‍ട്ടിംഗിലൂടെയായിരുന്നു ഈ വാര്‍ത്ത നല്‍കിയത്. പിന്നാലെ കൈരളി ടിവിയും ന്യൂസ് മലയാളവും എല്ലാം അത് ഏറ്റുപിടിച്ചു. മാത്യൂസ് കൊല്ലപ്പള്ളിയെ നല്ല പിള്ളയാക്കി പരിഹസിക്കാന്‍ സാക്ഷാല്‍ ബിനീഷ് കൊടിയേരിയും എത്തി. മിക്ക ചാനലുകളിലും സിപിഎം സൈബര്‍ ഫ്രാക്ഷന്‍ ഉണ്ടെന്ന ആരോപണം ശക്തമാണ്. രഹസ്യമായി ഇരുന്ന് അവര്‍ അജണ്ട നടപ്പാക്കും. ഇത്തരത്തിലൊരു അജണ്ട സെറ്റാക്കലായിരുന്നു ന്യൂസ് കേരള 18ല്‍ വന്ന മറുനാടനെ കുറ്റപ്പെടുത്തുന്ന അപവാദ വാര്‍ത്താ പ്രചരണം. പക്ഷേ ആ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയ്ക്ക് ഒടുവില്‍ ആ ചാനലില്‍ നിന്നു തന്നെ മറുപടി കിട്ടി. മാത്യൂസ് കൊല്ലപ്പള്ളിക്കെതിരെ മറുനാടന്‍ കൊടുത്ത് അപവാദ പ്രചരണമായിരുന്നില്ലെന്നും അതൊരു വാര്‍ത്താ റിപ്പോര്‍ട്ടിംഗ് ആയിരുന്നുവെന്നും ന്യൂസ് 18 കേരള തന്നെ പ്രഖ്യാപിച്ചു. മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭാര്യയുടെ മരണ സമയത്തുയര്‍ന്ന ആരോപണങ്ങള്‍ അങ്ങനെ ന്യൂസ് 18 കേരളയും സ്ഥിരീകരിച്ചു.

ഷാജന്‍ സ്‌കറിയെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്ത ലിങ്ക് ചുവടെ;

ഇതിന്റെ അവസാന ഭാഗത്ത് എന്താണ് മാധ്യമ ലോകം ചെയ്യേണ്ടതെന്ന് വ്യക്തമായി പറയുന്നുണ്ട്. ടോം കുര്യാക്കോസാണ് ഈ വിശകലനം നടത്തിയത്.

ന്യൂസ് 18 കേരളയയിലെ 'ഇന്‍പുട്ടറുടെ' കായംകുളത്ത് മത്സരിക്കാനുള്ള അതിമോഹമായിരുന്നു മാത്യൂസ് കൊല്ലപ്പള്ളിയെ വിശുദ്ധനാക്കാനുള്ള നീക്കം. കായംകുളത്തെ എംഎല്‍എ പ്രതിഭാ ഹരിയാണ്. അവര്‍ക്ക് രണ്ടു ടേം പൂര്‍ത്തിയായി. ഇനി സിപിഎം മത്സരിക്കാന്‍ അവസരം നല്‍കില്ലെന്ന കിംവദന്തി പ്രചരിപ്പിച്ച് കായംകുളത്ത് അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നു ഇതിന് പിന്നില്‍. മാധ്യമ ഗ്രൂപ്പുകളില്‍ അടക്കം മറുനാടന്റെ തെളിമയാര്‍ന്ന മാധ്യമ ഇടപെടലുകളെ പരിഹസിച്ച് സിപിഎമ്മിന്റെ ഗുഡ് ബുക്കില്‍ കയറാനുള്ള ശ്രമം. ഈ മാന്യനെതിരെ ഡല്‍ഹിയിലെ പ്രസ് ക്ലബ് നിര്‍മ്മാണവുമായി ഫണ്ട് തട്ടിപ്പ് പരാതിയുണ്ട്. ഈ പരാതി മുക്കി വച്ചിരിക്കുന്നത് സാക്ഷാല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും. തന്റെ ഗ്രൂപ്പിന്റെ പ്രതിനിധിയായി കായംകുളത്ത് ഈ മാധ്യമ പ്രവര്‍ത്തകനെ മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് ബാലഗോപാല്‍. ഒരു തെറിവിളി കേസില്‍ ഇയാള്‍ക്കെതിരെ കേരളാ പോലീസ് കുറ്റപത്രവും നല്‍കിയിട്ടുണ്ട്. രണ്ടു സിപിഎം മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയിലാണ് ഈ കുറ്റപത്രം എന്നതാണ് ശ്രദ്ധേയും.

കായംകുളത്തെ സീറ്റ് മോഹിയായ മാധ്യമ പ്രവര്‍ത്തകനൊപ്പം ഫെയ്‌സ് ബുക്കില്‍ പരസ്യമായി മറുനാടനെ തള്ളി പറഞ്ഞ മറ്റൊരു വ്യക്തിയുമുണ്ട്. മാതൃഭൂമിയിലെ ഈ റിപ്പോര്‍ട്ടറും ഡല്‍ഹിയില്‍ പ്രസ് ക്ലബ്ബിന് വേണ്ടി ഖജനാവില്‍ നിന്നും പണം തട്ടിയ വ്യക്തിയാണ്. ഇയാള്‍ക്ക് മുമ്പ് സിപിഎം ബന്ധമുണ്ടായിരുന്നു. പിന്നീട് ടി പി ചന്ദ്രശേഖരന്റെ ആര്‍ എം പിയുമായി അടുപ്പമുണ്ടായി. ഇനി വീണ്ടും സിപിഎമ്മിലേക്ക് ചായണം. ഇത്തരം വ്യക്തികളാണ് മറുനാടന്റെ കൃത്യതയുള്ള റിപ്പോര്‍ട്ടിംഗുകളെ ഭയക്കുന്നത്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ ഭാരവാഹികളായി കയറിക്കൂടി ഫണ്ട് തട്ടിപ്പ് നടത്തി കേരളത്തിലെ സത്യസന്ധരായ 99 ശതമാനത്തോളം വരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും നാണക്കേടുണ്ടാക്കിയവരാണ് ഇവര്‍. ഇവരുടെ തട്ടിപ്പുകാരണം കേരളത്തിലെ മിക്ക പ്രസ് ക്ലബ്ബുകള്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നുമില്ല. ഇവരാണ് മറുനാടന്റെ സത്യസന്ധമായ വാര്‍ത്ത ശൈലിയെ ഭയക്കുന്നത്.

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ ജോര്‍ജ് പൊടിപ്പാറയെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മറുനാടന്‍ മലയാളിയേയും ഷാജന്‍ സ്‌കറിയയേയും പറ്റി നടത്തിയ നിരീക്ഷണങ്ങള്‍ വസ്തുതാപരമായിരുന്നു. ഇത് കേട്ട് മാതൃഭൂമിയിലെ ഫണ്ടു തട്ടിപ്പുകാരന്‍ ഞെട്ടി. പക്ഷേ അതിന് മുമ്പേ ന്യൂസ് 18 കേരളയിലെ 'ഇന്‍പുട്ടര്‍' ഞെട്ടിയിരുന്നു. സിപിഎം സൈബര്‍ സഖാക്കള്‍ക്ക വേണ്ടി ന്യൂസ് 18 കേരളയില്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകനെ സ്ഥാപനം തന്നെ തള്ളി പറഞ്ഞു. ഷാജന്‍ സ്‌കറിയയുടെ മര്‍ദ്ദനവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റു ചെയ്ത വാര്‍ത്ത ന്യൂസ് 18 കേരള കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വിശദമായ വാര്‍ത്തയാണ് നല്‍കിയത്. ടോം ആയിരുന്നു അവതാരകന്‍. പ്രതികളുടെ അറസ്റ്റ്, ഷാജന്‍ സ്‌കറിയയുടെ പ്രചരണം, ആക്രമണ കാരണം എന്ത് എന്നിവയാണ് ഇടുക്കിയിലെ ചാനല്‍ സ്ട്രിംഗറില്‍ നിന്നും ടോം തേടിയത്. ഇതില്‍ ആക്രമണ കാരണം രാഷ്ട്രീയമല്ലെന്നും അപവാദ പ്രചരണമാണെന്നും പറഞ്ഞു വയ്ക്കാനാണ് സാഗര്‍ ശ്രമിച്ചത്. മാത്യൂ കൊല്ലപ്പള്ളിയുടെ ഭാര്യ മരിച്ചെന്നും ഭാര്യയുടെ വീട്ടുകാര്‍ക്ക് 'ചെറിയ' പരാതിയുണ്ടായിരുന്നുവെന്നും അത് പോലീസില്‍ എത്തിയില്ലെന്നും അതു വച്ച് മറുനാടന്‍ അപവാദം പ്രചരിപ്പിച്ചുവെന്നും സാഗര്‍ പറഞ്ഞു വച്ചു. ആ വിശദീകരണങ്ങളില്‍ ഏറെ പൊരുത്തക്കേടും ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കി ടോം കുര്യാക്കോസ് കിറുകൃത്യമായി കാര്യങ്ങള്‍ പറഞ്ഞു വച്ചു. സാഗര്‍ പറഞ്ഞതിലെ വസ്തുത ഇല്ലായ്മയാണ് ആ വാര്‍ത്തയുടെ അവസാനം അവതാരകന്‍ വിശദീകരിച്ചത്. ഒപ്പം മാധ്യമ സമൂഹം ഒന്നാകെ അപലപിക്കേണ്ടതാണെന്നും ടോം വിശദീകരിച്ചു.

പോലീസ് പറയുന്നത് പോലെ ആകില്ല. മാത്യൂസ് കൊല്ലപ്പള്ളിക്കെതിരെ അപവാദ പ്രചരണം നടന്നോ? അത് അപവാദ പ്രചരണം ആയിരുന്നോ? സ്വാഭാവികമായും ദുരൂഹമരണം ഉണ്ടാകുമ്പോള്‍ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. അത് മറുനാടനും ചെയ്തു. അത് അപവാദ പ്രചരണമല്ല. മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമാണിത്. മറ്റ് മാധ്യമങ്ങള്‍ക്കെതിരേയും ഇനിയും ഇത് ഉണ്ടാകും. അതുകൊണ്ട് തന്നെ പ്രതികളെ കണ്ടെത്തണം. ശിക്ഷിക്കണം.. മാധ്യമ ലോകം ഒറ്റക്കെട്ടായി പ്രതികരിക്കണം-ഇതായിരുന്നു ന്യൂസ് 18 കേരളയിലൂടെ ടോം പകര്‍ന്ന വികാരം. ഇത് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ ജോര്‍ജ്ജ് പൊടിപ്പാറയും വിശദീകരിച്ചത്. അതായത് ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയ്ക്ക് മുമ്പേ തന്നെ ന്യൂസ് 18 കേരളയില്‍ ഇരുന്ന് മറുനാടനെതിരെ 'അപവാദ കഥ' പ്രചരിപ്പിക്കാന്‍ ശ്രമിച്ച കായംകുളത്തെ 'നിയുക്ത എംഎല്‍എ' എന്നു വീമ്പു പറയുന്ന വ്യക്തിയ്ക്ക് സംഭവിച്ചത്.

കേരളാ പത്ര പ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമിതി ഗ്രൂപ്പില്‍ പോലും മറുനാടനെതിരെ കടുത്ത ആക്രമണം 'നിയുക്ത എംഎല്‍എ' നടത്തിയിട്ടുണ്ട്. മറുനാടന്‍ മലയാളിയെന്നത് ഒരു മാധ്യമമാണോ എന്ന ചോദ്യവും ഇയാള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനുള്ള മറുപടിയാണ് പൊതു സമൂഹത്തില്‍ നിന്നും മറുനാടന് കിട്ടുന്ന പിന്തുണകള്‍.